Friday 05 January 2024 12:21 PM IST

‘വിധൂ... നീ നോക്കിക്കോ മരിക്കുമ്പോഴാകും ആൾക്കാർ എന്നെ മനസ്സിലാക്കുന്നത്!’: മാഞ്ചുന പോൽ പൊള്ളുന്ന ഓർമയായി ബീയാർ പ്രസാദ്

V R Jyothish

Chief Sub Editor

beeyar-prasad-fam

പാട്ടുകളിൽ കിളിച്ചുണ്ടൻ മാമ്പഴത്തിന്റെ മധുരം നിറച്ച എഴുത്തുകാരൻ ബീയാർ പ്രസാദ് ഓർമയായിട്ട് ഒരു വർഷം പൂർത്തിയാകുന്നു. കവിത്വം നിറയുന്ന പാട്ടുകള്‍ പകർന്നു നൽകിയ കലാകാരൻ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞത് 2023 ജനുവരി 4നാണ്. ഓർമകളെ തൊട്ടുണർക്കുന്ന ഹൃദയഹാരിയായ ഗാനങ്ങൾ സമ്മാനിച്ച ബീയാർ പ്രസാദിന്റെ ഓർമകള്‍ ഇതാ ഒരിക്കൽ കൂടി. ആ മരണം പകുത്തിയ ശൂന്യതയിൽ നിന്നും ബീയാർ പ്രസാദിന്റെ കുടുംബം വനിതയോട് പങ്കുവച്ച വാക്കുകൾ. വനിത 2023ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പ്രസക്തഭാഗം ഒരിക്കൽ കൂടി...

----

വിധൂ... നീ നോക്കിക്കോ മരിക്കുമ്പോഴാകും ആ ൾക്കാർ എന്നെ മനസ്സിലാക്കുന്നത്!’ ഒരിക്കൽ പ്രസാദേട്ടൻ എന്നോടു പറഞ്ഞു

‘മരിച്ചാൽ പിന്നെ, നമ്മൾ ഒന്നും അറിയില്ലല്ലോ പ്രസാദേട്ടാ...’ ഞാനന്ന് അങ്ങനെയാണു മറുപടി പറഞ്ഞത്. ഇ പ്പോൾ തോന്നുന്നു പ്രസാദേട്ടൻ പറഞ്ഞതായിരുന്നു ശരി. ബീയാർ പ്രസാദ് എന്ന എഴുത്തുകാരനെ ഇപ്പോൾ എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

തെളിഞ്ഞും ചിലപ്പോഴൊക്കെ കലങ്ങിയും ഒഴുകിയ അരുവിയായിരുന്നു ഞങ്ങളുടെ ജീവിതം. പൊരുത്തക്കേടുകളുണ്ടായിരുന്നെങ്കിലും അതു സത്യസന്ധമായിരുന്നു. മറയോ നിഗൂഢതകളോ ഇല്ല. കോട്ടയം കുറിച്ചി ഔട്ട്പോസ്റ്റിലെ ക്ലിനിക്കിൽ ആദ്യമായി കണ്ട നിമിഷം മുതൽ ചങ്ങനാശ്ശേരിയിലെ മറ്റൊരു ക്ലിനിക്കിൽ ആ ജീവൻ അവസാനിക്കുന്നതുവരെ അങ്ങനെതന്നെയായിരുന്നു.

പ്രസാേദട്ടനെ കണ്ടുമുട്ടിയതു സിനിമാരംഗം പോലെയാണ്. ഞാൻ ജോലി ചെയ്തിരുന്നതു കുറിച്ചിയിലെ വീടിനടുത്തുള്ള ഒരു ക്ലിനിക്കിലാണ്. ഒരു ദിവസം ഉച്ചയ്ക്ക് ഒ രാൾ ഡോക്ടറെ കാണാൻ വന്നു. ‘നാലു മണിക്കേ ഡോക്ടർ വരൂ, അപ്പോൾ വന്നാൽ മതി’. അതു പറഞ്ഞിട്ടും അയാൾ പോയില്ല. എന്നെ തന്നെ നോക്കിയിരിക്കുന്നു. ചെറിയ പേടിയും അസ്വസ്ഥതയും തോന്നി. ‘ഡോക്ടർ നാലുമണിക്കേ വരൂ അല്ലേ’ എന്ന് എന്നോട് ഇങ്ങോട്ടൊരു ചോദ്യം. ‘പിന്നെ, വരാം’ എന്നു പറഞ്ഞ് അയാൾ പോയി.

