ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള നെല്ലായ് ആണ് എന്റെ വീട്. കാളൻ നെല്ലായി കുടുംബാംഗമാണ്. ഒരുകാലം വരെ കാളന്‍നെല്ലായ് എന്നു പറഞ്ഞാൽ കേരളം മുഴുവൻ അറിയാമായിരുന്നു. ആയുർവേദചികിത്സയിലും മരുന്നുകളിലും ഏറെ പ്രശസ്തരായിരുന്നു കാളൻ നെല്ലായ്ക്കാർ. അത്യാവശ്യം സമ്പന്നരാണ് ഞങ്ങളുടെ കുടുംബം.
അമ്മ മാർഗലീത്തായും ഇന്നസെന്റും കൂടിയാണ് എന്നെ പെണ്ണു കാണാൻ വന്നത്. അതിനു കാരണമുണ്ട്. ഞങ്ങൾ തമ്മിൽ അകന്ന ബ ന്ധമുണ്ട്. എന്റെ അമ്മാമ്മയുടെ കസിനാണ് ഇ ന്നസെന്റ്. അമ്മയും ഇന്നസെന്റും വീട്ടിൽ വന്നപ്പോൾ ഭാഗ്യത്തിന് അമ്മാമ്മ ഉണ്ടായിരുന്നു. ആ ദിവസം എനിക്ക് നല്ല ഓർമയുണ്ട്. അന്നൊക്കെ പ്രായപൂർത്തിയായ പെൺമക്കളുള്ള വീട്ടിൽ മാതാപിതാക്കൾക്ക് ആധിയാണ്. ഇരുപതു വയസ്സിനു മുൻപേ അവരെ കെട്ടിച്ച് അയച്ചാലേ അവർക്ക് സമാധാനമുള്ളു. മാസത്തിൽ ഒരു ചെറുക്കനെങ്കിലും പെണ്ണു കാണാൻ വരും എന്നത് ഞങ്ങളുടെ വീടുകളിൽ സാധാരണമായിരുന്നു.
ഇന്നസെന്റ് വീട്ടിൽ വന്ന നിമിഷം തന്നെ അ മ്മാമ്മയുടെ തോളിൽ കയ്യിട്ട് എന്തോ തമാശ പ റഞ്ഞു. അതുകേട്ട് അമ്മാമ്മ ഭംഗിയായി ചിരിച്ചു. ആ നിമിഷം തന്നെ അമ്മാമ്മ ഇന്നസെന്റിന്റെ ആരാധികയായി മാറി എന്നു ഞങ്ങൾക്കു തോന്നി.
മറ്റുള്ളവരെ സോപ്പിടാൻ ഇന്നസെന്റിന് അ പാരമായ കഴിവുണ്ടെന്ന് അന്നു തന്നെ മനസ്സിലായി. ഇന്നസെന്റ് പോയി കഴിഞ്ഞപ്പോൾ എന്നോട് അപ്പൻ ചോദിച്ചു; ‘എങ്ങനെയുണ്ട് ചെറുക്കൻ? ഇഷ്ടപ്പെട്ടോ...?’ അപ്പൻ അങ്ങനെ ചോദിക്കാൻ കാരണമുണ്ട്. എന്നെ പെണ്ണു കാണാൻ വരുന്ന അഞ്ചാമത്തെ ആളാണ് ഇന്നസെന്റ്. അതിനു മുൻപ് നാലു പേർ വന്നിരുന്നു. അ തിൽ ഒരാൾ ജ്വല്ലറി ഉടമയായിരുന്നു. അന്നത്തെക്കാലത്ത് ജ്വല്ലറികൾ എന്നു പറഞ്ഞാൽ ചെറിയ ചെറിയ സ്വർണക്കടകളാണ്.
എങ്കിലും ഇന്നത്തെപ്പോലെ വലിയ കടകളൊന്നും ഇല്ലാതിരുന്നതുകൊണ്ട് ഒരു നാടിന്റെ മൊത്തം സ്വർണ കച്ചവടവും ആ കടകളിലായിരിക്കും. അങ്ങനെയുള്ള ഒരു കടക്കാരന്റെ സാമ്പത്തികാവസ്ഥ ഊഹിക്കാവുന്നതാണല്ലോ?
