Saturday 20 November 2021 01:20 PM IST

പുരുഷ മേധാവിത്വം പഴയകഥ, ഗസൽ വേദിയിൽ ഇനി പെൺവിപ്ലവം: പുതിയ ബാൻഡുമായി ഗായത്രിയും സംഘവും

Binsha Muhammed

gayathri

കോവിഡിന്റെ കെട്ടകാലം കടന്നു പോകുകയാണ്. കലാക്ഷേത്രങ്ങളിൽ പ്രതീക്ഷയുടെ തിരിതെളിയുകയായി. കലയും കലാകാരൻമാരുമില്ലാതെ നിർജീവമായി കിടന്ന അരങ്ങുകൾ വീണ്ടും ഉണരുമ്പോൾ ഗായിക ഗായത്രിയെ സംബന്ധിച്ചിടത്തോളം ഈ തിരിച്ചു വരവ് ‘സംതിങ് സ്പെഷ്യലാണ്.’

ഗസലിന്റെ ഈണത്തിനൊപ്പം കൈയ്യും മനസും ചലിപ്പിച്ച് വേദിയെ അടക്കി വാഴുന്ന പുരുഷ കലാകാരൻമാരുടെ സ്ഥാനം ഇക്കുറി പൂർണമായും ഒരുകൂട്ടം വനിതകൾക്ക് പതിച്ചു നൽകി കൊണ്ടാണ് ഗായത്രിയുടെ തിരിച്ചു വരവ്. നാദധാര പൊഴിക്കുന്ന തബലയിലും ശാന്തസുന്ദരമായി പെയ്തിറങ്ങുന്ന വയലിൻ ഗീതത്തിലും ഹൃദയം കീഴടക്കുന്ന ഹാർമോണിയത്തിലും എന്നു വേണ്ട സമസ്ത മേഖലകളിലും പെൺസാന്നിദ്ധ്യം. സംഗീത ലോകത്തെ ഈ വിപ്ലവകരമായ നാന്ദി കുറിക്കലിന് കാതോർക്കാൻ ഏവരും കാത്തിരിക്കുമ്പോൾ ഗായത്രി പറയുകയാണ്, ‘ഗായത്രീസ് ഗസൽ ഗേൾസ്’ എന്ന വേറിട്ട സംഗീത ബാൻഡ് പിറവികൊണ്ട കഥ...

പിറവികൊള്ളുന്നു പെൺസംഗീതം

‘ജീവിതത്തിന്റെ സകല മേഖലകളും അടഞ്ഞു കിടന്ന കോവിഡ് കാലം. ഞങ്ങളെ സംബന്ധിച്ചടത്തോളം പുതിയ പുതിയ ചിന്തകളുതേടായിരുന്നു. വിരസമായ ഇടവേള കഴിഞ്ഞ് ഗസൽ വേദികളിലേക്കെത്തുന്ന ആസ്വാദകന് എന്ത് പുതുമ നൽകും എന്ന ചിന്തയായിരുന്നു മനസിൽ. മനസിലുടക്കിയ ആ ചിന്തയാണ്, ഇന്നീ കാണുന്ന പെൺകൂട്ടത്തിലേക്ക് ഞങ്ങളെ എത്തിച്ചത്. പൂർണമായും സ്ത്രീകൾ മാത്രമുള്ള ഈ ബാൻഡ് തുടങ്ങി ഒരു മാസം പൂർത്തിയാകുമ്പോൾ തന്നെ ആദ്യ ഷോ അവതരിപ്പിച്ചു എന്ന സന്തോഷം ആദ്യമേ പറയട്ടെ.’– ഗായത്രി പറഞ്ഞു തുടങ്ങുകയാണ്.

കോവിഡിനു മുമ്പും സംഗീതം ചേർത്തു നിർത്തിയ സൗഹൃദം ഒത്തിരിയുണ്ടായിരുന്നു. പാട്ടിന്റെ ആ കൂട്ടിൽ നിന്നാണ് ഞങ്ങളുടെ പെൺകൂട്ടായ്മയും പിറവിയെടുക്കുന്നത്. സിത്താർ വാദകനായ ഭർത്താവ് പുർബയാൻ ചാറ്റർജിയുടെ ശിഷ്യയായ മേഘയാണ് കൂട്ടത്തിലൊരാൾ. മേഘയും ഞാനും വൈകുന്നേരങ്ങളിൽ മുംബൈയിലെ ഞങ്ങളുടെ വീട്ടിൽ കൂടാറുണ്ട്. പാട്ട് പരീക്ഷണവും ‍ജാം സെക്ഷനുമായി ഞങ്ങൾ ലൈവായിരുന്നു. റഷ്യയിൽ നിന്നുള്ള വയലിൻ കലാകാരിയാ നാസ്ത്യയും കൂടിയായപ്പോൾ കോവി‍ഡ് കാലത്തെ വൈകുന്നേരങ്ങൾ കൂടുതൽ ഉഷാറായി. പാട്ടും പറച്ചിലുമായി ഞങ്ങൾ മൂന്ന് പെണ്ണുങ്ങൾ സജീവമായി തന്നെ നിന്നു. അന്നേരങ്ങളിൽ മനസിലുടക്കിയതാണ് കോവിഡ് കാലം കഴിയുമ്പോൾ എന്തെങ്കിലും പുതുമയോടെ ചെയ്യണമെന്ന്. വനിതകൾ മാത്രമുള്ള ബാന്‍ഡ് എന്ന ആശയത്തിലേക്ക് ഞങ്ങൾ ഐക്യകണ്ഠേനയെത്തി.

