തമിഴ്നാട്ടിൽ തഞ്ചാവൂർ ജില്ലയിലാണ് പ്രശസ്ത തീർത്ഥാടന കേന്ദ്രമായ നാഗൂർ ദർഗ. വിശുദ്ധ ഷാഹുൽ ഹമീദി (മീരാൻ സാഹിബ്) ന്റെ അന്ത്യവിശ്രമകേന്ദ്രമായ ഇവിടം നാഗപട്ടണത്തു നിന്ന് 10 കിലോമീറ്റർ വടക്കാണ്. ആ വിശുദ്ധ ഇടത്തിന്റെ സമീപത്താണ്, 2005 ൽ, പുഴുവും ഉറുമ്പും അരിച്ച്, വികൃത രൂപിയായ ഒരു സ്ത്രീയെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട രീതിയിൽ കണ്ടെത്തിയത്. അധികൃതർ എത്തി വിശദമായി അന്വേഷിച്ചപ്പോള്‍ മനസ്സിലായതാകട്ടേ, ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ താരനായികയായിരുന്ന സുന്ദരിയാണ് കണ്ടാൽ തിരിച്ചറിയാതെ, രോഗിയായി, മരണത്തോട് മല്ലടിച്ച് ആ തെരുവിൽ കിടന്നത് – നിഷ നൂര്‍!
ബന്ധുക്കൾ ഉപേക്ഷിച്ചു കടന്നതാകാമെന്നായിരുന്നു പൊലീസിന്റെ നിഗമനം. അമ്മയുടെ മരണത്തോടെ അനാഥയായ നിഷ ആശ്രയമില്ലാതെ നരകിക്കുകയായിരുന്നു. സംഭവം വലിയ വാർത്തയായി. നിഷയെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് റിപ്പോര്‍ട്ട് തേടി. പക്ഷേ, വൈകിപ്പോയിരുന്നു. സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനാകാത്തത്ര ഗുരുതരമായിരുന്നു അവരുടെ ആരോഗ്യപ്രശ്നങ്ങൾ. ഒടുവിൽ 2007 ഏപ്രിൽ 23 ന്, 44 വയസ്സിൽ, നിഷ അന്തരിച്ചു.
തമിഴ് നാട്ടിലെ നാഗപട്ടണത്ത് ജനിച്ചു വളർന്ന്, ആയിരത്തി തൊള്ളായിരത്തി എൺപതുകളിലും തൊണ്ണൂറുകളിലും തെലുങ്കിലും മലയാളത്തിലും തമിഴിലുമടക്കം തെന്നിന്ത്യൻ സിനിമയിൽ നായികനിരയിൽ തിളങ്ങിയ അഭിനേത്രിയാണ് നിഷ നൂര്‍. വശ്യമായ സൗന്ദര്യവും മനോഹരമായ ചിരിയും ഒപ്പം അഭിനയസിദ്ധിയും ചേർന്നപ്പോൾ ചുരുങ്ങിയ കാലത്തിനിടെ അവർ പ്രേക്ഷകശ്രദ്ധ നേടി.
കമലഹാസന്‍, രജനികാന്ത്, മമ്മൂട്ടി തുടങ്ങി വൻതാരങ്ങൾക്കൊപ്പം തിളങ്ങി, തിരക്കിന്റെ പാരമ്യത്തിൽ നിൽക്കവേയാണ് അവരുടെ ജീവിതം നിലതെറ്റിത്തുടങ്ങിയത്.
ശാരീരികമായും സാമ്പത്തികമായും പലരും നിഷയെ മുതലെടുത്തു. ഒരു നിർമാതാവിന്റെ പ്രണയക്കുരുക്കിൽ പെട്ട അവരുടെ സിനിമാ ജീവിതത്തിനും പ്രായം കൂടുന്തോറും പതിയെ നിറം മങ്ങാന്‍ തുടങ്ങി. കാമുകന്റെ നോട്ടം അവരുടെ സ്വത്തിലായിരുന്നു. സിനിമയില്‍ നിന്നു നേടിയ സമ്പാദ്യങ്ങള്‍ മുഴുവന്‍ അയാൾ തട്ടിയെടുത്തതോടെ നിഷ വഴിവിട്ട ബന്ധങ്ങളിലേക്ക് പതിച്ചു, അതിന്റെ ഫലമായി മാറാവ്യാധിയും പിടികൂടി. അതോടെ സിനിമകളിൽ നിന്നു പതിയെപ്പതിയെ ഒഴിവാക്കപ്പെട്ട നിഷ മെല്ലെമെല്ലെ മറവിയിൽ മുങ്ങി. അതോടെ, 2005 ൽ നാഗൂര്‍ ദര്‍ഗയ്ക്കു സമീപത്തെ തെരുവില്‍ കണ്ടെത്തും വരെ ആ പേര് വാർത്തകൾക്ക് പുറത്തായിരുന്നു.
ഒരുകാലത്ത് സര്‍വ സൗഭാഗ്യങ്ങളും സ്വന്തമാക്കി, താരമായി പരിലസിച്ചിരുന്ന നിഷ ദുരന്തനായികയായി മരണത്തെ പുണർന്നത് ഒരു സിനിമാക്കഥ പോലെ നാടകീയം. മമ്മൂട്ടിയെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത ‘അയ്യര്‍ ദ ഗ്രേറ്റ്’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് നിഷ നൂര്‍. ‘മിമിക്‌സ് ആക്ഷന്‍ 500’ ആണ് മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ച ചിത്രം. കമലഹാസന്‍ നായകനായ ഭരതി രാജ ചിത്രം ‘ടിക് ടിക് ടിക്ക്’ നിഷയുടെ കരിയറിലെ വൻ ഹിറ്റായി.
നിഷ മരിച്ചപ്പോൾ അവരുടെ പഴയകാല ചിത്രം എന്ന പേരിൽ ചില മാധ്യമങ്ങളിൽ വന്നത് നടി മഞ്ജരി (സ്വപ്‌ന ഖന്ന) യുടെ ഫോട്ടോയായിരുന്നു. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ അക്കാലത്ത് നിറഞ്ഞു നിന്ന സ്വപ്‌ന 1981ല്‍ ‘ടിക് ടിക് ടിക്കി’ലൂടെയാണ് സിനിമയിലെത്തിയത്. ഈ ചിത്രത്തിലെ മൂന്നു നായികമാരില്‍ ഒരാളായിരുന്നു സ്വപ്‌ന. രാധയും മാധവിയുമായിരുന്നു മറ്റ് നായികമാർ. നിഷ നൂറും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.