Friday 29 November 2024 02:36 PM IST

‘ബാല്യകാല സുഹൃത്തിനെ വിട്ട് മറ്റൊരു വിവാഹാലോചന, ആ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു’: നിറത്തിലെ ആ കഥ വന്നതിനു പിന്നിൽ

V R Jyothish

Chief Sub Editor

kamal-niram

‘‘ഇരുപത്തിയഞ്ചിലേറെ വർഷങ്ങള്‍ക്കു മുന്‍പ്  ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടിയും അവളുടെ  ബാല്യകാലസുഹൃത്തും ഇപ്പോൾ സസന്തോഷം
ജീവിക്കുന്നുണ്ടാകും എന്നാണ് എന്റെ വിശ്വാസം....’’ നിറം’ സിനിമയ്ക്കു പിന്നിലെ അറിയാകഥകളുമായി കമല്‍

ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷവും ഒരു സിനിമ ഓർമിക്കപ്പെടുക, അതിനെക്കുറിച്ചു സംസാരിക്കുക, അതിന്റെ പിന്നാമ്പുറക്കഥകൾ അറിയാ ൻ താൽപര്യം കാണിക്കുക... ഒരു സംവിധായകനെ സംബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യങ്ങളാണ് ഇതൊക്കെ.

പറഞ്ഞുവരുന്നത് കമല്‍ സംവിധാനം ചെയ്ത ‘നിറം’ എന്ന ക്യാംപസ് സിനിമയെക്കുറിച്ചാണ്. നൂറു ദിവസത്തിലധികം ഓടിയ ഹിറ്റ് സിനിമ. ഇപ്പോഴും ക്യാംപസുകൾ അതേക്കുറിച്ചു സംസാരിക്കുന്നു. ‘പ്രായം നമ്മില്‍ മോഹം നല്‍കി...’ എന്ന പാട്ട് പുതുതലമുറയും പാടുന്നു. സിനിമയ്ക്കു പിന്നിലെ കഠിനാധ്വാനത്തെക്കുറിച്ചും നാടകീയവും അവിചാരിതവുമായ സംഭവങ്ങളെക്കുറിച്ചുമുള്ള ഒാര്‍മകള്‍ പങ്കിടുകയാണു സംവിധായകന്‍ കമല്‍.

‘‘ഞാനും ശത്രുഘ്നനും ഒരുമിച്ച ‘ഈ പുഴയും കടന്ന്’ വൻ ഹിറ്റായിരുന്നു. അങ്ങനെയാണു ഞങ്ങൾ മറ്റൊരു സിനിമയെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്. ജയലക്ഷ്മി ഫിലിംസിന്റെ രാധാകൃഷ്ണൻ നിർമാതാവായി വന്നു. അണിയറ പ്രവർത്തനങ്ങൾ സജീവമായെങ്കിലും കഥയോ തിരക്കഥയോ ഉണ്ടായിരുന്നില്ല. ഞങ്ങൾ ആലോചിച്ചു കൊണ്ടിരുന്ന കഥ മുന്നോട്ടു പോകുന്നുമില്ല. തൽക്കാലം ആ കഥ ഉപേക്ഷിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം ഡോ. ഇക്ബാൽ കുറ്റിപ്പുറം എന്നെ കാണാൻ വന്നു. ഇക്ബാൽ അന്ന് വളാഞ്ചേരിയിൽ ഹോമിയോഡോക്ടറാണ്. തിരക്കഥാകൃത്തായിട്ടില്ല. ഞങ്ങൾ തമ്മിൽ പലപ്പോഴും കാണാറും സിനിമകളെക്കുറിച്ചു സംസാരിക്കാറുമുണ്ട്. അന്ന് ചെറുതുരുത്തി ഗസ്റ്റ് ഹൗസിലിരുന്നു സംസാരിച്ച കൂട്ടത്തില്‍ ലാൽ ജോസ് പങ്കുവച്ച യഥാർഥ സംഭവം ഇക്ബാൽ ഒരു കഥ പോലെ പറഞ്ഞു. സംഭവം ഇതാണ്. കല്യാണം നിശ്ചയിച്ച ഒരു പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയിലായി. കാരണം

