Saturday 25 September 2021 03:08 PM IST : By ശ്യാമ

‘ഞാന്‍ ജോലി ചെയ്യുമ്പോൾ ജോലി ചെയ്യും, പാട്ടു പാടുമ്പോള്‍ പാട്ട് മാത്രം, ഇടകലർത്തലില്ല’: ജീവിതത്തിന് സ്വപ്നത്തേക്കാൾ ഇമ്പം തോന്നും ഹരീഷ് ശിവരാമകൃഷ്ണൻ പാടുമ്പോൾ

hareeebbnn3344

രംഗ പുര വിഹാര...

ജയ... േകാദണ്ഡ രാമാവതാര... രഘുവീര ശ്രീ...

രംഗ പുര വിഹാരാ....

ഹരീഷ് ശിവരാമകൃഷ്ണന്‍റെ ആലാപനം ഉണരുകയാണ്. ബൃന്ദാവനസാരംഗയെന്ന വിസ്മയ രാഗത്തിലുള്ള ഗാനവിസ്മയം പെയ്തിറങ്ങുന്നു. ശാസ്ത്രീയ സംഗീതം പഠിച്ചവരും പഠിക്കാത്തവരുമായ ആയിരങ്ങള്‍  ഇതേറ്റു  പാടുന്നു.  ഹരീഷ് ‘മനവ്യാള കിം ചരാ ദടേ...’ പാടിത്തീര്‍ക്കുമ്പോള്‍ നളിനകാന്തിയെന്ന രാഗമറിയാത്തവര്‍ േപാലും ആ വരികള്‍ ഒാര്‍ത്തെടുത്തു മൂളുന്നു.

നാട്ടില്‍ മാത്രമല്ല, കടലുകള്‍ കടന്നു പല രാജ്യങ്ങളിലും ഈ പാട്ടുകള്‍ക്ക് ഭാഷാഭേദമന്യേ ഇത്രയേറെ സ്വീകര്യത ഉണ്ടാക്കിയെടുത്തത് ‘അഗം’ എന്ന ബാന്‍ഡാണ്. ഹരീഷ് ശിവരാമകൃഷ്ണൻ അതിന്റെ നെടുംതൂണും. എൻജിനീയറിങ് ബിരുദധാരിയായ ഹരീഷ് എങ്ങനെയാണ് പാട്ടിന്റെ വഴികളിലെത്തിയത്?  പ്രഫഷനും സംഗീതവും എങ്ങനെ ഒരുമിച്ച് കൊണ്ടു പോകുന്നു? എല്ലാം ഹരീഷ് തന്നെ പറയട്ടേ.

പാരമ്പര്യത്തിന്റെ പുതിയ ഈണം

‘‘ഞങ്ങൾ ശാസ്ത്രീയ സംഗീതത്തെ ജനങ്ങളിലേക്ക് കൊണ്ടു വന്നു എന്നു പറയുന്നതിന് എത്രയോ മുൻപേ സിനിമാ ഗാനങ്ങളായും നാടകഗാനങ്ങളായും ലളിതഗാനങ്ങളായും അത് നമുക്കിടയിലുണ്ടായിരുന്നു. ആളുകൾ അറിയാതെ തന്നെ ശാസ്ത്രീയ സംഗീതവും രാഗങ്ങളും ഒക്കെ അവർക്ക് പരിചയത്തിൽ വ ന്നു. എന്നിട്ടും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ എത്രയോ മനോഹരങ്ങളായ കീർത്തനങ്ങളും കൃതികളും ആളുകൾ തൊടാൻ മടിച്ചും അറിയാതെയും നിന്നു. ഞങ്ങള്‍ ആ സംഗീതത്തിന്റെ രൂപകല്‍പ്പനയെ ജനകീയവൽക്കരിച്ചു എന്നു പറയാം. ശാസ്ത്രീയ സംഗീത കൃതികളും മറ്റും ഒരു പ്രത്യേക ഫോർമാറ്റിൽ മാത്രമാണ് നിലനിന്നിരുന്നത്. അതുകൊണ്ട് പലർക്കും അത് കടിച്ചാൽ പൊട്ടാത്തതായി തോന്നി. ഒരുപാട് പേർ അതിൽ നിന്ന് അകലം പാലിച്ചു. ഞങ്ങൾ വേറൊരു തരത്തില്‍ അത് അവതരിപ്പിക്കുന്നു എന്നു മാത്രം. അത് സ്വീകരിക്കപ്പെടുന്നതിൽ സന്തോഷം.

