Monday 03 October 2022 03:07 PM IST : By പി. ശ്രീകല ദുബായ്

അനുഭവത്തിൽ നിന്നു പറയുകയാണ്, ഭാര്യയും ഭർത്താവും എല്ലാം ചെയ്യുന്നത് പരസ്പരം ഇടപെടുത്തിയാകണം!

atlas-ramachandran-11

‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം.’ മലയാളികൾ നെഞ്ചേറ്റിയ അറ്റ്‍ലസ് രാമചന്ദ്രനേയും അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തേയും ഓർക്കാൻ ഈയൊരൊറ്റ പരസ്യവാചകം മതി. അത്രമേൽ ഹൃദയത്തോട് ചേർന്നു നിൽക്കുന്നുണ്ട് ആ പരസ്യ വാചകവും അറ്റ്‍ലസ് രാമചന്ദ്രൻ എന്ന മനുഷ്യനും. പ്രതാപകാലത്തില്‍ നിന്നും തകർച്ചയുടെ പടുകുഴിയിലേക്ക് പതിച്ച അറ്റ്‍ലസ് രാമചന്ദ്രൻ ജയിലഴിക്കുള്ളിലായപ്പോൾ പിന്തുണ നൽകാനും തിരിച്ചു വരവിന്റെ നാളുകളിൽ അദ്ദേഹത്തെ സ്വീകരിക്കാനും മലയാളക്കര ഒന്നടങ്കമുണ്ടായിരുന്നു.

തകർച്ചയിൽ നിന്നും തിരിച്ചു വരവിന്റെ പാതയിലേക്ക് പിച്ചവയ്ക്കാനൊരുങ്ങിയ അറ്റ്ലസ് രാമചന്ദ്രനെ മരണം കീഴടക്കിയെന്ന വാർത്ത അങ്ങേയറ്റം വേദനയുളവാക്കുന്നതാണ്. പ്രതീക്ഷകളും സ്വപ്നങ്ങളും തിരികെപ്പിടിച്ച് ജീവിതത്തിലേക്ക് നടന്നു തുടങ്ങിയ മനുഷ്യന് നാട് ആദരത്തിന്റെ പൂച്ചണ്ടുകൾ അർപ്പിക്കുമ്പോൾ വനിത ആ ഓർമകളെ തിരികെ വിളിക്കുകയാണ്. തന്റെ നഷ്ടങ്ങളെക്കുറിച്ചും ജയിൽ അനുഭവങ്ങളെക്കുറിച്ചും അറ്റ്ലസ് രാമചന്ദ്രൻ വനിതയോട് 2018ൽ പങ്കുവച്ച വാക്കുകൾ ഒരിക്കൽ കൂടി...

--------

അഭിമുഖത്തിന്റെ പ്രസക്തഭാഗം ചുവടെ

രണ്ടേ മുക്കാല്‍ വര്‍ഷമായി ഒരു മാധ്യമത്തിലും പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും മലയാളി മറന്നിട്ടില്ലാത്ത മുഖമാണ് രാമചന്ദ്രന്റേത്.  ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യ വാചകം മുതല്‍ ‘കോട്ടു നമ്പ്യാര്‍’ എന്ന നിഷ്‌കളങ്കമായ പരിഹാസം വരെ. അക്ഷരശ്ലോക സദസ്സുകളിലും റേഡിയോ നാടകങ്ങളിലും സജീവ സാന്നിധ്യം. കലാമൂല്യമുള്ള ഒരുപിടി സിനിമകളുടെ നിര്‍മാതാവ്, അഭിനേതാവ്... അങ്ങനെയങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ സ്വർണാഭരണ വ്യവസായിയായിരുന്നു എം. എം. രാമചന്ദ്രന്‍ എന്ന അറ്റ്ലസ് രാമചന്ദ്രന്‍. 

സാധാരണ ബാങ്ക് ജോലിക്കാരനില്‍ നിന്നു തുടങ്ങി തന്റെ എ ളിമയും  ദീര്‍ഘദൃഷ്ടിയും കൊണ്ട്   ഒരു പുരുഷായുസ്സില്‍ എത്തിപ്പിടിക്കാവുന്നതെല്ലാം  നേടി നില്‍ക്കുമ്പോഴാണ്  പെട്ടെന്നൊരു  നാള്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ താളം തെറ്റിയത്. കോടികളുടെ കടബാധ്യതയുള്ള വമ്പന്‍ സ്രാവുകള്‍ സര്‍ക്കാരിനെയും പൊതുജനത്തെയും വഞ്ചിച്ചു മുങ്ങി വിദേശരാജ്യങ്ങളില്‍ സുഖവാസം നടത്തുമ്പോള്‍ അറ്റ്‌ലസ് രാമചന്ദ്രന്‍റെ കാരാഗൃഹവാസം മലയാളിക്ക് അദ്ഭുതം ആയിരുന്നു.  ഇപ്പോഴിതാ 33 മാസത്തെ ഇടവേളയ്ക്കു ശേഷം സ്വതസിദ്ധമായ നറുചിരിയുമായി അദ്ദേഹം വീണ്ടും നമുക്കു മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ദുബായില്‍ ഒരു വശം പൂര്‍ണമായും പുറത്തേക്ക് കാഴ്ച നല്‍കുന്ന, ബാല്‍ക്കണികളില്‍ പടര്‍ന്നു പന്തലിച്ച പച്ചപ്പുമായി നില്‍ക്കുന്ന ഫ്ലാറ്റിന്റെ വാതില്‍ തുറന്നത് ഗൃഹനാഥ ആയിരുന്നു. കുളിച്ചു വിടര്‍ത്തിയിട്ട മുടിച്ചുരുളുകളും നെറ്റിയില്‍ ചെറിയ ചന്ദനക്കുറിയുമായി യാതൊരു അലങ്കാരങ്ങളും ഇല്ലാതെ ഐശ്വര്യത്തിന്റെ മൂര്‍ത്ത രൂപം പോ ലെ രാമചന്ദ്രന്‍റെ പ്രിയ പത്നി ഇന്ദിര.  പിന്നില്‍ എപ്പോഴത്തെയും പോലെ അലക്കി തേച്ച ഷെര്‍ വാണിയില്‍ ശാന്തമുഖവുമായി രാമചന്ദ്രന്‍.

