Tuesday 03 November 2020 03:09 PM IST

വ്യത്യസ്തമായ കേരളക്കാഴ്ചകളുമായി പുതിയ ‘മാമലകൾക്കപ്പുറത്ത്...’ ; കവർ സോങ്ങുമായി സംഗീത സംവിധായകൻ മനു രമേശൻ

V N Rakhi

Sub Editor

maniiu

മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്

മലയാളമെന്നൊരു നാടുണ്ട്

കൊച്ചു മലയാളമെന്നൊരു നാടുണ്ട്...

ലളിതമായ വരികളിൽ പി. ഭാസ്ക്കരൻമാഷ് കേരളത്തെ ക്കുറിച്ചു പാടി.  എം എസ് ബാബുരാജിന്റെ മലയാളത്തനിമയുള്ള ഈണം കൂടിച്ചേർന്നപ്പോൾ മലയാളികൾ എന്നും അഭിമാനത്തോടെ മൂളി നടക്കുന്നൊരു ഗാനം പിറന്നു. ഗായകൻ പി ബി ശ്രീനിവാസിന്റെ സ്വരത്തിലുള്ള ഈ ഗാനം മലയാളികൾ എന്നും നെഞ്ചോടു ചേർത്തു വയ്ക്കുന്നു.

പുലികളിയും മതസൗഹാർദ്ദവും ഉൾപ്പെടെയുള്ള ക്ലീഷേ വിഷ്വലുകളാണോ ഈ പാട്ടു കേൾക്കുമ്പോൾ മനസ്സിലേക്കെത്തുന്നത്? എങ്കിൽ ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ഇറങ്ങിയ ഈ കവർസോങ് ഒന്നു കണ്ടു നോക്കൂ. ക്ലീഷേ റെപ്രസെന്റേഷനുകൾ ഒന്നും തന്നെയില്ലാതെ പുതുമയോടെ കേരളത്തെ അവതരിപ്പിച്ചിരിക്കുന്ന ‘മാമലകൾക്കപ്പുറത്ത്...’ ലളിതമായ ഓർക്കസ്ട്രേഷൻ കൊണ്ടും വേറിട്ട വിഷ്വലുകൾ കൊണ്ടും ആലാപനം കൊണ്ടും വ്യത്യസ്തമാണ്. ഗാനരചയിതാവ് രമേശൻ നായരുടെ മകനും സംഗീത സംവിധായകനുമായ മനു രമേശന്റെ ‘എംആർപി വെൻച്വേഴ്സ്’ എന്ന മ്യൂസിക് പ്രൊഡക്ഷൻ ടീം ആണ് ഈ കവർ വെർഷനു പിന്നിൽ.

‘‘ മലയാളം എന്ന വികാരത്തെയാണ് ഞങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചത്. അത് എങ്ങനെയാവണം എന്നു ചിന്തിച്ചപ്പോൾ കേരളത്തിലെ ജീവിതം പറയുന്നതു തന്നെയാണ് ഏറ്റവും നല്ലത് എന്നു തോന്നി. കപ്പലണ്ടിക്കാരനിൽ നിന്ന് കപ്പലണ്ടി വാങ്ങിത്തിന്നാത്ത ഒരു മലയാളി പോലുമുണ്ടാവില്ല. കേരളത്തിനു പുറത്തുള്ള ഏതൊരു മലയാളിയോടും ചോദിച്ചു നോക്കൂ. അവർ ഏറെ സ്നേഹത്തോടെ ഓർക്കുന്നത് ചെറുതെങ്കിലും ജീവനുള്ള ഇത്തരം ഓർമകളാകും. അത്തരം വികാരങ്ങളാണ് വിഷ്വലുകളായി ഞങ്ങൾ അവതരിപ്പിച്ചത്.’’ മനു പറയുന്നു.

‘‘പാട്ടിനെ കൊല്ലാതെ ലളിതമായി, എന്നാൽ കേരളത്തിന്റെ ഫീൽ കിട്ടുന്ന രീതിയിൽ ചെയ്യാൻ ശ്രമിച്ചു. നിഷാദേട്ടൻ ഒട്ടും പരിക്കുകൾ ഏൽപ്പിക്കാതെ പാടി. ഫോട്ടോഗ്രഫർ സുഭാഷ് കുമാരപുരത്തിന്റെ ശേഖരത്തിലെ വ്യത്യസ്തമായ കുറച്ച് ഫോട്ടോകളാണ് ഉപയോഗിച്ചത്.  ഫോട്ടോകളെ ആനിമേറ്റ് ചെയ്തത് അനൂപ് എസ് പിള്ളൈ ആണ്.ലോക്ഡൗൺ കാലത്ത് യു ട്യൂബ് ഹിറ്റായ ലോക്ഡൗൺ അപാരതയുടെ ഛായാഗ്രാഹകൻ ജിത്തു ചന്ദ്രനാണ് ക്യാമറ.

ചലച്ചിത്രസംഗീതവും അതിന് അതീതമായുള്ളതുമായ എല്ലാ സ്വതന്ത്രസംഗീതരൂപങ്ങളെയും ഒന്നിപ്പിക്കുന്നൊരു പ്ലാറ്റ്ഫോമാണ് എംആർപി വെൻച്വേഴ്സ്. ഇനിയും നല്ല പാട്ടുകളും സംഗീതവുമായി ബന്ധപ്പെട്ടുള്ള കുറേ കാര്യങ്ങളുമൊക്കെ ചെയ്യാൻ പ്ലാനുണ്ട്.’’

Tags:
  • Movies