Friday 13 December 2024 04:07 PM IST

‘ഞങ്ങൾക്ക് കുറച്ചുകാലമല്ലേ വാപ്പച്ചിയുടെ സ്നേഹം കിട്ടിയുള്ളൂ’: ഹനീഫയുടെ ആ സ്വപ്നം സഫലമാക്കാൻ സഫയും മർവയും

Binsha Muhammed

Senior Content Editor, Vanitha Online

cochin-haneefa-14

ഖബറിസ്ഥാനിലെ മൈലാഞ്ചി ചെടികളുടെ തണ ലിൽ ഉറങ്ങുന്ന ചിരി. വേർപാടിന്റെ 14 വർഷങ്ങൾ. എങ്കിലും ഇന്നും ഓർമയുടെ ഒന്നാം നിരയിലുണ്ട് ആ പേര്, കൊച്ചിൻ ഹനീഫ. കാതു കൊണ്ടു പോലും മലയാളി തിരിച്ചറിയുന്ന മുഖം.

എറണാകുളം കൊച്ചുകടവന്ത്രയിലെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം ഇവിടെയെവിടെയോ ഉണ്ടെന്നു തോന്നി. ചുമരുകൾ നിറയെ കൊച്ചിൻ ഹനീഫയുടെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങൾ. ഷെൽഫിൽ നിറയെ അവാർഡ് ഫലകങ്ങൾ, സ്നേഹോപഹാരങ്ങൾ.

ജീവിതപങ്കാളി ഫാസിലയുടെയും മക്കളുടെയും വാക്കുകളിൽ കേട്ടു, കൊച്ചിന്‍ ഹനീഫയുടെ ചിരിയും വർത്തമാനങ്ങളും. കരുത്തോടെ ജീവിക്കാൻ ഫാസിലയ്ക്കു ദൈവം നൽകിയ രണ്ടു ചിറകുകൾ. അതാണ് മക്കൾ സഫയും മർവയും. ഒൻപതു വർഷം മുൻപ് വനിതയോടു സംസാരിക്കുമ്പോൾ കുരുന്നുകളായിരുന്നവർ ഇപ്പോൾ കൊച്ചുമിടുക്കികളായി വളർന്നു.

ഖൽബിലിന്നും ചിരിയോടെ

ഫാസില: ഓർക്കുന്നുണ്ടോ... അന്നു വനിതയോടു സംസാരിക്കുമ്പോൾ എന്നെ ഇടംവലം തിരിയാൻ വിടാത്ത കുറുമ്പികളായിരുന്നു രണ്ടും.

‘ഉമ്മച്ചിയേ കൂട്ടുകാരുടെ വാപ്പച്ചിമാരെല്ലാം ഗൾഫിൽ നിന്നും വന്നല്ലോ ഞങ്ങളുടെ വാപ്പച്ചി എന്ത്യേ...’ എന്ന് ചോദിച്ച് എന്നെ കുഴയ്ക്കും. അന്ന് കണ്ണീരു മറച്ചു പിടിച്ച് ഞാനവരോട് പറഞ്ഞ കള്ളങ്ങൾ എത്രയെന്നോ...‘വാപ്പച്ചിക്ക് ലീവ് കിട്ടിയില്ല സഫൂ, ഷൂട്ടിങ് തീർന്നിട്ടില്ല മോളേ’ അങ്ങനെ എത്ര കള്ളങ്ങളിലൂടെ കടന്നുപോയ വർഷങ്ങൾ.