ജയില്‍ വിമോചിതനായ േശഷം രാമചന്ദ്രനും ഭാര്യ ഇന്ദിരയും ഒരുമിച്ച് ആ ദ്യമായി ഒരു മാധ്യമത്തിനു മുന്നില്‍ മനസ്സ് തുറക്കുകയാണ്.

ബിസിനസ്സില്‍ ഒട്ടും ഇടപെടാതിരുന്ന ഭാര്യ ഇന്ദു മാത്രമാണ് തളര്‍ച്ചയുടെ കാലത്തു കൂടെ നിന്നതെന്നും ഒറ്റയാള്‍ പട്ടാളമായുള്ള അവരുടെ പോരാട്ടം കൊണ്ടാണ്  വീണ്ടും ഹൃദയപൂർവം സൂര്യോദയം ആസ്വദിക്കാനായത് എന്നും പറഞ്ഞുവല്ലോ...?

തൊട്ടരികെ ചിരിച്ചു കൊണ്ടിരിക്കുന്ന പത്നിയുടെ മുഖത്തേക്ക് സ്‌നേഹപൂര്‍ വം നോക്കി അദ്ദേഹം ഒരു ശ്ലോകം ഓര്‍മിച്ചെടുത്തു െചാല്ലി.

'മല്ലാക്ഷീ മണിയായ ഭാമ സമരം ചെയ്തീലയോ,  

തേര്‍ തെളിച്ചില്ലേ പണ്ട് സുഭദ്ര?

പാരിതു ഭരിക്കുന്നില്ലേ വിക്ടോറിയ?

മല്ലാക്ഷീ മണിമാര്‍ക്ക് പാടവം ഇവയ്ക്കെല്ലാം 

ഭവിച്ചീടുകില്‍ ചൊല്ലേറും കവിതയ്ക്ക് മാത്രം 

അവരാളല്ലെന്നു വന്നീടുമോ...?.'

തോട്ടേക്കാട്ട്  ഇക്കാവമ്മയുടെ ‘സുഭദ്രാര്‍ജുനം’ എന്ന കവിതയിലുള്ളതാണ്. ഇത്രയെല്ലാം സ്ത്രീകള്‍ക്ക് ചെയ്യാമെങ്കില്‍ എന്തു കൊണ്ട് കവിത രചിച്ചു കൂടാ എന്നാണ് കവയത്രി ഉദ്ദേശിച്ചത്. അതു തന്നെയാണ് എനിക്കും പറയാനുള്ളത്. ഓരോ സ്ത്രീയുടെയുള്ളിലും വളരെ വലിയ ശക്തി ഒളിച്ചിരിപ്പുണ്ട്. അതിന്റെ ഉദാഹരണമാണ് എന്റെ ഇന്ദു. ഒരു ചെക്ക് ഒപ്പിടാന്‍ പോലും അറിയാത്ത ഇന്ദുവിന്റെ തലയില്‍ എടുത്താല്‍ പൊങ്ങാത്ത ഭാരമാണ് ഒരു ദിവസം പെട്ടെന്ന് നിക്ഷേപിക്കപ്പെട്ടത്. സഹായിക്കും എന്ന് പ്രതീക്ഷിച്ചവര്‍ ആരും സഹായിച്ചില്ല. നല്ല കാലത്ത് അപദാനങ്ങള്‍ വാഴ്ത്തി പാടിയവരാരും തിരിഞ്ഞു നോക്കിയില്ല. ഒരുപക്ഷേ, ആരോപിക്കപ്പെട്ട കടബാധ്യതയുടെ ഉത്തരവാദിത്തം (കടം എന്ന് പറഞ്ഞവര്‍ ആസ്തിയെക്കുറിച്ചു മറന്നു) അവര്‍ക്ക് ഏറ്റെടുക്കേണ്ടി വന്നാലോ എന്ന ഭയം കൊണ്ടാകണം. ആരെയും കുറ്റപ്പെടുത്തുകയല്ല. അതാണ് ലോകനീതി. 

മസ്‌കത്തില്‍ നന്നായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന രണ്ട് ആ ശുപത്രികള്‍ വിറ്റിട്ടാണ് ഈ പ്രതിസന്ധിയില്‍ നിന്നു കര കേറിയത്. അതെല്ലാം ചെയ്തത് ഇന്ദു തനിച്ചായിരുന്നു.

അപ്രതീക്ഷിതം ആയിരുന്നല്ലോ ആ സംഭവം. എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടായിരുന്നുവോ ?

ഓർമയെ വര്‍ഷങ്ങള്‍ക്കു പുറകിലേക്കു കൊണ്ടു പോയതു  പോലെ രണ്ടു പേരും ഒരു നിമിഷം നിശബ്ദരായിരുന്നു. പിന്നെ, പതിഞ്ഞ ശബ്ദത്തില്‍ ഇന്ദു സംസാരിച്ചു തുടങ്ങി.