പിന്നെ, കാണുന്നത് പെണ്ണുകാണാൻ വരുമ്പോഴാണ്.

‘എന്നെ എവിടെയെങ്കിലും കണ്ട ഓർമയുണ്ടോ? എന്നു ചോദിച്ചു. ‘കണ്ട ഓർമയുണ്ട്, എവിടെ വച്ചെന്ന് അറിയില്ലെന്നു പറഞ്ഞു. ‘ഞാനന്ന് ആശുപത്രിയിൽ വന്നത് ഡോക്ടറെ കാണാനല്ല, തന്നെ കാണാനാണ്. എനിക്കു സ്ഥിരവരുമാനമോ ജോലിയോ ഇല്ല. കഥകളിയും നാടകവുമാണ് ഇഷ്ടം. കുറച്ചു സാഹിത്യവുമുണ്ട്. തന്നെ ഇഷ്ടമായി. സ്ത്രീധനം ഒന്നും വേണ്ട. വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.’ ഇത്രയുമാണു പറഞ്ഞത്.

‘എനിക്കു നല്ല ഉയരമുണ്ട്. മറ്റുള്ളവരുടെ മുൻപിൽ ന മ്മൾ തമ്മിൽ ഒട്ടും ചേർച്ചയുണ്ടാകില്ല.’ എന്റെ മറുപടി കേട്ട് പ്രസാദേട്ടൻ ചിരിച്ചു. ‘തനിക്കു താൽപര്യമുണ്ടെങ്കിൽ മറ്റുള്ളവരെ കാര്യമാക്കേണ്ട’. എനിക്ക് ഇഷ്ടമായിരുന്നു. ഏറ്റവും താൽപര്യം തോന്നിയതു ‘സ്ത്രീധനം വേണ്ട’ എന്ന വാചകമാണ്. കാരണം അതുകൊടുക്കാനുള്ള സാഹചര്യം വീട്ടിലിൽ ഇല്ലെന്ന് നന്നായി അറിയാം. വിവാഹം കഴിഞ്ഞ ശേഷം എന്റെ ഉയരക്കൂടുതൽ പറഞ്ഞു പലരും പ്രസാദേട്ടനെ കളിയാക്കി.

കേരനിരകളാടും ഒരു ഹരിതചാരുതീരം

മങ്കൊമ്പ് ക്ഷേത്രത്തിലെ അഷ്ടപദി ഗായകനായിരുന്നു പ്രസാദേട്ടന്റെ അച്ഛൻ ബാലകൃഷ്ണപണിക്കർ. പ്രസാദേട്ടൻ കുട്ടിക്കാലത്തേ അഷ്ടപദി പാടി ഇടയ്ക്ക വായിക്കുമായിരുന്നു. മൂന്നുവയസ്സുള്ളപ്പോഴാണ് അമ്മ കല്യാണിക്കുട്ടിയമ്മ മലയാളം വിദ്വാൻ പരീക്ഷയ്ക്കു പഠിക്കാൻ പോകുന്നത്. ക്ലാസ്സിൽ ഒപ്പം പ്രസാദേട്ടനെയും കൊണ്ടുപോകും. അങ്ങനെ അക്ഷരം പഠിക്കുന്ന പ്രായത്തിലേ സാഹിത്യവും വ്യാകരണവും പരിചയപ്പെടാനുള്ള അവസരം കിട്ടി. നന്നായി കവിത ചൊല്ലുമായിരുന്നു. പുളിങ്കുന്ന് സെന്റ് ജോസ്ഫ്സ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു പഠനം. മകൻ കവി ഇപ്പോൾ പത്താം ക്ലാസ്സിൽ പഠിക്കുന്നതും അതേ സ്കൂളിൽ തന്നെ.

