നാട്ടിൻപുറത്തെ വീട്ടിൽ മക്കളുടെയും കൊച്ചുമക്കളുടെയും വരവും കാത്തിരിക്കുന്ന വാർധക്യത്തിന്റെ, പ്രതീക്ഷയും നിസ്സംഗതയുമെല്ലാം നിറയുന്ന പാട്ടും കാഴ്ചയും. അധികമാരും ഓർക്കാതെ പോകുന്ന, എന്നാൽ നിറം ചേര്‍ക്കാത്ത യാഥാർഥ്യത്തിന്റെ ഓണക്കാഴ്ചകളാണ് ‘ഓണമാണ്...’എന്ന വിഡിയോ സോങ്ങിനെ ഹൃദയസ്പർശിയാക്കുന്നത്. വിഷാദഛായയോടെ വിദ്യാധരൻ മാഷ് പാടുമ്പോൾ ആ വേദനയും വിങ്ങലും നമ്മിലൊരു തേങ്ങലായി മാറും.
ഓണമാണ് വീണ്ടുമോണമാണ്...
വേണമായുസ്സെന്ന തോന്നലാണ്...
ദൂരത്തു നിന്നോടിയെത്തുന്ന മക്കളെ
കാണുമ്പോഴുള്ളിൽ വിരുന്നാണ്
പേരിനു മാത്രം കിടക്കുന്ന പ്രാണന്
പേരക്കിടാങ്ങൾ മരുന്നാണ്...
കവിപ്രസാദ് ഗോപിനാഥിന്റെ വരികൾക്ക് വിദ്യാധരൻ മാഷ് തന്നെ ഈണമിട്ടു പാടിയതാണ് ഗാനം. കോപ്പിബുക്ക് ഫിലിംസുമായി ചേർന്ന് കാപ്പി ചാനൽ നിർമിച്ച സംഗീതചിത്രം സംവിധാനം ചെയ്തത് ‘ഇൻവിസിബ്ൾ വിങ്സ്’ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകനായ ഹരി എം മോഹനൻ ആണ്. ശിൽപ ബേബിയും ഹരിയും ഒരുക്കിയ തിരക്കഥയിൽ ഹരിയുടെ അച്ഛൻ എംപി മോഹനൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
മാഷ് പാടിയ ട്രാക്ക്
‘‘ മീറ്റർ ആൻഡ് മാറ്റർ എന്നു പറയാറുണ്ട്. വെറും കവിതയല്ല പാട്ട്. പാട്ടല്ല കവിത. ഇതിലെ വരികൾ വളരെ വ്യത്യസ്തമായിത്തോന്നി. ആശയം എനിക്കിഷ്ടപ്പെട്ടു. പൂപറിക്കലും ഓണത്തപ്പനെ വാഴ്ത്തിപ്പാടലുമൊക്കെയാണല്ലോ സാധാരണ ഓണപ്പാട്ടുകളിൽ വരാറ്. ഭാര്യയോ മക്കളോ അരികിലില്ലാത്ത വയസ്സായ ഒരാളുടെ ഓണം. മക്കളും കുട്ടികളും വീട്ടിലേക്കു വരുന്നു എന്നു കേൾക്കുമ്പോൾ തന്നെ സന്തോഷിക്കുന്ന മനസ്സാണ് അയാൾക്ക്. ആ ആഹ്ലാദത്തെക്കുറിച്ചാണ് അദ്ദേഹം ഓർക്കുന്നതും അതിലാണ് ജീവിക്കുന്നതും. ടോട്ടലി നല്ലൊരു പാട്ട്.’’ പാട്ടിലേക്കെത്തിയ വഴിയെക്കുറിച്ച് വിദ്യാധരൻ മാഷ് പറഞ്ഞു.