ഒന്നും മുൻകൂട്ടി തീരുമാനിച്ച് ചെയ്തതല്ല. പല ഘട്ടങ്ങളിലായി തെറ്റിയും തിരുത്തിയും വളർന്നു വരുന്നതാണ്. ഇതിന്റെയൊക്കെ ഭാഗമാകാൻ കഴിഞ്ഞതാണ് ഏറ്റവും വ ലിയ ആഹ്ലാദം.

ജനിച്ചതും വളർന്നതും സംഗീതത്തിൽ

ശാസ്ത്രീയ സംഗീതം മാത്രം കേട്ടുവളർന്ന കാലമുണ്ടായിരുന്നു എനിക്ക്. മുത്തച്ഛൻ അക്കാര്യത്തിൽ കടുംപിടുത്തക്കാരനായിരുന്നു. അച്ഛൻ ശിവരാമകൃഷ്ണനാണ് മലയാള സിനിമാഗാനങ്ങൾ കേൾപ്പിച്ചിരുന്നത്.

 മുത്തച്ഛൻ ഹാർമോണിയം വായിച്ചിരുന്നു. അച്ഛ ൻ ബാങ്കറായിരുന്നിട്ടും മൃദംഗത്തോടുള്ള ഇഷ്ടം വിട്ടില്ല. കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ഗുരുക്കന്മാരിൽ നിന്നു തന്നെ ഞാൻ പാട്ടു പഠിക്കണം എന്ന് നിർബന്ധം പറഞ്ഞിരുന്നത് അമ്മ പ്രഭയാണ്. ചെമ്പൈ കൊതണ്ടരാമ ഭാഗവതർ, അയ്യാംകുടി മണി എന്നിവരായിരുന്നു എന്റെ ഗുരുക്കന്മാർ.

പാശ്ചാത്യസംഗീതം ആദ്യമായി കേട്ടത് കോളജ് കാലത്താണ്. ബിറ്റ്സ് പിലാനിയിലായിരുന്നു എൻജിനീയറിങ് പഠനം. അവിടെ നിന്നുള്ള സുഹൃത്തുക്കളാണ് ‘അഗം’ എന്ന ബാന്‍ഡിനു കാരണമായത്.  ഞങ്ങള്‍ കൂട്ടുകാര്‍ േചര്‍ന്നവതരിപ്പിച്ച ചെറിയ ജാമിങ് സെഷനുകളാണ് നിങ്ങ   ൾ ഇന്ന് കാണുന്ന ‘അഗം’ ആയി മാറിയത്.

ഉടുപ്പും വിശപ്പും

ശാസ്ത്രീയ സംഗീതം പാടുമ്പോൾ ഇന്നതുപോലെ വ സ്ത്രം ധരിക്കണം, ഇന്നതു േപാെല ഇരിക്കണം എന്നൊക്കെ പറയുന്നവർ ഒരുപാടു പേരുണ്ട്.  ഞാൻ എന്തിടുന്നു എന്നതിനു പകരം എന്റെ സംഗീതം എങ്ങനെയാണ് എന്നല്ലേ നോക്കേണ്ടത്? ജീൻസിട്ട് പാടിയാൽ പുറത്തേക്ക് വരില്ലെന്ന് പാട്ട് വിചാരിക്കുന്നില്ലല്ലോ... ഫാഷൻ ഒന്നും അങ്ങനെ ശ്രദ്ധിക്കുന്ന ആളല്ല ഞാൻ.  

പാട്ടുകാര്‍ ഭക്ഷണകാര്യങ്ങൾ വളരെ ശ്രദ്ധിക്കാറുണ്ടെന്നു പറയുമെങ്കിലും എന്റെ ഭക്ഷണചിട്ടയും അത്ര കടുകട്ടിയല്ല. മറ്റ് ശീലങ്ങളും അങ്ങനെ തന്നെ. പുകവലി തൊണ്ടയേയും ശ്വാസകോശത്തേയും അപ്പാടെ ബാധിക്കുമെന്നത് എല്ലാവരുടെയും കാര്യത്തിൽ ശരിയാണ്. എന്നാല്‍ അലർജി എല്ലാവര്‍ക്കും ഒരുപോലെയല്ല. എനിക്ക് തണുപ്പും കോളയുമൊന്നും പ്രശ്നമല്ല. പക്ഷേ, പൂക്കളിലെ പൂമ്പൊടി, പെട്രോളിന്റെ മണം ഇതൊക്കെയാണ് അലർജി. ഇവയുമായി സമ്പര്‍ക്കമുണ്ടായാല്‍ ശബ്ദത്തിൽ വ്യത്യാസം വരും. ഇവയൊക്കെ കഴിവതും ഒഴിവാക്കുന്നതാണ് ചിട്ട.

