Saturday 26 November 2022 02:27 PM IST

‘പടച്ചവന്റെ പ്രീതിയല്ലാതെ മറ്റൊരു കൂലി ഞാൻ ആഗ്രഹിക്കുന്നില്ല; കാരണം ഇത് വലിയൊരു നിയോഗമാണ്’: പുണ്യാനുഭവങ്ങളുടെ കഥ

Binsha Muhammed

1I5A6473 ഫോട്ടോ: അരുണ്‍ പയ്യടിമീത്തല്‍

35 വര്‍ഷമായി കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ട് വിശ്വാസികളെ അറിയിക്കാനുള്ള ഭാഗ്യം ലഭിച്ച എ. ടി. േകായ തന്‍റെ അനുഭവങ്ങളുെട കിസ പറയുന്നു...

കുടിനീർ പോലും ഇറക്കാത്ത ആത്മസംസ്കരണത്തിന്റെ മുപ്പതു പകലുകളും തറാവീഹും തസ്ബീഹും ശീലമാക്കുന്ന മുപ്പത് രാവുകളും കഴിഞ്ഞാൽ വിശ്വാസി സമൂഹം കാത്തിരിക്കുന്നത് ഈ ഒരു നിമിഷത്തിനാണ്. മേഘക്കൂട്ടിൽ ഒളിഞ്ഞിരിക്കുന്ന ശവ്വാൽ അമ്പിളി പ്രാർഥനകളുടെ ആകാശത്ത് കാണുന്ന നിമിഷം. അന്നേരം കേരളത്തിലെ ഓരോ മുസ്‌ലിം മതവിശ്വാസിയും സന്തോഷത്തിന്റെ ഏഴാം ആകാശത്തായിരിക്കും.

മാസപ്പിറവിയുെട നാളില്‍ കാപ്പാട് കടപ്പുറത്തു നിന്നു നോക്കിയാല്‍ നിറഞ്ഞു ചിരിക്കുന്ന അമ്പിളിക്കല കാണാം. മറ്റേതു നാട്ടിലെ മാനത്തും നക്ഷത്രങ്ങൾ നിറഞ്ഞു നിൽക്കുമ്പോൾ, പെരുന്നാളും മാസവും ഉറപ്പിക്കുന്ന ശവ്വാൽ അമ്പിളിയെ ഗാമ കപ്പലിറങ്ങിയ തീരം കൺനിറയെ കണ്ട് മനംകുളിർപ്പിക്കാൻ ഒളിപ്പിച്ചു വയ്ക്കുന്നതെന്തുകൊണ്ടായിരിക്കും? കൗതുകം ഒളിപ്പിച്ച ആ ചോദ്യത്തിനുത്തരമാണ് കാപ്പാട്ടെ മാസക്കോയ എന്ന എ.ടി. കോയ.

കോയയുടെ കണ്ണിൽപെടാതെ ഒരു ചാന്ദ്രശകലവും കാപ്പാടിന്റെ മാനംവിട്ടു പോയിട്ടില്ല. ഗോളശാസ്ത്രവും വാനശാസ്ത്രവും തസ്ബീഹ് മാലയിലെ മുത്തുമണികളെ പോലെ മനസ്സിൽ അടുക്കിപ്പെറുക്കി വച്ചിട്ടുള്ള കോയയെ തേടി ഇന്നും മുസ്‌ലിം വിശ്വാസ വിധികളിൽ തീ ർപ്പു കൽപ്പിക്കുന്ന ഖാസിമാരുടെ വിളിയെത്തുന്നു. കേൾവി കേട്ട സൂഫീവര്യന്മാരുടെ പാദം പതിഞ്ഞ മണ്ണിലിരുന്ന് കോയ ആ കിസ പറയുകയാണ്. നീണ്ട 35 വർഷം കാപ്പാട്ടെ അമ്പിളിക്കല കണ്ണുകൊണ്ട് കണ്ടുറപ്പിച്ച പുണ്യാനുഭവങ്ങളുടെ കഥ.

