Tuesday 05 September 2023 01:14 PM IST

‘എത്ര നിര്‍ബന്ധിച്ചിട്ടും വിലയൊന്നും വാങ്ങാതെ െെസക്കിള്‍ എനിക്കു നല്‍കി അയാള്‍ പോയി’: പാട്ടോർമകളിൽ റഫീഖ് അഹമ്മദ്

Vijeesh Gopinath

Senior Sub Editor

rafeeque-ahammed റഫീക്ക് അഹമ്മദ് ഭാര്യ ലൈലയ്ക്കൊപ്പം

റഫീക്ക് അഹമ്മദിന്റെ അക്കിക്കാവിലെ വീട്ടിലേക്കു മഴയാണു കൂട്ടു വന്നത്. ‘രാക്കിളി തൻ വഴിമറയും നോവിൻ പെരുമഴക്കാല’ത്തെക്കുറിച്ചെഴുതിയ’ കവിയുടെ വീട്ടിലേക്കു പോകുമ്പോള്‍ മറ്റാരാണു വഴി കാട്ടേണ്ടത്. കാറിനുള്ളിലും റഫീക്ക് അഹമ്മദ് എഴുതി വച്ച മഴയും പ്രണയവും വിരഹവും നിന്നു പെയ്യുന്നുണ്ട്.

‘പ്രണയമില്ലാതെയായ നാൾ,

സകലതും തിരികെ ഏൽപ്പിച്ചു പിൻമടങ്ങുന്നു ഞാൻ...

ജനലരികിൽ നിന്നിളവെയിൽ കൈത്ത‌ലം

പതിയെ പിൻവലിക്കുന്നതു മാതിരി...’

വാക്കുകൾ വന്നു മുറുകെ കെട്ടിപ്പിടിക്കുന്നു. മുള്ളുരഞ്ഞ ഏ തോർമയിൽ നിന്നാകാം ഇതെഴുതിയതെന്നു ചോദിച്ചറിയണം. വാക്കിന്റെ കരിംപച്ച നിറമുള്ള ഇലകൾ പടർന്നു നിൽക്കുന്ന വീട്. ഇലത്തണലിൽ‌ ചാരുകസേരയിൽ കവി.

‘കവിതയിലേക്കുള്ള വെളിച്ചം ഉദിച്ചതിനെ’ക്കുറിച്ചു ചോദിക്കുമ്പോള്‍ ഒാർമച്ചിരിയില്‍ മുങ്ങി നിവര്‍ന്നു കവി പറഞ്ഞു തുടങ്ങുന്നു. ‘‘ഏഴാം ക്ലാസു വരെ അസുഖക്കാരനായിരുന്നു ഞാൻ. ശ്വാസംമുട്ടൽ. എട്ടു മക്കളുള്ള വലിയ കുടുംബം. ഏഴാമത്തെയാളാണു ഞാൻ. ഒറ്റയ്ക്കിരിക്കാനായിരുന്നു അന്നെല്ലാം ശീലിച്ചത്. ഇന്നും ആ ഒറ്റയ്ക്കിരിപ്പാണ് ഇഷ്ടം. എത്ര നേരം അങ്ങനെ ഇരുന്നാലും മടുപ്പു തോന്നില്ല.

കുട്ടിക്കാലത്ത് ഇടയ്ക്കിടെ പോയിരുന്നതു പാറേമ്പാടത്തെ ചന്ദ്രു വൈദ്യരുടെ അടുത്തേക്കാണ്. കഷായമണമുള്ള മുറിയും എണ്ണമിനുപ്പുള്ള മേശയുമൊക്കെ ഇന്നും ഒാർമയുണ്ട്. അതുകഴിഞ്ഞു ദീനബന്ധു ആശുപത്രി. ബാക്കി കുട്ടികൾ നീന്താൻ കുളത്തിൽ ചാടും. സൈക്കിളോടിക്കാൻ പോകും. ഞാൻ എല്ലാ കളിയുടെയും കരയിലായിരുന്ന് ഇരുന്നത്.