പിന്നെ, കാര്യങ്ങൾ തിരിച്ചറിയുന്ന പ്രായമായപ്പോൾ മക്കളോടു പറഞ്ഞു. ‘ലീവ് കിട്ടാത്തൊരു യാത്രയിലാണു മക്കളേ വാപ്പച്ചി’. എന്താണ് ഉമ്മച്ചി അങ്ങനെ? സഫുവിന് സംശയം തീർന്നില്ല. ‘അതാണ് മരണം’. ഞാൻ പറഞ്ഞു. അതിനു മുൻപ് ചില വേണ്ടപ്പെട്ടവരുടെ വേർപാടുകൾ അ വർ കണ്ടിട്ടുണ്ട്. അതുപോലെ അവരുടെ വാപ്പച്ചിയും പോയെന്ന് തിരിച്ചറിഞ്ഞു.

സഫ: ഞങ്ങളെ ബോൾഡാക്കിയതിന്റെ ക്രെഡിറ്റ് മുഴുവൻ ഉമ്മയ്ക്കാണ്. ‘ഹനീഫിക്കയുടെ മക്കളെ കണ്ടോ...’എന്നു സഹതാപ നോട്ടമെറിഞ്ഞ് ആരെങ്കിലും പറഞ്ഞു തുടങ്ങുമ്പോഴേ ഉമ്മ കണ്ണുകൊണ്ട് സിഗ്‌നൽ കൊടുക്കും. കുട്ടികൾ കേൾക്കെ അങ്ങനെയൊന്നും പറയല്ലേയെന്ന മട്ടിൽ. കുറേക്കാലം ഉമ്മ പറഞ്ഞിരുന്ന ആ കള്ളങ്ങൾ മനസ്സിനു തണുപ്പായി. സത്യം തിരിച്ചറിയാനുള്ള പ്രായമെത്തിയപ്പോഴാണ് ഉമ്മ അനുഭവിച്ചിരുന്ന സങ്കടവും സംഘർഷവും എ ത്ര വലുതായിരുന്നുവെന്നു തോന്നിയത്.

മർവ: ഞങ്ങൾക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് വാപ്പച്ചി മരിക്കുന്നത്. അന്നുതൊട്ട് നാട് നൽകിയ സ്നേഹത്തിന്റെ പങ്ക് ഞങ്ങൾക്കും കിട്ടിത്തുടങ്ങി. പന്ത്രണ്ടാം ക്ലാസുവരെ പഠിച്ച ബവൻസ് സ്കൂളിലെ ടീച്ചർമാർ ഉമ്മയെ പാരന്റ്സ് മീറ്റിങ്ങിന് കാണുമ്പോഴൊക്കെ പറയുമായിരുന്നു. ‘ഹനീഫയുടെ മക്കളെ ഞങ്ങൾക്ക് തന്നെ തന്നല്ലോ’ എന്ന്. അതു കേൾക്കുമ്പോൾ ഗമയൊക്കെ തോന്നും.

സഫ: വീട്ടിൽ മാത്രമല്ല പുറത്തിറങ്ങിയാലും കാണാനുണ്ട് നാടിനെ ചിരിപ്പിച്ച ഞങ്ങളുടെ ‘വാപ്പച്ചി റഫറൻസു’കൾ. ഞാനിപ്പോൾ സിഎ കോഴ്സ് പഠിക്കുന്ന കൊച്ചിയിലെ സെന്ററിൽ പലപ്പോഴും കൊച്ചിൻ ഹനീഫ കടന്നു വരാറുണ്ട്. ക്ലാസിലെ ലക്ചർ കേട്ട് കിളിപറന്നിരിക്കുന്ന കുട്ടികളെ നോക്കി ടീച്ചർ പറയും ‘ഇപ്പോൾ താക്കോൽ എവിടാ ഇരിക്കുന്നേ... അവിടെ തന്നെയിരിക്കട്ടേ...’ കാക്കക്കുയിലിലെ വാപ്പച്ചി അവതരിപ്പിച്ച തോമസിന്റെ അതേ ഡയലോഗ്.

ഇതൊക്കെ സംഭവിക്കുമ്പോൾ ഞാൻ കൊച്ചിൻ ഹനീഫയുടെ മകളാണെന്ന് ടീച്ചർ അറിഞ്ഞിരുന്നില്ല. ഒടുവിൽ ഉമ്മ പറഞ്ഞ് അറിഞ്ഞപ്പോള്‍ ടീച്ചർ ഞെട്ടിപ്പോയി.