വിമർശനങ്ങൾ വളർത്തുന്നു

എന്റേതായ രീതിയിൽ പാട്ടുകൾ പാട്ടുമ്പോൾ പ്രോത്സാഹനവും അതേപോലെ തന്നെ വിമർശനങ്ങളും വരാറുണ്ട്.  പ്രോത്സാഹനങ്ങൾ മുന്നോട്ട് പോകാനുള്ള ഊർജം തരുമ്പോൾ കൃത്യമായ വിമർശനങ്ങൾ തെറ്റുകൾ തിരുത്തിയും പുതിയവ പഠിച്ചും വളരാനുള്ള വളമാകുന്നു. ഞാൻ അതിനെ അങ്ങനെയാണ് കണക്കാക്കുന്നത്.

വിമർശനങ്ങളിൽ വ്യക്തിപരമായ കാര്യങ്ങൾ കൂട്ടിക്കലർത്തുന്നതിനോട് നല്ല രീതിയിൽ തന്നെ പ്രതികരിക്കാറുണ്ട്. ഒരാളെ വ്യക്തിഹത്യ നടത്താനൊന്നും നമുക്കാർക്കും അവകാശമില്ല. ഒരാളെ മാനസികമായി തളർത്തി ആനന്ദം കണ്ടെത്തുന്നത് തെറ്റാണ്.

സോഷ്യൽ മീഡിയ വന്നതോടു കൂടി എല്ലാവർക്കും അ വരവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഇടങ്ങളുണ്ട്. കഴിവുള്ള ആർട്ടിസ്റ്റുകളൊക്കെ ഉയർന്നു വരണം. ആൺപെൺ ട്രാൻസ്ജെൻഡർ എന്നിങ്ങനെയുള്ള വ്യത്യാസമില്ലാതെ തുല്യതയോടെയുള്ള സ്വീകാര്യത നൽകുന്ന ആളുകൾ കൂടി വരുന്നു. അത് സാമൂഹികപരമായി തന്നെയുള്ള വലിയൊരു മാറ്റമാണ്.

hareeshhh66776nn

ലോക്ഡൗണ്‍ കാലഘട്ടം

അനിശ്ചിതാവസ്ഥയുടെ കാലമായിരുന്നു ലോക്ഡൗ ൺ. ഇതൊക്കെയാണെങ്കിലും കുടുംബവുമൊത്ത് ധാരാളം ക്വാളിറ്റി ടൈം കിട്ടി എന്നതാണ് ലോക്ഡൗണിലെ നേട്ടം. ഭാര്യ ആശയും ഞാനും ഫുൾ ടൈം ജോലിക്കാരാണ്. ജോലിയല്ലാത്ത സമയത്ത് ഞങ്ങളുടെ വീട്ടിലെ പ്രധാന ചർച്ച ഭക്ഷണത്തെ കുറിച്ചാണ്. അതിൽ മകൾ ശ്രേയയും എന്റെ അച്ഛനും അമ്മയും ഒക്കെ പങ്കെടുക്കും. ഞാനും ആശയും പാചകം ചെയ്യാറുണ്ട്. ആശയാണ് നല്ല കുക്ക്.

ജീവിതത്തിൽ പല സന്ദർഭങ്ങളിലായി സാമ്പത്തികമായും ആരോഗ്യപരമായും മാനസികമായും വെല്ലുവിളി നേരിടേണ്ടി വന്നപ്പോഴൊക്കെ എനിക്ക് താങ്ങായത് ആശയാണ്. ശ്രേയയ്ക്കിഷ്ടമുള്ള കഥകളും കാര്യങ്ങളുമാണ് ഞങ്ങളെ എല്ലാവരേയും കൂട്ടിയിണക്കുന്നത്.

