Tuesday 10 September 2024 11:14 AM IST

‘കിനാവു തന്ന കൺമണീ...’: ആ വരികളെഴുതുമ്പോൾ എന്റെ മനസ്സിൽ ഇവളുടെ മുഖമായിരുന്നു: പ്രണയകഥ പറഞ്ഞ് വിനായക് ശശികുമാർ

V.G. Nakul

Senior Content Editor, Vanitha Online

vinayak-sasikumar-1

പല നിറങ്ങളിൽ മനോഹരമായി നിരത്തി വച്ചിരിക്കുന്ന വരികളുടെ സർബത്ത് കടയാണു വിനായക് ശശികുമാർ. ‘ആരാധികേ’യും ‘തനിയേ’യും പോലെ മനസ്സാൽ നുണയും തേൻനെല്ലിക്ക പാട്ടുകൾ. ‘ഇലുമിനാറ്റി’ യും ‘കട്ടച്ചോര കൊണ്ട് ജ്യൂസടിക്കുന്ന സോഡ സർബത്തും’ പോലെ എരിഞ്ഞുപതയുന്ന വരികൾ. കഥ ഏതായാലും സിനിമയുടെ രുചിയായി മാറിയ ഗാനങ്ങൾ.

റാപ്പോ പോപ്പോ മെലഡിയോ അങ്ങനെ എന്തിനും ശരിയുത്തരം കുറിക്കുന്ന എഴുത്തുപേന. മുപ്പതു വയസ്സിനുള്ളിൽ നൂറോളം ഗാനങ്ങൾ. ‘മഞ്ഞുമ്മൽ ബോയ്സും’ ‘ആവേശവും’ കടന്നു പാട്ടെഴുത്തിലെ ഹിറ്റ്‌വണ്ടി നൂറിൽ പായുകയാണ്. ‘നാട്ടിലെങ്ങും പാട്ടായ’ വരികൾക്കു പിന്നിലെ കഥകൾ കേൾക്കാം.

മദിരാശിയിൽ വിരിഞ്ഞ വരികൾ

‘‘ജനിച്ചു വളർന്നത് തിരുവനന്തപുരം കരമനയിലാണ്. ബാങ്ക് ഉദ്യോഗസ്ഥരായിരുന്നു അച്ഛൻ ശശികുമാറും അമ്മ ആശയും. ഞാൻ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ അവർക്കു ചെന്നൈയിലേക്കു സ്ഥലം മാറ്റം കിട്ടി. അവർക്കൊപ്പം ഏക മകനായ ഞാനും ചെന്നൈക്കാരനായി.

ഏഴുവർഷം കഴിഞ്ഞ് അവർ രണ്ടും തിരികെ കൊച്ചിയിലെത്തി. ഞാൻ പിന്നെയും മൂന്നുവർഷം അവിടെ തുടർന്നു. മദ്രാസ് സ്കൂള്‍ ഓഫ് ഇക്കണോമിക്സിൽ നിന്നു പിജി പാസായി. ഒരു വർഷം കോർപറേറ്റ് മേഖലയിൽ ജോലി. കൈതൊട്ട് നേടാവുന്ന ഒന്നാണു സിനിമയെന്ന വിശ്വാസം എനിക്കു തന്നത് സദാ വെയിൽ ചൂടി നിൽക്കുന്ന ചെന്നൈ പട്ടണമാണ്.

ഉള്ളിലെ സിനിമാമോഹം നാമ്പിട്ടത് ലയോള കോളജിൽ ബികോമിനു ചേർന്ന കാലത്താണ്. സംവിധാനം, തിരക്കഥ, പാട്ടെഴുത്ത് അങ്ങനെ ഏതെങ്കിലുമൊരു റോളിൽ സിനിമയുടെ പിന്നിലെത്തണം. അതായിരുന്നു സ്വപ്നം.

കുട്ടിക്കാലത്തു കീബോർഡും പിയാനോയും വോക്കലും പഠിച്ചിട്ടുണ്ട്. കീബോർഡിൽ സിക്സ്ത് ഗ്രേഡ് ട്രിനിറ്റി പാസ്സായി. അതൊക്കെ പ്രയോജനപ്പെടുന്നതു പാട്ടെഴുത്തിലേക്കു കടന്നപ്പോഴാണ്. കൂട്ടുകാരുണ്ടാക്കുന്ന ട്യൂണിന് വരികളെഴുതിയാണു തുടക്കം. പിന്നെ, സ്വയം ഈണമിട്ട് എഴുത്തു തുടങ്ങി. ഗൗരവമായ വായനയൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. ധാരാളം പാട്ട് കേൾക്കുമായിരുന്നു. അതായിരുന്നു എന്റെ ഗൃഹപാഠം.’’