മർവ: വേർപാടിന്റെ ഓർമയിൽ വർഷങ്ങളോളം ജീവിക്കുന്ന നായികമാരെ സിനിമയിലേ കണ്ടിട്ടുള്ളൂ. ‍ഞങ്ങളുടെ നായികയും സൂപ്പറാണ്. (ഉമ്മയുടെ കൈപിടിച്ച് മർവ ഒരുനിമിഷം മിണ്ടാതിരുന്നു.)

വേർപാടിന്റെ ദിനങ്ങൾ

ഫാസില: മരണമെന്ന വലിയ സത്യത്തോട് എത്രയൊക്കെ പൊരുത്തപ്പെട്ടാലും ചില സമയങ്ങളിൽ അദ്ദേഹം ഇല്ലല്ലോ എന്നുള്ള കാര്യം ഞങ്ങളെ കണ്ണീരിലാക്കും. പന്ത്രണ്ടാം ക്ലാസ്സിൽ നല്ല മാർക്കോടെ ജയിച്ച് സഫയും മർവയും സ്കൂളിന്റെ ഉപഹാരം വാങ്ങാൻ പോയ ദിവസം. അവരുടെ കൂട്ടുകാരികൾ അച്ഛനമ്മമാരെ കൂട്ടിയാണ് എത്തിയിരുന്നത്. പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ എല്ലാ കുട്ടികളെയും പോലെ സഫയുടെയും മർവയുടെയും കണ്ണുകൾ സ ദസ്സിലേക്ക് പരതി. അന്ന് അവളുടെ ബാപ്പയും ഉമ്മയുമായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂട്ടുകാരൊക്കെ അ ച്ഛൻമാരെ പരിചയപ്പെടുത്തുമ്പോൾ ഒപ്പം നിന്ന് ഫോട്ടോ എടുക്കുമ്പോൾ ഇരുവരും കണ്ണീരൊളിപ്പിക്കുന്നത് ഞാൻ കണ്ടു.

മർവ: അന്നേരമൊക്കെ വാപ്പച്ചി നമ്മുടെ കൂടെ ഉണ്ടായിരുന്നെങ്കിലോ ഉമ്മച്ച്യേ...

ഫാസില: പോരേ... പൂരം അഭിനയിക്കുന്ന മുഴുവന്‍ സെറ്റുകളിലും ഓടി നടന്ന് നിങ്ങൾ രണ്ട് രാജകുമാരിമാരുടെ വിജയവാർത്ത പറയുന്നുണ്ടാകും. ലൈറ്റ് ബോയ് മുതൽ ഡയറക്ടർ വരെ ആരെയും വിടില്ല. ചെറിയ കാര്യങ്ങൾക്കു പോലും ഒത്തിരി സന്തോഷിക്കുന്ന കുടുകുടെ ചിരിക്കുന്ന ആളായിരുന്നു നിങ്ങളുടെ വാപ്പച്ചി.

ഞങ്ങളത്രയും പ്രാർഥിച്ചും ആഗ്രഹിച്ചും കിട്ടിയ കൺമണികളാണ് നിങ്ങൾ രണ്ടുപേരും. സഫയും മർവയും മക്കയിലെ രണ്ടുപർവതങ്ങളുടെ പേരാണ്. മകനായ പ്രവാചകൻ ഇസ്മായീൽ നബി മരുഭൂമിയിൽ ദാഹിച്ചു വലഞ്ഞപ്പോൾ ഉമ്മയായ ഹാജറാ ബീവി ഈ പർവതങ്ങൾക്കിടയിലൂടെ വെള്ളത്തിനായി അലഞ്ഞു. നിരാശയായി തിരികെ എത്തുമ്പോൾ കാണുന്നത് ഉറവപൊട്ടിയെത്തിയ ജലത്തിൽ കൈകാലിട്ടടിക്കുന്ന ഇസ്മായീലിനെയാണ്. ആ ഉറവയാണ് സംസം ജലം.

