Monday 25 July 2022 04:45 PM IST : By സ്വന്തം ലേഖകൻ

മികച്ച ഗായകൻ രാഹുൽ ദേശ്പാണ്ഡെ; പാടി അഭിനയിച്ചത് മുത്തച്ഛൻ വസന്ത്റാവു ദേശ്പാണ്ഡെയുടെ ജീവിതകഥ, മീ വസന്ത്റാവു

rahul-deshpande-best-singer-national-film-award-cover

ദേശീയ സിനിമ അവാർഡ് മികച്ച ഗായിക നഞ്ചിയമ്മയ്ക്ക് ലഭിച്ചത്, കേരളത്തിൽ വിവാദമാക്കിയപ്പോൾ, മികച്ച ഗായകൻ ആര് എന്ന പലരും ചോദിച്ചു... മീ വസന്ത്റാവു എന്ന മറാഠി സിനിമയിൽ വസന്തറാവു ദേശ്പാണ്ഡെ എന്ന ശാസ്ത്രീയ സംഗീതജ്ഞന്റെ ജീവിതകഥ പാടി അഭിനയിച്ച രാഹുൽ ദേശ്പാണ്ഡെയാണ് മികച്ച ഗായകൻ. നിപുൺ ധർമാധികാരിയാണ് സിനിമ സംവിധാനം ചെയ്തത്. രാഹുൽ ദേശ്പാണ്ഡെയുടെ മുത്തച്ഛനാണ് വസന്ത്റാവു.

രാഹുൽ ദേശ്പാണ്ഡെയെപ്പറ്റിയും സിനിമയെപ്പറ്റിയും മുതിർന്ന പത്രപ്രവർത്തകൻ രവി മേനോൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഇങ്ങനെ കുറിക്കുന്നു... ‘സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു ഗ്രാമീണൻ ഏകാഗ്രമായ പോരാട്ടത്തിലൂടെ സംഗീത ലോകത്ത് കീഴടക്കിയ സിംഹാസനങ്ങളെ കുറിച്ചാണ് ``മീ വസന്ത്റാവു'' എന്ന ചിത്രം പറഞ്ഞുതരുന്നത്. മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നേടിയതിന്റെ പേരിൽ ശുദ്ധ സംഗീത സ്നേഹികളുടെ മുറുമുറുപ്പുകൾക്ക് പാത്രമായ നഞ്ചിയമ്മക്കും പ്രചോദനമാകട്ടെ ഈ പോരാട്ടം...’

നഞ്ചിയമ്മയ്ക്കും പ്രചോദനമാകും വസന്ത്റാവു

----------

മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ഉയർത്തിയ വാദപ്രതിവാദങ്ങൾക്കിടെ, ഗായകനുള്ള ബഹുമതി രാഹുൽ ദേശ്പാണ്ഡെക്ക് നേടിക്കൊടുത്ത ``മീ വസന്ത്റാവു'' എന്ന മറാഠി പടത്തെ കുറിച്ച് അൽപ്പം.

rahul-deshpande-best-singer-national-film-award-movie-poster

കടുത്ത വെല്ലുവിളികളും വിമർശനങ്ങളും ഒറ്റപ്പടുത്തലുകളും അതിജീവിച്ച് ഒരു ഘരാനയുടെയും പിൻബലമില്ലാതെ സംഗീത ലോകത്ത് ഇതിഹാസമായി വളർന്ന വസന്ത്റാവു ദേശ്പാണ്ഡെ എന്ന ശാസ്ത്രീയ സംഗീതജ്ഞന്റെ ജീവിതകഥയാണ് നിപുൺ ധർമാധികാരി സംവിധാനം ചെയ്ത ആ ചിത്രം. നായക കഥാപാത്രത്തെ അവതരിപ്പിച്ചതും പിന്നണി പാടിയതും വസന്ത്റാവുവിന്റെ പൗത്രൻ രാഹുൽ ദേശ്പാണ്ഡെ. ചില ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും അദ്ദേഹം തന്നെ.

ജനിച്ചു വീണ് അധികം കഴിയും മുൻപ് ചിറ്റമ്മയുടെ വധശ്രമത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട വസന്തിനെ വളർത്തിയത് അമ്മയാണ്. ദുരിതമയമായ ബാല്യകൗമാരങ്ങൾ ഏൽപ്പിച്ച മുറിവുകൾ വസന്തിന്റെ സംഗീതത്തിന് ഊർജ്ജം പകർന്നു. പാരമ്പര്യവാദികളുടെയും വരേണ്യവർഗ്ഗത്തിന്റെയും കടുത്ത വിമർശനങ്ങൾ വേറെ. അതിജീവനത്തിന്റെ പാതയിൽ എന്നും തുണയായിരുന്നത് നടനും സംഗീതജ്ഞനുമായ ദിനനാഥ് മങ്കേഷ്‌കറാണ്-- ലതാ മങ്കേഷ്കറുടെ പിതാവ്. ദിനനാഥിന് പുറമെ ബേഗം അക്തറും പി എൽ ദേശ്പാണ്ഡെയുമൊക്കെ കടന്നുവരുന്നു സിനിമയിൽ കഥാപാത്രങ്ങളായി.

എട്ടാം വയസ്സിൽ കാളിയമർദൻ (1935) എന്ന നിശബ്ദചിത്രത്തിൽ ഉണ്ണികൃഷ്ണന്റെ വേഷം അഭിനയിച്ചുകൊണ്ടാണ് വസന്തിന്റെ തുടക്കം. സംഗീതാഭ്യസനം ഡി വി പലുസ്‌കറും ദിനനാഥ് മങ്കേഷ്കറും ഉൾപ്പെടെയുള്ള ഗുരുക്കളുടെ കിഴിൽ. എന്നിട്ടും മറാഠി സംഗീത ലോകത്തിന്റെ അംഗീകാരം ലഭിക്കാൻ മധ്യവയസ്സ് പിന്നിടും വരെ കാത്തിരിക്കേണ്ടി വന്നു അദ്ദേഹത്തിന്. പിൽക്കാലത്ത് സംഗീതത്തിൽ പി എച്ച് ഡി വരെ എടുത്തു വസന്ത്റാവു. രാജ്‌കല്യാൺ എന്നൊരു രാഗം സൃഷ്ടിച്ചു. 1983 ലായിരുന്നു വസന്ത്റാവുവിന്റെ വിയോഗം.

എട്ടു വർഷത്തെ കഠിന തപസ്യ വേണ്ടിവന്നു മുത്തച്ഛന്റെ റോളിന് പൂർണ്ണത പകരാൻ എന്നു പറയുന്നു രാഹുൽ. ആ തപസ്യയുടെ സൗന്ദര്യം മുഴുവൻ രാഹുലിന്റെ ഗാനങ്ങളിലുമുണ്ട്. ഗേ ചന്ദ് മകരന്ദ്, വിഠല ദർശൻ ദേയൂനജാ എന്നിവ ഉദാഹരണം.

സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു ഗ്രാമീണൻ ഏകാഗ്രമായ പോരാട്ടത്തിലൂടെ സംഗീത ലോകത്ത് കീഴടക്കിയ സിംഹാസനങ്ങളെ കുറിച്ചാണ് ``മീ വസന്ത്റാവു'' എന്ന ചിത്രം പറഞ്ഞുതരുന്നത്. മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നേടിയതിന്റെ പേരിൽ ശുദ്ധ സംഗീത സ്നേഹികളുടെ മുറുമുറുപ്പുകൾക്ക് പാത്രമായ നഞ്ചിയമ്മക്കും പ്രചോദനമാകട്ടെ ഈ പോരാട്ടം...