‘‘േകാളിങ് െബല്‍ അടിക്കുന്നത് കേട്ടു വന്നു നോക്കിയത് ഞാനാണ്. പാന്റ്‌സും ഷര്‍ട്ടും ധരിച്ച ഒരാളും കന്തൂറ (അറബി വേഷം) ധരിച്ച ഒരാളും ആയിരുന്നു അതിഥികള്‍. ‘രാമചന്ദ്രന്‍ അകത്തുണ്ടോ’ എന്നു ചോദിച്ചു. ഉണ്ടെന്നു പറഞ്ഞപ്പോള്‍ തിരിച്ചറിയല്‍ േരഖ (െഎഡി പ്രൂഫ് ) എടുത്ത് ഒന്നു പുറത്തു വരാന്‍ പറയൂ എന്ന് ആവശ്യപ്പെട്ടു. 

‘കുറച്ചു സംസാരിക്കാന്‍ ഉണ്ട്, ഞങ്ങളുടെ കൂടെ വരണം’ എന്നവര്‍ പറഞ്ഞു. ‘അദ്ദേഹത്തിന്റെ ആരോഗ്യം അത്ര തൃപ്തികരമല്ല’ എന്നു പറഞ്ഞു ഞാന്‍ വിലക്കാന്‍ ശ്രമിച്ചു. 

‘എങ്കില്‍ നിങ്ങളും കൂടെ വന്നു കൊള്ളൂ’ എന്നായി അവര്‍. ബര്‍ദുബൈ പൊലീസ് സ്റ്റേഷനിലേക്കായിരുന്നു പോയത്. അതിനു ശേഷം...’’ കൂടുതല്‍ പറയാന്‍ ശക്തി ഇല്ലാത്തതു പോലെ അര്‍ധോക്തിയില്‍ അവര്‍ നിര്‍ത്തി.

‘വണ്ടിച്ചെക്കിന്റെ പേരില്‍ അറ്റ്‌ലസ് രാമചന്ദ്രനെ അറസ്റ്റ് ചെയ്തു’ എന്നാണ് പിറ്റേന്നുള്ള പത്രങ്ങളില്‍ വാര്‍ത്ത വന്നത്. ‘വണ്ടിച്ചെക്ക് എന്നാല്‍ എന്തെന്നു കുട്ടിക്ക് അറിയാമോ?’ ഒരു ചോദ്യത്തോടെ രാമചന്ദ്രന്‍ സംസാരിച്ചു തുടങ്ങി.

‘‘തന്റെ ബാങ്ക് അക്കൗണ്ടില്‍ പണം ഇല്ല എന്നറിഞ്ഞു കൊണ്ട് ഒരാള്‍ക്ക് ഒരു തുകയുടെ ചെക്ക് കൊടുത്തു ബോധപൂര്‍ വം ചതിക്കുമ്പോഴാണ് ‘വണ്ടിചെക്ക്’ എന്നു പ്രയോഗിക്കുക. ഇവിെട അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല. ബിസിനസ് കത്തി നില്‍ക്കുന്ന കാലമായിരുന്നു അത്. ഒരുപാട് പണം വന്നു പോകുന്ന കാലം. എല്ലാ ബാങ്കുകളും സഹായവുമായി പുറകെ വന്നിരുന്നു. ബാങ്കുകള്‍ ഓഫര്‍ ചെയ്യുന്ന പണത്തിന്റെ ഉറപ്പില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അഡ്വാന്‍സ് കൊടുക്കും. എന്തെങ്കിലും   കാരണവശാല്‍ ആ വിനിമയം നടന്നില്ല എങ്കില്‍ അഡ്വാന്‍സ് കൊടുത്ത പണം നഷ്ടപ്പെടും. 

ഓരോ തവണ ചോദിക്കുമ്പോഴും അക്കൗണ്ടന്റ് പറഞ്ഞു കൊണ്ടിരുന്നത് ‘എല്ലാം സുഗമമായി പോകുന്നു, ഒരു പ്രശ്‌നവുമില്ല’ എന്നാണ്. പെട്ടെന്നൊരു ദിവസം ബാങ്ക് അധികൃതര്‍ പറയുന്നു ‘നിങ്ങള്‍ക്കു ലഭിച്ചു കൊണ്ടിരുന്ന സേവനങ്ങള്‍ കുറയ്ക്കുകയാണ്. വലിയ ഒരു തുക (കാലാവധി സമയം ആകുന്നതിനു മുന്‍പ്) തിരിച്ചടക്കണം’ എന്നൊക്കെ. ഒരു ബാങ്കില്‍ നിന്നു കേട്ട വിവരത്തിന്റെ അടിസ്ഥാനത്തിലാകാം  മറ്റു ബാങ്കുകളും അവിശ്വസിച്ചു തുടങ്ങി. അങ്ങനെയായിരുന്നു തുടക്കം.

ഒരു പഴയ കഥ പറയാം. സവ്യസാചി എന്നൊരു പണ്ഡിതന്‍ ജീവിച്ചിരുന്നു. അദ്ദേഹമൊരിക്കല്‍ കടല്‍ക്കരയിലൂടെ നടക്കുമ്പോള്‍ കാല്‍ക്കല്‍ തിരമാലകള്‍ ഒരു തലയോട് കൊണ്ടുവന്നിട്ടു. സവ്യസാചി അതു വെള്ളത്തില്‍ കഴുകി വൃത്തിയാക്കി, ഉത്തരീയം കൊണ്ടു തുടച്ച് അതിന്റെ ഉടമയുടെ ജീവിതം വായിച്ചെടുക്കാന്‍ ശ്രമിച്ചു. 