നിങ്ങളെ കിട്ടാൻ ഞാനും വാപ്പച്ചിയും അതുപോലെ അലഞ്ഞിട്ടുണ്ട്. ആശുപത്രികളിലും ഐവിഎഫ് സെന്ററുകളിലും കയറിയിറങ്ങിയ നാളുകൾ. ഏർവാടി, നാഗൂർ തുടങ്ങി സൂഫീ വര്യൻമാരുടെ ദർഗകളിലും നേർച്ച കാഴ്ചകളും ദുആയുമായി എത്രയോ വട്ടം പോയി.

12 വർഷത്തെ ആ കാത്തിരിപ്പ് വെറുതെയായില്ല. ചെന്നൈയിലെ സാലി ഗ്രാമത്തിലെ വീട്ടിലിരുന്നാണ് ഞങ്ങൾ ആ സന്തോഷം ഉറപ്പിച്ചത്. സ്കാനിങ്ങിൽ രണ്ട് പേരുടെ കുഞ്ഞനക്കങ്ങൾ തെളിഞ്ഞതോടെ നിങ്ങളുടെ വാപ്പച്ചി ഒറ്റപ്പോക്കാ... ജ്വല്ലറിയിൽ പോയി കല്ലു പതിപ്പിച്ച വലിയൊരു മോതിരവുമായി വന്നു. നിങ്ങളെ ഉദരത്തിലേറ്റിയതിന് എനിക്കു തന്ന സമ്മാനം. ദേ... ആ മോതിരമാണ് ഇന്നും ഉ മ്മാന്റെ വിരലിലുള്ളത്.

ജനിക്കുമ്പോൾ നിങ്ങൾ രണ്ടാൾക്കും ഒന്നേകാൽ കി ലോ മാത്രമായിരുന്നു ഭാരം. എനിക്കാകെ വെപ്രാളമായി. കുട്ടികൾക്ക് ഭാരം കുറവാണല്ലോ എന്നു ഹനീഫിക്കയോടു ചോദിച്ചു. ‘പിന്നെ കെട്ടിക്കാൻ പ്രായമുള്ള സൈസിലാണോ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്.’ എന്നായിരുന്നു ചിരിയോടെയുള്ള ഹനീഫിക്കയുടെ ആശ്വസിപ്പിക്കൽ. അതുകേട്ടു ഞാനും ചിരിച്ചു പോയി.

സഫ : ഞങ്ങളുടെ ഒന്നാം പിറന്നാൾ വലിയ ആഘോഷമായിരുന്നുവെന്ന് ഉമ്മാമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്.

ഫാസില: ജനിച്ച് കഴിഞ്ഞുള്ള ആഭരണങ്ങൾ ഒക്കെ അണിയിക്കുന്ന ‘40 ചടങ്ങ്’ തലശ്ശേരി മാളിയേക്കലെ എന്റെ തറവാട്ടിലാണു നടന്നത്. കല്യാണത്തേക്കാൾ വലിയ ആഘോഷമായിരുന്നു. ഒന്നാം പിറന്നാളും അതുപോലെ തന്നെ. മമ്മൂട്ടി, ദിലീപ്, കുഞ്ചാക്കോ ബോബൻ, കുഞ്ചൻ തുടങ്ങി സിനിമയിലെ സുഹൃത്തുക്കൾക്കായി കൊച്ചിയിലെ വീട്ടുമുറ്റത്ത് പന്തലൊരുങ്ങി. ഹനീഫിക്ക ഏറ്റവും സന്തോഷിച്ച ദിവസങ്ങളിലൊന്നായിരുന്നു അത്.

