Friday 17 November 2023 09:33 AM IST : By സ്വന്തം ലേഖകൻ

‘ജയൻ മരിച്ചിട്ടില്ല, അമേരിക്കയിൽ ഒളിച്ചു ജീവിക്കുന്നു’: ജയന് ഇന്ന് 84 വയസ്, മരിക്കാൻ വിട്ടുകൊടുക്കാതെ കഥകൾ, അഭ്യൂഹങ്ങൾ... ഓർമയിൽ ജയൻ

jayan

മലയാളി മനസുകളിൽ ഇന്നും മായാതെ കിടക്കുന്നൊരു മുറിപ്പാടാണ് ജയൻ. സിനിമ ചിത്രീകരണത്തിനിടെ ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ച ജയൻ ഇന്നും തലമുറകളെ ത്രസിപ്പിച്ചുി കൊണ്ടേയിരിക്കുന്നു. അനശ്വര നടന്റെ 43–ാം ചരമ വാർഷികമായിരുന്നു ഇന്നലെ. ആ അഭിനയ പ്രതിഭയുടെ വീരേതിഹാസ കഥകൾ പാടി നടക്കുന്ന നാടിന് ഇന്നും ഓർക്കാനേറെ... നെഞ്ചോടു ചേർത്തു വയ്ക്കാനേറെ...

ജൂലൈ 25 നടന്‍ ജയന്റെ ജന്മവാര്‍ഷികം...ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് ഇന്ന് 84 വയസ്സ്...

1980 നവംബർ 16.

വിഷാദത്തിന്റെ മുഖത്തു തെളിഞ്ഞ ചോരത്തുള്ളി പോലെ ചെന്നൈ മഴയിൽ കുതിർന്നു നിന്ന ഒരു പകൽ.

തെന്നിന്ത്യയുടെ ചലച്ചിത്രനഗരത്തിൽ അന്നും ചിത്രീകരണത്തിരക്കുകൾക്കു മുടക്കമുണ്ടായില്ല. അതിലൊരു സിനിമ ‘കോളിളക്ക’മായിരുന്നു. മധുവും ജയനും സോമനും സുകുമാരനുമൊന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം!

ക്ലൈമാക്സ് രംഗങ്ങളാണ് ഇനി തീരാനുള്ളത്. രാവിലെ ഏഴിനു ഷോളവാരത്തെ എയര്‍ സ്ട്രിപ്പില്‍ ഷൂട്ടിങ് തീരുമാനിച്ചു. എന്നാൽ മഴ വിലങ്ങു തടിയായി.

‘അറിയപ്പെടാത്ത രഹസ്യം’ എന്ന സിനിമയുടെ പീരുമേട്ടിലെ ലൊക്കേഷനിൽ നിന്നു, മദ്രാസിലെത്തിയ ജയൻ പാംഗ്രോവ് ഹോട്ടലിലായിരുന്നു താമസം. റൂം നമ്പർ – 407. കനത്ത മഴയൊന്നു കുറഞ്ഞപ്പോൾ രാവിലെ 9 മണിയോടെ ജയന്‍ തന്റെ ഫിയറ്റ് കാറില്‍ ലൊക്കേഷനിലേക്കു തിരിച്ചു. അപ്പോഴും മഴയുടെ നനവും വെളിച്ചം കുറഞ്ഞ അന്തരീക്ഷവും ചെന്നൈ നഗരത്തിനു മേൽ ഒരു മറ പോലെ തിങ്ങുകയായിരുന്നു.

പത്തരയോടെ ജയൻ ഷോളവാരത്തെ ലൊക്കേഷനിലെത്തി. അപ്പോഴേക്കും സംവിധായകൻ പി.എന്‍.സുന്ദരവും സഹപ്രവർത്തകരും ചേർന്നു അന്നു പകർത്തേണ്ട സീനുകളും ഷോട്ടുകളും ഉറപ്പിച്ചു. ജോലികൾ തുടങ്ങി.

സംഘട്ടനം ഷോളാവാരം തടാകത്തിനു സമീപത്തും ജയനും ബാലൻ.കെ.നായരും സുകുമാരനുമുൾപ്പടെയുള്ളവർ പങ്കെടുക്കുന്ന സാഹസികമായ ഹെലികോപ്റ്റര്‍ രംഗങ്ങള്‍ എയര്‍സ്ട്രിപ്പിലും ചിത്രീകരിക്കാനായിരുന്നു ധാരണ. ജയൻ എത്തിയതോടെ കാര്യങ്ങൾ തകൃതിയായി. മഴ മാറി നിൽക്കുന്ന സമയത്തിനുള്ളിൽ പണി തീർക്കണം. ഇല്ലെങ്കിൽ വീണ്ടും വൈകും.