സത്യസ്വരൂപൻ എന്ന വ്യക്തിയുടെ തലയോട് ആയിരു  ന്നു അത്. അസൂയക്കാരുടെ വാക്കു കേട്ട് രാജാവ് സത്യസ്വ രൂപനെ കാരാഗൃഹത്തില്‍ അടച്ചു. അദ്ദേഹത്തിന്റെ നിഷ്‌കളങ്കത്വം അറിയാമായിരുന്ന ഭാര്യ ‘അപരാജിത' നീണ്ട ഒറ്റയാൾ പോരാട്ടത്തിനൊടുവില്‍ രാജാവിനെ സത്യാവസ്ഥ ബോധ്യപ്പെടുത്തി. സത്യം തിരിച്ചറിഞ്ഞ രാജാവ് അദ്ദേഹത്തെ കാരാഗൃഹത്തില്‍ നിന്നു പുറത്തു വിട്ടു. മാത്രമല്ല, കൂടുതല്‍ പണവും  സ്ഥാനമാനങ്ങളും സൗകര്യങ്ങളും കൊടുത്ത് സ്വന്തം തെറ്റ് തിരുത്താന്‍ സന്നദ്ധനായി. 

ആഡംബരങ്ങളില്‍ ഒന്നും താൽപര്യം ഇല്ലാത്ത സത്യസ്വരൂപന്‍ സാധാരണ ജീവിതം തന്നെയാണു  പിന്നെയും തുടര്‍ന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം  ഗംഗാതീരത്തേക്ക് പോകുകയും അവിടെ സമാധി ആവുകയും ചെയ്തു. 

ഇത്രയും കാര്യങ്ങള്‍ തലയോടില്‍ നിന്നു വായിച്ചെടുത്ത സവ്യസാചിക്ക്, അതിനു ശേഷം കണ്ട ഒരു വാചകം എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ‘കിഞ്ചിത് ശേഷം ഭവിഷ്യതി’ എന്നായിരുന്നു ആ വാചകം. തലയോട് അദ്ദേഹം വീട്ടിലേക്കു കൊണ്ടുവരികയും ആ വാക്കുകളുടെ അർഥം എന്താകും  എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയും ചെയ്തു. അങ്ങനെ ഒരു ദിവസം തലയോട് അപ്രത്യക്ഷമായി. പരിഭ്രാന്തനായി അദ്ദേഹം പത്നിയോടു ചോദിച്ചു, ‘എവിടെ ആ തലയോട്?’ അവര്‍ പറഞ്ഞു, ‘കുറെ നാള്‍ ആയല്ലോ അത് അങ്ങയുടെ ഉറക്കം കെടുത്തി തുടങ്ങിയിട്ട്. ഞാന്‍ ആ തലയോട് അമ്മിയില്‍ വച്ചു പൊടിച്ചു കടലില്‍ ഒഴുക്കി വിട്ടു.’ അപ്പോള്‍ സവ്യസാചിക്ക് മനസ്സിലായി തലയോടില്‍ എഴുതിയിരുന്ന വാചകം സത്യമായി എന്ന്. 

തലവര മായ്ക്കാന്‍ ആര്‍ക്കും സാധ്യമല്ല എന്നു കേട്ടിട്ടി    ല്ലേ. എന്റെ ജീവിതത്തിലെ ‘കാനനവാസ’വും അതുപോലെ ദൈവഹിതം മാത്രം ആയിരുന്നു.'

ആ അനുഭവങ്ങളെക്കുറിച്ച്... ?

ഓരോ അവസരങ്ങളും ഓരോ അനുഭവങ്ങളാണ്. അതിനെ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതു മാത്രമാണ് മനുഷ്യരെ വ്യത്യസ്തരാക്കുന്നത്. അവിടെ നമുക്ക് ശാരീരിക പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കാന്‍ അധികൃതര്‍ നന്നായി ശ്രദ്ധിക്കും. നമ്മുെട ആരോഗ്യവും ജീവനും അവരുടെ ഉത്തരവാദിത്തമാണ്. പക്ഷേ, ആത്മാവിനെയും ബുദ്ധിയെയും തൃപ്തിപ്പെടുത്താനുള്ള അവസരങ്ങള്‍ വളരെ കുറവായിരുന്നു. 

ടെലിവിഷന്‍ ഉണ്ടായിരുന്നു. പക്ഷേ, ഞാന്‍ തീരെ കാണാറില്ല. എഫ്എം റേഡിയോ കിട്ടും. ഒരേ വാര്‍ത്ത ഓരോ മണിക്കൂറിലും ഇടവിട്ടു കേട്ട് മടുപ്പു വരുമ്പോള്‍ പാട്ടുകള്‍ കേള്‍ക്കാ      ന്‍ ശ്രമിക്കും. മലയാള പുസ്തകങ്ങള്‍ കുറച്ചൊക്കെ കിട്ടുന്ന ലൈബ്രറിയുണ്ട്. അനുവദിക്കുന്ന സമയത്തു പുസ്തകങ്ങള്‍ എടുത്തു വായിക്കാം. അമൃതപ്രീതമിന്റെ പുസ്തകം വായിച്ചു. വൈക്കം മുഹമ്മദ് ബഷീറിനെ വീണ്ടും വായിച്ചു തുടങ്ങി. 