മർവ: വാപ്പച്ചി ഒരുപാട് സമ്മാനങ്ങൾ കൊണ്ടുവരുമായിരുന്നല്ലേ?

ഫാസില: ഷൂട്ടിങ്ങിനിടയ്ക്ക് എന്നെ ഫോണ്‍ വിളിക്കും. ‘ഫാസിയേ... സഫയ്ക്കും മർവയ്ക്കും എന്താ വാങ്ങി വരേണ്ടേ...’ അവര് കുഞ്ഞുങ്ങളല്ലേ ഇക്കാ... കാര്യമായിട്ടൊന്നും വേണ്ടാ എന്നു പറഞ്ഞാലും കേൾക്കില്ല. കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളും കൊണ്ട് വീട് നിറയ്ക്കും. അന്ന് ഫോൺ വിളിക്കുമ്പോൾ നിങ്ങളു‍ടെ പേര് മാറി വിളിച്ചാൽ പിണക്കം വരുമോന്ന് പോലും പേടിയായിരുന്നു വാപ്പച്ചിക്ക്. നിങ്ങളുടെ കയ്യിൽ ഫോൺ തരുന്നതിനു മുൻപേ എന്നോട് പറയും. ‘സഫയുടെ കയ്യിലാണോ മർവയുടെ കയ്യിലാണോ കൊടുക്കുന്നതെന്ന് ആദ്യം പറയണേ’ എന്ന്.

cochin-haneefa-14

മനസ്സിലെ പ്രിയനഗരം

മർവ: ചെന്നൈയിലെ കാലം ഉമ്മച്ചി ഓർക്കാറുണ്ടോ?

ഫാസില: ഹനീഫിക്കയുടെ പേരിലാണ് കൊച്ചി. അതേപോ ലെ മനസ്സിലുള്ള നഗരമായിരുന്നു ചെന്നൈ. തമിഴിലെ സിനിമാപ്രവർത്തകരോട് വലിയ അടുപ്പമായിരുന്നു.

ഹനീഫിക്ക തീരെ വയ്യാതെ ആശുപത്രിയിലായ സമയം. നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ആയിരുന്നു. വിവരമറിഞ്ഞ് തമിഴ്നാട്ടിൽ നിന്ന് സൂര്യയുടെയും കാർത്തിയുടെയും അച്ഛൻ ശിവകുമാർ കാണാൻ വന്നിരുന്നു. തമിഴിൽ അദ്ദേഹത്തെ നായകനാക്കി ‘പാസപ്പറവൈഗൾ’ എന്നൊരു ചിത്രം ഹനീഫിക്ക സംവിധാനം ചെയ്തിരുന്നു. മൂന്നുമാസങ്ങൾക്കു മുൻപ് എന്ന മലയാളചിത്രത്തിന്റെ റീമേക്കായിരുന്നു അത്. ചിത്രത്തിന്റെ സംഭാഷണം തമിഴിലൊരുക്കിയത് തമിഴ്നാട് മുൻമുഖ്യമന്ത്രി കരുണാനിധിയായിരുന്നു. ചിത്രം തിയറ്ററുകളിൽ 150 ദിവസം വിജയകരമായി പ്രദർശിപ്പിച്ചു. സന്തോഷ സമ്മാനമായി ചെന്നൈയിൽ വീട് വയ്ക്കാൻ എവിടെയാണ് സ്ഥലം വേണ്ടതെന്നു കലൈഞ്ജർ ചോദിച്ചു. പക്ഷേ, ശമ്പളം മാത്രം മതിയെന്നായിരുന്നു ഹനീഫിക്കയുടെ വിനയപൂർവമുള്ള മറുപടി. തമിഴിൽ ഏഴു സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

