Tuesday 12 February 2019 12:09 PM IST

ഇരുട്ടിലേക്ക് പടിയിറങ്ങി പോയതാണ് ഉപ്പയും ഉമ്മയും.. അവർ എന്നെങ്കിലും തിരികെ വരുമോ? ഈ കുഞ്ഞുമക്കൾ ചോദിക്കുന്നു

Roopa Thayabji

Sub Editor

kottayam-missing1
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

റമസാൻ നോമ്പ് തുടങ്ങിയതോടെ ഫിദയും അനിയൻ മുഹമ്മദും നിസ്കാരപ്പായിൽ നിന്നെഴുന്നേൽക്കാതെ ദുവാ ചെയ്യുന്നത് ഉമ്മയും ഉപ്പയും അപകടമൊന്നും കൂടാതെ തിരികെ വരണേ എന്നാണ്. രാത്രിഭക്ഷണം വാങ്ങാനായി പുറത്തുപോയ ഹാഷിം– ഹബീബ ദമ്പതികളുടെ തിരോധാനം നാടിനു ഞെട്ടലായപ്പോൾ ഒരു രാത്രി കൊണ്ട് തനിച്ചായിപ്പോയ കുട്ടികളാണിവർ.

കോട്ടയം അറുപറ ഒറ്റക്കണ്ടത്തിൽ വീടിന്റെ മുൻവാതിൽ കഴിഞ്ഞ രണ്ടുമാസത്തിലേറെയായി തുറന്നുകിടക്കുകയാണ്, ആരുടെയോ വരവ് പ്രതീക്ഷിച്ച പോലെ. ഉമ്മറത്തെ ചാരുകസേരയിൽ അബ്ദുൽ ഖാദറുണ്ട്, ഹാഷിമിന്റെ പിതാവ്. പുറത്തെ റോഡിലേക്ക് കണ്ണയച്ചിരിക്കുന്ന ഈ എഴുപതുകാരനാണ് ഫിദയുടെയും മുഹമ്മദിന്റെയും പ്രാർഥനകൾക്ക് കൂട്ട്. കരളുരുകുന്ന വേദന പുറത്തുകാട്ടാതെ, കൊച്ചുമക്കളെ ചേർത്തുപിടിച്ച് ഇദ്ദേഹം ഒരു നിമിഷം ഇരുണ്ട ആകാശത്തേക്ക് നോക്കി, വെളിച്ചത്തിന്റെ ഒരു കണികയെങ്ങാനും ഉണ്ടോയെന്ന് തിരയുംപോലെ.

കുമരകം ഇല്ലിക്കൽ പാലത്തിനരികിലെത്തിയാൽ ഇവരുടെ കഥ മീനച്ചിലാറ് പറഞ്ഞുതരും. അണപൊട്ടിയ സന്തോഷങ്ങളുടെ, നീണ്ട നെടുവീർപ്പുകളുടെ, മറച്ചുവച്ച നിരാശയുടെ ഒരുപാടു കഥകൾ കേട്ട പുഴയ്ക്ക് ഈ പ്രാർഥനയും കണ്ണീരും എങ്ങനെ കണ്ടില്ലെന്ന് നടിക്കാനാകും?

അബ്ദുൽ ഖാദറിന്റെയും ആനുമ്മയുടെയും മൂന്നു മക്കളിൽ ഏറ്റവുമിളയതാണ് ഹാഷിം. സഹോദരി റഹ്മത്ത് കുടുംബ സമേതം മസ്കത്തിലാണ്. ജ്യേഷ്ഠൻ സാദിഖും ഗൾഫിൽ. കലക്ടറുടെ ഓഫിസിൽ സ്റ്റാഫായിരുന്ന അബ്ദുൽ ഖാദർ വിരമിച്ചപ്പോൾ കിട്ടിയ തുകയ്ക്കാണ് അറുപറയിലെ സ്ഥലത്ത് പുതിയ വീടുവച്ചത്. ഭാഗം വച്ചപ്പോൾ കുടുംബവീടും സ്ഥലവും മൂത്ത രണ്ടുമക്കൾക്കും അറുപറയിലെ വീട് ഹാഷിമിനും നൽകി. ഹാഷിം വീടിനോടു ചേർന്നുള്ള കടമുറിയിൽ കച്ചവടം നടത്തിയിരുന്നു. മക്കളായ ഫിദയ്ക്കും മുഹമ്മദിനുമൊപ്പം സന്തോഷത്തോടെ കഴിഞ്ഞു വരുന്നതിനിടെയാണ് കഴിഞ്ഞ റമസാൻ കാലത്ത് ഹാഷിമിന്റെ ഉമ്മയുടെ മരണം. ഉമ്മയുടെ വേർപാടോടെ മകൻ വലിയ വിഷമത്തിലായിരുന്നു എന്ന് അബ്ദുൽ ഖാദർ പറയുന്നു.  