പിന്നെയും സമയം ബാക്കി. ചിട്ടയായ ജീവിതം ശീലിച്ച ഞാന്‍ ഒടുവില്‍ ഒരു ദിനചര്യ ശീലമാക്കി. രാവിലെ കുളിച്ച് എട്ടരയ്ക്ക് ഡൈനിങ് ഹാളില്‍ എത്തും. പന്ത്രണ്ടു മണി വരെ എഴുതും. കുട്ടിക്കാലം മുതലുള്ള എന്റെ ഓർമകള്‍ എഴുതിവച്ചു. ഇങ്ങനെയായിരുന്നു തുടക്കം. Serenity prevailed across the magnificent town of Thrissivaperoor popularly abridged as Trissur.... ' 

എഴുതി തുടങ്ങിയപ്പോഴാണു മനസ്സിലായത്, എഴുത്ത് ഇ ത്രമാത്രം ബുദ്ധിമുട്ടുള്ള പണിയാണ് എന്ന്.’’ നിഷ്‌കളങ്കമായ ആ രാമചന്ദ്രന്‍ ചിരി മുഖത്തു തെളിയുന്നു.

ഇന്ദു എങ്ങനെയാണ് ജീവിതത്തിേലക്കു വരുന്നത്..?

വിവാഹത്തെക്കുറിച്ചു േചാദിച്ചപ്പോള്‍ ഒരു കള്ള ചിരിയോടെ രാമചന്ദ്രന്‍ എഴുന്നേറ്റ് അകത്തേക്കു നടന്നു. എന്നിട്ടു താന്‍ എഴുതി തുടങ്ങിയ ഒാര്‍മക്കുറിപ്പുകളുമായി തിരിച്ചു വന്നു. പിന്നെ, ഇത്തിരി നാണത്തോടെ, കാമുകന്റെ ഭാവത്തോടെ വായി ച്ചു തുടങ്ങി.

‘‘ആ കാലം ആയപ്പോഴേക്ക് രാമചന്ദ്രന് വേണ്ടി വീട്ടുകാര്‍ പെണ്‍കുട്ടിയെ അന്വേഷിച്ചു തുടങ്ങിയിരുന്നു. 1971 ജനുവരിമാസം. അന്ന് രണ്ടു പെണ്ണുകാണല്‍ ചടങ്ങാണ് നടക്കേണ്ടിയിരുന്നത്. ഒന്ന് രാവിലെയും ഒന്ന് ഉച്ചയ്ക്കും. അതിനിടയില്‍ ഒരു സെമിനാറിനും  കൂടി  പങ്കെടുക്കേണ്ടതുണ്ട്. അച്ഛന്‍ വച്ചു  നീട്ടിയ തൃശൂര്‍ക്കാരി പെണ്‍കുട്ടിയുടെ ഫുള്‍സൈസ് ഫോട്ടോ കണ്ടപ്പോള്‍ അത് അനിഷ്ടത്തോടെ വലിച്ചെറിഞ്ഞു. ഇത്രയും മെലിഞ്ഞ പെണ്‍കുട്ടിയെ ഞാന്‍ വിവാഹം കഴിക്കാനോ...?

വൈകിട്ട് എറണാകുളത്തു കാണാന്‍ ഉള്ള ചങ്ങനാശ്ശേരി പെണ്‍കുട്ടി ആയിരുന്നു മനസ്സില്‍ നിറയെ. കാരണം, ആ പെണ്‍കുട്ടി ബാങ്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ മരുമകള്‍ ആണല്ലോ. എങ്കിലും അച്ഛനമ്മമാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ആര്‍ക്കോ വേണ്ടി തൃശ്ശൂരില്‍ ഇന്ദിര എന്ന പെണ്‍കുട്ടിയെ ഒന്നു പോയി കണ്ടു, ഒരു വാക്കു പോലും സംസാരിക്കാതെ അവിടുന്ന് തടിയൂരുകയും ചെയ്തു. 

അടുത്തയാഴ്ച വീട്ടിലെത്തിയപ്പോള്‍ വീണ്ടും അമ്മ നിർ ബന്ധിച്ചു തുടങ്ങി. ഇന്ദിരയുടെ സൗന്ദര്യത്തെക്കുറിച്ചു വാചാലയായി. അപ്പോള്‍ വീണ്ടും ഒരിക്കല്‍ കൂടി പോയി കാണാന്‍ തീര്‍ച്ചയാക്കി. അന്ന് ഫെബ്രുവരി ആറാം തീയതി ആയിരുന്നു. മുന്നില്‍ എത്തിയ പെണ്‍കുട്ടിയോട് രാമചന്ദ്രന്‍ ചോദിച്ചു. ‘ഈ വിവാഹം സ്വന്തം ഇഷ്ടത്തിനു തന്നെയാണോ അതോ ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയതോ? She replied  with a smile on her beautiful face. ' I am not a person who can be influenced by anyone' 

(ഇന്ദുവിന്‍റെ സൗന്ദര്യം അദ്ദേഹം ഇങ്ങനെ വര്‍ണിക്കുന്നു: ‘the gentle smile was equivalent to the glitter of 100 carat diamond and brought in more light than that of the setting sun. The sparkling white teeth looked much more beautiful than real pearls. The long and rainbow shaped eyebrows had a better colour of blue saphire....)

ചുരുക്കത്തില്‍ പറഞ്ഞാല്‍ ആദ്യം വേണ്ട എന്ന് മാറ്റി വച്ച ആ പെണ്‍കുട്ടി തന്നെ ഹൃദയത്തില്‍ പ്രതിഷ്ഠ നേടി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഫെബ്രുവരി 22 നു നിശ്ചയം നടന്നു. മാര്‍ച്ച് 22 നു വിവാഹവും’’

എല്ലാം ഈ കവിതയിലുണ്ട് എന്നു പറഞ്ഞ്, ചങ്ങമ്പുഴയുെട വരികള്‍ രാമചന്ദ്രന്‍ ചൊല്ലി.

