Tuesday 18 August 2020 04:24 PM IST

ജോണ്‍സൺ പറഞ്ഞു, ‘നമ്മുടെയീ കൂട്ട് ഒരിക്കലും പോകരുത്; റാണി ഞങ്ങൾക്കായി പ്രാർഥിച്ചു’

V N Rakhi

Sub Editor

kaithapram765gcv

സ്നേഹഗായകനായ ആത്മസുഹൃത്ത് ജോൺസൺ മാസ്റ്ററെ ഓർക്കുന്നു ഗാനരചയിതാവും സംഗീതസംവിധായകനും ചലച്ചിത്ര സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി...

ജോൺസണുമായി ഞാൻ ചേരുന്നത് മുപ്പത് വർഷങ്ങൾക്കു മുമ്പാണ്. വരവേൽപ്പിനു വേണ്ടി. വെള്ളാരപ്പൂമല മേലെ... ആണ് ആദ്യം കംപോസ് ചെയ്തത്. രണ്ടാമത്തെത് ദൂരെ ദൂരെ സാഗരം... രണ്ടും ഹിറ്റ് പാട്ടുകൾ. പിന്നീടങ്ങോട്ട് തുടർച്ചയായി കുറേ ചിത്രങ്ങൾ. 1992 ൽ മാത്രം റിലീസ് ചെയ്ത 29 പടങ്ങൾക്കുവേണ്ടി ഞങ്ങൾ ഒരുമിച്ചു. അത് ഇപ്പോഴും റെക്കോർഡ് ആണെന്നു പറയുന്നു.

ജോൺസണും ഞാനും ഒരിക്കൽപ്പോലും പിണങ്ങിയില്ല. ആ മെലഡിക്ക് ഒരുവിധത്തിലും ബുദ്ധിമുട്ടു വരാത്ത രീതിയിലാണ് ഞാൻ എഴുതിക്കൊണ്ടിരുന്നത്. എപ്പോഴും ജോൺസൺ എന്നോടു ചോദിക്കും, ‘‘എഴുതാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ, എന്തെങ്കിലും തട്ടാനോ തടവാനോ ഉണ്ടെങ്കിൽ പറഞ്ഞാ മതി, ഞാൻ ശരിയാക്കിത്തരാം’’. അപ്പോൾ ഞാൻ പറയും, ‘‘ഒന്നും വേണ്ട, ജോൺസൺ ആദ്യം ചെയ്തത് ഒകെ ആണ്’’ അത്രയും ആത്മാർഥമായ കൂട്ടുകെട്ടായിരുന്നു ഞങ്ങളുടേത്. അതുകൊണ്ടാണ് ആ കൂട്ടും പാട്ടുകളും അത്രയും വിജയമായത്.

ജോൺസണുമായി ചേർന്നുള്ള പാട്ടുകളിൽ ട്യൂൺ കൊണ്ട് ഏറ്റവും ഇഷ്ടം രാജഹംസമേ... ആണ്. പക്ഷെ എല്ലാ തരത്തിലും പ്രിയപ്പെട്ടത് എന്നു പറയാൻ രണ്ടു പാട്ടുകളാണ്– ദേവാംഗണങ്ങൾ കൈയൊഴിഞ്ഞ താരകം..., പിന്നെ മധുരം ജീവാമൃതബിന്ദു.... ചിത്രയുടെ കോമ്പിനേഷനിൽ വളരെ രസകരമായ പാട്ടുകളാണ് എല്ലാം. പഞ്ചവർണപ്പൈങ്കിളിപ്പെണ്ണേ..., തങ്കത്തോണി തെന്മലയോരം..., രാജഹംസമേ..., മൗനസരോവരം..., ആദ്യമായ് കണ്ടനാൾ...

കണ്ണീർപ്പൂവ്... എന്ന എവർഗ്രീൻ ഹിറ്റ് 

ലോഹി കൃത്യമായി ഞങ്ങൾക്ക് രണ്ടുപേർക്കും കഥ പറഞ്ഞുതരും. പാട്ടിന്റെ സിറ്റ്വേഷൻ ശരിക്ക് ഫീൽ ചെയ്യിക്കും. അതോടെ ജോൺസണും എനിക്കും എന്താണ് വേണ്ടതെന്ന് ഒരുപോലെ പിടികിട്ടും. അതാണ് ഞങ്ങളുടെ ഓരോ പാട്ടിന്റെയും വിജയം. കിരീടത്തിലെ കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി...ചെയ്യുമ്പോൾ ലോഹിയും സിബിയും കിരീടം ഉണ്ണിയും ഉണ്ടായിരുന്നു. ഉണ്ണി പറഞ്ഞു,  ‘തേനും വയമ്പും ആണ് ഇതിനു മുമ്പ് ഞാൻ പ്രൊഡ്യൂസ് ചെയ്ത പടം. സൂപ്പർഹിറ്റ് പാട്ടുകളായിരുന്നു എല്ലാം. അതിനെ വെല്ലുവിളിക്കുന്ന പാട്ടാകണം...’. ‘‘എടോ, ഞങ്ങൾ ഏറ്റവും നല്ല പാട്ടിനു വേണ്ടിയാണ് ശ്രമിക്കുന്നത്. ബാക്കിയെല്ലാം ഉണ്ണിയുടെ യോഗം പോലിരിക്കും...’’ അതായിരുന്നു ജോൺസന്റെ മറുപടി. പറഞ്ഞതുപോലെ, മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത പാട്ടുതന്നെ ജോൺസൺ നൽകി. വാക്കു പറഞ്ഞാൽ വാക്കാണ് എന്നു തെളിയിച്ചു.