‘‘ഉമ്മയുടെ മരണം ഏറ്റവുമധികം ബാധിച്ചത് ഹാഷിമിനെയാണ്. ആധി കയറി മാനസിക പ്രശ്നങ്ങൾ കാണിച്ചുതുടങ്ങി, ഉറക്കമില്ല. ഇപ്പോൾ ആറുമാസമായി യാതൊരു പ്രശ്നങ്ങളുമില്ലാതെ മുന്നോട്ടു പോകുകയായിരുന്നു.’’  

kottayam-missing2

ആ രാത്രി വരാതിരുന്നെങ്കിൽ

ഏപ്രിൽ ആറിന് കോട്ടയത്ത് ഹർത്താലായിരുന്നു. വീട്ടുമുറ്റത്തെ ഹാഷിമിന്റെ കട അന്നും തുറന്നിരുന്നു. രാത്രി കടയടച്ചു വന്ന ശേഷം പുറത്തുപോയി ഭക്ഷണം കഴിച്ചാലോ എന്നു പ്ലാൻ ചെയ്തത് ഹാഷിമാണ്. മോൻ നേരത്തേ ഭക്ഷണം കഴിച്ചതിനാൽ പാഴ്സൽ വാങ്ങിവരാമെന്നു തീരുമാനിച്ചു. രാത്രി ഹാഷിമിനെ ഒറ്റയ്ക്കു വിടാൻ പേടിച്ചിട്ടാണ് ഹബീബ കൂടെ ഇറങ്ങിയത്. പിന്നീട് സംഭവിച്ചതെന്തെന്ന് ആർക്കുമറിയില്ല.

അറുപറയിൽ നിന്ന് കോട്ടയത്ത് പോയി മടങ്ങിയെത്താൻ ഒരുമണിക്കൂർ ധാരാളം. 11 മണിയായിട്ടും കാണാതിരുന്നപ്പോൾ പുതിയ വണ്ടി ഓടിച്ചുനോക്കാനുള്ള പതിവുയാത്രയിലാകുമെന്നേ അബ്ദുൽ ഖാദർ കരുതിയുള്ളൂ. ‘‘ഒരു മാസം മുമ്പാണ് പുതിയ വാഗൺ ആർ വാങ്ങിയത്. വണ്ടി കൈത്തഴക്കം വരാനായി ഇങ്ങനെ പോകുന്ന ശീലമുണ്ട്.’’
പക്ഷേ, രാത്രി ഒരു മണിയായിട്ടും ഇരുവരെയും കാണാത്തതിനെ തുടർന്ന് വിളിച്ചുനോക്കിയപ്പോൾ മൊബൈൽ ഫോൺ അകത്തെ മുറിയിലിരുന്ന് ബെല്ലടിക്കുന്നു. പഴ്സും എടിഎം കാർഡും ലൈസൻസും പാൻ കാർഡുമെല്ലാം വീട്ടിൽ തന്നെയുണ്ടായിരുന്നു. കടയിൽ നിന്ന് പോരുമ്പോൾ പോക്കറ്റിലെടുത്തുവച്ച കുറച്ചു പണമേ ആകെ ഉണ്ടാകാൻ സാധ്യതയുള്ളൂ. ബന്ധുക്കളുടെ വീടുകളിലൊക്കെ രാത്രി തന്നെ വിളിച്ചന്വേഷിച്ചു. പിറ്റേന്ന് വെളുപ്പിന് കുമരകം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പുതിയ കാർ സ്വന്തമാക്കാൻ തട്ടിക്കൊണ്ടു പോയെന്നായിരുന്നു സംശയം.