കാഴ്ചയിലാണ് കാര്യം

‘‘മൊബൈലും ഇന്റർനെറ്റുമൊക്കെ നാട്ടിൽ പ്രചാരമാകുന്നതിനും എത്രയോ മുന്നേ ഈ പുണ്യകര്‍മം ഖാസിമാർ എന്നെ ഏൽപ്പിച്ചിട്ടുണ്ട്. വ്രതാരംഭത്തിന് തുടക്കം കുറിക്കുന്ന റമസാനും, പെരുന്നാളുറപ്പിക്കുന്ന ശവ്വാൽ മാസപ്പിറവിയും ഉൾപ്പെടെ 12 മാസത്തെയും മാസപ്പിറവികൾ കണ്ട് ബോധ്യപ്പെടാനും അത് മാലോകരെ അറിയിക്കാനുമുള്ള ഭാഗ്യം എനിക്ക് പടച്ചോൻ തന്നിട്ടുണ്ട്. ഭാഗ്യം എന്നതിനപ്പുറം ഇത് വലിയൊരു ഉത്തരവാദിത്തം കൂടിയാണ്. ഇസ്‌ലാ മിക കർമ ശാസ്ത്രപരമായി പിറ കാണുക, അത് ബോധ്യപ്പെടുക, ഖാസിമാരെ അറിയിക്കുക എന്നത് ‘ഫർള് കിഫായ’ ആണ്. അതായത്, എനിക്കൊരു പിഴവ് സംഭവിച്ചാൽ ആ സമൂഹം മുഴുവന്‍ കുറ്റക്കാരാകും. അത്രമാത്രം സൂക്ഷ്മതയും ശ്രദ്ധയും ഇക്കാര്യത്തിൽ വേണം എന്ന് സാരം.

മാസപ്പിറവി കണ്ടെന്ന് വെറുതെ പറഞ്ഞാൽ പോര, അതിനു കൃത്യമായ മാനദണ്ഡങ്ങളുണ്ട്. കാണേണ്ടത് നഗ്നനേത്രങ്ങൾ കൊണ്ടാകണം. എത്ര വിശ്വസ്തനായ ചങ്ങാതി പോലും  പിറ കണ്ടുവെന്ന് എന്നോടു വന്നു പറഞ്ഞാൽ അതു വിശ്വസിക്കാനും സമൂഹത്തിനെ അറിയിക്കാനും  ക ഴിയില്ല. നേരിട്ടു കണ്ട് ബോധ്യപ്പെടണം. ഒപ്പം ഈ ഉത്തരവാദിത്തം ഏൽപ്പിച്ച ഖാസിയുടെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകുകയും വേണം.

ഹിജറ കലണ്ടർ അനുസരിച്ച് 12 മാസങ്ങളാണുള്ളത്. അതിൽ റമസാൻ മാസപ്പിറവിയുടെ മാസം ഒഴികെ 11 മാസങ്ങളിലും രണ്ടു പേർ പിറ കണ്ട് ബോധ്യപ്പെടണം. ശഹബാൻ മാസം കഴിഞ്ഞെത്തുന്ന നോമ്പിന്റെ മാസമായ റമസാൻ മാസം ഉറപ്പിക്കാൻ ഒരാൾ മതി. പക്ഷേ, ഞാൻ കണ്ടു എന്നതിന് രണ്ട് സാക്ഷികൾ കൂടി വേണം. പിറ കാണുന്ന വ്യക്തിയെയും സാക്ഷി പറയുന്ന വ്യക്തിയെയും ഖാസിമാരാണ് കണ്ട് തിരഞ്ഞെടുക്കുന്നത്. ഈ ഉത്തരവാദിത്തം ഏൽപ്പിച്ച ആൾ സത്യസന്ധനാണോ, പൊതുസമ്മതനാണോ, നിഷ്ക്കളങ്കനാണോ സമൂഹത്തിൽ ഫിത്‍ന അതായത് കുഴപ്പങ്ങള്‍ ഉണ്ടാക്കാത്ത ആളാണോ എന്നീ കാര്യങ്ങളൊക്കെ മാനദണ്ഡമാകും. ഒരുവട്ടം കണ്ടുറപ്പിക്കുന്ന കാഴ്ച ഒരുപാട് പേരിലേക്കെത്താൻ വൈകുന്നതിനു പിന്നിലും ഒരുപാട് കാരണങ്ങളുണ്ട്. മാസപ്പിറവി ആരു കണ്ടു, എവിടെ കണ്ടു, എപ്പോൾ കണ്ടു എന്നതെല്ലാം പ്രധാനമാണ്. എത്ര ദൂരം അകലെയാണ് കണ്ടത് എന്നതും പരിഗണിക്കും. ഈ വിവരങ്ങളെല്ലാം ബന്ധപ്പെട്ട ഖാസിമാർക്ക് അരികിലെത്തി അവർ ഏകാഭിപ്രായത്തിലെത്തുന്നതു വരെ കാലതാമസം ഉണ്ടാകും.

വർഷങ്ങൾക്കു മുൻപും പല പ്രദേശങ്ങളിലും പിറ കണ്ടുറപ്പിക്കുമെങ്കിലും മാസപ്പിറവിയുടെ ആധികാരിക സ്ഥാനമായി പലരും കണക്കാക്കിയിരിക്കുന്നത് കാപ്പാട് തന്നെയാണ്. പണ്ട്, ഇന്നത്തെ അത്ര സൗകര്യങ്ങളൊന്നും ഇല്ലാത്ത കാലത്ത് ദൂരദേശങ്ങളിലെ ഖാസിമാരും മഹല്ല് ഭാരവാഹികളും മാസപ്പിറവി ഉറപ്പിക്കാൻ കാപ്പാടേക്ക് പ്രതിനിധികളെ അയച്ചിരുന്നു.

