ADVERTISEMENT

തമിഴ് സിനിമയിലെ ‘സുപ്രീം സ്റ്റാർ’ ശരത് കുമാറിനോട് തന്റെ കരിയറിലെ ഏറ്റവും വലിയ അബദ്ധം ഏതെന്ന് ചോദിച്ചാൽ ഒരു പക്ഷേ അദ്ദേഹം ഒരു മടിയും കൂടാതെ പറയും,‘ജെന്റിൽമാൻ’ ഉപേക്ഷിച്ചത് എന്ന്. അതിൽ പ്രേക്ഷകർക്കും സംശയമില്ല, ശരത് കുമാറിന്റെ ആ തീരുമാനം ഒരു വലിയ അബദ്ധമായിരുന്നു!

ഇപ്പോൾ ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലയേറിയ സംവിധായകരിലൊരാളാണ് ഷങ്കർ. തെന്നിന്ത്യൻ സിനിമയെ ‘ഹോളിവുഡ് ലെവൽ’ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച ക്രാഫ്റ്റ്സ്മാൻ. അദ്ദേഹത്തിന്റെ ആദ്യ സിനിമയാണ് ‘ജെന്റിൽമാൻ’. ഇപ്പോഴും ഒരു കൾട്ട് ഇമേജ് ആ സിനിമയ്ക്കുണ്ട്. കൊമേഴ്സ്യൽ എന്നതിനൊപ്പം ക്രിട്ടിക്കലിയും വലിയ നേട്ടമുണ്ടാക്കി ചിത്രം.

ADVERTISEMENT

സഹസംവിധായകനായി പ്രവർത്തിച്ച പരിചയ സമ്പത്തുമായാണ് ഷങ്കർ തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചത്. അതിനായി ഒരു കഥയും തയാറാക്കി. അക്കാലത്തെ തമിഴ് സിനിമകളിൽ നിന്നു വേറിട്ട ഒരു കൊമേഴ്സ്യൽ പാക്കേജ് എന്ന നിലയിലാണ് ആണ് ഷങ്കർ ആ സിനിമ സങ്കൽപ്പിച്ചത്.

ഇതേ കാലത്താണ് ശരത് കുമാർ നായക പദവിയിൽ വിജയധാരയിലേക്കെത്തിയതും. നായകനായി വന്നെങ്കിലും തുടർ പരാജയങ്ങളിൽ തകർന്ന് പ്രതിനായക വേഷങ്ങളിൽ തൃപ്തിപ്പെട്ടിരുന്ന ശരത് കുമാർ വീണ്ടും നായകനിരയിലേക്കെത്തി, ‘സൂര്യന്‍’ എന്ന ബ്ലോക് ബസ്റ്റർ ഹിറ്റ് സൃഷ്ടിച്ച സമയം.

ADVERTISEMENT

തന്റെ കഥയിലെ കിച്ച എന്ന കൃഷ്ണമൂർത്തിക്ക് ശരത് കുമാർ അനുയോജ്യനാണെന്ന് ഷങ്കറിന് തോന്നി. അങ്ങനെ അദ്ദേഹം ശരത് കുമാറിനെ കണ്ട് കഥ പറഞ്ഞു. പക്ഷേ ശരത് കുമാറിന് ആ കഥയിൽ വലിയ വിശ്വാസം തോന്നിയില്ല. ഒരുപാട് കഷ്ടപ്പാടുകൾക്കൊടുവിൽ കിട്ടിയ വിജയത്തിളക്കം ഒരു പുതിയ സംവിധായകന്റെ പരീക്ഷണത്തിനൊപ്പം നിന്ന് നശിപ്പിക്കണമോയെന്ന സംശയവും ശരത് കുമാറിനുണ്ടായി. ശരത് കുമാർ നിരസിച്ചതോടെ ഇനിയെന്ത് വഴിയെന്നാലോചിച്ച് നിരാശനായിരുന്ന ഷങ്കറിന്റെ മനസ്സിൽ മറ്റൊരു മുഖം തെളിഞ്ഞു – അർജുൻ സർജ!

1981 മുതൽ കന്നഡയിലും തമിഴിലും നായകനായിത്തുടരുകയാണെങ്കിലും എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു വലിയ വിജയം കൊതിച്ചിരുന്ന അർജുൻ ഷങ്കറിന്റെ കഥ കേട്ടപ്പോഴേ ഓക്കെ പറഞ്ഞു. അങ്ങനെ കെ.ടി കുഞ്ഞുമോൻ നിർമിച്ച്, അർജുൻ, മധുബാല എന്നിവർ നായികാനായകൻമാരായി 1993 ജൂലൈ 30 നു ‘ജെന്റിൽമാൻ’ തിയറ്ററുകളിലെത്തി. എ.ആർ റഹ്മാൻ സംഗീതം പകർന്ന ഗാനങ്ങൾ ചിത്രം തിയറ്ററുകളിലെത്തും മുമ്പേ വന്‍ ഹിറ്റായി. എൻ വീട്ട് തോട്ടത്തിൽ..., ഉസലാംപട്ടി പെൺകുട്ടി..., ചിക് ബുക് ചിക് ബുക് റെയിലേ..., ഒട്ടകത്തെ കട്ടിക്കോ... തുടങ്ങി എല്ലാ ഗാനങ്ങളും ആസ്വാദകർ ആഘോഷമാക്കി.

ADVERTISEMENT

ജെന്റിൽമാൻ തമിഴ് സിനിമയെയാകെ പിടിച്ചു കുലുക്കി ബ്ലോക് ബസ്റ്റർ ഹിറ്റ് ആയി. ‘ആക്ഷൻ കിങ്’ അർജുന്റെ കരിയർ അതിന്റെ ഏറ്റവും വലിയ നിലയിലേക്കുയർത്തപ്പെടുകയായിരുന്നു ഈ മഹാ വിജയത്തോടെ. കേരളം, ആന്ധ്ര പ്രദേശ്, കർണാടക ഉൾപ്പടെയുള്ള സൗത്ത് ഇന്ത്യൻ മാർക്കറ്റുകളിലൊക്കെ ജെന്റിൽമാൻ പണം വാരി. അർജുന്റെ ആരാധക പിന്തുണ കുതിച്ചുയർന്നതിനൊപ്പം ഷങ്കറിന്റെ തുടക്കവും ഗംഭീരമായി.

എന്താണ് കാരണമെങ്കിലും പിന്നീടൊരിക്കലും ഷങ്കര്‍ തന്റെ സിനിമകളില്‍ ശരത് കുമാറിനെ പരിഗണിച്ചില്ല. പോകെപ്പോകെ ശരത് കുമാറിന്റെ മാർക്കറ്റ് വാല്യൂ ഇടിഞ്ഞു. രണ്ടായിരത്തിന്റെ ആദ്യ പതിറ്റാണ്ട് കഴിഞ്ഞതോടെ അദ്ദേഹം നായകനിരയ്ക്ക് പുറത്തായി. സഹനായക വേഷങ്ങളിലൊക്കെ അഭിനയിക്കാൻ തുടങ്ങി. എന്നാൽ ശങ്കറാകട്ടേ, ഓരോ സിനിമ കഴിയുന്തോറും താരപദവി ഇരട്ടിയാക്കി, പാൻ ഇന്ത്യൻ ഫാൻ ബേസിലേക്കെത്തി...

ADVERTISEMENT