ഇന്ത്യൻ സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഞെട്ടിച്ച്, ആ വാർത്ത രാജ്യമാകെ പടർന്നു – ബോളിവുഡിന്റെ യുവനായിക ജിയ ഖാനെ മുംബൈ, ജുഹുവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി!
‘അപ്രതീക്ഷിതം’ എന്നല്ലാതെ ആ സംഭവത്തിന് മറ്റൊരു നിർവചനമുണ്ടായില്ല. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യ എന്ന നിഗമനത്തിലെത്തിയതോടെ, ‘ജിയ എന്തിനിന് ചെയ്തു ?’ എന്ന ചോദ്യം ചർച്ചയായി. പലവിധ അഭ്യൂഹങ്ങൾ പരന്നു. എല്ലാത്തിലും സമാനമായ ഒന്നുണ്ടായിരുന്നു: ഒരു പേര് – സൂരജ് പഞ്ചോളി!
ബോളിവുഡിലെ താരദമ്പതികളായ ആദിത്യ പഞ്ചോളിയുടെയും സെറീന വഹാബിന്റെയും മകനും നടനുമായ സൂരജ് ജിയയുമായി പ്രണയത്തിലായിരുന്നു. തന്റെ മകള്‍ക്ക് സൂരജ് പഞ്ചോളിയുമായി ബന്ധമുണ്ടെന്നും സൂരജിന്റെ മാനസികവും ശാരീരികമായ പീഡനങ്ങളിൽ മനം നൊന്താണ് അവൾ ജീവനൊടുക്കിയതെന്നുമുള്ള ആരോപണങ്ങളുമായി ജിയയുടെ അമ്മ റാബിയയും രംഗത്തെത്തിയതോടെ കാര്യങ്ങൾ മറ്റൊരു ദിശയിലായി –
‘ജിയയുടെ മരണം ആത്മഹത്യയോ അതോ കൊലപാതകമോ ?’
വിവാദം കത്തിയതോടെ, ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസ് എടുത്ത്, പൊലീസ് സൂരജിനെ അറസ്റ്റ് ചെയ്തെങ്കിലും ജിയയുടെ മരണത്തില്‍ തനിക്ക് പങ്കില്ലെന്ന വാദത്തിൽ ഉറച്ചു നിന്ന താരത്തിന് വൈകാതെ ജാമ്യം ലഭിച്ചു.
ന്യൂയോർക്കിൽ നിന്നു ബോളിവുഡിലേക്ക്...
1988 ഫെബ്രുവരി 20ന് ഇന്ത്യൻ–അമേരിക്കൻ വ്യവസായി അലി റിസ്വി ഖാന്റെയും നടി റാബിയ അമീറിന്റെയും മകളായി ന്യൂയോർക്കിലാണ് ജിയ ഖാന്‍ എന്ന നഫീസ റിസ്വി ഖാൻ ജനിച്ചത്. കവിത, കരിഷ്മ എന്നിവർ സഹോദരിമാരാണ്. ജിയയ്ക്ക് 2 വയസ്സുള്ളപ്പോൾ അലി കുടുംബം ഉപേക്ഷിച്ചു. ലണ്ടനിൽ വളർന്ന ജിയ ഫിലിം ഇൻസ്റ്റ്യൂട്ടിലെ പഠനം പൂർത്തിയാക്കിയ ശേഷം സിനിമയില്‍ അവസരം തേടി മുംബൈയിലെത്തി. മികച്ച നർത്തകിയും ഗായികയും കൂടിയായിരുന്ന ജിയയ്ക്ക്, 2004 ൽ തന്റെ പതിനാറ് വയസ്സിൽ മുകേഷ് ഭട്ടിന്റെ ചിത്രത്തിൽ അവസരം കിട്ടിയെങ്കിലും പിന്നീട് പിൻമാറി. മൂന്ന് വർഷത്തിനു ശേഷം രാംഗോപാൽ വർമ അമിതാഭ് ബച്ചനെ നായകനാക്കി ഒരുക്കിയ ‘നിശബ്ദ്’ ലൂടെ ജിയ സിനിമയിലെത്തി. ചിത്രം വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയെങ്കിലും വിജയമായില്ല. എങ്കിലും ജിയയുടെ പ്രകടനം ശ്രദ്ധേയമായി. നിരൂപകരും മാധ്യമങ്ങളും പ്രേക്ഷകരും ആ യുവനടിയെ വാഴ്ത്തി. തുടർന്ന് വൻ വിജയമായ ‘ഗജിനി’യിലും ജിയ സുപ്രധാന വേഷത്തിലെത്തി. എന്നാൽ പിന്നീടുള്ള കുറച്ചു കാലം അവർ സ്ക്രീനിന് പുറത്തായിരുന്നു. ആ ഇടവേള അവസാനിച്ച് ‘ഹൗസ് ഫുൾ’ എന്ന ചിത്രത്തിലൂടെ തിരികെയെത്തിയെങ്കിലും അത് ജിയയുടെ അവസാന കഥാപാത്രമായി.