ജയനു വിശക്കുന്നുണ്ടായിരുന്നു. ലൊക്കേഷനിലെ മെസിന്റെ ചുമതലയുള്ളവർ ബിസ്ക്കറ്റ് നൽകി. അതും കഴിച്ചു, അദ്ദേഹം ഷോട്ടിനു റെഡിയായി.

സുകുമാരന്‍ നിയന്ത്രിക്കുന്ന ബൈക്കിനു പിന്നില്‍ കയറി നിന്നു ബാലൻ.കെ.നായർ സഞ്ചരിക്കുന്ന ഹെലികോപ്റ്ററിന്റെ ലാന്‍ഡിങ് ലെഗ്ഗില്‍ ജയന്‍ പിടിച്ചു കയറുന്നതാണ് രംഗം.

എല്ലാം തയാർ. ക്യാമറാമാൻ ഫോക്കസ് ഉറപ്പിച്ചു. സംവിധായകന്‍ ആക്ഷന്‍‌ പറഞ്ഞതും ജയൻ ബൈക്കിനു പിന്നിൽ കയറി നിന്നു ഹെലികോപ്റ്ററിന്റെ ലാന്‍ഡിങ് ലെഗ്ഗില്‍ പിടിച്ചു കയറി ബാലൻ.കെ.നായരുമായി മൽപ്പിടുത്തം ആരംഭിച്ചു.

കുഴപ്പമൊന്നുമില്ലാതെ ഈ രംഗം പകര്‍ത്തി: ടേക്ക് ഓക്കെ!

സംവിധായകനും ക്യാമറാമാനും ഹാപ്പി. എന്നാല്‍ ജയൻ തന്റെ പ്രകടനത്തിൽ തൃപ്തനായില്ല. ഒരിക്കൽ കൂടി എടുക്കാം എന്നായി അദ്ദേഹം. ‌

റീ ടേക്ക്!

ഉച്ച കഴിഞ്ഞു 2.35 :

ജയൻ വീണ്ടും ബൈക്കിനു പിന്നിൽ കയറി നിന്നു ലാന്‍ഡിങ് ലെഗ്ഗില്‍ പിടിച്ചതും ഹെലിക്കോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. അതിന്റെ ഗതി മാറി, ജയനെയും ചേർത്തു നിലത്തടിച്ചു വീണു.

ഒരു നിമിഷം!

ലൊക്കേഷനിലാകെ ഒരു നടുക്കം പടർന്നു. അതൊരു നിലവിളിയിലേക്കു കയറും മുമ്പേ, ഹെലികോപ്റ്റർ വീണ്ടും പൊങ്ങിയെങ്കിലും കുറെ അകലത്തെത്തി താഴെ വീണു. അതിന്റെ ഒടിഞ്ഞ ഫാൻ ജയന്റെ തലയില്‍ അടിച്ചിരുന്നു. ഉടൻ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് കല്ലിയൂര്‍ ശശി ജയനുമായി ഒരു കാറില്‍ ആശുപത്രിയിലേക്കു പാഞ്ഞു. എങ്കിലും കനത്ത മഴ വില്ലനായി. അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ ഏറെ വൈകി. അടിയന്തിര ഓപ്പറേഷൻ നടത്തിയെങ്കിലും മലയാളത്തിന്റെ പ്രിയതാരത്തെ മരണം കവർന്നിരുന്നു. വൈകുന്നേരം 6 മണിയോടെ ഔദ്യോഗിക അറിയിപ്പെത്തി –

jayan-3

നടൻ ജയൻ മരണപ്പെട്ടു!

വാർത്ത പരന്നതോടെ ആശുപത്രിയിലേക്കു സിനിമാ പ്രവർത്തകരും ആരാധകരും ഒഴുകിയെത്തി. മഴ കലിതുള്ളിപ്പതിഞ്ഞ ആ സന്ധ്യ ഒരു വലിയ വിപാലം പോലെ തരിച്ചു നിന്നു. കേരളത്തിലേക്കും വാർത്തയെത്തി. മലയാളികളൊന്നാകെ ഒരു വലിയ സങ്കടത്തുള്ളിപോലെ ഉറഞ്ഞുലഞ്ഞ നിമിഷം!