പല പല രമണികള്‍ വന്നൂ, വന്നവര്‍ 

പണമെന്നോതി – നടുങ്ങീ ഞാന്‍

പല പല കമനികള്‍ വന്നൂ, വന്നവര്‍ 

പദവികള്‍ വാഴ്ത്തി – നടുങ്ങീ ഞാന്‍

കിന്നര കന്യക പോലെ ചിരിച്ചെന്‍

മുന്നില്‍ വിളങ്ങിയ നീ മാത്രം

പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ ഒരിക്കലും ഇന്ദുവിനെ കണ്ടിട്ടില്ല. അദ്ദേഹം അകലെ ആയിരുന്നപ്പോള്‍ ഒറ്റയ്ക്കു നേരിടേണ്ടി വന്ന പ്രതിസന്ധികള്‍...?

ഇന്ദു: കഷ്ടിച്ചൊരു ഇ െമയില്‍ അയയ്ക്കാനറിയാം എന്നതില്‍ കവിഞ്ഞ് ഒന്നുമറിയാത്ത ഒരാള്‍ ആയിരുന്നു ഞാന്‍. ഇവിടെയൊരാള്‍ എല്ലാം ശ്രദ്ധിക്കുന്നുണ്ടല്ലോ, അതുെകാണ്ട് കുടുംബകാര്യങ്ങളില്‍ ശ്രദ്ധിക്കാം എന്നതായിരുന്നു എന്റെ ചിന്താഗതി. എല്ലാം കീഴ്‌മേല്‍ മറിഞ്ഞത് അദ്ദേഹം അകന്നു നിന്നപ്പോഴായിരുന്നു. എവിടെയാണ് ഡോക്യുമെന്റ്സ് എല്ലാം സൂക്ഷിച്ചിട്ടുള്ളത് എന്ന് ആരെങ്കിലും എനിക്കു പറഞ്ഞു തന്നിരുന്നുവെങ്കില്‍ അവയെല്ലാം എടുത്തു പഠിച്ച് ബാങ്കുകളുടെ  ചോദ്യങ്ങൾക്ക് ഉത്തരം പറയാമായിരുന്നു എനിക്ക്. എന്നാല്‍ അത്ര പോലും ആരും സഹായിക്കാന്‍ ഇല്ലായിരുന്നു. ഉടമസ്ഥന്‍ ജയിലില്‍ അടക്കപ്പെട്ടപ്പോള്‍ ബിസിനസ്സിന് നാഥനില്ലാത്ത അവസ്ഥയായി. വര്‍ഷങ്ങള്‍ കൂടെ ജോലി ചെയ്തവര്‍ യാത്ര പോലും പറയാതെ രക്ഷപ്പെട്ടു.  പലരും പല ഒഴികഴിവുകള്‍ പ റഞ്ഞാണ് രക്ഷപ്പെട്ടത്. ഒരു വാക്കു കൊണ്ടു പോലും ആരും  കൂടെ  ഇല്ലാത്ത ദിവസങ്ങള്‍. ബാങ്കിന്റെ ചോദ്യങ്ങള്‍ക്ക് മു ന്‍പില്‍ പകച്ചു നിന്ന അവസരങ്ങള്‍. ഈ വീട്ടില്‍ ഒറ്റയ്ക്കു  കഴിച്ചു കൂട്ടിയ ഭീകരരാത്രികള്‍... മറക്കാന്‍ ആകില്ല അവയൊന്നും.

അദ്ദേഹവുമായി സംസാരിച്ചതിനു ശേഷം മാത്രം കാര്യങ്ങളില്‍ തീരുമാനത്തില്‍ എത്താം  എന്നു കാത്തിരിക്കാനുമാകില്ല. അദ്ദേഹത്തിന് അനുവദിക്കപ്പെട്ട ഫോണ്‍ വിളിക്കായി കാത്തിരിക്കണം. അപ്പോഴേക്ക് ഒരു പക്ഷേ, തീരുമാനം വൈകി എന്നിരിക്കും. അങ്ങനെ എല്ലാം ഗുരുവായൂരപ്പനില്‍ അര്‍പ്പിച്ചു ശരിയെന്നു തോന്നുന്നതു ചെയ്തു തുടങ്ങി. തീരുമാനങ്ങള്‍ സ്വന്തമായി എടുത്തു. 

എന്റെ സ്വന്തം അനുഭവത്തില്‍ നിന്ന് എനിക്കു പറയാനു ള്ളത് ഇതാണ്. ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം, അവ നല്ലതോ ചീത്തയോ എന്തു തന്നെ ആയാലും, ഭര്‍ത്താവും ഭാര്യയും പരസ്പരം അറിയിച്ചും ഇടപെടുത്തിയും ചെയ്യുക. എനിക്കു സംഭവിച്ചതു  പോലെ പെട്ടെന്നൊരു അവസ്ഥ വന്നാല്‍ മറ്റുള്ളവര്‍ മുതലെടുക്കുന്നതില്‍ കുറെയെങ്കിലും അങ്ങനെ തടയിടാന്‍ സാധിക്കും....

