ADVERTISEMENT

ഇരുട്ടുവീണ ജീവിതത്തിൽ വൈക്കം വിജയലക്ഷ്മിക്ക് സംഗീതമായിരുന്നു വെളിച്ചം. സംഗീതം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ വിജയലക്ഷ്മിയെ കേൾക്കാൻ കേരളക്കര മാത്രമല്ല, അന്യനാട്ടിൽ നിന്നുവരെ സഹൃദയരെത്തി. ഈയടുത്തായി വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച ഉടൻ ലഭിക്കുമെന്ന തരത്തില്‍ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ചില ഓൺലൈൻ പോർട്ടലുകളും യൂട്യൂബ് ചാനലുകളും വാർത്ത ഏറ്റെടുക്കുകയും ചെയ്തു, എന്നാൽ പ്രചരിക്കുന്ന വാർത്തകളെയെല്ലാം നിഷേധിച്ച് വിജയലക്ഷ്മി തന്നെ രംഗത്തെത്തുകയാണ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ലഘു വിഡിയോയിലൂടെയാണ് സത്യാവസ്ഥ പങ്കുവച്ചത്.

വാർത്തകൾക്കു പിന്നാലെ തനിക്കു നിരവധി ഫോൺ കോളുകൾ വരുന്നുണ്ടെന്നും തെറ്റിദ്ധാരണയുടെ പേരിൽ പ്രചരിക്കുന്ന വാർത്ത ആരും വിശ്വസിക്കരുതെന്നും വിജയലക്ഷ്മി പറഞ്ഞു.

ADVERTISEMENT

‘യുട്യൂബില്‍ ഒരു വാര്‍ത്ത കണ്ട് ധാരാളം ആളുകള്‍ വിളിക്കുന്നുണ്ട്. പക്ഷേ ആ വാര്‍ത്ത ശരിയല്ല. എനിക്ക് കണ്ണിന് കാഴ്ച കിട്ടിയിട്ടില്ല. ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. മരുന്ന് കഴിക്കുന്നതിന്റെ പുരോഗതിയുണ്ട്. കൂടുതല്‍ വെളിച്ചം കണ്ടു തുടങ്ങിയെന്നല്ലാതെ കാഴ്ച  കിട്ടിയിട്ടില്ല. അടുത്ത വര്‍ഷം അമേരിക്കയില്‍ പോയി ബാക്കി ചികിത്സകള്‍ കൂടി നടത്തിയ ശേഷമേ കാഴ്ച ലഭിക്കൂ. 

ആരോ തെറ്റിധാരണയുടെ പുറത്തായിരിക്കും എനിക്കു കാഴ്ച ലഭിച്ചുവെന്ന വാര്‍ത്ത കൊടുത്തത്. ആ വാര്‍ത്ത ആരും വിശ്വസിക്കരുത്. എല്ലാം ശരിയായതിനു ശേഷം ഞാൻ തീർച്ചയായും വിളിച്ച് അറിയിക്കുന്നതാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ടായിരിക്കണം’, വൈക്കം വിജയലക്ഷ്മി പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT