Tuesday 20 October 2020 11:28 AM IST

ആലായാൽ തറ വേണോ??? അതിരില്ലാതെ വിലക്കില്ലാതെ അതങ്ങ് വളരട്ടെന്നേ....; സൂരജ് സന്തോഷും ശ്രുതി ശരണ്യവും ചേർന്നെഴുതിയ വരികളുടെ അലയിളക്കത്തിൽ മലയാളികൾ

Shyama

Sub Editor

ss

ആലായാൽ തറവേണോ? അടുത്തൊരമ്പലം വേണോ? എന്ന് തുടങ്ങുന്ന പാട്ട് കൊണ്ടുവന്നൊരാളം ഇന്റർനെറ്റിലെങ്ങും അലയടിക്കുന്നു. സൂരജിന്റെ യൂട്യൂബ് ചാനലിൽ മാത്രം ഒറ്റ ദിവസം കൊണ്ട് പാട്ട് കേട്ടത് രണ്ട് ലക്ഷത്തിലധികം പേരാണ്! പാട്ട് കേട്ട് ഏറ്റുപാടുക മാത്രമല്ല പാട്ടിലൂടെ പറയുന്ന വിഷയങ്ങളും ഇതിനോടകം തന്നെ പലയിടത്തും ചർച്ചയാകുന്നു... ഒരു പാട്ടുണർത്തുന്ന ചർച്ചകൾക്ക് പിന്നിലെ പാട്ടെഴുത്തുകാർക്ക് പറയാനുള്ളത് കൂടി നമുക്ക് കേൾക്കാം.

"നിഷ്കളങ്കമെന്ന് തോന്നിക്കുന്ന പക്ഷേ, വളരെ ഉപദ്രവം ചെയ്യുന്ന ശരികേടുകൾ ഉള്ളൊരു പാട്ടാണ് 'ആലയാൽ തറ വേണം'. അതിൽ പറയുന്ന ശരിക്കേടുകളുള്ള പൊളിറ്റിക്സും സ്ത്രീവിരുദ്ധതയും അറിഞ്ഞും അറിയാതെയും നമ്മൾ ജാതിഭേദമന്യേ പല അവസരങ്ങളിലും  പാടിക്കൊണ്ടിരുന്നു. ഇത്തരം കാര്യങ്ങൾ അറിയാതെ ചെയ്യുമ്പോൾ പോലും ഉറച്ചു പോകുന്ന ചില ധാരണകളുണ്ട്, അതൊക്ക ഒന്ന് റീഡിഫൈൻ ചെയ്യുക എന്നത് തന്നെയാണ് പാട്ടിന്റെ പ്രധാന ഉദ്ദേശം. കാലം മാറുന്നതിനനുസരിച്ച് നമ്മുടെ ആശയങ്ങളും നവീകരിച്ചു പോകേണ്ടതുണ്ട്." ഉറച്ച സ്വരത്തിൽ  സൂരജ് സന്തോഷ് നിലപാട് വ്യക്തമാക്കുന്നു.

mxnkc

"കാവാലം നാരായണപണിക്കരുടേതാണെന്ന് ഒരുപാട് പേർ തെറ്റിദ്ധരിച്ച ഈ പാട്ടിന്റെ വരികൾ ശരിക്ക് അദ്ദേഹതിന്റേതല്ല. ആരെഴുതിയതാണ് എന്നറിയില്ല.  വാമൊഴിയായി പാടി വന്നൊരു പാട്ടാണിത്. അങ്ങനെയൊരു പാട്ട് തിരുത്തി എഴുതുന്നതിൽ തെറ്റുണ്ടോ എന്നൊക്ക ഞങ്ങൾ മനോജ്‌ കുറൂറിനോടും മറ്റും ചോദിച്ചു. കാലഘട്ടത്തിനനുസരിച്ച് മാറ്റി എഴുതുന്നതിൽ തെറ്റില്ല, മുൻപും അങ്ങനെ മാറ്റങ്ങൾ എഴുത്തുകാർ വരുത്തിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്" ശ്രുതി പറയുന്നു. വിശ്വസിക്കുന്ന ആശയങ്ങൾ പറയാനും പ്രാവർത്തികമാക്കാനും പേരിന്റെ ഭാരം ബുദ്ധിമുട്ടുണ്ടാക്കിയതുകൊണ്ട് അത്‌  തിരുത്തി 'ശ്രുതി ശരണ്യം’ എന്ന പേര് സ്വീകരിച്ചിട്ട് ആദ്യമായി പുറത്ത് വന്ന വർക്കാണിത്  എന്ന അഭിമാനവും ശ്രുതി പങ്കുവെക്കുന്നു.