ശ്വാസത്തിന്റെ വില അതു കിട്ടാതാവുമ്പോഴേ അറിയൂ. ശ്വാസമെടുക്കാനാവാതെ ഉറങ്ങാത്ത എത്രയോ രാത്രികൾ. ഉമ്മ കൂട്ടിരിക്കും. കുറേക്കഴിഞ്ഞു ക്ഷീണിച്ചു പാവം ഉമ്മയും ഉറങ്ങിപ്പോ കും. അങ്ങനെ എല്ലാവരും ഉറങ്ങുന്ന വീട്ടിൽ ജനലഴികൾ പിടിച്ചു പുറത്തേക്കു നോക്കി നിൽക്കുമ്പോൾ നിലാവിന്റെ സൗന്ദര്യമോ കാറ്റിന്റെ വിരലുകളോ ഒന്നും കാണില്ല. പേടി മാത്രമായിരുന്നു ഉള്ളിൽ. ഒരു കള്ളൻ വന്നു മുന്നിൽ നിന്നാൽ എന്തു ചെയ്യും എന്നാകും ആലോചന.

അങ്ങനെയാണു കുട്ടികളുടെ ലോകത്തു നിന്നു തെന്നിമാറി വായനയിലേക്ക് എത്തിയത്. ജ്യേഷ്ഠന്മാർ കൊണ്ടുവരുന്ന പുസ്തകങ്ങള്‍ വായിച്ചു തുടങ്ങി. ആദ്യം വായിച്ച നോവൽ ഒന്നും മനസ്സിലായില്ല. സങ്കടം വന്നു. പിന്നെയും പിന്നെയും വായിച്ചു. പുസ്തകങ്ങളുമായി കൂട്ടായി. എന്റേതായ ലോകമുണ്ടാക്കി ഞാനതിൽ ജീവിക്കാൻ തുടങ്ങി.

rafeeque-2

ചിത്രം പോലുള്ള യാത്രകൾ

രണ്ടര കിലോമീറ്റർ നടന്നാണു സ്കൂളിലേക്കു പോകുന്നത്. ഇന്നത്തെ കുട്ടികൾക്ക് അന്യമായ ചില കാഴ്ചകളും ആ യാത്രയിൽ ഒപ്പമുണ്ടായിരുന്നു. വീടുകൾ അധികമില്ലാത്ത സ്ഥലം, വിജനമായ വലിയ പറമ്പുകൾ, ആകാശം മുട്ടി നിൽക്കുന്ന ഞാവൽ മരങ്ങൾ. ഇടയ്ക്ക്, കുന്ദംകുളം ചന്തയിൽ പോയി മടങ്ങുന്ന കാളവണ്ടികൾ വരും. പിന്നെ, യാത്ര അതിനു പിന്നാലെ ആകും. ക്ലാസ്മുറി ഒാർമകളേക്കാൾ എന്റെ മനസ്സിൽ ഇത്തരം ചിത്രങ്ങളാണുള്ളത്.

ഒരു പൂരക്കാലം. പൂതൻ, മൂക്കൻ ചാത്തൻ, പറയൻ കാ ളി... ഒക്കെ കെട്ടിയാടുന്ന സമയമാണ്. കുട്ടിക്കാലത്ത് എല്ലാവർക്കും അവരെ പേടിയാണ്. ഒറ്റയ്ക്കു സ്കൂളിൽ പോയ ഒരു ദിവസം. ഒഴിഞ്ഞ വഴിയും മനസ്സിൽ പേടിയും. ചുറ്റുമൊന്നു കണ്ണോടിച്ചാൽ പേടിക്കു തീ പിടിക്കും. അതുകൊണ്ട് താഴെ നോക്കി വേഗത്തിൽ നടക്കുകയാണ്. പെട്ടെന്നാരോ മുന്നിൽ നിന്ന പോലെ. ഒരു മൂക്കൻ ചാത്തൻ. കൈകൾ നീട്ടി വിളിക്കുന്നു. ഞാൻ പേടിച്ച് ഒറ്റയോട്ടം. മൂക്കൻ ചാത്തൻ പിന്നാലെ. കുറേ ഒാടിയോടി ഒരു വീട്ടിലേക്കു കയറി. പിന്നാലെ ചാത്തന്റെ രൂപം കെട്ടിയ ആളും. അദ്ദേഹം മുഖംമൂടി മാറ്റി ചോദിച്ചു, ‘‘ഞാനാണ് മോനേ... എന്തിനാ പേടിക്കണത്...’’ സത്യത്തില്‍ എന്റെ പേടി മാറ്റാൻ ആണ് ആ പാവം പിന്നാലെ വന്നത്.