തനി തൃശൂർക്കാരൻ

ചെന്നൈയിലെ പ്രശസ്തമായ സാന്തോം പള്ളിയും അഷ്ടലക്ഷ്മി ക്ഷേത്രവും അടുത്തടുത്താണ്. ഒഴിവുള്ള ദിവസങ്ങളിൽ വല്ലപ്പോഴും വൈകുന്നേരമായാൽ ഞങ്ങൾ രണ്ടാളും കൂടി ഇറങ്ങും. പള്ളിയിലും ക്ഷേത്രത്തിലും ഒരുമിച്ചു പോയി പ്രാർഥിക്കും. ജോൺസൺ ഇടയ്ക്കൊക്കെ പറയും, ‘‘നമ്മുടെ കൂട്ടുകെട്ട് ഒരിക്കലും പോകരുത്, അതിനുവേണ്ടി റാണി മുടങ്ങാതെ പ്രാർഥിക്കാറുണ്ട്...’’ ജോൺസന്റെ ഭാര്യയാണ് റാണി. ആ കുടുംബത്തിന് ഇത്രയും ദുഃഖം നൽകാൻ മാത്രം ഒരു തെറ്റും ജോൺസൺ ചെയ്തിട്ടില്ല, എനിക്കറിയാം.

പാട്ട് റെക്കോർഡ് ചെയ്യുമ്പോൾ ഞാനും വേണം. അതു നിർബന്ധമാണ് ജോൺസണ്. അതുകൊണ്ട് എന്നെയും പിടിച്ചിരുത്തും. കംപോസിങ് സമയത്തുള്ള ടെംപോ ആവില്ല റെക്കോഡിങ്ങിൽ. അത് നിങ്ങള് തീരുമാനിക്കണം എന്നു പറയും. തൃശൂർക്കാരൻ എന്നതിൽ അഭിമാനിച്ചിരുന്ന തനി തൃശൂർക്കാരനായിരുന്നു ജോൺസൺ. ആ ഭാഷാശുദ്ധിയും ആത്മശുദ്ധിയുമുള്ളയാൾ. ഒന്നിനും പേടിയില്ല. എന്തും തുറന്നുപറയും. അതുകൊണ്ട് എന്തുസംഭവിക്കും എന്നൊന്നും നോക്കില്ല.

കമലിന്റെ പാവം പാവം രാജകുമാരനു വേണ്ടി പാതിമെയ്മറഞ്ഞതെന്തേ... ചെയ്യുന്ന കാലം. അന്ന് രാവിലെ ദാസേട്ടന്റെ ഒരു പാട്ട് മിക്സ്ചെയ്യാൻ പോകണമായിരുന്നു ജോൺസണ്.  പാതിമെയ്... പല്ലവി ട്യൂൺ റെഡിയാക്കി വച്ച് എന്നോട് എഴുതിക്കോളൂ എന്നു പറഞ്ഞ് പോയി. ഉച്ചയായപ്പോൾ തിരിച്ചു വന്നിട്ടു പറഞ്ഞു, ‘തനിക്ക് നാഷണൽ അവാർഡ് കിട്ടിയിട്ടുണ്ട് ’ തമാശയാണ് എന്നെനിക്കു മനസ്സിലായി. തുമ്പപ്പൂവിൽ ഉണർന്നു വാസരം...എന്ന എന്റെ പാട്ട് കേട്ട് ദാസേട്ടൻ പറഞ്ഞുവത്രേ... ‘ജോണ്‍സാ, തമ്പുരാക്കന്മാർ തമ്പുരാക്കന്മാർ തന്നെ...’ എന്ന്. അതിനെയാണ് ജോൺസൺ നാഷണൽ അവാർഡ് എന്ന് ഉദ്ദേശിച്ചത്. ഒരു പൂവിൽ ഒരു പകലുണരുക എന്ന ഭാവനയെക്കുറിച്ചാണ് ദാസേട്ടൻ പറഞ്ഞത്.

ഞങ്ങൾ പരിചയപ്പെട്ട് ആദ്യത്തെ പത്ത് പതിനഞ്ച് കൊല്ലം ജോൺസൺ മദ്യപിക്കില്ലായിരുന്നു, ഏത് കമ്പനിയിൽ ചേർന്നാലും. പിന്നീടെപ്പോഴോ തുടങ്ങി. എന്നാലും അതൊന്നും ക്രിയേറ്റിവിറ്റിയെ ബാധിക്കാൻ സമ്മതിച്ചിട്ടില്ല. കംപോസിങ് സമയത്തൊന്നും മദ്യപിക്കില്ല. ഞാൻ മദ്യപിക്കാത്ത ആളായതുകൊണ്ടാവാം, എന്റെ മുമ്പിലിരുന്നും മദ്യപിക്കില്ല. തമാശയായി പറയുമെന്നല്ലാതെ ഉള്ളിൽതട്ടി ആരെയും കുറ്റം പറയില്ല. അത്രയും സിൻസിയർ ആയ ഒരു കൂട്ടുകാരനെയാണ് ഒമ്പതുകൊല്ലം മുമ്പ് എനിക്ക് നഷ്ടമായത്. 

Tags:
  • Celebrity Interview
  • Movies