Monday 13 July 2020 12:56 PM IST

‘അച്ഛനില്‍ നിന്ന് കേട്ട കൊച്ചെളേമ്മയുടെ ധീരകഥകളാണ് ‘കാല’ത്തിന് പ്രചോദനം’; വേറിട്ട സ്ത്രീ ജീവിതങ്ങള്‍ക്കായി ജോബിന്റെ പാട്ട്

V N Rakhi

Sub Editor

job-kalam778

'കാലം... പൊന്‍പൂവിന്‍ കാലം... എന്‍ നെഞ്ചിന്നീണം തേടുന്നിതാരേ...'

വേറിട്ട സ്ത്രീജീവിതങ്ങള്‍ക്കുള്ള സമര്‍പ്പണം കൂടിയാണ് ജോബ് കുര്യന്‍ ഈണമിട്ട് പാടിയ ‘കാലം’ എന്ന സംഗീതാല്‍ബം. പൂര്‍വികരോടുള്ള പുതുതലമുറയുടെ സ്‌നേഹത്തിന്റെ പ്രതീകമായും കാലത്തെ കാണാം. പ്രകൃതിരമണീയമായ സ്ഥലത്തെ തന്റെ ഡ്രീം ഹോമിലേക്കും സ്വപ്‌നസമാനമായ ലോകത്തേക്കും കൂട്ടിക്കൊണ്ടു പോകുകയാണ് ഈ ഗാനത്തിലൂടെ ജോബ് കുര്യന്‍. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ വരികളെഴുതിയ വിഡിയോ സോങ് യൂ ട്യൂബില്‍ ഒന്നരലക്ഷത്തിലേറെപ്പേര്‍ ഇതിനകം കണ്ടു കഴിഞ്ഞു. സംവിധായകന്‍ ആഷിക് അബുവും നടന്‍ ടൊവിനോയും ഫെയ്‌സ്ബുക്ക് പേജില്‍ ഗാനം ഷെയര്‍ ചെയ്തിരുന്നു.

"നമ്മള്‍ അനുഭവിക്കുന്നതും നമുക്ക് തോന്നുന്നതുമായ കാര്യങ്ങള്‍ ചിലപ്പോള്‍ സത്യമാകാം, ചിലപ്പോള്‍ മായയാകാം... കുട്ടിക്കാലം മുതലേ അച്ഛനില്‍ നിന്ന് കേട്ട കൊച്ചെളേമ്മയുടെ ധീരകഥകളാണ് കാലത്തിന് പ്രചോദനം. എന്റെ മുതുമുത്തച്ഛന്റെ സഹോദരിയാണ് കൈനകരി കളപ്പുരയ്ക്കല്‍ കുടുംബത്തിലെ ഉരുക്കുവനിതയായ കൊച്ചെളേമ്മ എന്ന് എന്റെ അച്ഛന്‍ വിളിക്കുന്ന ത്രേസ്യാമ്മ. കാളവണ്ടിയിലാണ് അന്ന് അവര്‍ തോട്ടം നോക്കാന്‍ പോയിരുന്നത് എന്നൊക്കെ കേട്ടിട്ടുണ്ട്. അന്നത്തെ കാലത്ത് ഇങ്ങനെയൊക്കെ ജീവിക്കുക എന്നു വച്ചാല്‍ നിസാരമല്ല. കൊച്ചെളേമ്മയോടുള്ള എന്റെ ആദരവും സ്‌നേഹവും ബഹുമാനവുമെല്ലാം പ്രകടിപ്പിക്കുന്നതാണ് കാലം. കൊച്ചെളേമ്മയ്ക്കായുള്ള സമര്‍പ്പണം. 

jogfygjbjvn8765

സമൂഹത്തിന്റെ ഇടുങ്ങിയ മനസ്ഥിതിയോടും സാമൂഹ്യവ്യവസ്ഥിതിയോടും പൊരുതിയാണവര്‍ ജീവിച്ചത്. അധ്യാപികയും തോട്ടം മുതലാളിയുമൊക്കെയായിരുന്ന കൊച്ചെളേമ്മ ധൈര്യപൂര്‍വം ഒറ്റയ്ക്കുള്ള ജീവിതം തിരഞ്ഞടുത്തു. ചോരയും നീരും വറ്റിച്ചുണ്ടാക്കിയ ഭൂമിയില്‍ പകുതിയോളം പാവങ്ങള്‍ക്കും ചാരിറ്റിക്കും വേണ്ടി നല്‍കി. കൊച്ചെളേമ്മയില്‍ നിന്നു കിട്ടിയ പ്രകൃതിരമണീയമായ സ്ഥലത്താണ് എന്റെ ഡ്രീം ഹോം. കൊച്ചെളേമ്മ ആ കൊച്ചുവീട് കാണാനെത്തുന്നതും മറ്റും വ്യത്യസ്തമായി ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുകയാണ് ഗാനത്തിലൂടെ.

കാണാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അനുഭവിച്ചറിഞ്ഞ ആ അനുഗ്രഹമാണ് എനിക്കു കിട്ടിയ ജീവിതം എന്ന് വിശ്വസിക്കുന്നു. പ്രാര്‍ഥനയില്‍ കൊച്ചെളേമ്മയെ ഓര്‍ക്കുന്നതിലുമപ്പുറം ഒരു കലാകാരന്‍ എന്ന നിലയില്‍ എന്തു ചെയ്യാം എന്ന് ആലോചിച്ചപ്പോഴാണ് ഇങ്ങനെ ഒരാശയം തോന്നിയത്. സ്വതന്ത്ര സംഗീതം ഇന്ന് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. സിനിമാ സംഗീതത്തോടൊപ്പം തന്നെ ഈ ശാഖയും വളരണം എന്നാഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഹോപ് സീരീസിലെ അഞ്ച് പാട്ടുകളില്‍ നാലാമത്തേതാണ് കാലം- എന്റെ പ്രതീക്ഷ. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കംപോസ് ചെയ്തതാണ് ഹോപ് സീരീസിലെ പാട്ടുകള്‍. റെക്കോഡിങ്ങും കഴിഞ്ഞതാണ്.  വിഡിയോ സോങ് ആയി ഇറക്കാമെന്നു പിന്നീട് തോന്നി." - ജോബ് പറയുന്നു.  

'എന്നാലും നീ മറഞ്ഞല്ലോ...' എന്നു തുടങ്ങുന്ന 'എന്താവോ'  ആണ് ഹോപ് സീരിസില്‍ ആദ്യം പുറത്തിറങ്ങിയത്. മതവിദ്വേഷങ്ങളില്ലാത്ത, ശാന്തവും സ്‌നേഹപൂര്‍ണവുമായൊരു ലോകത്തിനായി സര്‍വേശ്വരനോടുള്ള പ്രാര്‍ഥനയാണ് പറുദീസ. മൂന്നാമത്തെ ഗാനം 'മുല്ല' ജീവിതത്തിലെന്നും സാന്നിധ്യമായിരുന്ന, സുഗന്ധം പരത്തുന്ന മുല്ലയുടെ സ്വാധീനത്തെക്കുറിച്ച്  ഓരോരോ കാലം തന്ന മുല്ല... എന്നു പാടുന്നു.

Tags:
  • Movies