അപ്പോഴും വെല്ലുവിളികൾ ഏറെയുണ്ടായിരുന്നു. ഗസലിൽ ആൺപുലികൾ വാഴുന്ന തബല, കീബോർഡ് പോലുള്ള മേഖലകളിൽ പെർഫെക്ടായി പെർഫോം ചെയ്യുന്ന ഒരാളുടെ അഭാവം. പ്രധാനമായും തബല. ഒത്തിരി അന്വേഷിച്ചു. അന്നേരം മേഘയാണ് തനിക്കൊപ്പം സ്റ്റേജ് ഷെയർ ചെയ്തിട്ടുള്ള തബല–ഹാർമോണിയം കലാകാരി മുക്തയുടെ കാര്യം അവതരിപ്പിക്കുന്നത്. കൂട്ടത്തിലെ ജൂനിയറും പിയാനോ പ്ലെയറുനമായ കൗശികി കൂടി എത്തിയപ്പോൾ ഞങ്ങളുടെ സ്വപ്നം അതിന്റെ പൂർണതയിലെത്തുകയായിരുന്നു. കൗശികിയുടെ പിതാവ് നൊപ്പം പിയാനോ പെർഫോം ചെയ്തിട്ടുള്ള കലാകാരനാണ്. പോരാത്തതിന് നന്നേ ചെറുപ്പം തൊട്ടേ ഈ രംഗത്ത് വളരെയധികം പ്രാവീണ്യവും നേടിയിട്ടുണ്ട്. ഓരോ ഇൻസ്ട്രുമെന്റിനും മികച്ചവരിൽ മികച്ചവരായ പ്രതിഭകളെ കിട്ടിയതോടെ വളരെയധികം ഹാപ്പിയായി. ഒപ്പമിരുന്ന് ഒത്തിരി പെർഫോം ചെയ്തു നോക്കി. എല്ലാവരുടേയും വേവ് ലെംഗ്ത് ഒന്നായപ്പോൾ ഗസലിന്റെ സമവാക്യങ്ങൾ ചേർന്നു നിൽക്കുന്നുവെന്ന് ബോധ്യം വന്നപ്പോൾ ഞങ്ങൾ രംഗത്തിറങ്ങാൻ തീരുമാനിച്ചു.

ഹരിഹരൻ, ബോബെ ജയശ്രീ പോലുള്ള സംഗീത പ്രതിഭകള്‍ക്ക് വേദിയൊരുക്കുന്ന മുംബൈയിലെ ലൈവ് ഡെമി എന്ന പ്ലാറ്റ്ഫോമിലൂടെയായിരുന്നു ഞങ്ങളുടെ ബാൻഡിന്റെ അരങ്ങേറ്റം. ഓൺലൈന്‍ വഴി നടത്തിയ ആ പെർഫോമൻസിന് കാഴ്ചക്കാരായി ലണ്ടൻ, നയ്റോബി തുടങ്ങിയ നാടുകളിൽ നിന്നുവരെ ആളുകളെത്തി. ചുരുക്കി പറഞ്ഞാൽ തുടക്കം ഗംഭീരമായി. ജനുവരിയിൽ പുതിയൊരു ബുക്കിങ്ങു കൂടി ഞങ്ങളുടെ ബാൻഡിനെ തേടിയെത്തിയിട്ടുണ്ട്. കോവിഡ് കാലം കഴിഞ്ഞ് വേദികൾ കൂടുതൽ സജീവമാകുന്ന മുറയ്ക്ക് ഇനിയും അവസരങ്ങൾ ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.

ഇരട്ടി മധുരമെന്നോണം മറ്റൊരു സന്തോഷം കൂടിയുണ്ട്. ഞങ്ങളുടെ സംഗീത കൂട്ടായ്മയിൽ ഒരുങ്ങിയ അൺബൗണ്ടഡ് ആബാദ് എന്ന സൂഫി സംഗീതം ഗ്രാമി അവാർഡ് നോമിനേഷനു വേണ്ടി പരിഗണിച്ചിട്ടുണ്ട്. ഈ മാസം 23ന് അതിന്റെ ഫലമറിയാനാകും. ആയിരക്കണക്കിന് സംഗീത പ്രതിഭകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ അവസാന നാലിൽ ഉൾപ്പെടാനാകും എന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.