Wednesday 15 May 2024 12:16 PM IST : By സ്വന്തം ലേഖകൻ

‘ഡ്രങ്ക് ഐ ആം ആൻ ഇരുകാലി’: ഷാപ്പിലെ പാട്ട് ട്രെൻഡ് സെറ്റാക്കിയ ചെക്കന്‍: ശരത്, നൊമാഡിക് വോയ്സായ കഥ

nomadic

സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കുന്ന റാപ്പർമാരുടെ ലോകത്ത് വേറിട്ട പാത തുറന്നിടുകയാണ് നൊമാഡിക് വോയ്സ്. സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളും ത്രസിപ്പിക്കുന്ന സംഗീതവും സമന്വയിപ്പിച്ച് സോഷ്യൽ ലോകത്തും ശ്രദ്ധേയ സാന്നിദ്ധ്യമാകുകയാണ് ഈ മലയാളിപ്പയ്യൻ. തിരുവനന്തപുരം സ്വദേശിയായ ശരത് ശശിധരനാണ് തന്റെ സംഗീത പരീക്ഷണങ്ങളിലൂടെ ഏവരെയും വിസ്മയിപ്പിക്കുന്ന നൊമാഡിക് വോയ്സ്.

അയർലൻഡിൽ നഴ്സിന്റെ കുപ്പായമണിയുമ്പോഴും ഉള്ളിലെ സംഗീതത്തെ ആരാധകർ ആഗ്രഹിക്കും വിധം അണിയിച്ചൊരുക്കുന്ന നൊമാഡിക് വോയ്സ് സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളും തന്റെ സംഗീത വഴിയിൽ സമന്വയിപ്പിക്കുന്നു. കേള്‍ക്കാമോ എന്ന മലയാളം റാപ് ഗാനത്തിലൂടെയാണ് സംഗീത വഴിയിൽ ശരത് എന്ന നൊമാഡിക് വോയ്സ് തന്റെ വരവറിയിക്കുന്നത്. 2018ൽ പുറത്തിറങ്ങിയ ചങ്കരൻ യൂട്യൂബിലും സോഷ്യൽ ലോകത്തും വൈറലായി. പിന്നാലെയെത്തിയ ഡ്രങ്ക് ഇൻ ഷാപ്പ് മലയാളികൾ മാത്രമല്ല, അതിരുകൾ ഭേദിച്ച് അന്യദേശത്തും ട്രെൻഡ് സെറ്ററായി. നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ഒരുപോലെ നേടിയ നെറ്റ്ഫ്ലിക്സിന്റെ ധാബ കാർട്ടൽ സീരീസിനു വേണ്ടി പുറത്തിറക്കിയ ‘കളിമാറി’ എന്ന ഗാനത്തിന് ഇപ്പോഴും ആരാകരേറെ. മോരും വെള്ളം, തിരുമാലി ആൻഡ് അച്ചായൻ, നീലിപ്പെണ്ണേ തുടങ്ങിയ ഗാനങ്ങളും സംഗീത ലോകത്ത് ശ്രദ്ധേയമായി. രാഷ്ട്രീയ ആക്ഷേപഹാസ്യ ഗാനമായ മണ്ടന്റെ കണ്ടന്റ് ആണ് ഇനി പുറത്തിറങ്ങാനുള്ള ഗാനം. പോയ്സൺ–ന്യൂയോർക്ക് ആണ് ഇനി പുറത്തിറങ്ങാനുള്ളഗാനം.

‘ഓരോ സംഗീത പരീക്ഷണവും , ഓരോ പുതിയ അനുഭവങ്ങൾ ആണെന്ന് ശരതിന്റെ വാക്കുകൾ ‘ഓരോ അനുഭവങ്ങളിൽ നിന്നുമാണ് ഓരോ ഗാനവും പിറവിയെടുക്കുന്നത്. മ്യൂസിഷ്യൻ എന്ന നിലയിൽ പ്രതീക്ഷയോടെ തന്നെയാണ് പുതിയ പാട്ടുകളെയും കാണുന്നത്. ഞാൻ മലയാളം ഹിപ്പ് ഹോപ് രംഗത്തേക്ക് കടന്നു വരുന്ന സമയത്തു അധികം ആളുകൾ കടന്നു വന്നിരുന്നില്ല. വിരലിൽ എണ്ണാവുന്ന ആളുകൾ ഉണ്ടായിരുന്നോള്ളൂ . എൻ്റെ സോങ്‌സ് കൊണ്ട് എന്തെങ്കിലും ഒരു ഇമ്പാക്ട് ഹിപ്പ് ഹോപ് രംഗത്ത് ഉണ്ടാകാൻ പറ്റിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.’– നൊമാഡിക് വോയ്സായ ശരത് പറഞ്ഞു നിർത്തി.