Thursday 29 September 2022 03:11 PM IST : By സ്വന്തം ലേഖകൻ

‘സ്കൂളു തുറക്കാൻ ഇനിയും മൂന്നാലു ദിവസമുണ്ടല്ലോ, നീ പിള്ളേരേം കൊണ്ട് ലൊക്കേഷനിലേക്കു വാ’: ഓർമകളുമായി മല്ലിക

mallika-sukumaran

മാറിയത് ഓണമാണോ അതോ മനസ്സാണോ എ ന്നറിയില്ല! എന്തായാലും ഓണം വല്ലാതെ മാറിയിട്ടുണ്ട്. അല്ലെങ്കിൽ തന്നെ കുട്ടിക്കാലത്തല്ലേ നിഷ്കളങ്കതയോടെ നമ്മൾ ഓണം ആഘോഷിക്കുന്നത്. അച്ഛനോ അമ്മയോ ബന്ധുക്കളോ ഓണക്കോടി വാങ്ങിത്തരുമ്പോൾ ഉള്ള സന്തോഷം സ്വന്തമായി ഓണക്കോടി വാങ്ങുമ്പോൾ ഉണ്ടാകില്ല. ബാല്യത്തിൽ നുണഞ്ഞ ഓണ രുചികളും സന്തോഷവും കാലമെത്ര കഴിഞ്ഞാലും മനസ്സിലുണ്ടാകും. മലയാളസിനിമയിലെ പ്രശസ്തരുെട മൂന്ന് അമ്മമാർ ഓണം ഓർമകൾ പങ്കുവയ്ക്കുന്നു.

ഓണക്രിക്കറ്റും പായസവും-മല്ലികാ സുകുമാരൻ

അച്ഛന്റെ കുടുംബക്കാരൊക്കെ പലയിടങ്ങളിലായതിനാൽ ഞങ്ങൾക്ക് ‘അമ്മ ഓണ’ മായിരുന്നു. ചങ്ങനാശ്ശേരിക്കടുത്ത് പെരുന്നയിലാണ് അച്ഛന്റെ വീട്. അവിടെ അധികമാരും ഉണ്ടാകാറില്ല. അമ്മയുടെ വീട് ഹരിപ്പാടാണ്. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിനടുത്ത്. അവിടെ ഓണത്തിന് വലിയ പ്രാധാന്യമുണ്ട് അന്നും ഇന്നും. ‘നാല് ഓണം’ ഏതു വീട്ടിലും ആഘോഷിക്കും. നാലോണത്തിനും പായസം കൂട്ടി സദ്യയുണ്ടായിരിക്കും. അമ്മമാർക്കും അമ്മൂമ്മമാർക്കുമൊക്കെ ഏറ്റവും കൂടുതൽ തിരക്ക് പൂരാടം, ഉത്രാടം ദിവസങ്ങളിലാണ്. മിക്കവാറും പൂരാടത്തിനാണ് വീട്ടിൽ പലഹാരങ്ങളുണ്ടാക്കുന്നത്.

ഓരോ കാലത്തും ഓണത്തിന് ഓരോ നിറമാണ് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. നിറമുള്ളതും നിറമില്ലാത്തതുമായ ഒരുപാട് ഓണക്കാലങ്ങളിലൂടെയാണ് ജീവിതം കടന്നുപോകുന്നത്.

നിറമുള്ള ഓണങ്ങൾ

വിവാഹജീവിതത്തിലേക്കു കടന്നപ്പോൾ ഓണം കുറച്ചുകൂടി നിറമുള്ളതായി. സുകുവേട്ടനുമൊത്തുള്ള ഓണക്കാലങ്ങൾ സ്നേഹനിർഭരമായിരുന്നു. ഇന്നത്തെപ്പോലെ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി സെൽഫിയെടുക്കലും കെട്ടിപ്പിടുത്തവും ഫോട്ടോ പ്രചരിപ്പിക്കലുമൊന്നും അന്നില്ലല്ലോ. പക്ഷേ, പുറത്തുകാണിക്കാത്ത സ്നേഹത്തിന്റെ കടലുതന്നെ അദ്ദേഹം ഉള്ളിൽ സൂക്ഷിച്ചിരുന്നു.