പാട്ട് വന്ന വഴിയേ കുറിച്ച് സൂരജ്... "മുൻപ് സി.എ.എ.യ്ക്കെതിരായ സമരത്തിൽ പങ്കെടുക്കുമ്പോൾ അവിടെയുണ്ടായിരുന്നൊരാൾ എന്നോട് ചോദിച്ച ഒരു ചോദ്യമാണ് ഇതിന് പ്രചോദനമായത്. 'ഈ പാട്ട് ഇങ്ങനാണോ പാടേണ്ടത്' എന്നായിരുന്നു ആ ചോദ്യം. ആ ചിന്തയിൽ നിന്നാണ്  ശ്രുതിയുമായി ചേർന്ന് ഒരു  തിരുത്തിയെഴുത്ത്  നടത്തിയത്. മുൻപ് പറ്റിപ്പോയ തെറ്റുകളിൽ ഉറച്ചു നിൽക്കുന്നതിന് പകരം അവ തിരുത്താൻ  സാധിക്കുമ്പോഴൊക്കെ തിരുത്തുകയല്ലേ വേണ്ടത്? അതേ ചെയ്തിട്ടുള്ളു.

ഇത്ര സ്വീകാര്യത കിട്ടണം എന്നൊന്നും കരുതി ചെയ്ത പാട്ടല്ല ഇത്‌. പറയാനുള്ള കാര്യങ്ങൾ കലയിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം."  "ഒരു പാട്ട് കൊണ്ട് മാറ്റം വരും എന്നൊന്നും ഞങ്ങൾ പറയുന്നില്ല... പക്ഷേ, പരിണാമം സംഭവിക്കാൻ തിരുത്തെഴുത്തുകൾ കൂടിയേ തീരൂ." ശ്രുതി കൂട്ടി ചേർക്കുന്നു.

"പാട്ടിന്റെ ആദ്യത്തെ ഒരു മിനിറ്റ് വരുന്ന മ്യൂസിക്കൽ ഗ്രൂവ് ആദ്യമേ പുറത്ത് വിട്ടിരുന്നു. നിങ്ങൾ സ്ത്രീവിരുദ്ധതയ്ക്കും തെറ്റായ രാഷ്ട്രീയ ആശങ്ങൾക്കും എതിരാണെങ്കിൽ ഈ ഗ്രൂവിന് അനുസരിച്ച് നൃത്തം ചെയ്‌തോ നിങ്ങൾക്കിഷ്ടമുള്ള മറ്റ് കാര്യങ്ങൾ ഉൾക്കൊള്ളിച്ചോ ഉള്ള വീഡിയോ ഞങ്ങൾക്ക് അയച്ച്  തരാൻ പറഞ്ഞിരുന്നു. അങ്ങനെ കിട്ടിയ വീഡിയോസ് എല്ലാം പാട്ടിന്റെ വിഷ്വലിൽ ഉൾപെടുത്തിയിട്ടുണ്ട്. കൂടുതൽ ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം." സൂരജ്.

"ഗൗതം സൂര്യയാണ് ഇത്തരത്തിലൊരു വിഷ്വൽ ഐഡിയയ്ക്ക് പിന്നിൽ. ഐഫോണിലാണ് പാട്ട് ഷൂട്ട്‌ ചെയ്തത്. മറ്റ് ഫോണുകളിൽ ഷൂട്ട്‌ ചെയ്ത് കിട്ടിയ വീഡിയോസും അതിനൊപ്പം ചേർത്തു. ഇത്‌ എന്റെയും കൂടി സ്വരമാണ് എന്ന തരത്തിലുള്ള ചിന്ത ആളുകളിൽ ഉണ്ടാക്കാൻ ഈ വിഷ്വലുകൾ സഹായിക്കും എന്നാണ് എനിക്ക് അത്‌ കണ്ടപ്പോൾ തോന്നിയത്."

Tags:
  • Movies