മറ്റൊരാൾ ബാങ്ക് ഉദ്യോഗസ്ഥന്‍. ബാങ്കിലെ ജോലി എന്നു പറഞ്ഞാല്‍ സമൂഹത്തിൽ വ ലിയ നിലയും വിലയുമാണ്. എങ്കിലും എന്നെ കാണാൻ വന്ന ആ നാലുപേരെയും എന്തുകൊണ്ടോ എനിക്കു ഇഷ്ടപ്പെട്ടില്ല. ഈ ആലോചനകൾ ഞാൻ വേണ്ടെന്നു വച്ചത് അപ്പനെ ചിലപ്പോൾ വേദനിപ്പിച്ചിട്ടുണ്ടാവും. അതുകൊണ്ടാകാം എങ്ങനെയുണ്ട് ചെറുക്കൻ എന്ന് അപ്പൻ ചോദിച്ചത്.
‘എന്റെ മറുപടി പെട്ടെന്നായിരുന്നു; ‘എനിക്ക് ഒരുപാട് ഇഷ്ടമായി.’ എന്തോ ഇന്നസെന്റിനെ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായിരുന്നു. മാത്രമല്ല അമ്മാമ്മയോടുള്ള പെരുമാറ്റവും ശ്രദ്ധിച്ചു. ഉള്ളിലെ സ്േനഹം പ്രകടിപ്പിക്കാനറിയാവുന്ന ഒരാളാണ് ഇന്നസെന്റെന്നു തോന്നി.
ഇന്നത്തെപ്പോലെ ചെറുക്കനും പെണ്ണും തമ്മിൽ കാണുകയോ സംസാരിക്കുകയോ ചെയ്യുന്ന ഏർപ്പാടൊന്നും അന്നില്ല. കാരണവന്മാർ ചേർന്ന് നിശ്ചയിക്കും. പെൺകുട്ടികൾ അനുസരിക്കും അതാണു കാലം. ഞങ്ങളുടെ വീട്ടുകാർ കുറച്ചുകൂടി പുരോഗമനപരമായി ചിന്തിക്കുന്ന കൂട്ടത്തിലായിരുന്നു അതുകൊണ്ടാണ് അവർ ഞങ്ങൾക്ക് പരസ്പരം കാണാനുള്ള അവസരം ഉണ്ടാക്കിയത്.
പരസ്പരം കണ്ടു. ഇഷ്ടപ്പെട്ടു. ‘പേര് എന്താ?’ എന്നു മാത്രമാണ് ചോദിച്ചത്. മറ്റുള്ളവരോടൊക്കെ നന്നായി വർത്തമാനം പറഞ്ഞ ആൾ എന്നോട് പേരുമാത്രം ചോദിച്ചു. കൂടുതലെന്തെങ്കിലും ചോദിക്കുമെന്നു
കരുതിയെങ്കിലും ഒന്നും ചോദിച്ചില്ല.
ദാവനഗരെയിലെ ബിസിനസുകാരൻ
‘നാണമായിട്ടാണോ എന്നോട് ഒന്നും സംസാരിക്കാതിരുന്നത്’ എന്നു ചോദിച്ച് പിന്നീട് ഞാൻ കളിയാക്കുമായിരുന്നു. അപ്പോഴാണ് ഒരു ദിവസം എന്നോടു പറയുന്നത്; ‘പേരെന്താ എന്നു ചോദിച്ചു കഴിഞ്ഞാൽ പിന്നെ അടുത്തത് ചോദിക്കേണ്ടത് വിദ്യാഭ്യാസയോഗ്യതയാണ്. അതു ചോദിച്ചു കഴിഞ്ഞാല്‍ ചിലപ്പോള്‍ നീ തിരിച്ച് ഏതുവരെ പഠിച്ചു എന്നെങ്ങാനും എന്നോടു ചോദിക്കും. അപ്പോള്‍ ഞാൻ കുഴയും. കാരണം, എട്ടാം ക്ലാസ് വരെയല്ലേ ഞാൻ പഠിച്ചിട്ടുള്ളു. അതുകൊണ്ടാണ് കൂടുതലൊന്നും സംസാരിക്കാതിരുന്നത്.’ ഇന്നസെന്റ് പറഞ്ഞു.
എനിക്ക് ഇന്നസെന്റിനെ കണ്ടപ്പോൾ തന്നെ ഇഷ്ടമായി. ഇന്നസെന്റിന്റെ അമ്മയ്ക്കും എന്നെ വലിയ ഇഷ്ടമായി. ഈ കല്യാണം നടക്കാൻ വേണ്ടി അമ്മ നേർച്ച േനർന്നു എന്നു പിന്നീട് അറിഞ്ഞു.