രാമചന്ദ്രന്‍: രാത്രിയും പകലും ഇടതടവില്ലാതെ അടിച്ചു കൊണ്ടിരിക്കുന്ന മൂന്നു നാലു ഫോണുകള്‍. ബാങ്കുകളുടെ നിരന്തരമായ ചോദ്യം ചെയ്യലുകള്‍. ഒരു ബാങ്കില്‍ നിന്ന് രണ്ടോ  മൂന്നോ പേര്‍ ഉണ്ടാകും. അങ്ങനെ ഏഴോ എട്ടോ ബാങ്കുകളില്‍ നിന്നായി കുറേപ്പേര്‍. അവരുടെ ചോദ്യങ്ങളുടെ മുന. എന്തു ചെയ്യണം  എന്നറിയാതെ ഒറ്റയ്ക്കു പകച്ചു നില്‍ക്കുന്ന ഒരു സ്ത്രീ. വീടിന് അകത്തും പുറത്തും  ഒറ്റയ്ക്ക്....’

'ലോകത്തെ അറിയിക്കാന്‍ വേണ്ടി ഉള്ളതല്ല' എന്ന മുഖവുരയോടെ ഇന്ദിര രാമചന്ദ്രന്‍ പറഞ്ഞ പല അനുഭവങ്ങളും കേട്ടു െകാണ്ടിരിക്കുമ്പോള്‍ അറിയാതെ കണ്ണു നിറയും.  യമദേവന്റെ കാലടികള്‍ ഏറെ ദൂരം പിന്തുടര്‍ന്ന് തന്റെ പ്രിയപ്പെട്ട  സത്യവാന്റെ ജീവന്‍ തിരിച്ചു വാങ്ങിയ പുരാണത്തിലെ സാവിത്രിയെ പോലെ ഇവിടെ ഇതാ ഒരാള്‍. ഒരു ചെക്ക് ഒപ്പിട്ടു പോലും പരിചയം ഇല്ലാത്ത തനി നാടന്‍ വീട്ടമ്മയില്‍ നിന്നു  വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ തന്റെ പ്രിയപ്പെട്ടവനെ ഏറെക്കാലം ജീവിച്ച വീട്ടിലേക്ക്  കൈ പിടിച്ചു നടത്തിയ രാമചന്ദ്രന്റെ സ്വന്തം ഇന്ദു. 

ഒാരോ പുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീ ഉണ്ട് എന്ന വാചകം ഒന്നു തിരുത്തി വായിക്കാം. ‘വിഷമ വൃത്തത്തില്‍ അകപ്പെടുന്ന ഒാരോ പുരുഷന്റെ പിന്നിലും  ഒരു സ്ത്രീ  ഉണ്ടായിരിക്കണം, അയാളെ  ജീവിതത്തിലേക്ക്  തിരികെ കൊണ്ടുവരാന്‍’ 

ഫീനിക്സ് പക്ഷിയെപ്പോലെ നഷ്ടപ്പെട്ടവയുെട ചാരത്തില്‍ നിന്നു പൂർ‌വാധികം കരുത്തോടെ അറ്റ്ലസ് രാമചന്ദ്രന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ ഇനി എപ്പോഴും കൂടെ ഇന്ദുവും ഉണ്ടാകും.

പ്രണയത്തിന്‍റെ ഉരുക്കു കവചം പോലെ, അദ്ദേഹത്തിന്‍റെ നിഴലായി...

‘ജനകോടികളുെട വിശ്വസ്ത സ്ഥാപനം’

അറ്റ്ലസ് ജ്വല്ലറിയുെട പരസ്യത്തിന്‍റെ ശബ്ദം ആദ്യകാലത്ത് അലിയാര്‍ ആണു നല്‍കിയിരുന്നത്. ഒരിക്കല്‍ മദ്രാസില്‍ വച്ചു േവായ്സ് റിക്കാര്‍ഡ് ചെയ്തപ്പോള്‍ അലിയാര്‍ക്കു വരാനായില്ല. വി - ശ്വ - സ്ത എന്നീ  അക്ഷരങ്ങള്‍ തൊട്ടു തൊട്ടു വന്നപ്പോള്‍ അവിടെ ഡബ്ബിങ്ങിനു വന്നവര്‍ക്കാര്‍ക്കും െതറ്റില്ലാതെ ഉച്ചരിക്കാന്‍ പറ്റുന്നില്ല. അങ്ങനെയാണ് ഞാന്‍ ശ്രമിക്കുന്നതും അതു മതിയെന്നു തീരുമാനിക്കുന്നതും. തീർത്തും യാദൃച്ഛികമായിരുന്നു എല്ലാം.

ആ പരസ്യം ശബ്ദരൂപത്തില്‍ വന്നു കുറെ നാള്‍ കഴിഞ്ഞാണ് എന്റെ രൂപം കൂടി ആയിക്കോട്ടെ എന്നു പരസ്യ   സംവിധായകന്‍ തീരുമാനിച്ചത്. ഇന്ദുവിനു സത്യത്തില്‍  തെല്ലും താൽപര്യം ഇല്ലായിരുന്നു. പിന്നീടു ‘േഹാളിഡേയ്സ്’ എന്ന സിനിമ ഡയറക്റ്റ് ചെയ്തു. എന്നെ നയിക്കാന്‍ ഒരു ശക്തി എന്നും ഉണ്ടായിരുന്നു മുകളില്‍. ആ ശക്തി ഇപ്പോഴും  എന്നെ കൈ വിട്ടിട്ടില്ല. അതു കൊണ്ട് തന്നെ ഇനിയും  ഞാന്‍ തിരിച്ചു വരിക തന്നെ ചെയ്യും.