ഇരുപത്തിമൂന്നാം വയസ്സിൽ ‘തീർഥാടനം’ എന്ന ആട്ടക്കഥ എഴുതി. ‘അച്ഛനു സമ്പാദ്യങ്ങളൊന്നുമില്ല. ഒരുപിടി നല്ല സുഹൃത്തുക്കളും കുറച്ചു പുസ്തകങ്ങളുമാണ് അ ച്ഛന്റെ സമ്പാദ്യം.’ എന്നു മക്കളോട് ഇടയ്ക്ക് പറയുമായിരുന്നു. പുസ്തകങ്ങൾ നല്ലൊരു പങ്കും പ്രളയം കൊണ്ടുപോയി. പക്ഷേ, അവസാന നിമിഷം വരെ ഒപ്പം നിന്നത് സുഹൃത്തുക്കളായിരുന്നു. ആറു മുതൽ നൂറു വയസ്സു വരെയുള്ളവരുണ്ട് സൗഹൃദവലയത്തിൽ.

കഴിഞ്ഞ പ്രളയത്തിൽ ഞങ്ങളുടെ വീടും മുങ്ങിപ്പോയി. പ്രസാദേട്ടൻ മക്കളെപ്പോലെ സ്നേഹിച്ച പുസ്തകങ്ങൾ, പിന്നെ, ഡയറിയിൽ എഴുതിവച്ച വരികൾ. എല്ലാം പ്രളയത്തിൽ ഒലിച്ചുപോയി. എഴുതിയ വരികൾ നഷ്ടമായത് അ ദ്ദേഹത്തെ വല്ലാതെ ഉലച്ചു.

പ്രേമമന്ദാരത്തിൻ പൂമകളേ

മകൾക്ക് ഇള എന്നും മകനു കവി എന്നുമാണ് പേരിട്ടത്. മ കളുടെ ചരടുകെട്ടു ദിവസം രാവിലെയാണു പ്രസാദേട്ടൻ യാത്ര കഴിഞ്ഞു വന്നത്. സ്വർണഅരഞ്ഞാണവുമായി വരുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ, വന്നത് പുതുമയുള്ള രണ്ടു പാട്ടുമായാണ്. അതിലൊന്ന് മകളെക്കുറിച്ചാണ്. ‘ശ്രീലക്ഷ്മിയെന്നോ രാധയെന്നോ

beeyar-prasad

ശ്രീപാർവതിയെന്നോ ഗൗരിയെന്നോ

പേരെന്തു ചൊല്ലി വിളിക്കുെമൻ ആദ്യത്തെ

പ്രേമമന്ദാരത്തിൻ പൂമകളെ....

നറു തിങ്കളേ.... എന്റെ നിറപുണ്യമേ...

എന്നിൽ ഉരുവാർന്ന ജീവന്റെ തളിർവല്ലി നീ...’ എന്നു തുടങ്ങുന്ന ഗാനം പിന്നീട് ഹിറ്റായി. ഇളയെക്കുറിച്ചായിരുന്നു ആ പാട്ട്.

‘മതിയാകുമോ സഖീ...

മധുധാര പോലെ നീ

പകരുമീ മോഹനരാഗം’

എന്ന പാട്ട് എന്നെക്കുറിച്ചാണെന്നും പറഞ്ഞു. ‘കുഞ്ഞിന് അരഞ്ഞാണത്തിനുവേണ്ടി കാത്തിരുന്ന എനിക്കു പാട്ടാണോ കൊണ്ടുവന്നതെന്ന് ഞാൻ ചോദിച്ചു. എങ്കിലും രണ്ടുപാട്ടും ഇഷ്ടമായി. മോഹനമായിരുന്നു പ്രസാദേട്ടന്റെ പ്രിയരാഗം.

