Monday 08 April 2024 12:14 PM IST : By സ്വന്തം ലേഖകൻ

‘പെരുന്നാളിന് ഞങ്ങൾ നല്ല ഭക്ഷണം കഴിക്കുമ്പോൾ അവർ പട്ടിണിയാകുന്നത് ശരിയല്ലല്ലോ, അതിൽ ജാതിയോ മതമോ നോക്കാറില്ല

kadeeja

ലോകനാഥന്റെ കാരുണ്യം മണ്ണിൽ പെയ്തിറങ്ങുന്ന ചെറിയ പെരുന്നാൾ വന്നെത്തി വന്നെത്തി. നന്മയുടെയും കാരുണ്യത്തിന്റെയും പൂനിലാവ് മനസ്സിൽ പെയ്തു തുടങ്ങുന്നു. നോമ്പും വിശ്വാസവും പെരുന്നാളും മൈലാഞ്ചിച്ചോപ്പും ആഘോഷങ്ങൾക്കു മാറ്റുകൂട്ടുമ്പോൾ മലബാറിലെ ഈ പഴയ മൊഞ്ചത്തിമാർക്കും ചില കഥകൾ പറയാനുണ്ട്. വനിത 2018ൽ പ്രസിദ്ധീകരിച്ച ലേഖനം വായനക്കാർക്കായി ഒരിക്കല്‍ കൂടി...

27–ാം രാവും കലത്തപ്പത്തിന്റെ സ്വാദും–പുലിയാനിക്കോടൻ ഖദീജ

വയനാട് ചുരം കയറി കുന്നുംപറ്റയിലെത്തിയാൽ റോഡ് പിന്നെ നീളുന്നത് ഊട്ടിയിലേക്കാണ്. ചുര മിറങ്ങി വരുന്ന കാറ്റും മഞ്ഞും കാപ്പിയുടെയും ഏ ലത്തിന്റെയും മണവുമൊക്കെയുണ്ട് ഇവിടത്തെ പെരുന്നാളോ ർമകൾക്ക്. ഞങ്ങൾ എട്ടു മക്കളാണ്, മൂന്ന് ആണും അഞ്ചു െപണ്ണും. ഏറ്റവും മൂത്തതായിരുന്നു ഞാൻ. വാപ്പ അബ്ദുൽ റഹിമാന് കച്ചവടവും കൃഷിയുമൊക്കെയായിരുന്നു. ഉമ്മയും ഞങ്ങളും മക്കളുമെല്ലാം പറമ്പിലും പാടത്തുമൊക്കെയായി കൂടും. നെല്ലും ഇഞ്ചിയും കാപ്പിയുമൊക്കെയായി പലവക കൃഷികളുള്ളതിനാൽ അടുക്കളയിൽ കയറി മേശ നിറച്ച് വിഭവങ്ങളൊരുക്കാനൊന്നും സമയം കിട്ടാറില്ല. നോമ്പുകാലത്തെ സ്പെഷൽ പൊടിയരിക്കഞ്ഞിയും പത്തിരിയുമൊക്കെയാണ്. പെരുന്നാളിന് പുതിയ ഡ്രസ് തുന്നാൻ ബാപ്പയാണ് തുണി വാങ്ങുക. പെണ്ണുങ്ങൾക്കെല്ലാം ഒരേ തരത്തിലും ആണുങ്ങൾക്കെല്ലാം ഒരേ തരത്തിലും കുപ്പായം തുന്നും. എട്ടാമത്തെ വയസ്സിൽ നോമ്പെടുത്ത് തുടങ്ങി. ഇടയ്ക്ക് വിശന്നാലും നോമ്പു തുറക്കാൻ സമ്മതിക്കില്ല. അതുകൊണ്ട് നോമ്പു തുറയറിയിച്ച് വെടിയൊച്ച കേൾക്കാൻ കാത്തിരിക്കും. വെടിയൊച്ച കേട്ടില്ലെങ്കില്‍ പിന്നെ ഇരുട്ടു വീഴുന്നതാണ് കണക്ക്. കുട്ടികളൊക്കെ മൂന്നോ നാലോ നോമ്പൊക്കെയേ എടുക്കാറുള്ളൂ.