ആറു വർഷത്തിനു ശേഷം ഈ ലോക്ഡൗണ്‍ സമയത്ത് വീണ്ടും വയലിൻ വായിച്ചു. ഇപ്പോൾ ഗസൽ പഠിക്കാനുള്ള ശ്രമത്തിലാണ്. എങ്ങും പോയി പഠിക്കാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ട് യൂട്യൂബാണ് പ്രധാന ഗുരു. കൂടാതെ ഗസൽ പാടുന്ന അതേക്കുറിച്ചറിവുള്ള മറ്റ് സുഹൃത്തുക്കളും സഹായിക്കുന്നുണ്ട്.

ജോലിയും പാട്ടും

അഡോബ്, മിന്ത്ര, ഫ്രീചാർജ്, ഗൂഗിൾ എന്നിവയ്ക്കൊക്കെ വേണ്ടി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ ക്രെഡ് എന്ന ക്രെഡിറ്റ് കാർഡ് പെയ്മെന്റ് ആപ്പിന്റെ ചീഫ് ഡിസൈൻ ഓഫിസറാണ്. ജോലിയും പാട്ടും കൂടി എങ്ങനെ ബാലൻസ് ചെയ്യുന്നു എന്നു പലരും ചോദിക്കാറുണ്ട്. ജോലി ചെയ്യുമ്പോൾ ജോലി ചെയ്യും. പാട്ടു പാടുമ്പോള്‍ പാട്ട് മാത്രം. രണ്ടും ഇടകലർത്തില്ല. അതാണെന്‍റെ രീതി.

പുതിയ പാട്ടുകൾ ഇറക്കുന്ന സമയത്ത് രണ്ട് ആഴ്ച മണിക്കൂറുകളോളം അഗത്തിെന്‍റ അംഗങ്ങളെല്ലാം ഒരുമിച്ചു കൂടും. ഇപ്പോള്‍ പുതിയ ആൽബത്തിന്റെ ജോലികൾ ഓണ്‍ലൈനായി പുരോഗമിക്കുന്നു. പല നാട്ടിലെ സംഗീതജ്ഞരുമായി കോളാബുകൾ നടത്താനുള്ള പ്ലാൻ ഒക്കെ ഉണ്ടായിരുന്നു. അതൊക്കെ ലോക്ഡൗൺ വന്നതോടെ മാറ്റി വയ്ക്കേണ്ടി വന്നു. അഗത്തിന്റെ കാര്യങ്ങൾ തൽക്കാലം നിശ്ചലമാണ്. ഇനി ലോക്ഡൗൺ ഒക്കെ മാറിയിട്ട് വേണം പുനരാരംഭിക്കാൻ...

സ്റ്റേജും ഷോസും ഒന്നുമില്ലെങ്കിലും പാട്ടൊക്കെ പാടി ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമൊക്കെ പോസ്റ്റ് ചെയ്യുന്നുണ്ട്. മറ്റുള്ളവർ അതാസ്വദിക്കുന്നത് കാണുന്നത് സന്തോഷം. പാട്ടിലൂടെയാണ്  ഇത്രത്തോളം അപരിചിതർക്ക് നമ്മള്‍ പ്രിയപ്പെട്ടവരാകുന്നത്....

hareesh

കഥ പറയുന്ന ടാറ്റൂസ്

ബോഡി ആർട് എനിക്കു വളരെ ഇഷ്ടമാണ്. ബാക്കിയുള്ള കാൻവാസുകള്‍ പോലെയല്ലല്ലോ സ്വന്തം ശരീരം. അതിൽ ചെയ്യുന്ന ആർട്, ജീവിതത്തിന്റെ ത ന്നെ ഭാഗമാകും. ആരേയും കാണിക്കാൻ വേണ്ടിയല്ല ഇതൊന്നും. ജീവിതത്തിൽ നടന്ന പ്രധാന സംഭവങ്ങളുടെ രേഖപ്പെടുത്തലാണ്.