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ

ഇടയ്ക്കിടയ്ക്കു ‍ഞങ്ങൾ വഴക്കുകൂടും. അതുകാണുമ്പോൾ മകൾ മകനോടു പറയും, ‘എടാ നമ്മൾ കുടുംബകോടതി കയറേണ്ടി വരുമെന്നു തോന്നുന്നു.’ അതു കേൾക്കുമ്പോൾ പ്രസാദേട്ടൻ ചിരിക്കും. ഞാൻ എന്തെങ്കിലും ക ടുപ്പിച്ചു പറഞ്ഞാൽ അതിനു മറുപടി പറയില്ല. പകരം പറഞ്ഞതിലെ അക്ഷരത്തെറ്റും വ്യാകരണത്തെറ്റും കണ്ടുപിടിക്കും. എന്നിട്ടു പറയും ‘വിധൂ നീ ഭാഷയെ ഇങ്ങനെ വികലമാക്കരുത്.’ അതോടെ എനിക്കും ചിരി വരും.

പ്രസാദേട്ടൻ ഒരു നിത്യകാമുകനായിരുന്നു എന്നു എനിക്കു തോന്നിയിട്ടുണ്ട്. വിവാഹത്തിനു മു‌‌ൻപ് ഒന്നിലധികം പ്രണയങ്ങളുണ്ടായിരുന്നു. അതൊക്കെ എന്നോടു പറഞ്ഞിട്ടുണ്ട്. പാരലൽ കോളജിൽ പഠിപ്പിക്കുന്ന സമയത്ത് ഒരു കുട്ടിയെ വലിയ ഇഷ്ടമായിരുന്നു. പഠനം കഴിഞ്ഞ് അ വളെ കണ്ടില്ല. പിന്നീട് അവളെക്കാണുന്നതു പാടത്തു നിന്നു കള പറിക്കുന്നതാണ്. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അവൾ. ആ വേദനയാണ് പിന്നീട്;‍

‘കന്നോടു തരിയുഴും മണ്ണുതിരും മണമോ

പെണ്ണിനു വിയർപ്പാലേ മധുമണമോ

ഞാറ്റോല പച്ചവള പൊന്നുംതെളി കൊലുസ്സ്

പെണ്ണിവൾ കള മാറ്റും കളമൊഴിയായ്...’ എന്നെഴുതിയത്. ഒരു മഴക്കാലത്ത് വരമ്പത്തൂടെ നടക്കുമ്പോൾ പ്രസാദേട്ടന്റെ കുടയിലേക്ക് ഓടിക്കയറിയ പെൺകുട്ടിയെക്കുറിച്ചു പിന്നീട് എഴുതി;

‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻവഴി

നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ...’ വെട്ടം എന്ന സിനിമയ്ക്കുവേണ്ടി എഴുതിയത്. ഏറെ ജനപ്രീതി കിട്ടിയ ഗാനമാണു കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ ‘ഒന്നാംകിളി പൊന്നാൺകിളി’.

കഥകളിപ്പദം കേട്ടാണ് എന്നും ഉറക്കം. കൊയ്ത്തു ക ഴിഞ്ഞ പാടത്തിന്റെ നടുക്കു പോയിക്കിടന്ന് ആകാശം കാ ണും. ആറ്റിറമ്പിൽ പോയിരുന്ന് കൊറ്റികളോടു സംസാരിക്കും. ചാലുകളി‍‍ൽ പൂഞ്ഞാൻ മീനുകളെ നോക്കിയിരിക്കും. അവിടെ നിന്നാണ് ‘പുതുചാലിൽ ഇണ തേടുന്ന തിരുതാലി പൂഞ്ഞാനെ’ കിട്ടുന്നത്.