ഇന്ദ്രനും രാജുവും കുട്ടികളായിരുന്നപ്പോൾ അവർക്ക് ഏറ്റവും സന്തോഷമുള്ള ദിവസങ്ങൾ ഓണക്കാലത്തായിരുന്നു എന്നു തോന്നിയിട്ടുണ്ട്. എത്ര തിരക്കാണെങ്കിലും ഓണത്തിന് മൂന്നാലു ദിവസം മുൻപ് സുകുവേട്ടൻ വീട്ടിലെത്തും. അന്നു ഞങ്ങൾ തിരുവനന്തപുരത്ത് കുഞ്ചാലുംമൂട്ടിലെ വീട്ടിലായിരുന്നു താമസം. 40 െസന്റ് സ്ഥലത്താണ് വീട്. നഗരത്തിനുള്ളിലാണെന്നു തോന്നില്ല. വലിയ മുറ്റമുണ്ട്. അവിടെ അച്ഛനും മക്കളും ക്രിക്കറ്റ് കളിക്കും. അ യൽപക്കത്തെ കുട്ടികളും കൂടെക്കൂടും. അതാണ് അവരുടെ ഓണക്കളി.

ക്രിക്കറ്റ് കഴിഞ്ഞാൽ വൈകുന്നേരം അമ്മമാരെ കാണാൻ പോകും. അവർക്ക് ഓണക്കോടി എടുത്തുവയ്ക്കണമെന്ന് നേരത്തെ പറഞ്ഞിരിക്കും. പിന്നെ, ചെറിയ യാത്രകൾ. തിരുവനന്തപുരത്തുണ്ടായിരിക്കുമ്പോൾ പൊൻമുടിയിലേക്കായിരുന്നു ഞങ്ങളുടെ സ്ഥിരം ഓണം യാത്രകൾ.

അന്ന് സുകുവേട്ടനെ തിരിച്ചറിഞ്ഞ് ആൾക്കാര് കൂടുമെങ്കിലും അവരോടൊക്കെ കൂളായി സംസാരിച്ച് രംഗം കളറാക്കും. എടപ്പാളിലെ സുകുവേട്ടന്റെ വീട്ടിൽ പോകാൻ ഇന്ദ്രനും രാജുവിനും വലിയ ഉത്സാഹമായിരുന്നു. ഓണക്കാലത്ത് അവിടെ വീടുകളിൽ കളിപ്പാട്ടങ്ങൾ കൊണ്ടുവരും. തെക്കോട്ട് ഞാൻ അധികം അതു കണ്ടിട്ടില്ല. നമ്മുടെ ഉത്സവപ്പറമ്പുകളിൽ കാണുന്നതുപോലെ വലിയൊരു സ്റ്റാൻഡിൽ ബലൂണും കളിപ്പാട്ടങ്ങളും മറ്റും കെട്ടി വച്ച് കൊണ്ടുവരും.

ഓണം കഴിഞ്ഞാൽ എനിക്കൊരു പണിയുണ്ട്. തുണിയും സാധനങ്ങളുമൊക്കെ കെട്ടിപ്പെറുക്കി മക്കളെയുമെടുത്ത് സുകുവേട്ടന്റെ സെറ്റിലേക്ക്.

ലൊക്കേഷൻ അടുത്താണെങ്കിലും അകലെയാണെങ്കിലും യാത്ര നിർബന്ധം. സെന്റിെമന്റൽ യാത്ര എന്നാണ് ഞാൻ പറയാറ്. മൂന്നാലു ദിവസം ഒരുമിച്ചു നിന്നിട്ട് അച്ഛനെ വിട്ടുനിൽക്കാൻ മക്കൾക്കു വിഷമം. മക്കളെ വിട്ടുനിൽക്കാൻ അച്ഛനും വിഷമം. അച്ഛനതു പുറത്തുകാണിക്കാതെ എന്നോടു പറയും. ‘സ്കൂളു തുറക്കാൻ ഇനിയും മൂ ന്നാലു ദിവസമുണ്ടല്ലോ നീ പിള്ളേരേം കൊണ്ട് ലൊക്കേഷനിലേക്കു വാ. ഞാനിവിടെ നിന്നാൽ ഷൂട്ടിങ് മുടങ്ങും.’ അങ്ങനെയാണ് ആ യാത്ര. പിന്നീട് സ്കൂൾ തുറക്കുന്നതിന്റെ തലേന്നാണ് വീട്ടിൽ തിരിച്ചെത്തുന്നത്.