കല്യാണത്തിനു മുൻപ് മനസ്സമ്മതം എന്നൊരു പരിപാടിയുണ്ടല്ലോ? അതിനു വന്നപ്പോൾ നല്ല ടെർളിൻ വൈറ്റ് ഷർട്ടും വൈറ്റ് മുണ്ടും ഉടുത്ത് കൈയിൽ നല്ലൊരു വാച്ചും കെട്ടി സുന്ദരനായിട്ടാണ് വന്നത്. എന്തെങ്കിലും സംസാ രിക്കണമെന്ന് എനിക്കു തോന്നി. പക്ഷേ, ഞാൻ നോക്കുമ്പോൾ ഇന്നസെന്റ് വേറെ സ്ഥലത്തേക്കു നോക്കി നിൽക്കുന്നുണ്ടാവും. എനിക്കാണെങ്കിൽ അങ്ങോട്ടു കയറി ഒ ന്നും ചോദിക്കാനും തോന്നുന്നില്ല. മാത്രമല്ല ഇന്നത്തെ കാലമല്ലല്ലോ? കല്യാണം കഴിഞ്ഞ ശേഷമേ സംസാരിക്കാൻ പാടുള്ളൂ എന്ന് അലിഖിത നിയമമുള്ള കാലം. മാത്രമല്ല. ഞങ്ങൾ സംസാരിക്കുന്നുണ്ടോ എന്നൊക്കെ അറിയാൻ കുറച്ചു വല്യമ്മമാർ അങ്ങോട്ടും ഇങ്ങോട്ടും വട്ടംകറങ്ങി നടക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ മനസമ്മത ദിവസം ഞങ്ങൾ മിണ്ടിയതേയില്ല.
അത്യാവശ്യം സ്വത്തൊക്കെ തന്നാണ് എന്നെ കെട്ടിച്ചുവിട്ടത്. 1976 സെപ്റ്റംബർ 26 ന് ആയിരുന്നു ഞങ്ങളുടെ വിവാഹം. എനിക്കന്ന് 20 വയസ്സാണ്. ഭർത്താവിന് ദാവനഗരെയിൽ ബിസിനസ് ആണ്. തീപ്പെട്ടി കമ്പനിയാണെന്നു പറഞ്ഞു. അത് എന്ത് ബിസിനസ് എന്നൊന്നും അന്വേഷിക്കാനോ അറിയാനോയുള്ള ബുദ്ധിയും വിവരവുമൊന്നും എനിക്കില്ല. പിന്നീട് അപ്പൻ ആരെയൊക്കെയോ ഏർപ്പാടാക്കി ഇന്നസെന്റിന്റെ ബിസിനസിനെക്കുറിച്ച് അറിയാൻ. ആ ആൾ ഇന്നസെന്റിന്റെ നാട്ടിൽ വച്ച് അന്വേഷിച്ചത് അദ്ദേ ഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തിനോടാണ്.
ദാവനഗരെയിൽ അഞ്ചു തീപ്പെട്ടിക്കമ്പനിയും നാട്ടിൽ ഒരു തീപ്പെട്ടിക്കമ്പനിയും അങ്ങനെ ആറു തീപ്പെട്ടി കമ്പനിയുള്ള സമ്പന്നനാണ് പ്രതിശ്രുതവരൻ എന്നായിരുന്നു അയാളുടെ റിപ്പോർട്ട്. ഇതുകൂടാതെ ആരൊക്കെയോ പറഞ്ഞിട്ട് അപ്പൻ ഒരാളെ ദാവനഗരെയിലേക്ക് അയച്ചെന്നും അയാൾ അവിടെ ചെന്ന് ഇന്നസെന്റിന്റെ തന്നെ ആതിഥ്യം സ്വീകരിച്ചു തിരിച്ചുപോന്നു എന്നും മറ്റൊരു കഥ ഇന്നസെന്റ് തന്നെ പറഞ്ഞിട്ടുണ്ട്. സത്യമാണോ എന്നറിയില്ല.