‘‘ട്യൂണിട്ട് ഞാൻ ട്രാക്ക് പാടി വച്ചു. നല്ല ഏതെങ്കിലും ഗായകനെക്കൊണ്ടു പാടിക്കാം എന്നു വച്ചു. എന്റെ സ്വരത്തിൽ ആ വയസ്സന്റെ മനസ്സുണ്ടെന്ന് പ്രസാദ് പറഞ്ഞു. അങ്ങനെ ആ ട്രാക്ക് തന്നെ മതി എന്നു തീരുമാനിക്കുകയായിരുന്നു. കേട്ടവർ കേട്ടവർ എന്നെ വിളിച്ച് പാട്ട് കേട്ട് ഞങ്ങൾ കരഞ്ഞുപോയി എന്നു പറയുന്നു. മാഷിന്റെ സ്വരത്തിൽ വല്ലാത്തൊരു വിഷാദമുണ്ടല്ലോ എന്ന് പറയാറുണ്ട് പലരും. അതൊരു അനുഗ്രഹമാണെന്നേ പറയാൻ കഴിയൂ. എങ്ങനെ കിട്ടി എന്നതിന് ഉത്തരമില്ല. പാട്ടിന് അതാവശ്യപ്പെടുന്ന ഭാവം നൽകി പാടാൻ ശ്രമിക്കും,ഏത് ഇമോഷൻ ആയാലും. അത്രയേ ഉള്ളൂ.’’
ജീവിത യാഥാർഥ്യങ്ങളുടെ ഓണം
‘‘2018ൽ എഴുതിവച്ച ഓണപ്പാട്ടാണിത്. ഓണം എന്നു കേൾക്കുമ്പോൾ എന്റെ മനസ്സിൽ വരുന്ന ബിംബങ്ങളാണ് പാട്ടിലും ഉപയോഗിച്ചിരിക്കുന്നത്. ഓണത്തിന് മുടങ്ങാതെ ഞാൻ വീട്ടിലെത്തുമെന്ന് അച്ഛനറിയാം. എല്ലാവരും കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നതും ഓണത്തിന് മാത്രമാകും. അക്കാര്യങ്ങളെല്ലാം അച്ഛന്റെ തന്നെ ആംഗിളിൽ പ്രതിഷ്ഠിച്ച് വരികൾ എഴുതി.’’കവിപ്രസാദ് ഗാനരചനയുടെ വിശേഷങ്ങൾ പങ്കുവച്ചു. ‘‘ഏറ്റവും ലളിതമായ പദങ്ങൾ ഉപയോഗിക്കാനും സിനിമയിലും മറ്റും കാണുന്ന ഓണക്കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി യഥാർഥജീവിതത്തിലെ സാഹചര്യങ്ങൾ കൊണ്ടു വരാനും ശ്രദ്ധിച്ചു. ഇതുവരെ ഇറങ്ങിയിട്ടുള്ള ഓണപ്പാട്ടുകളുടെ ഘടനയിൽ നിൽക്കരുതെന്നുമുണ്ടായിരുന്നു. ഓണമാണ് വീണ്ടുമോണമാണ്...എന്നൊക്കെ സ്വാഭാവികമായി വന്നതാണ്.
പ്രളയമായതുകൊണ്ട് ആ വർഷം ഓണത്തിന് വലിയ ഉത്സാഹമില്ലായിരുന്നു. നല്ലൊരു ട്യൂൺ കൊടുത്താൽ നന്നാകും എന്ന് തീരുമാനിച്ചത് 2019ലാണ്. ഈ പ്രമേയം ഏറ്റവും നന്നായി കൈകാര്യം ചെയ്യാൻ വിദ്യാധരൻ മാഷിനേ കഴിയൂ എന്നെനിക്ക് ഉറപ്പായിരുന്നു. ചില പാട്ടുകൾക്ക് അദ്ദേഹം കൊടുക്കുന്ന വിഷാദാത്മകതലം ഇഷ്ടമായതുകൊണ്ടാണ് അങ്ങനെ തോന്നിയത്. അദ്ദേഹം ട്രാക്ക് പാടി വച്ചു. ആ ട്രാക്ക് ആണ് ഇന്ന് കേൾക്കുന്നത്.