ആ കാഴ്ചകളൊക്കെയാകും കവിതയിലേക്കു വഴി തുറന്നിട്ടത്. സങ്കൽപലോകത്തിലേക്കു കൈപിടിച്ചിരുത്തിയത്. വീട്ടില്‍ അന്നു റേഡിയോ ഉണ്ട്. ‘ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാ പുഴ പിന്നെയുമൊഴുകിയ’ പാട്ടൊക്കെ റേഡിയോയിലൂടെ േകട്ടു വലിയ അദ്ഭുതമായി. ആ കിലുക്കത്തിന്റെ ഭംഗി മനസ്സിൽ തൊട്ടു. ഒരു പുഴ ഒഴുകുന്നതിനെ അങ്ങനെയും പറയാമെന്നു മനസ്സിലായി. ഇന്നാണു കുട്ടിക്കാലമെങ്കിൽ കവിതയുടെയും പാട്ടിന്റെയുമൊക്കെ ലോകത്തേക്കു വരാൻ ഒരു സാധ്യതയുമില്ല. കാഴ്ചകളെല്ലാം അന്നു മനസ്സിലാണല്ലോ.

ബാപ്പ സജ്ജാദ് ഹുെെസന്‍ അധ്യാപകനായിരുന്നു. ഞാൻ ജനിച്ചപ്പോഴേക്കും അദ്ദേഹം റിട്ടയർ ആയി. ആയിടയ്ക്ക് അക്കിക്കാവിൽ ഒരു പോസ്റ്റ് ഒാഫിസ് തുടങ്ങി. ബാപ്പ പോസ്റ്റ്മാസ്റ്ററായി. ബാപ്പയും ഉമ്മയും എട്ടു മക്കളുമുള്ള വീട് കഷ്ടപ്പെട്ടു തന്നെയാണു മുന്നോട്ടു പോയത്. പട്ടിണി കിടന്നിട്ടില്ല. പക്ഷേ, നല്ല വസ്ത്രങ്ങളും ആഗ്രഹിച്ച സാധനങ്ങളും കിട്ടാതെ കുറേ സങ്കടപ്പെട്ടിട്ടുണ്ട്.

ബാപ്പ ഒരു കാര്യവും നിർബന്ധിച്ചു ചെയ്യിക്കാറില്ല. സ്വാതന്ത്ര്യവും തന്നിരുന്നു. ഞാനും മക്കൾക്ക് ആ സ്വാതന്ത്ര്യം കൊടുത്തു. ഭാര്യ ലൈല. രണ്ട് മക്കൾ. അവർ ആർട്സ് വിഷയം പഠിക്കണം എന്നായിരുന്നു എന്റെ മനസ്സിൽ. പക്ഷേ, രണ്ടു പേരും ദന്തഡോക്ടർമാരാണ്. എന്നെ ലൈല കാണുമ്പോൾ മുതൽ എഴുത്തിന്റെ ലോകത്താണല്ലോ. എഴുത്തുകാരനായതു കൊണ്ടു കുടുംബം നോക്കാതെ നടക്കാമെന്ന ചിന്ത എനിക്കില്ല. ഞാനങ്ങനെയുള്ള ആളുമല്ല.

ക്യാംപസിലെ കവി

പത്താം ക്ലാസ് കഴിഞ്ഞ് ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെത്തി. സയന്‍സ് ഗ്രൂപ്പാണ് എടുത്തത്. കണക്ക് പ്രയാസം, പാറ്റയെ കീറാൻ ഒട്ടും പറ്റില്ല. ചുരുക്കം പറഞ്ഞാൽ‌ പ്രീഡിഗ്രിക്കു തോറ്റു. ഗ്രൂപ്പ് ചേഞ്ച് ചെയ്തു ഡിഗ്രിക്കു വീണ്ടും അതേ കോളജിൽ.

അടിയന്തരാവസ്ഥ കഴിഞ്ഞ കാലഘട്ടമായിരുന്നു. തീവ്രവാദ രാഷ്ട്രീയം കത്തി നില്‍ക്കുന്നു. കടമ്മനിട്ടയും ചുള്ളിക്കാടുമൊക്കെ ക്യാംപസുകളെ ഭരിക്കുകയാണ്. അതിന്റെ ലഹരിയിൽ ഒഴുകുകയാണു പല കുട്ടികളും. അന്നും കവിതയെഴുതും. ഉൾവലിഞ്ഞു ജീവിച്ചതു കൊണ്ടാകാം അതൊക്കെ എഴുതുന്നതു ഞാനാണെന്ന് ആരും തിരിച്ചറിഞ്ഞില്ല.