പതിനെട്ടു വയതിനിലേ

‘‘ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോഴാണ് ‘കുട്ടീം കോലും’ എന്ന സിനിമയിലൂടെ ആദ്യമായി പാട്ടെഴുതുന്നത്. ഗിന്നസ് പക്രുച്ചേട്ടനെ നേരിട്ടു വിളിച്ച് അവസരം ചോദിച്ചു.‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ എന്ന സിനിമയുടെ ഫസ്റ്റ് പോസ്റ്റർ വന്നപ്പോൾ അതിൽ ഗാനരചയിതാവിന്റെ പേരില്ല. അവസരമുണ്ടെന്നു മനസ്സിലായി. നമ്പർ തപ്പിയെടുത്ത് ചിത്രത്തിന്റെ സംവിധായകൻ സമീർ താഹിറിനെ വിളിച്ചു. അദ്ദേഹവും അപ്പോൾ ചെന്നൈയിലുണ്ട്. ഞങ്ങൾ നേരിൽ കണ്ടു. അടുത്ത ദിവസം പാട്ടിന്റെ പണികൾ തുടങ്ങാനിരിക്കെയാണ് ഞാൻ അവസരം ചോദിച്ചു ചെന്നത്.

ഒരു പാട്ടാണ് ആദ്യം തന്നത്. പിന്നീടത് മൂന്നായി. ആദ്യകാലത്തു പഠനത്തോടൊപ്പമാണു പാട്ടെഴുത്തും കൊണ്ടു പോയിരുന്നത്. വർഷത്തിൽ മൂന്നും നാലും സിനിമകളൊക്കെ കിട്ടി. പല പാട്ടുകളും സംഗീത സംവിധായകനെ നേരിൽ കാണാതെയാണ് എഴുതിയിരുന്നത്. അവര്‍ ട്യൂൺ തരും, ഞാൻ വരികളെഴുതി അയയ്ക്കും. ഇതായിരുന്നു രീതി. പോകെപ്പോകെ അതു പോരെന്നു തോന്നി. പാട്ടുണ്ടാക്കുന്ന പരിപാടിയുടെ ഒപ്പം നിൽക്കണമെന്നും ആ വൈബ് അനുഭവിക്കണമെന്നും തോന്നി.

അങ്ങനെ, 2018ൽ ജോലി വിട്ട് കൊച്ചിയിലേക്കു വന്നു. മനസ്സിൽ സിനിമയാണ്, ഒരു കോർപ്പറേറ്റ് ജോലിയിലേക്ക് ഒതുങ്ങാനാകുമായിരുന്നില്ല. അതും കാരണമായി. റിസ്ക് എടുക്കാനാണെങ്കിലും അതായിരുന്നു കൃത്യം സമയം. കൊച്ചിയിൽ വന്നതോടെ അവസരങ്ങൾ കൂടി. ജോലി വിട്ട് ഫുൾ ടൈം സിനിമക്കാരനാകണമെന്ന മോഹം പറഞ്ഞപ്പോഴെല്ലാം അച്ഛനും അമ്മയ്ക്കും പേടിയുണ്ടായിരുന്നു. ക്യാംപസ് പ്ലേസ്മെന്റിൽ കിട്ടിയ നല്ല ജോലി വിട്ട് സിനിമയിലേക്കിറങ്ങുന്നതിന്റെ ആശങ്ക അവർക്കുണ്ടായിരുന്നു. ഒടുവിൽ മനസ്സില്ലാ മനസ്സോടെയാണ് സമ്മതിച്ചത്.

ആദ്യകാലത്ത് എനിക്കു കിട്ടിയിരുന്നതെല്ലാം യൂത്ത് വൈബിലുള്ള ഗാനങ്ങളാണ്. മെലഡീസ് എഴുതാൻ ഒത്തിരി ഇഷ്ടമായിരുന്നെങ്കിലും ഒരു സിനിമയിലെ മറ്റെല്ലാ പാട്ടുകളും എനിക്കു തന്നാലും മെലഡി മാത്രം വെറെ ആരെക്കൊണ്ടെങ്കിലും എഴുതിക്കും.