ദാവനഗരെയിലേക്ക് ഒരു തീവണ്ടിയാത്ര
കല്യാണം കഴിഞ്ഞ് പതിമൂന്നാം ദിവസം ഞങ്ങൾ ദാവനഗരെയിലേക്കു പോയി. തീവണ്ടിയിലായിരുന്നു യാത്ര. ആദ്യമായാണ് ഞാൻ നാടു വിട്ടു പോകുന്നത്. മാത്രമല്ല ഇത്രയും ദൂരം യാത്ര ചെയ്യുന്നതും ആദ്യം. അപ്പനെയും അമ്മയെയും അമ്മമ്മയെയും ആങ്ങളമാരെയും വിട്ട് നിൽക്കുന്നതിന്റെ സങ്കടവും വേദനയുമൊക്കെയുണ്ടായിരുന്നു. എന്നാലും ഭർത്താവിന്റെ ബിസിനസ് സ്ഥലത്തേക്കാണല്ലോ പോകുന്നത്. അദ്ദേഹത്തിന്റെ ജോലിത്തിരക്കിൽ താങ്ങും തണലുമൊക്കെയാവേണ്ടതല്ലേ എന്നൊക്കെ വിചാരിച്ച് ആശ്വസിച്ചു.
ജനറൽ കോച്ചിലാണ് യാത്ര. തീവണ്ടിയിൽ റിസർവേഷൻ സൗകര്യം ഉണ്ട് എന്നൊന്നും അറിയില്ലായിരുന്നു. ഇന്നസെന്റ് അതേക്കുറിച്ചൊന്നും പറഞ്ഞിട്ടുമില്ല. ഇരിങ്ങാലക്കുട സ്റ്റേഷനിൽ നിന്നാണു തീവണ്ടി കയറിയത്. അതിനൊരു കാരണമുണ്ടായിരുന്നു. ഇരിങ്ങാലക്കുട കഴിഞ്ഞാൽ അടുത്ത സ്ഥലമാണ് നെല്ലായി. അവിടെ എന്റെ വീട്ടിനടുത്തു കൂടിയാണു തീവണ്ടിപ്പാളം കടന്നു പോകുന്നത്. വീട്ടിൽ നിന്നാൽ ട്രെയിൻ പോകുന്നതു കാണാം. വീടും വീട്ടുകാരെയും ഒന്നുകൂടി കാണാമെന്നതായിരുന്നു എെന്‍റ മോഹം. ഞങ്ങൾ തീവണ്ടിയിൽ സുരക്ഷിതരായി കയറി എന്നു വീട്ടുകാരെ അറിയിക്കാൻ ഒരു അടയാളവും ഞങ്ങൾ കരുതി വച്ചിരുന്നു. തീവണ്ടി വീടിനടുത്ത് എത്തുമ്പോൾ കയ്യിൽ കരുതിയിരുന്ന പൂവ് വീട്ടിലേക്ക് എറിയും. അതായിരുന്നു അടയാളം.
തീവണ്ടിയുടെ വാതിൽക്കൽ നിന്ന് ഞങ്ങള്‍ പൂവ് വീട്ടിലേക്ക് എറിഞ്ഞു. വീട്ടുമുറ്റത്ത് കാത്തുനിന്നിരുന്ന പ്രിയപ്പെട്ടവരെയെല്ലാം കണ്ടു. വീട്ടുകാർ മാത്രമല്ല എന്റെ അയൽപക്കക്കാരും നാട്ടുകാരുമൊക്കെയുണ്ടായിരുന്നു അക്കൂട്ടത്തിൽ. വീടിനു മുന്നിൽ നിൽക്കുന്ന ആൾക്കൂട്ടത്തെ കണ്ടപ്പോൾ എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല.
ഇന്നത്തെക്കാലത്ത് ഇങ്ങനെയൊരു യാത്ര പറച്ചിൽ നമുക്കു സങ്കല്പിക്കാൻ കഴിയുമോ?
കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഞാൻ സീറ്റിലേക്കു മടങ്ങി. ഇന്നസെന്റ്് എന്തൊക്കെയോ പറഞ്ഞ് എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എനിക്കു പക്ഷേ, വിഷമം വിട്ടുമാറുന്നില്ല. നേരം ഉച്ച കഴിഞ്ഞിരുന്നു. വെയിൽ വാടിത്തുടങ്ങി. അതോടെ മനസ്സ് കൂടുതൽ അസ്വസ്ഥമാകാൻ തുടങ്ങി. എങ്കിലും തൃശൂർ എത്തിയപ്പോൾ എനിക്ക് വലിയ ആശ്വാസമായി. കാരണം മറ്റൊന്നുമല്ല എന്റെയൊരു കസിൻ സിസ്റ്റർ തൃശൂരിൽ നിന്നു ട്രെയിനില്‍ കയറി. അവളും ബെംഗളൂരുവിലേക്കായിരുന്നു. അങ്ങനെ ഞങ്ങൾ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞ് പിറ്റേന്നു രാവിലെ ബെംഗളൂരുവില്‍ എത്തി.