മുന്‍കൂട്ടിയുള്ള സൂചനകള്‍

കടലിന്റെ സ്വഭാവവും കാറ്റിന്റെ ദിശയും ആകാശത്തെ മാറ്റങ്ങളും തിരിച്ചറിയുന്ന ആർക്കും പിറ കാണാം. പക്ഷേ, കാഴ്ചയും അനുഭവ സമ്പത്തും പ്രധാനമാണ്. ഇംഗ്ലിഷ് മാസങ്ങൾ പോലെ അറബി മാസങ്ങളും പന്ത്രണ്ട് ആണ്. മുഹറം, സഫർ, റബീഉല്‍ അവ്വൽ തുടങ്ങി ഹജ്ജിന്റെ മാസമായ ദുൽഹജ്ജ് വരെയുള്ള 12 മാസങ്ങൾ. ഇംഗ്ലിഷ് കലണ്ടറിൽ മാസത്തിലെ ദിവസങ്ങൾ കൃത്യമാണെങ്കിലും അറബി മാസത്തിലെ ദിവസങ്ങളിൽ ചന്ദ്രോദയ വ്യതിയാനം അനുസരിച്ച് വ്യത്യാസങ്ങൾ വരാം. ഉദാഹരണത്തിന് റമസാൻ മാസം 29 പൂർത്തിയാകുമ്പോൾ സൂര്യൻ അസ്തമിച്ച് കഴിഞ്ഞ് പുതിയ മാസപ്പിറവി കണ്ടാൽ ആ മാസം പൂർത്തിയാകും. ഇനി അഥവാ പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ പിറ കണ്ടില്ലെങ്കിൽ ആ മാസം മുപ്പത് പൂർത്തിയാക്കും. പിറ കാണാൻ ഉദ്ദേശിക്കുന്ന ദിവസങ്ങളിലെ പകലുകളും നമുക്ക് ചില സൂചനകൾ തരും.

പഞ്ചാംഗവും ഇക്കാര്യത്തിൽ പരിഗണിക്കപ്പെടും. കറുത്ത വാവിന്റെ ദിവസം കിഴക്കുദിക്കുന്ന സൂര്യനെ നമുക്ക് കാണാൻ കഴിയില്ല. ആ കാഴ്ച വാവ് മറച്ചു കളയുന്നതാണ്. പക്ഷേ, പിറ്റേദിവസം നമുക്ക് സൂര്യനെ പടിഞ്ഞാറ് ഭാഗത്ത് തെളിമയോടെ കാണാനാകും. അന്ന് ചന്ദ്രനെയും കാണാനാകില്ല. അതൊക്കെ മുൻകൂട്ടിയുള്ള സൂചനകളാണ്. വാവിന്റെ ദിവസങ്ങളിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ, അതായത് 10–15 മിനിറ്റിൽ ക ണ്ട സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ആകാശത്ത് എത്ര തെളിമയുണ്ടെങ്കിലും ഒരു മണിക്കൂറോളം കാത്തു നിന്നാലും കാണാൻ പറ്റാതെ പോയ സന്ദർങ്ങളും ഉണ്ട്. അതെല്ലാം മുകളിൽ ഇരിക്കുന്നവന്റെ തീരുമാനങ്ങളാണ്.

പടച്ചവന്റെ പ്രീതിയല്ലാതെ മറ്റൊരു കൂലി ഞാൻ ആഗ്രഹിക്കുന്നില്ല. ആഗ്രഹിക്കാനും പാടില്ല. കാരണം ഇത് വലിയൊരു നിയോഗമാണ്, വിശ്വാസത്തിന്റെ പേരിലുള്ള തിരഞ്ഞെടുപ്പാണ്. കാലങ്ങളോളം പിറവിയെ കൺനിറയെ കണ്ടതിന് നാട്ടുകാർ അറിഞ്ഞൊരു പേരും ഇട്ടു തന്നിട്ടുണ്ട്, മാസക്കോയ. ആ പേര് കേൾക്കുന്നതും സുഖമാണ്.

സൂഫി സ്പർശമേറ്റ മണ്ണ്

കന്യാകുമാരി മുതൽ മംഗലാപുരം വരെയുള്ള ഖാസിമാർ ‘മാനം ഇന്നെങ്ങനെയുണ്ട് കോയാ... പിറ കാണോ?’ എന്ന് വിളിച്ച് ചോദിക്കുന്നെങ്കിൽ അതെന്റെ മഹത്വമല്ല ഈ മണ്ണിന്റെ മഹത്വമാണ്. ഞാൻ അല്ലെങ്കിൽ മറ്റൊരാൾ ഈ മേഖ ലയിലുണ്ടാകും. ഈമാനോടുകൂടി പടച്ചവനിൽ മനസ്സ് അ ർപ്പിച്ച് അവർ നോക്കിയാൽ കാണും. അല്ലെങ്കിൽ സൂചനയെങ്കിലും ലഭിക്കും.

പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ കാലത്തു തന്നെ ഒരു സമൂഹം പായക്കപ്പലിൽ ഈ മണ്ണിലിറങ്ങിയെന്നാണ് ചരിത്രം പറയുന്നത്. പ്രവാചകൻമാരുടെ അനുചരൻമാരെന്ന് വിശേഷിപ്പിക്കുന്ന സ്വഹാബികൾ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. അവർ ഈ മണ്ണിൽ ജീവിച്ചു, മതപ്രബോധനം നടത്തി.  ഇവിടുത്തെ മഖാമുകളിൽ അന്ത്യവിശ്രമം കൊള്ളുന്ന അവരുടെ ബർക്കത്ത് (അനുഗ്രഹം) ആണ് ഈ മണ്ണിനെ മാസപ്പിറവിയുടെ തീരമാക്കി മാറ്റിയത്.

അറേബ്യയിൽ നിന്നു കാപ്പാടിറങ്ങിയ സൂഫി വര്യൻ മുഹമ്മദ് അജ്മിയുടെ അന്ത്യവിശ്രമ സ്ഥലവും ഇവിെടയാണ്. ആദ്യം കണ്ടെത്തുന്നത് ആ ഖബറിടമാണ്. അതിന് ശേഷമാണ് പള്ളിയുണ്ടാകുന്നത്. ഇസ്‌ലാം മത പ്രബോധാനാർഥം കേരളത്തിൽ ആദ്യം കാലുകുത്തിയ മാലിക് ദിനാറിന് ഒപ്പമാണ് മുഹമ്മദ് അജ്മി നമ്മുെട മണ്ണിലെത്തിയത്.

ആദിമപ്രവാചകനായ ആദം നബിയുടെ കാൽപ്പാദവും കാപ്പാടിന്‍റെ മണ്ണിൽ പതിഞ്ഞിട്ടുണ്ടെന്ന് കരുതുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് ജീവിച്ചിരുന്ന, അ ദ്ദേഹത്തിനൊപ്പം ബദർ യുദ്ധത്തിൽ പങ്കെടുത്ത തമീമുൽ അൻസാരി എന്നൊരു സ്വഹാബിയും ഒരു കാലത്ത് കാപ്പാട് മഹല്ലിൽ ഉൾപ്പെട്ട പാറപ്പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.

അതുപോെല മക്കയിലെ  വിശുദ്ധ കഅ്ബയുെട സ്ഥാനം. ദേ... ഈ പഞ്ചാര മണലിൽ ചവിട്ടി നിന്ന് കടലിന്റെ അറ്റത്തേക്ക് നോക്കുമ്പോൾ അണുവിട തെറ്റില്ല. വിശുദ്ധ കഅ്ബയെന്ന ഖിബ്‍ല കിറുകൃത്യമായിരിക്കും.’’ കോയയുടെ വാക്കുകളിൽ അനുഭവത്തിന്റെ അമ്പിളിതെളിച്ചം.

ശാസ്ത്രത്തിന്റെ ഒരു സങ്കേതങ്ങളും ഇല്ലാതെ തന്നെ പിറയും മാസപ്പിറവിയും മുൻകൂട്ടി കണ്ട, പ്രവചിച്ച മഹാരധൻമാർ ഒത്തിരിയുണ്ട് ഈ മണ്ണിൽ. ഇപ്പോഴത്തെ കാപ്പാട് ഖാസി പി. കെ. ഷിഹാബുദ്ദീൻ ഫൈസിയുടെ കാരണവർ കുഞ്ഞിഹസൻ മുസല്യാർ അങ്ങനെയൊരാളാണ്. മരിച്ചിട്ടും അദ്ദേഹത്തിന്റെ അദ്ഭുത പ്രവർത്തികൾ ഇന്നും ജാതിമത ഭേദമന്യേ എല്ലാവരുടേയും മനസിലുണ്ട്.

മനസ്സ് അർപ്പിച്ച് പ്രവർത്തിച്ചതിന്റെ പുണ്യം എന്റെ കു ടുംബത്തിനുമുണ്ട്. ഫാത്തിമയാണ് ഭാര്യ. മകൻ മുഹമ്മദ് അൻഫാസ് ഖുർആൻ മനഃപാഠമാക്കിയ ഹാഫിസാണ്, മറ്റൊരു മകൻ മുഹമ്മദ് യാസീൻ ഡിഗ്രി കഴിഞ്ഞു. മകൾ ഫർസാന വിവാഹം കഴിഞ്ഞ് കാസർകോടാണ്.