മകൾ ജനിച്ചപ്പോഴാണ് ആദ്യ ടാറ്റൂ െചയ്യുന്നത്. ‘വക്രതുണ്ഡ മഹാകായ’എന്ന ശ്ലോകമായിരുന്നു അത്. ‘കൊളോണിയൽ കസിൻസ്’ എന്ന ബാൻഡി ലെ ഒരു പാട്ടിനു മുൻപ് ഹരിഹരൻ സാർ പാടിയാണ് ഞാൻ ആദ്യമായി ഈ ശ്ലോകം കേൾക്കുന്നത്. ഹരിഹരൻ സാർ എനിക്ക് ദൈവത്തെ പോലെയാണ്. ശ്രേയ ഘോഷാലിനോടുള്ള ഇഷ്ടം കൊണ്ടാണ് മകൾക്ക് ശ്രേയ എന്നു പേരിടുന്നത്. ഇതൊക്കെ ഈ ഒരൊറ്റ ടാറ്റൂവിൽ അടങ്ങിയിട്ടുണ്ട്.

രണ്ടാമത്തേത് ഒരു ബുദ്ധിസ്റ്റ് ഫ്ലവർ സിംബലാണ്. ഹൃദയാഘാതം വന്ന് ജീവനും മരണവും നേർക്കുനേർ കണ്ട സംഭവത്തിനു ശേഷം ജീവിതത്തോടുള്ള പരാതികൾ കുറഞ്ഞ് ശരിക്കും കൃതാർഥനായി. മനസ്സ് പൂവ് പോലെ നിര്‍മലമായി എന്നു പറ യാം. ആ അവസ്ഥയാണ് ടാറ്റൂവിലുള്ളത്.

മൂന്നാമത്തേത് ഒരു തെയ്യമാണ്. അഗത്തിന്റെ  ലോഗോയിലും തെയ്യമുണ്ട്. നാലാമത്തെ ടാറ്റൂവും  മ കൾക്കു വേണ്ടി ചെയ്തതാണ്. വണ്ടർവുമൺ സിനിമ കണ്ടപ്പോൾ അവൾ ഭയങ്കര സന്തോഷത്തിലായിരുന്നു. ആദ്യമായിട്ടാണ് അവളൊരു പെൺസൂപ്പർഹീറോയെ സ്ക്രീനിൽ കണ്ടത്. അവൾക്കതു വളരെ ആത്മവിശ്വാസം നൽകി. ഒരുദിവസം വണ്ടർവുമൺ കളിപ്പാട്ടങ്ങള്‍ വച്ചു കളിക്കുന്നതിനിടയില്‍ അവള്‍ എന്നോടു പറഞ്ഞു, ‘അച്ഛനും വണ്ടർവുമണിന്റെ  എന്തേലും കളിപ്പാട്ടമോ ലോഗോയോ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു’ എന്ന്. അങ്ങനെ വണ്ടർവുമൺ ടാറ്റൂ ചെയ്തു.

‘അഗ’ത്തിനകം

കർണാട്ടിക് സംഗീതവും പാശ്ചാത്യസംഗീതവും കൂട്ടിച്ചേർത്ത കർണാട്ടിക് പ്രോഗ്രസീവ് ബാന്‍ഡായിട്ടാണ്  2003ല്‍ ‘അഗ’ത്തിന്റെ  തുടക്കം. ‘സ്റ്റുഡിയോ എഫ് 6’ എന്നായിരുന്നു ആദ്യ പേര്. 2007ൽ  സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ വിധികർത്താവായ ‘ഒഹ് ലാലാലാ’ എന്ന മ്യൂസിക് ഷോയിൽ വിജയിച്ചതോടെ ‘അഗം’ കൂടുതലായി ശ്രദ്ധിക്കപ്പെട്ടു. ‘ദ് ഇന്നർ സെൽഫ് എവെയ്ക്കൻസ്’ എ ന്ന ആദ്യ ആൽബം തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചു. ഹരീഷിനെ കൂടാതെ ഗാനരചയിതാവും കീബോർഡിസ്റ്റുമായ സ്വാമി സീതാരാമൻ, ലീഡ് ഗിറ്റാറിസ്റ്റ് ടി. പ്രവീൺ കുമാർ, ബാസ് ഗിറ്റാറിസ്റ്റും ഗായകനുമായ ആദിത്യ കശ്യപ്, പരമ്പരാഗതമായ പെർക്കഷനുകൾ വായിക്കുന്ന ശിവകുമാർ നാഗരാജൻ, റിഥം ഗിറ്റാറുമായി ജഗതീഷ് നടരാജൻ, ഡ്രമ്മർ യദുനന്ദൻ എന്നിവരാണ് അഗത്തിന്റെ അംഗങ്ങൾ.

Tags:
  • Movies