പ്രായവും പരിചയക്കുറവുമൊക്കെയാണ് പലരും കാരണം പറഞ്ഞിരുന്നത്. അതു പൂർണമായി മാറിയത് ‘ഗപ്പി’ യിലെ ‘തനിയെ മിഴികൾ...’ എന്ന പാട്ടോടെയാണ്. പിന്നീട് ‘അതിരനി’ലെ ‘ആട്ടുതൊട്ടിൽ...’ ‘അമ്പിളി’യിലെ ‘ആരാധികേ...’എന്നീ പാട്ടുകളും വന്നു. ’’

‘ആരാധികേ...’യെക്കുറിച്ചു പറഞ്ഞതും, അത്ര നേരവും വിനായകിന്റെ സംസാരം കേട്ടിരുന്ന ഭാര്യ അഞ്ജലിയുടെ മുഖം ചിരിയിൽ തിളങ്ങി.

vinayak-sasi-2

കിനാവു തന്ന കൺമണീ

‘‘ആരാധികേ... ഹിറ്റാകുമെന്ന് എഴുതുമ്പോഴേ തോന്നിയിരുന്നു. ആ വരികളെഴുതുമ്പോൾ എന്റെ മനസ്സിൽ ഇവളുടെ മുഖമായിരുന്നു.’’ വിനായക് പറഞ്ഞു നിർത്തിയതും തങ്ങളുടെ പ്രണയകാലത്തിന്റെ മനോഹരനിമിഷങ്ങളിലേക്ക് അഞ്ജലി മടങ്ങിപ്പോയി.

‘‘ഞങ്ങൾ പിജിക്ക് ബാച്ച് മേറ്റ്സ് ആയിരുന്നു. മലയാളികള്‍ എന്ന നിലയിൽ തുടങ്ങിയ സൗഹൃദം പിന്നെ, പ്രണയമായി. ജോലി വിട്ടു സിനിമയിൽ പൂർണമായും ശ്രദ്ധിക്കാമെന്നു തോന്നിയപ്പോഴും ആദ്യം എന്നോടാണു ചോദിച്ചത്. ഇഷ്ടം എന്താണോ അതിനൊപ്പം നിൽക്കാന്‍ പറഞ്ഞു.

വിനായക് സിനിമയിൽ സജീവമായ ശേഷം 2019 ലായിരുന്നു വിവാഹം. സത്യത്തില്‍ ഇത്ര നേരത്തെ വിവാഹം വേണമെന്നു ഞങ്ങൾക്കുണ്ടായിരുന്നില്ല. എനിക്കു വേറെ കല്യാണ ആലോചനകൾ വന്നപ്പോഴാണ് വിനായകുമായുള്ള അടുപ്പം വീട്ടിൽ പറഞ്ഞത്. അതിൽ ചെറിയ എതിർപ്പൊക്കെ വരാമെന്നതുകൊണ്ട് മൂന്നാലു കൊല്ലം നീട്ടിക്കൊണ്ടു പോകാമെന്നായിരുന്നു പ്ലാൻ. പക്ഷേ, ഇരുവീട്ടുകാരും കാര്യം പറഞ്ഞപ്പോഴേ സമ്മതിച്ചു. എത്രയും വേഗം കല്യാണം നടത്തണം എന്നായി ആവശ്യം. അങ്ങനെയൊരു പണി ഞ ങ്ങൾ പ്രതീക്ഷിച്ചില്ല’’.

പാട്ടിലെ ‘ഇലുമിനാറ്റി’

‘‘പാട്ടെഴുതുമ്പോൾ, ചില വരികൾക്കും വാക്കുകൾക്കും വേണ്ടി ഞാൻ വാശിപിടിക്കാറുണ്ട്. ഒപ്പം പ്രവർത്തിക്കുന്നവരുടെ പിന്തുണ കൂടി ഉള്ളതുകൊണ്ടാണു അതു സാധ്യമാകുന്നത്. ‘ആവേശം’ സിനിമയിലെ ‘ഇലുമിനാറ്റി’ അങ്ങനെയുണ്ടായതാണ്. ഞാനെഴുതുന്ന വാക്കോ വരിയോ മാറ്റണമെന്ന് പറഞ്ഞാൽ എന്തുകൊണ്ടാണെന്ന കൃത്യമായ വിശദീകരണം കിട്ടണം. അല്ലെങ്കിൽ ആശയക്കുഴപ്പമാകും. എഴുത്തുകാരന്‍ എന്ന നിലയില്‍, സിനിമ എന്താണോ ആവശ്യപ്പെടുന്നത് അതു കൊടുക്കാനാണ് ശ്രമിക്കുന്നത്. സോഷ്യൽ മീഡിയ ട്രെൻഡുകളും ചെറുപ്പത്തിന്റെ ഇഷ്ടങ്ങളും കൃത്യമായി ശ്രദ്ധിക്കുന്നതുകൊണ്ടാണ് ഇലുമിനാറ്റി, ഗലാട്ട പോലെയുള്ള പാട്ടുകൾ വരുന്നത്.