ഹൈസ്കൂള്‍ കാലം മുതലേ കവിതയുടെ അകത്താണെന്ന ബോധ്യമുണ്ട്. അതെന്റെ ഭാഗം തന്നെയാണെന്ന വിശ്വാസവുമുണ്ട്. മറ്റെന്തു ജോലി ചെയ്താലും കവിതയി ൽ നിന്നു പുറത്തേക്കു പോരാനാകില്ല എന്നു തന്നെ കരുതി. മറ്റൊന്നിനെയും പോലെയല്ല, കവിതയുടെ വഴിയെ നടന്നാല്‍ പിന്നെ, തിരിച്ചുപോക്കില്ല.

പഠനം കഴിഞ്ഞ് ഇഎസ്‌െഎ േകാര്‍പേറഷനില്‍ േജാലി കിട്ടി. കവിത മനസ്സിലുണ്ടെങ്കിലും സിനിമ എന്റെ ലോകമേ ആയിരുന്നില്ല. വയലാറും ഭാസ്കരൻ മാഷും യേശുദാസുമൊക്കെയുള്ള മായാലോകത്തിൽ എനിക്കു സ്ഥാനമില്ലെന്നു തന്നെ കരുതി. യാദൃച്ഛികമായാണ് ഗർഷോം സിനിമയില്‍ പാട്ടെഴുതാനുള്ള അവസരം ലഭിച്ചത്. ‘പറയാൻ മറന്ന പരിഭവങ്ങള്‍...’ ഹിറ്റായായെങ്കിലും പിന്നീടു ശ്രമമൊന്നും നടത്തിയില്ല. ആദ്യ സിനിമ കഴിഞ്ഞു പേന അടച്ചുസർക്കാർ ജോലിയുടെ തിരക്കിലേക്കും കവിതയിലേക്കും തിരിച്ചു നടന്നു. പിന്നെ, മൂന്നോ നാലോ വർഷം കഴിഞ്ഞാണ് ആ പേന എടുക്കുന്നത്, സംഗീതസംവിധായകന്‍ എം. ജയചന്ദ്രനു വേണ്ടി.

അവസരവഴി േതടിയുള്ള വിളികൾക്കോ ആൾക്കൂട്ടങ്ങളിൽ പോയി സൗഹൃദതുടർച്ചയുണ്ടാക്കാനോ എനിക്കു ക ഴിയില്ല. ആ രസതന്ത്രം എനിക്കു വഴങ്ങില്ല.

പല അഭ്യാസങ്ങൾ നടത്തിയിട്ടാണു പലരും ഇവിടെ നി ൽക്കുന്നതെന്നു കേട്ടിട്ടുണ്ട്. രാഷ്ട്രീയം കഴിഞ്ഞാൽ കൂടുതൽ കൗശലവും സാമർഥ്യവും പല തരത്തിലുള്ള വിദ്യകളും അറിയേണ്ട മേഖലയാണു സിനിമ. എനിക്കതറിയില്ല. ഗുരുകാരണവന്മാരുടെ അനുഗ്രഹം കൊണ്ടാകാം ഇങ്ങനെ പോകുന്നു എന്നേയുള്ളൂ.

പക്ഷേ, ജീവിതത്തിൽ സിനിമ എനിക്ക് ഒരുപാടു സൗകര്യങ്ങൾ ചെയ്തു തന്നു. ജീവിതനിലവാരം മെച്ചപ്പെടുത്തി. കവിത മാത്രമെഴുതിയിരുന്നാൽ ഇത്രയും ശ്രദ്ധിക്കപ്പെടും എന്നു തോന്നുന്നില്ല. പണ്ടെഴുതിയ പല കവിതകളും സിനിമാഗാനം ആയപ്പോഴാണ് ജനങ്ങളിലേക്ക് എത്തിയത്.

(2007 ല്‍ പ്രണയകാലം സിനിമയിലെ ഏതോ വിദൂരമാം എന്ന ഗാനത്തിലൂെട മികച്ച ഗാനരചയിതാവിനുള്ള ആദ്യപുരസ്കാരം. തുടര്‍ന്ന് ഈ വര്‍ഷത്തെ അവാർഡ് ഉൾപ്പെടെ ആറു പുരസ്കാരങ്ങള്‍. തിരമാലയാണു നീ എന്ന ഗാ നത്തിനാണ് ഈ വർഷത്തെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ലഭിച്ചത്. േകരള സാഹിത്യ അക്കാദമി അവാര്‍ഡും റഫീക്ക് നേടിയിട്ടുണ്ട്.)

സർ,ശലഭം അടിക്കുന്നു...

മ്യൂസിക്കൽ കോംപോസിഷനാണ് സാഹിത്യഭംഗിയേക്കാ ൾ വലുതെന്നു വിശ്വസിക്കുന്ന ചിലരുണ്ട്. അത്തരം പാട്ടുകൾ എഴുതാനിരുന്നാൽ നമ്മൾ പെട്ടു പോകും. കുറച്ചുകാലം മുന്‍പ് പുതുതലമുറയിലെ ഒരു സംഗീതസംവിധായകൻ ട്യൂണ്‍ തന്നു. അതിനനുസരിച്ചു ഞാൻ വരികളെഴുതി. വരികൾ വായിച്ച് അദ്ദേഹം പറഞ്ഞു, ‘സർ അതിൽ ശ ലഭം അടിക്കുന്നുണ്ട്.’

‘ശലഭം എങ്ങനെയാടോ അടിക്കുക, അതു പറക്കുകയല്ലേ...’ എന്നു ഞാൻ ചോദിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. അടിക്കുക എന്നു പറഞ്ഞാൽ‌ ആ വാക്ക് അവിടെ ചേരുന്നില്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. പിന്നെ, ശലഭത്തെ വലിച്ചെറിഞ്ഞു തുമ്പിയെ വച്ചു കൊടുത്തു.

പുതുതലമുറയിലെ ചില സംവിധായകരും സംഗീതസംവിധായകരും മലയാളം പഠിച്ചിട്ടില്ല. സാധാരണ ഉപയോഗിക്കുന്ന വാക്കുകൾ പോലും സാഹിത്യമാണെന്നും മാറ്റണമെന്നും പറയുന്നവരുണ്ട്. പല പദങ്ങളും അവർക്ക് അപരിചിതമാണ്.

ഗിരീഷ് പുത്തഞ്ചേരി പറഞ്ഞിട്ടുണ്ട്, ‘പാട്ട് എഴുതാൻ ക ഴിവു വേണം, പക്ഷേ, ആ പാട്ടെഴുതിയതിന്റെ പൈസ മേടിക്കാൻ പ്രതിഭ വേണം’ എന്ന്. ഇപ്പോൾ ഞാൻ ആ പ്രതിഭ എടുത്ത് ഉപയോഗിച്ചു തുടങ്ങി. ആദ്യകാലത്ത് അതില്ലാത്തതിന്‍റെ വലിയ നഷ്ടങ്ങൾ വന്നു.

ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ, മരണമെത്തുന്ന നേരത്ത് അടുത്തിരിക്കണമെന്ന് എഴുതിയ കവിയുടെ പ്രണയം എങ്ങനെയായിരിക്കും?

കവിക്ക് വീണ്ടും ഒാര്‍മച്ചിരി.

‘ക്യാംപസ് കാലത്തു പ്രണയമെഴുതുന്നവരോട് ആരാധന പലർക്കുമുണ്ടായിരുന്നു. പക്ഷേ, അന്ന് ഒറ്റവരി പ്രണയം പോലും ഞാൻ എഴുതിയിട്ടില്ല. കൂടുതലും വിപ്ലവ കവിതകൾ. പ്രണയമൊക്കെ അന്നു തോന്നിയിരുന്നു. പക്ഷേ, ‘ബുദ്ധിജീവികൾക്കു ചേർന്നതല്ല പ്രണയ’മെന്ന ആ പ്രായത്തിന്റെ മണ്ടത്തരം കൊണ്ടാകാം തുറന്നു പറഞ്ഞില്ല. അ ന്നു മനസ്സിൽ ഒതുക്കി വച്ചതൊക്കെയാകാം ഇന്നു പാട്ടിലൂടെ പുറത്തുവരുന്നത്.

പിന്നെ, പ്രണയമില്ലേ എന്നു ചോദിച്ചാൽ എപ്പോഴും പ്രണയമുണ്ട്. ആ വികാരമില്ലെങ്കിൽ വാക്കുകളിലെങ്ങനെയാണ് ചോരയോടുന്നത്...