അഭ്യൂഹങ്ങൾ പലത്

മൊബൈൽ ഫോൺ കൈയിലില്ലാത്തതിനാൽ ടവർ ലൊക്കേഷൻ വച്ച് കണ്ടെത്താനുള്ള സാധ്യത നഷ്ടമായി. രജിസ്ട്രേഷൻ ചെയ്തിട്ടില്ലാത്തതിനാൽ കാറിന്റെ നമ്പർ പിന്തുടരാനുമാകില്ല. ഹാഷിമിന്റെ വീടിന് അര കിലോമീറ്റർ അപ്പുറമുള്ള ഒരു വീടിനു മുന്നിലെ സിസിടിവിയിൽ ഈ കാർ കടന്നുപോകുന്ന ദൃശ്യം പതിഞ്ഞിരുന്നു. ഒരു കിലോമീറ്റർ അപ്പുറമുള്ള മറ്റൊരു വീടിനു മുന്നിലെ ക്യാമറയിൽ കാറിന്റെ ദൃശ്യമില്ല. ഈ രണ്ട് ക്യാമറകൾക്കുമിടയിൽ നിരവധി ചെറുവഴികളുണ്ടെങ്കിലും കാർ കടന്നുപോയതായി വിവരമൊന്നുമില്ല. കാർ മീനച്ചിലാറ്റിൽ വീണിരിക്കാം എന്ന ഊഹത്തെ തുടർന്ന് നേവിയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി. കാമറ ഉപയോഗിച്ച് പുഴയുടെ അടിത്തട്ട് ചിത്രീകരിക്കുകയും സംശയം തോന്നിയയിടങ്ങളിൽ മുങ്ങി പരിശോധിക്കുകയാണു ചെയ്തത്. പക്ഷേ, യാതൊരു വിവരവും ലഭിച്ചില്ല.

ഹാഷിമിന്റെയും ഹബീബയുടെയും ഫോട്ടോയും വിവരങ്ങളും അടങ്ങിയ പോസ്റ്ററുകള്‍ സംസ്ഥാനത്തിനകത്തും പുറത്തും പതിപ്പിച്ചു. പത്രങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസും കൊടുത്തു. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ വി വിധ സംസ്ഥാനങ്ങളിലെ മലയാളി അസോസിയേഷനുകളുമായി ചേര്‍ന്നും അന്വേഷണം നടത്തി. ഈ ദമ്പതികളോട് സാമ്യമുള്ളവരെ പല സ്ഥലത്തും കണ്ടുവെന്നു പറഞ്ഞ് ദിവസവും ഫോൺ കോളുകൾ വരും.

പത്തനംതിട്ട സ്വദേശിയായ അധ്യാപിക ട്രെയിനിൽ വച്ച് ഇരുവരെയും കണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത് ഹാഷിമും ഹബീബയുമല്ലെന്ന് ഉറപ്പിച്ചു. വാഗമൺ, ഇടുക്കി മലനിരകളിലും കൊക്കകളിലും ഹെലിക്യാം ഉപയോഗിച്ച് പരിശോധന നടത്തി. അയൽസംസ്ഥാനങ്ങളിലെ പൊലീസിനും വിവരങ്ങൾ കൈമാറി. പൊലീസിന്റെ അനാസ്ഥയാണ് ദമ്പതികളെ കണ്ടെത്താത്തതിനു കാരണമെന്നാരോപിച്ച് നാട്ടുകാർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് ആരാധനാലയങ്ങളിലും മറ്റിടങ്ങളിലും നേരിട്ടുപോയി അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവുമില്ല.

സാമ്പത്തികപ്രയാസമോ കടബാധ്യതകളോ ഹാഷിമിനില്ലായിരുന്നുവെന്ന് സഹോദരി പറയുന്നു. ‘‘ആരോടും വലിയ സൗഹൃദവും ശത്രുതയും ഹാഷിമിനില്ല. കൂട്ടു ബിസിനസും ഇല്ലായിരുന്നു. വീടിനോടുചേർന്ന് മുറി ഇറക്കാൻ ഈയിടെയാണ് തീരുമാനിച്ചത്. അതിനു മുന്നോടിയായി ബാത്റൂം മാറ്റിപ്പണിതു. പണി തീർന്നതിന്റെ പിറ്റേന്നാണ് ഇവരെ കാണാതായത്. ഹാഷിമിന് നേരത്തേ തന്നെ പാസ്പോർട്ടുണ്ട്. വെക്കേഷന് മക്കളെയും ഹബീബയെയും കൂട്ടി മസ്കത്തിലേക്ക് വരാൻ പ്ലാൻ ചെയ്തിരുന്നു. ഇവരെ കാണാതായി ഒരാഴ്ച കഴിഞ്ഞാണ് ഹബീബയുടെ പാസ്പോർട്ട് പോസ്റ്റിൽ വന്നത്.’’