സുഷിൻ എന്ന ‘പാട്ട്മേറ്റ്’

‘‘കോളജ് കാലത്തേ എനിക്കു സുഷിൻ ശ്യാമിനെ അറിയാം. ഞങ്ങൾ പരിചയപ്പെടുമ്പോൾ സുഷിൻ റെക്സ് വിജയൻ ചേട്ടന്റെ പ്രോഗ്രാമറായിരുന്നു. നീലാകാശത്തില്‍ ഞാനെഴുതിയ ‘താഴ്‌വാരം’ എന്ന പാട്ട് സുഷിനാണ് പാടിയത്. പിന്നീട് പല സിനിമകളിലും ഒന്നിച്ചു പ്രവർത്തിച്ചു. ‘കുമ്പളങ്ങി നൈറ്റ്സ്’ മുതലാണ് ഞങ്ങൾ ഒന്നിച്ചുള്ള ഒരു സെക്കൻഡ് ചാപ്റ്റർ തുടങ്ങുന്നത്.

ചിലപ്പോൾ സുഷിൻ ട്യൂൺ തരും അല്ലെങ്കില്‍ വരിയെഴുതിയ ശേഷം ട്യൂൺ ചെയ്യും. ആവേശത്തിലെ ‘ജാഡ’ എ ന്ന പാട്ട് എഴുതിയ ശേഷമാണ് ട്യൂൺ ചെയ്തത്. രോമാഞ്ചത്തിലെ ‘ആദരാഞ്ജലി’ എന്ന പാട്ട് ആ വാക്കിൽ തുടങ്ങിയപ്പോഴേ സുഷിനും സംവിധായകൻ ജിത്തു മാധവനും ചിരിക്കാൻ തുടങ്ങി. അപ്പോഴേ ഉറപ്പായിരുന്നു പാട്ട് ഹിറ്റാണെന്ന്. ട്രെയിലറിനു വേണ്ടി ഉണ്ടാക്കിയ രണ്ടു വരി പാട്ട് പിന്നീടു ടൈറ്റിൽ സോങ് ആക്കി.

‘കട്ടച്ചോര കൊണ്ട് ജ്യൂസടിക്കും സോഡ സർബത്ത്’ എന്ന വരി ഞാനെഴുതുന്നത് ഒരിക്കലും മുതിർന്ന ഒരാൾക്കു വേണ്ടിയല്ല. അവർ അതിഷ്ടമല്ല എന്നു പറഞ്ഞാലും വിഷമമില്ല. പക്ഷേ, ആരാധികേയോ, ആട്ടുതൊട്ടിലോ പ്രായമുള്ളയാൾ ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞാൽ സങ്കടമാകും.

‘നയന്റീസ് കിഡ്സ്’ എന്ന നിലയിൽ എന്റെ പ്രിയപ്പെട്ട ഗാനരചയിതാക്കൾ ഗിരീഷ് പുത്തഞ്ചേരിയും കൈതപ്രവുമാണ്. പി. ഭാസ്കരൻ മാഷാണ് എക്കാലത്തേയും പ്രിയപ്പെട്ട പാട്ടെഴുത്തുകാരൻ.

ഞാൻ കവിയായ പാട്ടെഴുത്തുകാരനല്ല. ചിലപ്പോൾ ക വിതയെഴുതിയേക്കാം. അതിന്റെ പേരിൽ അധിക ബഹുമാനം വേണ്ട. കവി അർഹിക്കുന്ന ബഹുമാനം പാട്ടെഴുത്തുകാരും അർഹിക്കുന്നുണ്ടെന്നാണു വിശ്വാസം.

സിനിമയിൽ പാട്ടെഴുതിക്കിട്ടുന്ന കാശു കൊണ്ടു ജീവിക്കുന്ന ആളാണു ഞാൻ. പക്ഷേ, ഈ മേഖല സ്വപ്നം കാണുന്നവരെ ഒരുകാര്യം ഓർമിപ്പിക്കട്ടെ. വലിയ റിസ്ക് ആ ണു നിങ്ങളെടുക്കുന്നത്. അതിനു തയാറുണ്ടെന്നു സ്വയം ചോദിച്ചു ഉറപ്പു വരുത്തണം.