മങ്കൊമ്പായിരുന്നു പ്രസാദേട്ടന്റെ മനസ്സിലെ സ്വർഗം. മ ങ്കൊമ്പ് ക്ഷേത്രക്കുളത്തിൽ കുളിച്ച്, വെറ്റില മുറുക്കി, പത്രം വായിച്ച്, ചായ കുടിച്ച്, കളമെഴുതി അങ്ങനെ നിൽക്കാനായിരുന്നു താത്പര്യം.

‘ജന്മമുണ്ടെനിക്ക് വേറെ എങ്കിൽ അമ്മ തൻ

അനുഗ്രഹങ്ങൾ ഉണ്ടെങ്കിൽ

നിസ്സാരനെങ്കിലും മങ്കൊമ്പിൽ വേണം

അതുമാത്രമാണെന്റെ ആഗ്രഹം.’ എന്നൊരു ഭക്തിഗാനം എഴുതിയിട്ടുള്ളത് മങ്കൊമ്പിലമ്മയോടുള്ള പ്രാർഥനയാണ്. അമ്പലങ്ങളിലും പള്ളികളിലും പ്രസംഗിക്കാൻ പോകുമായിരുന്നു. അൽഫോൺസാമ്മയെക്കുറിച്ച് ഉപാസന എന്ന പേരിൽ നാടകം എഴുതിയിട്ടുണ്ട്. അൽഫോൺസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചുകൊണ്ടാണ് ആ നാടകം അവസാനിക്കുന്നത്. യഥാർഥത്തിൽ അൽഫോൺസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിന് എത്രയോ വർഷം മുൻപാണ് അത്.

beeyar-prasad-1

ഒരു കാതിലോല ഞാൻ കണ്ടീല

എനിക്കായി ബാക്കിവച്ച ഒരു കടമുണ്ട്. ‘കുചേലൻ കുഞ്ഞൻ നായർ’ എന്ന നാടകം ഞാനാണ് കേട്ടെഴുതിയത്. ആ സ്ക്രിപ്റ്റിന്റെ പൈസ കിട്ടുമ്പോൾ എനിക്കൊരു സാരി വാങ്ങിത്തരാം എന്നു പറഞ്ഞിരുന്നു. നാടകം അരങ്ങേറി. അണിയറ പ്രവർത്തകർ ഏറെ നഷ്ടം സഹിച്ചാണ് അവതരണം നടത്തിയതെന്ന് പ്രസാദേട്ടൻ തന്നെ പറഞ്ഞു. എങ്കിലും ഒരു സാരി കടമുണ്ട് എന്നു ഞാൻ ഇടയ്ക്കിടെ ഓർമി പ്പിക്കുമായിരുന്നു.

2019-ലാണു വൃക്കരോഗം തിരിച്ചറിയുന്നത്. ഡയാലിസിസ് തുടങ്ങി. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടി. അപ്പോൾ ഏതെങ്കിലുമൊരു സുഹൃത്ത് വരും. കുറച്ചു പണം തരും. അങ്ങനെ കാര്യങ്ങൾ മുന്നോട്ടു പോയി. പണമില്ലാതെ ഇടയ്ക്കു ചികിത്സ മുടങ്ങിയിട്ടുമുണ്ട്. ഒന്നിനും കണക്കു പറയുന്ന ശീലമില്ലായിരുന്നു. അങ്ങനെ ജീവിച്ചതു കൊണ്ടാണ് ചോദിക്കാതെ തന്നെ സുഹൃത്തുക്കൾ സഹായവുമായി എത്തുന്നതെന്നു പ്രസാദേട്ടൻ പറയും.

