Friday 04 September 2020 02:14 PM IST

നദികള്‍ക്കായൊരു ഉണര്‍ത്തുപാട്ട്; 'യമുന' ഒഴുകുന്നു ദേശ് രാഗത്തില്‍...

V N Rakhi

Sub Editor

rimaaa

റിമയുടെ നൃത്തത്തിനോട് അലിഞ്ഞു ചേര്‍ന്നിരിക്കുന്ന, ശ്രീവത്സന്‍ ജെ. മേനോന്റെ സംഗീതവും ആലാപനവും. യമുന നേരെ ഹൃദയത്തിലേക്ക് ഒഴുകിയെത്തുന്നത് ആ മനോഹാരിത കൊണ്ടാണ്. നിലനില്‍പ്പിന്റെ ഭാഗമായ നദികളെ മറന്നൊരു ജീവിതം സാധ്യമല്ലെന്ന് ഓര്‍മിപ്പിക്കുക കൂടി ചെയ്യുന്നു എട്ട് മിനിറ്റ് നീളുന്ന ഈ ഡാന്‍സ് മ്യൂസിക്കല്‍ വിഡിയോ. സംഗീതജ്ഞനായ ശ്രീവത്സന്‍ ജെ. മേനോന്‍ ഈണമിട്ട് ആലപിച്ച ഗാനം സംഗീതാസ്വാദകര്‍ക്ക് നല്ലൊരു ദൃശ്യ-ശ്രാവ്യ വിരുന്നാവുകയാണ്.

'കര്‍ണാടകസംഗീതകൃതികളും ഭക്തിഗാനങ്ങളും പദങ്ങളുമെല്ലാം എഴുതാറുണ്ട് അദൈ്വത ദാസന്‍. അദ്ദേഹത്തിന്റെ, പദം ശൈലിയിലുള്ള പാട്ടാണ് യമുന. വെസ്‌റ്റേണ്‍ സംഗീതത്തിലെ ഫുള്‍ ഓര്‍ക്കെസ്ട്രല്‍ സിംഫോണിക് പീസുകളും ഉപയോഗിച്ച് പാശ്ചാത്യ- പൗരസ്ത്യസംഗീതശൈലികളുടെ മിശ്രണമാണ് യമുനയിലേത്. അതേസമയം കേരളീയമായ ശൈലിയില്‍ നിന്നുകൊണ്ടാണ് ചെയ്തിരിക്കുന്നതും. കോണ്‍ടെംപ്രററി സ്റ്റൈല്‍ നൃത്തത്തിലൂടെ പാട്ട് അവതരിപ്പിക്കാമെന്നു വിചാരിച്ചപ്പോള്‍ തന്നെ റിമ കല്ലിങ്കല്‍ മനസ്സില്‍ വന്നു. അങ്ങനെ റിമയിലേക്ക് എത്തി. റിമയുടെ നൃത്തമാണ് യമുനയുടെ ഹൈലൈറ്റ്.' യമുനയുടെ വഴികളെക്കുറിച്ച് ശ്രീവത്സന്‍ പറഞ്ഞു.

'നദികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇടയ്ക്കിടെ നിയമങ്ങളും ഉത്തരവുകളുമൊക്കെ ഇറക്കാറുണ്ട്. എന്നിട്ടും നമ്മള്‍ പ്രകൃതിയെ പല തരത്തില്‍ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. അതിനെക്കുറിച്ചൊരു മെസേജ് പാട്ടിലൂടെ നല്‍കാനായാല്‍ നല്ലതാണല്ലോ എന്നു തോന്നി. ശ്രീകൃഷ്ണന്‍ ഇപ്പോള്‍ യമുനയില്‍ ഇറങ്ങിയാല്‍ എന്തായിരിക്കും അദ്ദേഹത്തിന്റെ മനസ്സിലെ ചിന്തകള്‍ എന്നതാണ് ഇതിന്റെ അടിസ്ഥാനപരമായ ചിന്ത. കാളിയനെ പരിസ്ഥിതി മലിനീകരണമായി സങ്കല്‍പ്പിച്ചിരിക്കുന്നു. അങ്ങനെയുള്ള ഇമേജെറികളാണ് കവി ഉദ്ദേശിച്ചിരിക്കുന്നത്.

അതിനനുസരിച്ച് ചെണ്ടയും മറ്റു സംഗീതോപകരണങ്ങളും സിംബോളിക് ആയി ഉപയോഗിച്ചു. അതേപോലെ നൃത്തത്തിലും. പാട്ടും നൃത്തവും രണ്ട് സ്വതന്ത്ര അവതരണങ്ങളായിട്ടാണ് ചെയ്തതെങ്കിലും നദീസംരക്ഷണം എന്ന തീം നല്ല രീതിയില്‍ ലയിപ്പിക്കാന്‍ ശ്രമിച്ചു. ശ്രദ്ധിച്ചു കേട്ടാല്‍ പാട്ടിനും കൊറിയോഗ്രഫിക്കും പല തലങ്ങളുമുണ്ടെന്നു മനസ്സിലാകും.

ദേശീയോദ്ഗ്രഥനവുമായി ബന്ധപ്പെട്ടുള്ള ഗാനങ്ങളില്‍ ഉപയോഗിക്കാറുള്ള ദേശ് രാഗത്തില്‍ തന്നെയാണ് യമുനയും കംപോസ് ചെയ്തത്. പ്രശസ്ത തായമ്പക വിദ്വാന്‍ ഉദയന്‍ നമ്പൂതിരിയുടെ പത്തറുപത് പേരടങ്ങുന്ന ഗ്രൂപ്പാണ് ഇതില്‍ വായിച്ചിരിക്കുന്നത്. സംഗീതസംവിധായകന്‍ പ്രതാപ് സിംഗിന്റെ മകന്‍ പ്രദീപ് സിംഗ് നയിക്കുന്ന കൊച്ചിന്‍ ചേംബര്‍ ഓര്‍ക്കെസ്ട്രയാണ് വെസ്‌റ്റേണ്‍ വിഭാഗം വായിച്ചത്. നമ്മുടെ സംഗീതത്തിന്റെ പ്രതീകമായ മേളവും വെസ്‌റ്റേണ്‍ സംഗീതത്തിനെ കുറിക്കുന്ന വയലിനും തമ്മിലൊരു ചോദ്യോത്തരമായിട്ടാണ് പാട്ട് ചിട്ടപ്പെടുത്തിയത്. നൃത്തവും അതുപോലെത്തന്നെ. രണ്ടു ഗ്രൂപ്പായി ചോദ്യോത്തരം എന്ന രീതിയിലാണ് അവതരണം.

ഗായകന്‍ അമല്‍ ആന്റണി അടക്കമുള്ള മികച്ച ഗായകരാണ് കോറസ് പാടിയത്. റിമയ്‌ക്കൊപ്പം, മാമാങ്കം ഡാന്‍സ് കമ്പനിയിലെ സന്തോഷ് മാധവും കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്. പ്രതാപ് നായര്‍ ആണ് ഛായാഗ്രഹണം.2019 ഓഗസ്റ്റില്‍ തുടങ്ങി ഒക്ടോബര്‍ ആയപ്പോഴേക്കും കംപോസിങ് പൂര്‍ത്തിയായിരുന്നു. 2020 ഫെബ്രുവരിയില്‍ വിഡിയോ ഷൂട്ടും കഴിഞ്ഞതാണ്. കൊവിഡ് ആയതുകൊണ്ട് റിലീസ് നീണ്ടു എന്നേയുള്ളൂ.' ശ്രീവത്സന്‍ പറഞ്ഞു.

Tags:
  • Movies