പെരുന്നാളിന്റെയന്ന് രാവിലെ അടുത്തുള്ള പാവപ്പെട്ടവരുടെ വീട്ടിലേക്ക് അരി കൊണ്ടുപോകുന്നത് എന്റെയും അനിയത്തിയുടെയും ഡ്യൂട്ടിയായിരുന്നു. ഉച്ചയ്ക്ക് ഞങ്ങൾ നല്ല ഭക്ഷണം കഴിക്കുമ്പോൾ അവർ പട്ടിണിയാകുന്നത് ശരിയല്ലല്ലോ. ഇക്കാര്യത്തിൽ ജാതിയോ മതമോ നോക്കാറില്ല. അമ്പലങ്ങളിലേക്ക് ഉത്സവം നടത്താനും അന്നദാനത്തിനും സംഭാവന ചെയ്യും. 12 ാം വയസ്സിലായിരുന്നു എന്റെ കല്യാണം, നിക്കാഹ് പള്ളിയിൽ വച്ച് വീട്ടുകാരെല്ലാം ചേർന്ന് നടത്തി. ആറുമാസം കഴിഞ്ഞ് വീട്ടിൽ വച്ച് ആഘോഷമായി വിവാഹം നടത്തിയാണ് പുയ്യാപ്ലയായ അലവിക്കുട്ടിയുടെ വീട്ടിലേക്കു വിട്ടത്. അതുമൊരു നോമ്പുകാലത്തായിരുന്നു. നോമ്പിന്റെ ആദ്യത്തെ ദിവസങ്ങളിൽ മരുമക്കളെ വിരുന്നു വിളിക്കുന്ന ചടങ്ങുണ്ട്. പത്തിരിയും കറികളുമാണ് അന്നുണ്ടാക്കുക. രാത്രി ചോറിൽ കുഴച്ചു കഴിക്കാൻ മൈസൂർ പഴം കൊടുക്കണം.

നോമ്പുകാലം വരുമ്പോൾ തന്നെ നെല്ലുകുത്തി അരിയാക്കി, ഇതു കുതിർത്ത് ഉരലിൽ ഇടിച്ചെടുത്ത്, മുറത്തിലിട്ട് തെള്ളിയെടുത്ത്, മൺചട്ടിയിൽ വറുത്തുവയ്ക്കും. പത്തിരിക്കും പലഹാരത്തിനുമെല്ലാം ഈ മാവാണ് എടുക്കുക. 27–ാം രാവിന്റെയന്നാണ് കലത്തപ്പം ചുടുക. നെല്ലുകുത്തിയ അരിയുടെ പൊടിയിലേക്ക് ശർക്കര ഉരുക്കിയൊഴിച്ച് ജീരകം വറുത്തതും ചുവന്നുള്ളി വറുത്തതും ചേർത്ത് ദോശമാവിന്റെ പരുവത്തിൽ കുഴയ്ക്കും. വിറകടുപ്പിൽ നന്നായി കനൽ കൂട്ടിയിട്ട് എണ്ണയൊഴിച്ച മൺചട്ടിയിലേക്ക് മാവൊഴിച്ച് വയ്ക്കും. മറ്റൊരു ചട്ടിയിൽ കനൽ കോരിയിട്ട് മുകളിൽ വയ്ക്കും. രണ്ടുവശത്തുനിന്നും നന്നായി ചൂടെത്തി പാകത്തിനു വെന്തുവരുന്ന കലത്തപ്പത്തിന് നോമ്പിന്റെ രുചിയാണ്.

പെരുന്നാളിന്റെയന്ന് വീട്ടിൽ വളർത്തുന്ന കോഴിയെ പള്ളിയിൽ കൊണ്ടുപോയി അറുത്ത് കൊണ്ടുവന്ന് കറിയാക്കും. പ ള്ളിയിൽ നിന്ന് നിസ്കാരം കഴിഞ്ഞ് ആണുങ്ങളെത്തിയാൽ ഒന്നിച്ചാണ് കഴിക്കുന്നത്, ഒന്നിച്ചെന്നു പറഞ്ഞാൽ ഒരുപാത്രത്തിൽ നിന്നുതന്നെ. നടുവിൽ കുഴിയുള്ള വലിയ പിഞ്ഞാണത്തിൽ നെയ്ച്ചോറും കോഴിക്കറിയും ചേർത്ത് കുഴച്ച് വട്ടത്തിലിരുന്നാണ് കഴിക്കുക. കഴിക്കാൻ അധികം ആളുകളുണ്ടെങ്കിൽ രണ്ടോ മൂന്നോ പാത്രത്തിൽ വിളമ്പും, അത്ര തന്നെ.’