വൃക്ക മാറ്റിവയ്ക്കലാണു ഏകപോംവഴിയെന്നു അറിഞ്ഞപ്പോൾ ഞാനാെക തളർന്നു. വൃക്ക കൊടുക്കാൻ ഞാനുണ്ട്. അതിനുമപ്പുറം വേറൊന്നുമില്ല. പിന്നെ, എന്തൊക്കെ സംഭവിച്ചുവെന്ന് എനിക്കറിയില്ല. പാരലൽ കോളജിലെ സഹഅധ്യാപകനാണു വൃക്ക നൽകിയത്. ‘എനിക്ക് ആറു സഹോദരിമാരാണ്. ഒരു കൂടപ്പിറപ്പ് കൂടിയായി എന്നു ഞാനങ്ങു കരുതിക്കോളാം. പ്രസാദിനു എന്റെ വൃക്ക വേണ്ടെങ്കിൽ വേണ്ട ഞാനിത് വേറെ ആർക്കെങ്കിലും കൊടുക്കും.’ അദ്ദേഹം പറഞ്ഞു. അങ്ങനെയാണു പ്രസാദേട്ടൻ സർജറിക്കു സമ്മതിക്കുന്നത്. അതിനുശേഷം എഴുത്തിലും വായനയിലും കൂടുതൽ സജീവമായി. ജീവിതം വീണ്ടും തളിരിട്ടു എന്നു ഞാൻ കരുതി. പക്ഷേ ആ സന്തോഷം അധികം നീണ്ടുനിന്നില്ല.

കണ്ണീരിൽ പിടയും

അവസാനത്തെ എട്ടു ദിവസം ചങ്ങനാശ്ശേരിയിലെ ഒരു ക്ലിനിക്കിലായിരുന്നു. ആ ദിവസങ്ങളിൽ. വ്യക്തമായി സംസാരിക്കാൻ കഴിയുമായിരുന്നില്ല. എന്റെ കയ്യിൽ വിരലുകൊണ്ട് എഴുതി തരും. അങ്ങനെയാണു കാര്യങ്ങൾ മനസ്സിലാക്കിയിരുന്നത്. ബോധത്തോടെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയെക്കുറിച്ച് അദ്ദേഹത്തിനു ചിന്തിക്കാൻ പോലും ക ഴിയില്ലെന്ന് എനിക്കറിയാം. പ്രസാദേട്ടന്റെ അമ്മ കഴിഞ്ഞ എട്ടു വർഷമായി കിടപ്പിലാണ്. അമ്മയെക്കുറിച്ചുള്ള ദുഃഖത്തിനൊപ്പം ഞാൻ കൂടി കിടപ്പിലായാൽ നീ എന്തു ചെയ്യും വിധൂ എന്ന് ഇടയ്ക്കു പറയുമായിരുന്നു. പ്രസാദേട്ടന്റെ വേർപാട് അമ്മയെ കൂടുതൽ തളർത്തി.

ആ ദിവസങ്ങളിലൊന്നിൽ എന്റെ കയ്യിലെഴുതി തകഴിയിൽ സജീവൻ എന്നൊരു സുഹൃത്തുണ്ട്. അവന്റെ പാട്ടുകേൾക്കണം. എന്നിട്ട് 29 എന്നും എഴുതി. സജീവനെ വിളി ച്ചപ്പോൾ കോഴിക്കോട്ടാണ്. അവനു ദേവസ്വം ബോർഡി ലാണു ജോലി. നാട്ടിൽ വരുമ്പോൾ വന്നു കാണാം എന്നു പ റഞ്ഞു. 29 എന്ന് എഴുതിയത് എന്താണെന്നു എനിക്കു മനസ്സിലായില്ല. പ്രസാേദട്ടൻ മരിച്ച് ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് ഒരു ഉൾവിളി പോലെ ആ സംഖ്യ എന്റെ മുൻപിൽ തെളിഞ്ഞത് ഇരുപത്തിഒൻപതാമത്തെ മേളകർത്താരാഗം ശങ്കരാഭരണമാണ്. ആ രാഗം േകൾക്കണമെന്നാണ് പ്രസാദേട്ടൻ പറഞ്ഞത്. എനിക്കതു മനസ്സിലായില്ല. ആ രാഗം കേൾപ്പിക്കാനും കഴിഞ്ഞില്ല.