മൂന്ന് വർഷത്തെ കരിയറിൽ മൂന്ന് സിനിമകൾ മാത്രമാണ് ജിയയുടെ ക്രെഡിറ്റിൽ ഉള്ളത്. അതിൽ ‘നിശബ്ദ്’ ലെ പ്രകടനം ഒരു നടി എന്ന നിലയിൽ അവരുടെ പ്രതിഭ അടയാളപ്പെടെത്തുന്നുവെങ്കിലും വിധി ആ ജീവിതത്തിനു മേൽ വിഷാദത്തിന്റെ നിഴല്‍ വീഴ്ത്തിയത് പെട്ടെന്നായിരുന്നു. പ്രണയം പകർന്ന വേദനകൾ തന്നെ മാനസികമായി കീഴടക്കിയതോടെ അവർ തീരുമാനിച്ചു – ജീവിതം അവസാനിപ്പിക്കാം!
ആത്മഹത്യാ കുറിപ്പ് എന്ന ട്വിസ്റ്റ്
ജിയയുടെ മരണ ശേഷം താരത്തിന്റെ വസതിയില്‍ നിന്ന് ആറ് പേജുള്ള ഒരു ആത്മഹത്യാ കുറിപ്പ് സഹോദരിക്ക് ലഭിച്ചതാണ് സംഭവത്തിലെ പ്രധാന വഴിത്തിരിവുകളിൽ ഒന്ന്. പേര് പറഞ്ഞിട്ടില്ലെങ്കിലും സൂരജ് പഞ്ചോളിക്കെതിരെ നിരവധി ആരോപണങ്ങളുണ്ടായിരുന്ന ആ കത്ത് വലിയ പൊട്ടിത്തെറികളാണ് സൃഷ്ടിച്ചത്. അതോടെ, ജിയയുടെ കുടുംബം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയെത്തുടർന്ന്, മുംബൈ പോലീസ് കേസ് സിബിഐയ്ക്ക് കൈമാറി. ഇതിനകം മരണം കൊലപാതകമാണെന്ന ആരോപണവും ശക്തമായി. ജിയ ആത്മഹത്യ ചെയ്തതല്ലെന്നും സൂരജിന്റെ മേൽ കൊലപാതക കുറ്റം ചുമത്തണമെന്നും റാബിയ ആവശ്യപ്പെട്ടു. ഇതിനായി മുംബൈ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അവർ ഒന്നിലധികം ഹർജികൾ സമർപ്പിച്ചിരുന്നു. ജിയ മരിക്കുന്ന സമയത്ത് ശരീരത്തില്‍ മുറുവുകളുണ്ടായിരുന്നുവെന്നും അതിനാൽ കൊലപാതക സാധ്യത പരിശോധിക്കണമെന്നുമാണ് കുടുംബം ആവശ്യപ്പെട്ടത്.
2019ൽ കേസിന്റെ വിചാരണ ആരംഭിച്ചു. 2021 ല്‍ വിചാരണ പ്രത്യേക സിബിഐ കോടതിയിലേക്ക് മാറ്റി. ജിയയുടെ അമ്മ റാബിയയും സഹോദരിമാരും ഉൾപ്പെടെ 22 സാക്ഷികളെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ വിസ്തരിച്ചു. സൂരജ് ഉള്‍പ്പെടെ 22 പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇതില്‍ ജിയക്ക് ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍, ജിയയുടെ ഫ്ളാറ്റിലെ വാച്ച്മാന്‍, സൂരജിന്റെ സുഹൃത്തുക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
2015ല്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു. സൂരജില്‍ നിന്ന് ജിയ ഗര്‍ഭം ധരിച്ചിരുന്നു. കുഞ്ഞിന് നാല് മാസം വളര്‍ച്ചയെത്തിയപ്പോഴാണ് സൂരജിനോട് ജിയ ഇതെക്കുറിച്ച് പറഞ്ഞത്. ഗര്‍ഭം അലസിപ്പിച്ചു കളയാനായിരുന്നു സൂരജിന്റെ നിര്‍ദ്ദേശം. ഒടുവിൽ ജിയ അതിനു വഴങ്ങി. ഗര്‍ഭം അലസിപ്പിച്ചതിന്റെ ഭാഗമായി ജിയ ശാരീരികമായും മാനസികമായും ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടു. ഈ അവസരത്തില്‍ സൂരജ് ജിയയെ അവഗണിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം താങ്ങാന്‍ കഴിയാതെ വന്നപ്പോൾ ജിയ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്.
ഒടുവിൽ, ജിയയുടെ മരണത്തില്‍ സൂരജിന്റെ പങ്ക് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നതിനാൽ, മുംബൈ സ്പെഷൽ സിബിഐ കോടതി സൂരജ് പാഞ്ചോളിയെ കുറ്റവിമുക്തനാക്കി.
അപ്പോഴും വിധി വന്ന ശേഷം റാബിയ ഖാൻ ചോദിച്ച ഒരു ചോദ്യം ഉത്തരം കിട്ടാതെ ബാക്കിയാകുന്നു –
എന്റെ കുട്ടി എങ്ങനെയാണ് മരിച്ചത്?
ആ ചോദ്യത്തിന്റെ ഉത്തരം തേടി ജിയയുടെ കുടുംബം പത്തുവര്‍ഷങ്ങളായിത്തുടർന്ന നിയമപോരാട്ടങ്ങളും വെറുതെയാകുന്നു. അപ്പോഴും ഒരു ചോദ്യം ബാക്കി – ‘ജിയയുടെ മരണം ആത്മഹത്യയോ അതോ കൊലപാതകമോ ? എന്താണ് സത്യം ? ’