ഒരു പാട്ടെഴുതിയ ശേഷം അടുത്ത സിനിമ കിട്ടുന്നതു വരെയുള്ള ഇടവേളയിൽ നമ്മൾ ജോലിയില്ലാത്ത ആളാണെന്നതും മറക്കരുത്.’’

വിദ്യാജി രസികൻ

ഞാൻ കടുത്ത വിദ്യാസാഗർ ആരാധകനാണ്. ‌അ ങ്ങനെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നതും. അ പ്പോഴൊന്നും ഗാനരചയിതാവാണെന്ന കാര്യം സാറി ന് അറിയില്ല. വീണ്ടും നാല് കൊല്ലം കൂടി കഴിഞ്ഞ്, പാട്ടെഴുതാൻ പുതിയ ഒരാളെ വേണം എന്നു പറഞ്ഞപ്പോൾ ആരോ എന്റെ പേര് പറഞ്ഞു. കേട്ടപ്പോൾ അ ദ്ദേഹത്തിന് വലിയ അതിശയമായി.

‘സോളമന്റെ തേനീച്ചകളി’ലാണ് ആദ്യം ഒന്നിച്ച് പ്രവർത്തിച്ചത്. അതിനു മുൻപേ അദ്ദേഹം എന്നെക്കൊണ്ട് കുറേ പാട്ടെഴുതിച്ചിട്ടുണ്ട്. അതു സിനിമയ്ക്കൊന്നുമല്ല. സാറൊരു ട്യൂൺ തരും ഞാൻ വരിയെഴുതും. അതിന്റെ ഗുണം ‘സോളമന്റെ തേനീച്ചകളി’ലെത്തിയപ്പോൾ കിട്ടി.

റഹ്മാനിയ ഇഫക്ട്

എ.ആർ. റഹ്മാനൊപ്പം പ്രവർത്തിക്കുക എന്നത് സ്വപ്നത്തിൽ പോലും ചിന്തിച്ചതല്ല. പക്ഷേ, മോഹമുണ്ടായിരുന്നു. ‘ആടുജീവിതം’ പ്രഖ്യാപിച്ചപ്പോൾ ബ്ലെസി സാറിനെ വിളിച്ച് ചാൻസ് ചോദിച്ചിരുന്നു. പിന്നീടാണ് ‘മലയൻ കുഞ്ഞി’ലേക്ക് ഫഹദ് വിളിക്കുന്നത്. അതൊരു വിസ്മയ നിമിഷമായിരുന്നു. പാട്ടു തയാറാക്കുമ്പോൾ ഞാനും റഹ്മാൻ സാറും നേരിൽ കണ്ടിട്ടില്ല. ട്യൂൺ വോയിസ് നോട്ട് ആയി വരും. വരികളെഴുതി അതിന്റെ ഇംഗ്ലിഷ് പതിപ്പും ഞാൻ തന്നെ ട്യൂണിനൊപ്പിച്ച് ആ വരികൾ പാടിയതും കൂടി അയച്ചുകൊടുത്തു. തിരുത്തുകളൊന്നും പറഞ്ഞില്ല. പിന്നീട് അദ്ദേഹത്തിന്റെ മാനേജർ വിളിച്ചു ചില തമിഴ് പാട്ടുകളുടെ മലയാളം എഴുതാനുള്ള അവസരങ്ങൾ തന്നു.

അതിനിടെ സാറിനെയൊന്നു നേരിൽ കാണണമെന്ന ആഗ്രഹം മാനേജരെ അറിയിച്ചു. വിദേശ യാത്രകളുടെ തിരക്കിനിടെ, ഒരു ദിവസത്തേക്ക് അദ്ദേഹം ചെന്നൈയിലെത്തിയപ്പോൾ ചെന്നു. അവിടെ മണിരത്നം ഉൾപ്പെടെയുള്ളവർ സാറിനെ കാണാൻ എത്തിയിരുന്നു. സാറിനെ കണ്ടശേഷം ഞങ്ങൾ ഒന്നിച്ചാണ് അദ്ദേഹത്തിന്റെ ഫോണിൽ ‘ചോലപ്പെണ്ണേ’ പാട്ടു കേട്ടത്.

വി.ജി. നകുൽ

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