പിന്നീടൊരിക്കൽ അദ്ദേഹം എഴുതിയത് രമേശ് നാരായണന്റെ പാട്ടു കേൾക്കണമെന്നാണ്. പക്ഷേ, ഏതു പാട്ടാണെന്ന് മനസ്സിലായില്ല. ഇള കുറേ പാട്ടുകൾ കേൾപ്പിച്ചു. അതൊന്നുമല്ലെന്നു പറഞ്ഞു. കുറേക്കഴിഞ്ഞപ്പോൾ അദ്ദേഹം ഉറങ്ങിപ്പോയി.

beeyar-prasad-tribute-cover

അവസാനദിവസങ്ങളിൽ ട്യൂബ് വഴിയായിരുന്നു ആ ഹാരം കൊടുത്തിരുന്നത്. മാമ്പഴച്ചാറു വേണമെന്ന് എഴുതി. ട്യൂബിലൂടെ കൊടുക്കാൻ നോക്കിയപ്പോൾ സമ്മതിക്കുന്നില്ല. തൊണ്ടയിലൂടെ ഇറക്കാനും പറ്റില്ല. അവസാനം ഡോക്ടർ പറഞ്ഞു. പഞ്ഞിയിൽ മുക്കി ചുണ്ടിൽ ഇറ്റിച്ചു കൊടുക്കാൻ. മൂന്നോ നാലോ തുള്ളി അങ്ങനെ കുടിച്ചു. ജീവിതത്തിൽ അവസാനമായി മാമ്പഴച്ചാറിന്റെ രുചി അറിഞ്ഞു. അതുവരെ വ്യക്തമായി സംസാരിക്കാൻ കഴിയാതിരുന്നു പ്രസാദേട്ടൻ അവസാനനിമിഷം ഒരു വാക്കു പറഞ്ഞു; ‘പോകുകയാണ്.’ അതു ഞങ്ങൾക്കു വ്യക്തമായി തിരിഞ്ഞു. അതിനു മുൻപ് എന്റെ കയ്യിൽ എഴുതി ‘വിധു ഇനി എന്തു െചയ്യും’ എന്നിട്ടൊരു ചോദ്യചിഹ്നം. വൃക്കരോഗത്തെ അതിജീവിച്ചെങ്കിലും തുടർന്നു വന്ന മസ്തിഷ്കാഘാതത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല.

സത്യത്തിൽ എനിക്കുതന്നെ അറിഞ്ഞുകൂടാ ഇനി ഞാ ൻ എന്തു ചെയ്യുമെന്ന്? പുളിങ്കൊമ്പ് പഞ്ചായത്തിലെ മ ങ്കൊമ്പ് വാർഡ് മെമ്പറാണു ഞാൻ. നാട്ടുകാരുമായി ഇങ്ങനെയൊരു പാലമുള്ളതുകൊണ്ട് ഓർമകൾക്ക് ഒരിടവേള കിട്ടും. സഹായിച്ച സുഹൃത്തുക്കളുടെ പേരു പറയുന്നില്ല. കാരണം ഒരാളിന്റെയും പേരു വിട്ടുപോകാൻ പാടില്ലല്ലോ? കുട്ടനാട്ടിൽ ഒരു മഴ പെയ്താൽ വെള്ളം കയറുന്ന വീട്ടിലാണു ഞങ്ങളുടെ താമസം. വലിയൊരു തുക കടമുണ്ട്. അ തൊക്കെ വീട്ടണം. എല്ലാം ഒന്നേന്നു തുടങ്ങണം.