kottayam-missing3

ഫിദയും മുഹമ്മദും പറയുന്നു

അനിയനുമായി വഴക്കുണ്ടാക്കുന്നതിനാണ് ഫിദയെ എപ്പോഴും ഉമ്മ വഴക്കുപറഞ്ഞിരുന്നത്. ഇപ്പോൾ അനിയന്റെ കാര്യങ്ങൾ കൂടി നോക്കുന്നത് താനാണെന്ന് ഫിദ പറയുന്നു. ‘‘ഉമ്മ വരുമ്പോൾ ഞങ്ങൾ വഴക്കുണ്ടാക്കുന്നതു കണ്ടാൽ വിഷമമാകും. കഴിഞ്ഞ നോമ്പുസമയത്ത് തലചുറ്റൽ വന്നിട്ട് ഒരാഴ്ച ഉമ്മ വീട്ടിൽ പോയി നിന്നിരുന്നു. അന്ന് എല്ലാം നോക്കിയത് ഉമ്മൂമ്മയായിരുന്നു. ഇപ്പോൾ ഉമ്മൂമ്മയും കൂടെയില്ല.

അവധി വന്നാൽ ഞങ്ങളെയും കൊണ്ട് കറങ്ങാൻ പോകുന്നതായിരുന്നു വാപ്പയുടെ പ്രധാനപരിപാടി. ആലപ്പുഴ ബീച്ചിൽ പോകും, സിനിമ കാണും. സ്കൂളിലെ ആവശ്യങ്ങൾക്ക് വാപ്പയും ഉമ്മയും ഒന്നിച്ചാണ് വരാറുള്ളത്. ടീച്ചർമാർ പോലും ചോദിച്ചിട്ടുണ്ട്, രണ്ടുപേരും എന്തിനാ ഒന്നിച്ചുവരുന്നതെന്ന്. ഞാൻ ഒമ്പതിലാണ്, അനിയൻ അഞ്ചിലും. ഈ വർഷം പുതിയ ബാഗ് വാങ്ങി തന്നത് വാപ്പയുടെ പെങ്ങളാണ്. മുഹമ്മദിനെ ഉമ്മയാണ് കൂടെയിരുത്തി പഠിപ്പിക്കാറ്. ഇപ്പോൾ അവനെ ട്യൂഷന് ചേർത്തു.

നോമ്പുതുറക്കാൻ എന്തു വേണമെന്നു പറഞ്ഞാലും ഉമ്മ ഉണ്ടാക്കിത്തരും. മാർച്ച് 23ന് എന്റെ പിറന്നാളായിരുന്നു. അന്ന് ഉമ്മ പായസം വച്ച് എല്ലാവർക്കും കൊടുത്തു. ഉമ്മയുടെയും ഉപ്പയുടെയു വിവാഹവാർഷികം ഏപ്രിൽ ഇരുപത്തിയൊന്നിനായിരുന്നു. അത് അവരില്ലാതെ കടന്നുപോയി. ഉമ്മയുണ്ടാക്കുന്ന മിക്സ്ചറാണ് എനിക്ക് ഏറ്റവുമിഷ്ടം. ഇപ്പോൾ മിക്സ്ചർ കാണുമ്പോൾ പോലും കരച്ചിൽ വരും.’’ ഫിദയുടെ കൺകോണിൽ നനവ് പടർന്നു.

ഹാഷിമിന് 42ഉം ഹബീബയ്ക്ക് 37ഉം പ്രായം. രണ്ടുപേരും ജീവിച്ചിരിപ്പുണ്ടാകും എന്നുതന്നെയാണ് അബ്ദുൽ ഖാദറിന്റെ പ്രതീക്ഷ. ‘‘അപകടം സംഭവിച്ചു എന്നു കേൾക്കാനുള്ള ശക്തിയില്ല. മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് പൊലീസ് മേധാവി പി. സെൻകുമാർ നേരിട്ടെത്തി ആശ്വസിപ്പിച്ചിരുന്നു. തുമ്പൊന്നും കിട്ടാതെ ബുദ്ധിമുട്ടുമ്പോൾ പ്രാർഥനയാണ് ഞങ്ങളുടെ ശക്തി. നോമ്പെടുത്ത് ദുവാ ചെയ്യുന്നുണ്ട്. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പോലും മുറ്റത്തെ ഓരോ ചുവടനക്കവും ശ്രദ്ധിക്കും. ഒരു ഇരുട്ടിലല്ലേ അവർ മറഞ്ഞത്, മറ്റൊരു ഇരുട്ടിൽ തിരികെ വന്നെങ്കിലോ?’’