റെയില്‍വേസ്റ്റേഷനിലെ വെയിറ്റിങ്റൂമില്‍ പ്രഭാതകർമങ്ങളൊക്കെ നിർവഹിച്ചു. ഹോട്ടലിൽ മുറിയെടുക്കാനുള്ള പൈസ ഇന്നസെന്റിന്റെ കയ്യിൽ ഇല്ലായിരുന്നു അതുകൊണ്ടാണ് ഇങ്ങനെ വേണ്ടിവന്നത് എന്നൊന്നും എനിക്ക് അറിഞ്ഞുകൂടായിരുന്നു. പിന്നെ, ഞങ്ങൾ പെട്ടികൾ ക്ലോക്ക്റൂമിൽ ഏൽപ്പിച്ചു. പെട്ടിയിൽ അത്യാവശ്യം വേണ്ട ഡ്രസ് ഉണ്ട്. പിന്നെ, അന്നത്തെക്കാലത്ത് ദൂരയാത്ര പോകുന്നവർ കൊണ്ടുപോകുന്നതുപോലെ അച്ചാർ, അവലോസു പൊടി, അവലോസ് ഉണ്ട, അച്ചപ്പം അങ്ങനെ കുറച്ച് സാധനങ്ങൾ. ഇതൊന്നും പൊതിഞ്ഞെടുക്കേണ്ട എന്ന് ഇന്നസെന്‍റ് പലവട്ടം പറഞ്ഞതാണ്. പക്ഷേ, വീട്ടുകാർ നിർബന്ധിച്ച് എല്ലാം തന്നുവിടുകയായിരുന്നു.
ബെംഗളൂരുവില്‍ നിന്ന് ദാവനഗരെയിലേക്ക് വൈകുന്നേരമേ ട്രെയിൻ ഉള്ളു. അതുവരെ നഗരകാഴ്ചകൾ കാണാൻ വേണ്ടി പുറപ്പെട്ടു. നടന്നും കുതിരവണ്ടിയിലുമൊക്കെയായിരുന്നു കറക്കം. പൂന്തോട്ടങ്ങളുടെ നഗരമാണല്ലോ ബെംഗളൂരു. പൂന്തോട്ടങ്ങളുടെ നിറഭേദങ്ങൾ ജീവിതത്തിലും ഉണ്ടാവും എന്നായിരുന്നു പ്രതീക്ഷ. മാത്രമല്ല, പുതിയൊരു ജീവിതം തുടങ്ങാനുള്ള തയാറെടുപ്പിലുമായിരുന്നു. എവിടെയൊക്കെയോ അലഞ്ഞ്, എവിടെ നിന്നൊക്കെയോ ആഹാരവും കഴിച്ച് വൈകുന്നേരം ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ തിരിച്ചെത്തി.
സകലകലാവല്ലഭനായ ഭർത്താവ്
പിറ്റേന്നു രാവിെല ഞങ്ങൾ ദാവനഗരെയിൽ എത്തി. ശാപന്നൂർ എന്ന സ്ഥലത്തേക്കാണു പോകേണ്ടിയിരുന്നത്. അവിടേക്കു കുതിരവണ്ടിയിലായിരുന്നു യാത്ര. വണ്ടിക്കാരനോട് ഇന്നസെന്റ് ഹിന്ദിയിലും കന്നടയിലുമൊക്കെ സംസാരിക്കുന്നതു കേട്ടപ്പോൾ ഞാൻ അഭിമാനം കൊണ്ടു. എന്റെ ഭർത്താവ് മിടുക്കനും സകലകലാവല്ലഭനുമാണെന്നു തന്നെ തോന്നി. ഇദ്ദേഹത്തെ കുറച്ചുകൂടി ബഹുമാനിക്കണമെന്നു മനസ്സുകൊണ്ടു തീരുമാനിച്ചു.