പാട്ടിനു സമ്മാനം സൈക്കിൾ

‘സ്പിരിറ്റ്’ സിനിമയ്ക്കു വേണ്ടി രണ്ടു പാട്ടുകളാണു പ്ലാന്‍ ചെയ്തിരുന്നത്. പെട്ടെന്നൊരു ദിനം സംവിധായകന്‍ രഞ്ജിത്തിന്‍റെ േഫാണ്‍. ‘‘സിനിമയിലെ സിദ്ധാർഥ് അവതരിപ്പിക്കുന്ന സമീറിന്റെ േവര്‍പാട് എല്ലാ തീവ്രതയോടെയും പ്രേക്ഷകരിലെത്തിക്കാൻ കവിത പോലുള്ള പാട്ട് വേണം. വിഷയം മരണമാണെങ്കിലും അതിൽ പ്രണയവും ലഹരിയും ആസക്തിയുമെല്ലാം കലർന്നിരിക്കണം.’’ ഇത്രയും ആഴമുള്ള അർഥതലങ്ങളുള്ള ക വിത പെട്ടെന്നെങ്ങനെ എഴുതുമെന്നോര്‍ത്ത് എനിക്ക് അമ്പരപ്പായിരുന്നു.

പിറ്റേന്നു രഞ്ജിത് വിളിച്ചപ്പോള്‍ പറഞ്ഞു, ‘‘നിങ്ങൾ പറഞ്ഞ ഭാവങ്ങളൊക്കെ ഉൾക്കൊള്ളുന്ന ഒരു കവിത കഴിഞ്ഞ ദിവസം ഒരു മാസികയ്ക്ക് അയച്ചുകൊടുത്തിരുന്നു. അതങ്ങോട്ടു തരാം. രംഗത്തിനിണങ്ങുമെന്നു തോന്നിയാൽ ഉപയോഗിച്ചോളൂ.’’

രഞ്ജിത്തിനു കവിത ഇഷ്ടമായി. ഷഹബാസ് അമന്‍ അതിനു മനോഹരമായ ഈണം പകര്‍ന്നു. ഉണ്ണിമേനോന്‍ ആസ്വാദ്യകരമായി ആലപിച്ചു. അങ്ങനെ ‘മരണമെത്തുന്ന നേരം’ മലയാളം ഏറ്റുചൊല്ലാന്‍ തുടങ്ങി. സ്വന്തം നാട്ടുകാര്‍ക്കു പോലും ഞാന്‍ കൂടുതല്‍ പരിചിതനായത് അതിനു ശേഷമാണ്.

സ്നേഹം, ദേഷ്യം, സന്തോഷം, ദുഃഖം തുടങ്ങി ഏതു വികാരത്തിലും ആ കവിത കേള്‍ക്കുന്നവരുണ്ട്. കുന്നംകുളത്തൊരു െെസക്കിള്‍ വ്യാപാരിയുടെ കാര്യം രസമാണ്. എന്നും രാത്രി അയാള്‍ മരണമെത്തുന്ന േനരം േകള്‍ക്കും. പിന്നെ, കുറച്ചു കരയും. എന്നിട്ടുറങ്ങും.

ഒരിക്കൽ സുഹൃത്തിന്‍റെ കൂടെ അയാളുടെ കടയില്‍ പോയി. തേടിച്ചെന്ന െെസക്കിള്‍ ഇല്ലാതിരുന്നതു െകാണ്ടു മടങ്ങി. തന്‍റെ ഇഷ്ടഗാനം എഴുതിയയാളാണു കടയില്‍ വന്നു സാധനം വാങ്ങാതെ മടങ്ങിയതെന്നു സുഹൃത്തു പറഞ്ഞറിഞ്ഞപ്പോള്‍ അയാള്‍ക്കു സഹിക്കാനായില്ല. ഒരു ദിവസം ഞാന്‍ േതടിച്ചെന്ന െെസക്കിളുമായി അയാള്‍ എന്‍റെ വീട്ടിലെത്തി.

എത്ര നിര്‍ബന്ധിച്ചിട്ടും വിലയൊന്നും വാങ്ങാതെ െെസക്കിള്‍ എനിക്കു നല്‍കി അയാള്‍ പോയി. ഇങ്ങനെയിങ്ങനെ ആ ഗാനവുമായി ബന്ധപ്പെട്ട് ഒാര്‍മകള്‍ ഒരുപാടാണ്.

വിജീഷ് ഗോപിനാഥ്

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