അങ്ങനെ ആ രാമചന്ദ്രൻ,  അറ്റ്ലസ് രാമചന്ദ്രനായി
മലയാളികള്‍ക്ക് അറ്റ്‌ലസ് രാമചന്ദ്രനെ എന്നും സ്‌നേഹമാണ്. സാധാരണ ബാങ്ക് ഉദ്യോഗസ്ഥൻ എന്ന അവസ്ഥയില്‍ നിന്ന് അദ്ദേഹം കെട്ടിപ്പടുത്ത വിശാലമായ ബിസിനസ് സാമ്രാജ്യത്തിലേക്കുള്ള വളര്‍ച്ച തന്നെ ആയിരിക്കണം പ്രധാന കാരണം. ന്യൂഡല്‍ഹിയില്‍ കനറാ ബാങ്ക് ജീവനക്കാരന്‍ ആയിട്ടാണ് മതുക്കര മൂത്തേടത്തു രാമചന്ദ്രന്‍റെ കരി യര്‍ ജീവിതം ആരംഭിക്കുന്നത്. പിന്നീടു പ്രൊേബഷനറി ഒാഫിസറായി എസ്ബിെഎ വഴി എസ്ബിടിയിലേക്ക്. അവിടെ ഫീല്‍ഡ് ഓഫിസറായും അക്കൗണ്ടന്‍റായും മാനേജരായും ഒക്കെ ജോലി. നൂറിലധികം  ബ്രാഞ്ചുകളുടെ അസിസ്റ്റന്‍റ് സൂപ്രണ്ട് ആയി ജോലി നോക്കുന്ന സമയത്താണ് െകാമേഴ്സ്യല്‍ ബാങ്ക് ഒാഫ് കുെെവത്തിന്‍റെ പരസ്യം ശ്രദ്ധയില്‍ പെടുന്നതും 1974 മാര്‍ച്ചില്‍ അങ്ങോട്ടു പോകുന്നതും. 

‘കുവൈത്തിലെ ജോലിക്കാലത്ത് ഒരിക്കല്‍ ഒരു ജ്വല്ലറിയുെട മുന്നില്‍ നീണ്ട ക്യൂ കണ്ടു.’ രാമചന്ദ്രന്‍ ഒാര്‍ക്കുന്നു. ‘എന്താണിവിടെ ഇത്ര തിരക്ക് എന്നന്വേഷിച്ചപ്പോള്‍ അറിഞ്ഞു സ്വര്‍ണത്തിനു വില കുറഞ്ഞതു െകാണ്ട്, ആഭരണങ്ങള്‍ വാങ്ങാന്‍ വന്നവരുെട തിരക്കാണ് അതെന്ന്. ജ്വല്ലറി ബിസിനസ്സിലേക്കു തിരിഞ്ഞാലോ എന്നാലോചിച്ചത് അപ്പോഴാണ്. അതായിരുന്നു തുടക്കം. 

ബിസിനസ് കൂടുതല്‍ പഠിക്കാനായി പള്ളം മാധവന്‍ എ ന്നൊരു സ്വര്‍ണപ്പണിക്കാരനെ കണ്ടെത്തി. ആദ്യമെല്ലാം അയാള്‍ക്ക് ചെറിയ വൈമനസ്യം ആയിരുന്നു. പിന്നെ, ബാങ്ക് ഉദ്യോഗസ്ഥന്‍ ആണ്, ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ആളാണ് എന്നൊക്കെ അറിഞ്ഞപ്പോള്‍ ഇത്തിരി അയവു വന്നു. തനി തങ്കത്തില്‍ ചെമ്പോ വെള്ളിയോ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് ആഭരണങ്ങള്‍  ഉണ്ടാക്കുന്നതിന്റെ ബാലപാഠം പറഞ്ഞുതന്നത് അയാളാണ്. കയ്യിലുള്ള സമ്പാദ്യം െകാണ്ട് രണ്ടു കിേലാ സ്വര്‍ണം വാങ്ങി ആദ്യ ജ്വല്ലറി തുടങ്ങുന്നത് 1981 ഡിസംബറില്‍.  

വച്ചടി വച്ചടി കയറ്റം ആയിരുന്നു. കുവൈത്തിലെ വിജയം  നല്‍കിയ ആത്മവിശ്വാസം  മറ്റു സ്ഥലങ്ങളിലേക്കും  വ്യാപാരം വിപുലീകരിക്കാന്‍ പ്രേരിപ്പിച്ചു. അതിനിടയില്‍ വൈശാലി സിനിമ നിര്‍മിച്ചിരുന്നു. ആ പരിചയത്തില്‍ നടി ഗീത യാണ് ദുബായ് േഷാറൂം ഉദ്ഘാടനത്തിന് എത്തിയത്.’’ 

(സിനിമാ താരങ്ങളെ കൊണ്ട് ഉദ്ഘാടനം, ഒരേ ദിവസം വിവിധ സംസ്ഥാനങ്ങളിലും വിവിധ എമിറേറ്റുകളിലും  ഷോറൂം തുറക്കുക, വിവിധ  പ്രമോഷനുകളിലൂടെ ബിസി നസ് വര്‍ധിപ്പിക്കുക തുടങ്ങിയ എല്ലാ കച്ചവട തന്ത്രങ്ങളും ആദ്യം പയറ്റിയ ക്രാന്തദര്‍ശി ആണ് അറ്റ്‌ലസ് രാമചന്ദ്രന്‍. ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാള്‍ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഗോ ള്‍ഡ് പ്രമോഷന്‍ കമ്മിറ്റി അധ്യക്ഷന്‍ തുടങ്ങിയ പദവികളും  വഹിച്ചിരുന്നു.)