ഒരു ചെറിയ വീടിനു മുന്നിലാണ് കുതിരവണ്ടി നിന്നത്. ഒരു മുറിയും അടുക്കളയും ചെറിയൊരു വരാന്തയും മാത്രമുള്ള വാടക വീട്. നാട്ടിൽ സാമാന്യം നല്ല വീട്ടിൽ താമസിച്ച എനിക്ക് ആ വീടു കണ്ടപ്പോൾ ആദ്യം വിഷമമായി. എങ്കിലും പുതിയൊരു ജീവിതം തുടങ്ങുകയാണല്ലോ എന്നോർത്തു സമാധാനവും സന്തോഷവും ഉണ്ടായി.
അടുക്കളയിൽ ഒന്നും ഉണ്ടായിരുന്നില്ല. അടുപ്പു പോ ലും. അടുപ്പിനു പകരം നിലത്ത് മൂന്നു കല്ലുകൾ വച്ചിരുന്നു. അവിടെയാണു പാചകം ചെയ്യേണ്ടത്. ഞാൻ അന്ന് നന്നായി മെലിഞ്ഞിട്ടായിരുന്നതുകൊണ്ട് തറയിൽ ഇരുന്ന് പാചകം ചെയ്യാനൊന്നും വിഷമമുണ്ടായില്ല.
മാത്രമല്ല ഒരുപാടു വിഭവങ്ങൾ പാചകം ചെയ്യാനും ഉ ണ്ടായിരുന്നില്ല. എല്ലാ ദിവസവും രാവിലെ ഉപ്പുമാവ്, ഉച്ചയ്ക്കും വൈകുന്നേരവും ചോറും വഴുതനങ്ങ ഉപ്പേരിയും തൈരും. ഞങ്ങൾ അവിടെ താമസിച്ച രണ്ടുമാസവും ഇതായിരുന്നു സ്ഥിരം. ആഹാരം. നാട്ടിൽ നിന്നു കൊണ്ടുപോയ അച്ചാറും ഉപ്പേരിയും തീർന്നപ്പോൾ പിന്നെ, വഴുതനങ്ങ മാത്രമായി. വഴുതനങ്ങ കഴിച്ച് മടുത്തപ്പോൾ ഒരു ദിവസം ഞാൻ ചോദിച്ചു. എന്താ വഴുതനങ്ങ ഇത്രയ്ക്കും ഇഷ്ടമാണോ ഇന്നസെന്റിന്?
‘പിന്നേ.... ഒരു ദിവസം വഴുതനങ്ങ കഴിച്ചില്ലെങ്കിൽ എനിക്ക് എന്തോ പോലെയാണ്....അതാ ദിവസവും വഴുതനങ്ങ വാങ്ങിക്കൊണ്ടുവരുന്നത്.’ ചിരിച്ചുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. ഇന്നസെന്റ് പറഞ്ഞത് വിശ്വസിച്ച് ഞാനും വഴുതനങ്ങയെ സ്നേഹിക്കാൻ തുടങ്ങി. മട്ടൻ കറി കഴിക്കുന്നതുപോലെ ഞാനും വഴുതനങ്ങ ഉപ്പേരി കഴിക്കാൻ തുടങ്ങി. പിന്നെ തൈരിനെക്കുറിച്ചു പറയുകയാണെങ്കിൽ സമീപപ്രദേശത്തുള്ള സ്ത്രീകളാണു തൈരു കൊണ്ടുവരുന്നത്. കുടം ഒരു കപ്പ് കൊണ്ട് അടച്ച് അതു തലയിൽ വച്ചാണ് പെണ്ണുങ്ങളുെട വരവ്. ആ കുടത്തിന്റെയും കപ്പിന്റെയും വൃത്തി കണ്ടാൽ പിന്നെ, തൈര് വാങ്ങാനേ തോന്നില്ല. പക്ഷേ വേറെ വഴിയൊന്നുമില്ലല്ലോ?
ദാവനഗരെയിലെ ജീവിതം ഇങ്ങനെ വഴുതനങ്ങയിലും തൈരിലും കൂടിക്കുഴഞ്ഞെങ്കിലും ഇന്നസെന്റിന് എന്നോടുള്ള സ്നേഹത്തിനു മുന്നിൽ അതൊന്നും എനിക്കൊരു പ്രയാസമായി തോന്നിയില്ല.
വി.ആർ. ജ്യോതിഷ്