പാട്ട് കേട്ടപ്പോൾ തന്നെ വിഡിയോ ചെയ്യാമെന്ന് ഹരി പറഞ്ഞു. പക്ഷെ നടന്നില്ല. ഇത്തവണ കൊറോണ ആയതുകൊണ്ട് എല്ലാവരുടെയും ഓണത്തിന് നിറം കുറവാകുമല്ലോ. ഇപ്പോഴത്തെ അന്തരീക്ഷത്തിന് ചേരുമെന്നു തോന്നി. അങ്ങനെയാണ് വിഡിയോ ചെയ്യാൻ തീരുമാനിക്കുന്നത്.’’

അച്ഛന്റെ ജീവിതം
‘‘മനസ്സിലിട്ട് വയലിൻ വായിക്കുന്നതു പോലത്തെ അനുഭവമാണ് വിദ്യാധരൻ മാഷിന്റെ പാട്ട്. അതുകൊണ്ട് പാട്ടിനോട് വല്ലാത്തൊരു ഇഷ്ടം ആദ്യമേ തോന്നിയിരുന്നു. എന്റെ അമ്മ രണ്ടു വർഷം മുമ്പാണ് മരിച്ചത്. വല്ലാതെ ഒറ്റപ്പെടൽ അനുഭവിച്ച അച്ഛൻ ചെറിയൊരു ജോലിക്കു പോയിത്തുടങ്ങിയതോടെ ഉഷാറായി. അതുവരെയില്ലാത്തൊരു സന്തോഷം കണ്ടു. ആ മാറ്റം എന്നെ വല്ലാതെ സ്പർശിച്ചു. ഇതുപോലെ ഒരുപാട് പേരുണ്ട്. അവരുടെ കൂടി വിഷമമാണീ പാട്ട്.’’ വിഡിയോ സോങ്ങിന്റെ സംവിധായകനായ ഹരി എം മോഹനൻ പറയുന്നു. ‘‘ അച്ഛൻ ദിവസവും അലമാര തുറക്കുന്നതും അമ്മയുടെ സാരികൾ കാണുമ്പോഴുള്ള മുഖഭാവവുമെല്ലാം ഞാൻ പലതവണ കണ്ടിട്ടുണ്ട്. അത്രയും വ്യക്തിപരമായ കാര്യങ്ങളെല്ലാം അതേപടി പകർത്തിയിട്ടുണ്ട് വിഡിയോയിൽ. മൂന്നോ നാലോ തവണയേ അച്ഛന് നിർദേശങ്ങൾ കൊടുക്കേണ്ടി വന്നുള്ളൂ.ബാക്കിയെല്ലാം അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്. പ്രതീക്ഷ ഇല്ലെങ്കിലും പ്രത്യേകിച്ചൊന്നും ആഗ്രഹിക്കാതെ ജീവിക്കുന്നയാളാണ് നായകൻ. കളിപ്പാട്ടങ്ങൾ നോക്കി നെടുവീർപ്പിടുമ്പോഴും മക്കൾ വരാത്തതിൽ അദ്ദേഹത്തിന് നിരാശയില്ല. കവിപ്രസാദിന്റെ നാടായ മൂലമറ്റത്ത് ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചു.
വിഡിയോ കണ്ട്, അച്ഛനെ വിളിച്ചു, അമ്മയെ ചെന്നു കണ്ടു, എന്നൊക്കെ പറഞ്ഞ് ഇപ്പോള്‍ ദിവസവും ഒരുപാട് പേർ വിളിക്കുന്നു. പത്തിരുപത് മിനിറ്റൊക്കെ സങ്കടങ്ങൾ പങ്കുവച്ച് മനസ്സുതുറക്കുന്നു. വലിയ സന്തോഷം.’’ - ഹരിയുടെ വാക്കുകളിൽ തൃപ്തി. സ്വരൂപ് ഫിലിപ്പ് (ഛായാഗ്രഹണം), മഹേഷ് ഭുവനേന്ദ് (ചിത്രസംയോജനം) തുടങ്ങിയവരാണ് അണിയറയിൽ.