ആശുപത്രിയിൽ ഹനീഫിക്കയെ കാണാൻ വന്ന ശിവകുമാർ സാർ കണ്ട് പിരിയാൻ നേരം പണമടങ്ങിയ കവർ എന്റെ നേരെ നീട്ടി. ഹനീഫിക്കയുടെ മനസ്സറിയാവുന്നതു കൊണ്ട് ഞാൻ വാങ്ങിയില്ല. അതു പറഞ്ഞപ്പോൾ നിങ്ങളുടെ വാപ്പച്ചി എന്താണു പറഞ്ഞതെന്ന് അറിയാമോ? ‘ഫാസീ നീയത് വാങ്ങാത്തത് നന്നായി. ഞാനീ ആശുപത്രിയിൽ നിന്നിറങ്ങിയാൽ നമ്മുടെ ബുദ്ധിമുട്ടുകളൊക്കെ പെട്ടെന്നു മാറും’. പക്ഷേ, അതുണ്ടായില്ല.

ഇപ്പോഴും ചെന്നൈയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ കാണുമ്പോൾ കരച്ചിൽ വരും. സാലി ഗ്രാമത്തിലെ വീടിന്റെ ചെറിയ ഗേറ്റ് തുറന്ന് ‘ഫാസ്യേ’ എന്നു വിളിച്ചു കയറിവരുന്ന ആ മുഖം ഓർമ വരും. അന്നേരം ഉള്ളിലൊരു പിടച്ചിലാണ്.

മർവ: എന്റെ കമ്പനി സെക്രട്ടറി കോഴ്സ് ഒന്നു കഴിഞ്ഞോട്ടെ. എനിക്കും സഫയ്ക്കും ജോലി ആയിക്കഴിഞ്ഞാൽ ചെന്നൈയിൽ ചെറിയൊരു വീട് വാങ്ങാം. അവിടെ നമുക്കു മേൽവിലാസമാകുമ്പോൾ വാപ്പച്ചിക്കും സന്തോഷമാകും.

ഫാസില: ഹനീഫിക്ക പെട്ടെന്നങ്ങ് പോയപ്പോൾ ഒറ്റയ്ക്ക് പെരുമഴയത്തായ പോലെ തോന്നി എനിക്ക്. ദുബായിലുള്ള സഹോദരൻ ഫിറോസാണ് ധൈര്യം തന്ന് ഒപ്പം നിന്നത്.

ഫിറോസിനെപ്പോലെ തന്നെ കൂടപ്പിറപ്പായി കൂടെ നിൽക്കുന്നൊരാളാണ് നടൻ ദിലീപ്. ‍ എല്ലാ പ്രതിസന്ധിയിലും ഒപ്പമുണ്ടായിരുന്നു അദ്ദേഹം. സഫയുടെയും മർവയുടേയും പിറന്നാളിനു കൃത്യമായി കാവ്യമാധവന്റെ സമ്മാനമായി ഒരു കേക്ക് വീട്ടിലെത്തും. അങ്ങനെ ഒരുപാട് മനുഷ്യരുടെ സ്നേഹത്തണൽ ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്.

haneefa-22

പക്ഷേ, ഒന്നും ആ വേർപാടിന്റെ വേദന മായ്ക്കില്ലല്ലോ. തീരെ വയ്യാതായ അവസാനദിനങ്ങളിലും ഹനീഫിക്ക ഒരു കാര്യം ആവശ്യപ്പെടുമായിരുന്നു. മക്കളെ രണ്ടുപേരെയും രണ്ടുവശത്തായി കിടത്താൻ. അപ്പോൾ ആ മുഖത്തൊരു സന്തോഷം വരും.

മർവ: ഒരു കാര്യത്തിൽ ഉമ്മച്ചിയോട് ഞങ്ങൾക്ക് അസൂയയുണ്ട്. ഉമ്മച്ചിയോടൊപ്പം ഒത്തിരി നാൾ വാപ്പച്ചിയുണ്ടായിരുന്നില്ലേ. ഞങ്ങൾക്ക് കുറച്ചുകാലമല്ലേ വാപ്പച്ചിയുടെ സ്നേഹം കിട്ടിയുള്ളൂ.

