ADVERTISEMENT

സിനിമയിൽ പാട്ടെഴുതി എന്നൊരു കാര്യമേ ബീയാർ പ്രസാദ് ചെയ്തിട്ടുള്ളൂ. ചെയ്യാത്തതും അതിലേറെ പ്രാഗൽഭ്യമുള്ളതുമായ കാര്യങ്ങൾ അതിന്റെ പലമടങ്ങു വരും. ചെറുപ്പത്തിൽ കൊതിച്ചത് കൊട്ടു പഠിക്കാനായിരുന്നു. ഇടയ്ക്ക കൊട്ടി അഷ്ടപദി പാടുന്ന അച്ഛൻ മങ്കൊമ്പ് ബാലകൃഷ്ണപ്പണിക്കരിൽനിന്നു വിത്തിട്ട താളം. പക്ഷേ, അച്ഛൻ നിരുത്സാഹപ്പെടുത്തുകയാണു ചെയ്തത്. എന്നിട്ടും കലകളുടെ പ്രസാദാത്മകത പ്രസാദിൽ തെളിഞ്ഞുവന്നു. പാട്ടു പഠിച്ചിട്ടേയില്ലെങ്കിലും കർണാടകസംഗീതത്തിലെ 72 മേളകർത്താരാഗങ്ങളുടെയും സ്വരസ്ഥാനങ്ങൾ പ്രസാദ് പറയുമായിരുന്നു. നൂറിലേറെ കർണാടകസംഗീത രാഗങ്ങൾ കേട്ടാൽ അപ്പോൾ പിടിക്കുമായിരുന്നു. മൂന്നര വയസ്സിൽ ‘വീണപൂവ്’ മൂളിപ്പഠിച്ചിട്ടുണ്ടെങ്കിലും കവിതയെക്കാൾ കമ്പം മറ്റു പലതിലുമായിരുന്നു. നാൽപതിലേറെ നാടകങ്ങളുടെ രചയിതാവാണു പ്രസാദെന്ന് അധികമാരും ഇപ്പോൾ ഓർക്കുന്നുണ്ടാവില്ല. 

ഏറെ പ്രസിദ്ധമായ ‘ഷഡ്കാല ഗോവിന്ദമാരാർ’ എന്ന നാടകത്തിനു പുരസ്കാരം സമ്മാനിച്ച എസ്.ഗുപ്തൻ നായർ, ‘ഈ പയ്യനെക്കൊണ്ട് എഴുതിക്കണം’ എന്ന് സംവിധായകൻ ശിവനോടു ശുപാർശ ചെയ്തു. ആ നാടകം തിരക്കഥയാക്കിയപ്പോൾ പ്രസാദിനെ ശിവൻ എം.ടി.വാസുദേവൻ നായർക്കടുത്തേക്കു വിട്ടു. ‘സംഗീതപശ്ചാത്തലമുള്ള കഥയല്ലേ, താൻ തന്നെ എഴുതുന്നതാണു നല്ലത്’ എന്ന് എംടിയുടെ സ്നേഹാശീർവാദം. പ്രസാദിന്റെ തിരക്കഥയിൽ അഭിനയിക്കാമെന്ന് എംടി തന്നെ മോഹൻലാലിനെ വിളിച്ച് അഭിപ്രായപ്പെട്ടു. സംവിധാനം ചെയ്യാൻ ഭരതൻ തയാറായി. പക്ഷേ, ശിവനു വാക്കു കൊടുത്തതിനാൽ പ്രസാദ് അതിനു മടിച്ചു. ശിവനും മകൻ സന്തോഷ് ശിവനും സംവിധാനം ചെയ്യാൻ ആഗ്രഹിച്ച ആ തിരക്കഥ പക്ഷേ, തിരശീലയിൽ വെളിച്ചം കണ്ടില്ല. 

എങ്കിലും, സിനിമയിലേക്കുള്ള പ്രവേശം തിരക്കഥയിലൂടെ തന്നെയായിരുന്നു. ഭരതനുമായുള്ള അടുപ്പംവഴി ‘ചമയ’ത്തിന്റെ തിരക്കഥയെഴുത്തിൽ ജോൺ പോളിന്റെ സഹായിയായി. പ്രിയദർശന്റെ സംവിധാനത്തിൽ ‘ചന്ദ്രോത്സവം’ എന്ന സിനിമയുടെ തിരക്കഥ ചർച്ച ചെയ്യാൻ പോയ പ്രസാദിലെ കവിത്വമാണു പ്രിയനെ ഏറെ ആകർഷിച്ചത്. ‘ചന്ദ്രോത്സവം’ നടന്നില്ല. പക്ഷേ, അടുത്ത സിനിമയായ ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിൽ പ്രസാദിനെക്കൊണ്ടു പ്രിയൻ നാലു പാട്ടെഴുതിച്ചു! 

പ്രിയനു പാട്ടെഴുതുന്നു എന്നറിഞ്ഞപ്പോഴാണ്, പ്രിയ സുഹൃത്ത് ടി.കെ.രാജീവ് കുമാർ ‘സീതാകല്യാണ’ത്തിൽ പാട്ടെഴുതാൻ പ്രസാദിനെ നിർബന്ധിച്ചത്. ആദ്യം പുറത്തുവരേണ്ടിയിരുന്ന ‘സീതാകല്യാണം’ പക്ഷേ, വർഷങ്ങൾ കഴിഞ്ഞാണു പുറത്തുവന്നത്. പിന്നെ ഇരുനൂറിലേറെ സിനിമകളിലേക്ക് ആ ഗാനരചനാധാര ഒഴുകി. ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിൽ വിനീത് ശ്രീനിവാസനും ‘സീതാകല്യാണ’ത്തിൽ ശ്വേത മോഹനും പാടി അരങ്ങേറിയെന്നതു മറ്റു രണ്ടു നാഴികക്കല്ലുകൾ. ഇരുപത്തൊന്നാം വയസ്സിൽ ആട്ടക്കഥയെഴുതിയ പ്രസാദ്, പത്തോളം തിരക്കഥകൾ എഴുതിവച്ചിരുന്നു.

More

ADVERTISEMENT
ADVERTISEMENT