കുട്ടിക്കാലത്ത് അച്ഛനെ കുറച്ചുദിവസം കാണാതിരുന്നാൽ ഇളയ്ക്കു പനിയും ശ്വാസംമുട്ടലും വരും. ആശുപത്രിയിൽ പോകേണ്ടി വരില്ല. അച്ഛനെ വിളിച്ചുവരുത്തിയാൽ മതി. പനിയും ശ്വാസംമുട്ടുമൊക്കെ പമ്പ കടക്കും. അവസാനസമയത്ത് പ്രസാദേട്ടന്റെ ഭയം മകളെ കാണാതെ മരിക്കേണ്ടിവരുമോ എന്നതായിരുന്നു. അവളിപ്പോൾ ചെക്ക് –റിപ്പബ്ലിക്കിൽ എംബിഎയ്ക്കു പഠിക്കുന്നു. പഠനവും ഒഴിവുസമയത്തു ജോലിയുമൊക്കെയായി.

മകൾ വന്നുകണ്ടപ്പോൾ അച്ഛനു പനിയും ശ്വാസംമുട്ടലും താനേ കുറഞ്ഞു. ഉണ്ണായിവാരിയരുടെ ജീവിതത്തെ ആസ്പദമാക്കി ഒരു നോവൽ എഴുതിയിരുന്നു അദ്ദേഹം. ‘പ്രിയ മാനസം’ എന്നാണു പേര്. ഇനി ഒരു അധ്യായം കൂടി ബാക്കിയുണ്ട്. അത് ഇള എഴുതി പൂർത്തിയാക്കണം. അവസാനത്തെ ആഗ്രഹങ്ങളിൽ ഒന്ന് അതായിരുന്നു. ഇ ള ഇപ്പോൾ അച്ഛനെഴുതിയ നോവൽ പഠിച്ചുകൊണ്ടിരിക്കുന്നു. അവസാനത്തെ അധ്യായം അവൾ എഴുതും.

ഞങ്ങളുടെ പറമ്പിലൊരു കിളിച്ചുണ്ടൻ മാവുണ്ടായിരുന്നു. തേൻമധുരമുള്ള മാമ്പഴം. അതിലെ കണ്ണിമാങ്ങ അച്ചാറിട്ടാൽ ഞങ്ങൾ ഒരു വർഷം വരെ ഉപയോഗിക്കും. കിളിച്ചുണ്ടൻ മാമ്പഴമേ... എന്ന് എഴുതിയപ്പോൾ ആ മാവായിരിക്കണം പ്രസാദേട്ടന്റെ മനസ്സിൽ. പറമ്പിൽ ഇനി ആ മാവില്ല. ആ മാവ് മുറിച്ചാണ് അദ്ദേഹത്തിനു ചിതയൊരുക്കിയത്; ഞങ്ങളുടെ ജീവിതത്തിലെ മാമ്പഴക്കാലം കഴിഞ്ഞു.

അന്നത്തെ കുടുംബ ചിത്രം

ഞങ്ങളുടെ കുടുംബഫോട്ടോ അടുത്ത കാലത്തൊന്നും എടുത്തിട്ടില്ല. കഴിഞ്ഞ ഓണത്തിനു നിർബന്ധിച്ചു കുറേ ഫോട്ടോ എടുപ്പിച്ചു. അത് എന്തിനായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാകുന്നു.

അതുപോലെ അദ്ദേഹം ബാക്കിവച്ച മറ്റൊരാഗ്രഹം ഷഡ്കാലഗോവിന്ദമാരാരുടെ ജീവിതം സിനിമയാക്കണം എന്നതാണ്. തിരക്കഥ പൂർത്തിയായിട്ടുണ്ട്. ആരെങ്കിലും വരും. അതു വാങ്ങിക്കൊണ്ടുപോകും എന്നൊരു പ്രതീക്ഷയിലാണു ഞങ്ങൾ. ഇത്രയും പ്രളയമുണ്ടായിട്ടും ആ തിരക്കഥ മാത്രം മുങ്ങാതെ രക്ഷപ്പെട്ടതു വരാനിരിക്കുന്ന എന്തോ അദ്ഭുതത്തിനുവേണ്ടിയാണെന്നു ഞങ്ങൾ കരുതുന്നു.

വി.ആർ. ജ്യോതിഷ്

വര: അരുൺഗോപി

ഫോട്ടോ: ടിബിൻ അഗസ്റ്റിൻ