സുകുവേട്ടന്റെ മരണശേഷം എന്റെ മക്കൾക്ക് അവരുടെ ഓണക്കാലവും നഷ്ടമായി എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പിന്നീട് പഠനത്തിലേക്ക് അവരുടെ ശ്രദ്ധ തിരിഞ്ഞു. ഓണത്തിന് പഴയ പൊലിമയുണ്ടായില്ല. പഠനം കഴിഞ്ഞപ്പോഴേക്കും രണ്ടുപേരും സിനിമയിൽ തിരക്കായി.

സുകുവേട്ടൻ ഇല്ല എന്നൊരു നൊമ്പരം ഉള്ളിന്റെ ഉ ള്ളിൽ ഉണ്ടെങ്കിലും കൊച്ചുമക്കളോടൊപ്പം ജീവിക്കുമ്പോ ൾ നമ്മൾ ദുഃഖങ്ങൾ മറക്കുന്നു. കഴിഞ്ഞ കുറച്ചുനാളായി ഓണനാളിൽ ഒരുദിവസം എങ്കിലും ഞങ്ങൾ എല്ലാവരും ഒ രുമിച്ചു കൂടാറുണ്ട്.

നേരത്തെ പറഞ്ഞതുപോലെ ഓണക്കോടിയും ഓണസദ്യയുമൊക്കെയായി ആഘോഷിക്കാറുമുണ്ട്. ഇക്കൊല്ലം എല്ലാവരും ഒരുമിച്ചു വരും എന്നാണു വിചാരിക്കുന്നത്.

മക്കളോ കൊച്ചുമക്കളോ മരുമക്കളോ വീട്ടിലുണ്ടെങ്കിൽ ഞാൻ പാചകത്തിന്റെ ചുമതല ഏറ്റെടുക്കും. ഓണത്തിന് ഞാനൊരു കൂട്ടം പായസം ഉണ്ടാക്കും. അമ്പലപ്പുഴ പാൽപ്പായസം എന്നാണു പറയുന്നത്. അമ്പലപ്പുഴ ക്ഷേത്രത്തിൽ ഉണ്ടാക്കുന്നതുപോലെ മൂന്നേ മൂന്നു വിഭവങ്ങൾ കൊണ്ടാണ് പായസം. അമ്പലപ്പുഴ പാൽപ്പായസത്തിന്റെ രുചി കണ്ണന്റെ നടയിൽ ഉണ്ടാക്കുന്ന പായസത്തിനേ ഉണ്ടാവൂ.

പാൽ, പഞ്ചസാര, അരി. ഇതിനൊരു അനുപാതമുണ്ട്. നാല്– ഒന്ന് – കാൽ ഇതാണു അനുപാതം. അതായത് നാലു ഗ്ലാസ് പാലിന് ഒരു ഗ്ലാസ് പഞ്ചസാരയും കാൽ ഗ്ലാസ് അ രിയും.

സാധാരണഗതിയിൽ ഞാൻ അരി പിടിക്കണക്കിനാണു ഉപയോഗിക്കുന്നത്. നാലു ഗ്ലാസ് പാലിന് ഒരു വലിയ പിടി അരി. അത് ഏകദേശം കാൽഗ്ലാസ് വരും.

ചെറിയ ചൂടിൽ പാല് കുറുക്കിയാണ് പാൽപ്പായസം ഉണ്ടാക്കുന്നത്. അല്ലെങ്കിൽ പാൽ തിളച്ചുതൂവും. കുക്കറിലും ഉണ്ടാക്കാം. പാലും പഞ്ചസാരയും അരിയും ഒരുമിച്ച് ഇളക്കി കുക്കറിൽ വെയ്റ്റ് ഇടാതെ ആവി പുറത്തു വരുന്നതുവരെ പകുതി തീയിൽ വേവിക്കുക. ആവി പുറത്തു വന്നതിനുശേഷം കുക്കറിൽ വെയ്റ്റ് ഇട്ട് പിന്നെയും തീ കുറച്ച് അര മണിക്കൂർ കൂടി വേവിക്കണം.

അരമണിക്കൂർ കഴിയുമ്പോഴായിരിക്കും ആദ്യത്തെ വിസിൽ കേൾക്കുന്നത്. അതിനുശേഷം തീ അണച്ച് കുക്കർ ഒരു മണിക്കൂർ തണുക്കാനായി മാറ്റിവയ്ക്കുക. പ്രത്യേക നിറത്തിലും മണത്തിലുമുള്ള പായസം റെഡി. ’’