പിറ്റേന്നായിരുന്നു പോസ്റ്റ്മോർട്ടം. വിലാപയാത്രയായി എയർപോർട്ടിലെത്തിച്ച മൃതദേഹം വിമാനത്തിൽ തിരുവനന്തപുരത്തേക്കും അവിടെ നിന്നു ജയന്റെ നാടായ കൊല്ലത്തേക്കും കൊണ്ടുവരുകയായിരുന്നു. അപ്പോഴേക്കും കൊല്ലം തേവള്ളിയിലെ അദ്ദേഹത്തിന്റെ വീടും പരിസരവും ജനസമുദ്രമായിരുന്നു...നേവി ഓഫീസറായ കൃഷ്ണൻ നായരിൽ നിന്നു ജയൻ എന്ന താരപരിവേഷത്തിലേക്കുള്ള ഒരു ചടുലമുന്നേറ്റത്തിന്റെ വേദനാനിർഭരമായ അന്ത്യം....

പ്രശസ്തിയുടെയും താരപ്രൗഢിയുടെയും ഉയരത്തിൽ നിൽക്കേയായിരുന്നു 41 വയസ്സിൽ ജയന്റെ മടക്കം...മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ സൂപ്പർസ്റ്റാറുകളിലൊരാളായ അദ്ദേഹത്തിന്റെ വിയോഗം ഇപ്പോഴും പലർക്കും വിശ്വസിക്കുവാനോ ഉൾക്കൊള്ളുവാനോ ആയിട്ടില്ലെന്നതാണു സത്യം...

1972 ൽ ‘പോസ്റ്റ്മാനെ കാണാനില്ല’ എന്ന സിനിമയിൽ തുടങ്ങി 1980 ൽ ‘കോളിളക്ക’ത്തിൽ അവസാനിച്ച 8 വർഷത്തെ സിനിമാ ജീവിതം. ആ ‘നായക വിജയങ്ങൾ’ ഇനിയും ആവർത്തിക്കേണ്ടതില്ലല്ലോ....

ജയൻ മരിച്ചു, 4 ദിവസത്തിനു ശേഷം നവംബർ 21 നു അദ്ദേഹം നായകനായ ‘മൂർഖൻ’ റിലീസ് ആയി. ജോഷിയായിരുന്നു സംവിധാനം. പിന്നീട് ജയന്റെ അന്ത്യ യാത്രയുടെ ദൃശ്യങ്ങൾ ‘മൂർഖ’നോട് ചേർത്തു തിയറ്ററുകളിൽ പ്രദർശിപ്പിച്ചു.

jayan

ജയന്റെ മരണശേഷം അതൊരു കൊലപാതകമാണെന്ന തരത്തിൽ പടർന്ന അഭ്യൂഹങ്ങള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുൾപ്പടെ പലരെയും വേദനിപ്പിക്കുന്നതായിരുന്നു. സിനിമാരംഗത്തുള്ള പല പ്രമുഖരും കള്ളക്കഥകളിൽ പ്രതിസ്ഥാനത്തെത്തി. ജയൻ മരിച്ചിട്ടില്ലെന്നും അമേരിക്കയിൽ ഒളിച്ചു ജീവിക്കുന്നുവെന്നും കഥകൾ പരന്നു. പലരും ഇത്തരം പ്രചരണങ്ങൾ ഊതി വലുതാക്കി പുസ്തകങ്ങളുമെഴുതി. ജയന്റെ മരണശേഷം തിയറ്ററുകളിലെത്തിയ, അദ്ദേഹം നായകനായ ചിത്രങ്ങളിൽ പലതും വലിയ വിജയങ്ങളായതും മറക്കാവുന്നതല്ല.

ജയൻ പോയതോടെ പെട്ടെന്നുണ്ടായ ഒരു ശൂന്യതെയെ മറികടക്കാൻ അദ്ദേഹത്തെ രൂപത്തിലും ശബ്ദത്തിലും ചലനങ്ങളിലും ഭാവങ്ങളിലുമൊക്കെ അനുകരിച്ച് പലരും സിനിമാ രംഗത്തെത്തിയിരുന്നു. അതിൽ ജയന്റെ അനിയൻ അജയനും (സോമൻ നായർ) നടൻ ഭീമൻ രഘുവുമൊക്കെയുണ്ട്. എന്നാൽ ഏറെക്കാലമൊന്നും ആ അനുകരണങ്ങൾക്ക് ആയുസ്സുണ്ടായില്ല.

ഇപ്പോഴും ജയൻ ഒരു താരബിംബമാണ്. ചെറുപ്പത്തിന്റെ ചുറുചുറുക്കും സൗന്ദര്യവുമൊത്തിണങ്ങിയ നായകപ്രൗഢി. പകരം വയ്ക്കാൻ മറ്റൊരാളില്ലാത്ത സൂപ്പർസ്റ്റാർ!

jayan-1