വാപ്പച്ചിയെ ഞങ്ങൾ നോൺ സ്റ്റോപ്പായി ചിരിപ്പിച്ച ഒരു സംഭവം ഉമ്മ ഇടയ്ക്കിടെ പറയാറുണ്ട്. കാറിൽ യാത്ര ചെയ്യവേ വാപ്പച്ചി ഉമ്മയെ ചൂണ്ടി ഞങ്ങളോട് ചോദിച്ചു. ‘മക്കളേ... ഇതാരാ...’ ഉമ്മച്ചിയെന്ന് ഒരുമിച്ച് മറുപടി പറഞ്ഞു. ‘അപ്പോ ഞാനോ...’ എന്ന് എടുത്തു ചോദിക്കേണ്ട താമസം. ഞങ്ങൾ നിഷ്ക്കളങ്കമായി മറുപടി പറഞ്ഞു. ‘കൊച്ചിൻ അനീഫാ...’ അതു കേട്ട് വാപ്പച്ചി ചിരി നിർത്താൻ നന്നേ പാടുപെട്ടെന്നാ കേട്ടിട്ടുള്ളത്. ഇപ്പോഴും വാപ്പച്ചിയുടെ ആ ചിരി ഞങ്ങളുടെ കൂടെയുണ്ടെന്നു വിശ്വസിക്കാനാണ് ഇഷ്ടം.

Cochin-haneefa-family

ഭയം ഉള്ളിലൊതക്കിയുള്ള ഓട്ടം

ഹനീഫി ക്ക മദ്യപിക്കാറില്ല, അലസജീവിതവുമല്ല. ലിവർ സിറോസിസ് തിരിച്ചറിഞ്ഞെങ്കിലും അതു മറച്ചുവയ്ക്കാനായിരുന്നു ഇക്ക ശ്രമിച്ചത്. രോഗമുണ്ടെന്നറിഞ്ഞാൽ അഭിനയിക്കാൻ ആരും വിളിച്ചില്ലെങ്കിലോ എന്നാ പാവം ചിന്തിച്ചിട്ടുണ്ടാകും. സിനിമാക്കാരൻ ആയിരുന്നെങ്കിലും വലിയ സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല.

മക്കൾക്കു വേണ്ടി ഒന്നും ചെയ്തില്ലെന്ന കുറ്റബോധത്താൽ ഒരു സിനിമയും വിടാതെ അഭിനയിച്ചു, ആരോഗ്യം പോലും നോക്കാതെ. സമയമിനി അധികമില്ലെന്നു മനസ്സിലാക്കിയതു പോലൊരു ഓട്ടപ്പാച്ചിലായിരുന്നു.

മരിക്കുന്നതിന് നാലു മാസം മുൻപ് മാത്രമാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ ഞാൻ തിരിച്ചറിഞ്ഞത്. ഹനീഫിക്കയുടെ രോഗത്തില്‍ സങ്കടവും ദേഷ്യവും കടിച്ചമർത്തി എന്നോട് സംസാരിച്ചത് മമ്മൂക്കയാണ്. ‘എന്തിന് അവനിത് മറച്ചുവച്ചു. ഒന്നു പറയാമായിരുന്നില്ലേ. എവിടെ കൊണ്ടു പോയാലും നമ്മൾ രക്ഷപ്പെടുത്തുമായിരുന്നില്ലേ...’ എന്ന്. കുഞ്ചന്‍ ചേട്ടന്റെ മകളുടെ കല്യാണത്തിന് കണ്ടപ്പോൾ ‘വല്യ മക്കളായല്ലോ... രണ്ടു പേരും നല്ലോണം പഠിക്കണം കേട്ടോ’ എന്നു പറഞ്ഞ് അനുഗ്രഹിച്ചു.

ബിൻഷാ മുഹമ്മദ്

ഫോട്ടോ: വിഷ്ണു നാരായണൻ