വളരെ വിചിത്രമായിരുന്നു. ആ പെൺകുട്ടിക്ക് ഒരു ബാല്യകാലസുഹൃത്തുണ്ട്. അടുത്തടുത്ത വീടുകളിലാണ് അവരുടെ താമസം. സ്കൂളിലും കോളജിലും പോയി വന്നിരുന്നതും ഒരുമിച്ച്. അതിനിടയ്ക്കു പെൺകുട്ടിക്കൊരു കല്യാണാലോചന വന്നു. വീട്ടുകാർ അത് ഉറപ്പിച്ചു. അതിനെ തുടർന്നാണു പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. യഥാ ർഥത്തില്‍ ഈ പെൺകുട്ടിക്ക് തന്റെ ബാല്യസുഹൃത്തിനോടു പ്രണയമായിരുന്നു. അതുപക്ഷേ, അവൾ ആരോടും തുറന്നു പറഞ്ഞില്ല. അവനോടു പോലും. വീട്ടുകാരും നാട്ടുകാരുമൊക്കെ കരുതിയിരുന്നത് അവർ സഹോദരങ്ങളെപ്പോലെയാണ് എന്നായിരുന്നു. ഇതാണ് ലാൽജോസ്, ഇക്ബാലിനോടു പറഞ്ഞത്.

ഇതു കേട്ടപ്പോൾ ഒരു കഥയുെട സാധ്യത എനിക്കു തോന്നി. ഞാനുടനെ ലാൽജോസിനെ വിളിച്ചു ചോദിച്ചു. ‘ഇക്ബാൽ ഒരു സംഭവം പറഞ്ഞു. അതിലൊരു കഥാതന്തു ഉണ്ട്. ഞാനതു സിനിമയാക്കിയാൽ എന്തെങ്കിലും പ്രശ്നമുണ്ടാവുമോ?’ ഇല്ലെന്ന ലാൽജോസിന്റെ മറുപടിയിലാണ് ഞങ്ങൾ പിന്നെ, മുന്നോട്ടുപോയത്. ബാല്യകാല സുഹൃത്തുക്കളായ രണ്ടുപേർ. അവരുടെ സൗഹൃദം. അവർ പോലും അറിയാതെ ഉള്ളിൽ ഉറവയെടുത്ത പ്രണയം. ആ പ്രണയത്തിനായിരുന്നു ഊന്നൽ കൊടുത്തത്. അങ്ങനെ ഞങ്ങള്‍ എത്തിപ്പെട്ട സിനിമയാണത്, നിറം.

kamal-niram-2

പുഴ പോലെ ഒഴുകുന്ന ക്യാംപസ്

കൗമാരപ്രണയകഥയാണു പറഞ്ഞതെങ്കിലും എഴുതിയ ശത്രുഘ്നനോ സംവിധാനം ചെയ്ത ഞാനോ നേരിട്ടു ക ണ്ട കലാലയമല്ല സിനിമയിൽ ഉണ്ടായിരുന്നത്. ഞാന്‍ പഠിക്കുന്ന കാലത്ത് പെൺകുട്ടികളും ആൺകുട്ടികളും തമ്മിൽ ക്യാംപസില്‍ സംസാരിക്കാറില്ല. മാത്രമല്ല, അടിയന്തരാവസ്ഥക്കാലത്തായിരുന്നു എെന്‍റ പഠനം. പതിവിലേറെ രാഷ്ട്രീയസമ്മർദങ്ങളുണ്ടായിരുന്നു ക്യാംപസില്‍. ഏറ്റവും കൂടുതൽ നിരാശാകാമുകന്മാരും അസ്തിത്വവാദികളുകളുമൊക്കെ അവിടെയാണ്. വേണുനാഗവള്ളിയായിരുന്നു അന്നത്തെ ചെറുപ്പക്കാരുടെ ഹരം.

പക്ഷേ, ഈ സിനിമയുടെ ചർച്ചകൾ നടക്കുന്ന സമയത്തു സ്ഥിതി മാറുകയാണ്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള ആരോഗ്യകരമായ സൗഹൃദങ്ങൾ ക്യാംപസുകളിൽ വന്നുകഴിഞ്ഞു.

ശത്രുഘ്നന്റെ മകൾ അക്കാലത്തു കോളജിൽ പഠിക്കുന്നുണ്ട്. അവളാണ് ഞങ്ങളുെട കൺസൽറ്റന്റ്. ശത്രുഘ്നൻ അവളെ വിളിച്ച് ഓരോന്നു ചോദിക്കും. അങ്ങനെ കിട്ടിയതാണു സിനിമയിലെ ‘എടാ’ വിളി. ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം ‘എടാ’ വിളിക്കുന്ന പ്രവണത അന്നു തുടങ്ങിയിട്ടേയുള്ളു ‘ശുക്റിയ’ എന്ന വാക്കിനു നന്ദി എന്നേ അർഥമുള്ളു. പക്ഷേ, ഈ സിനിമയിൽ ‘ഐ ലവ് യു’ എന്ന അർഥം കൂടി ഞങ്ങൾ കൊണ്ടുവന്നു. അ തും അന്ന് വലിയ ഹിറ്റായിരുന്നു.

(തുടരും)

വി.ആർ. ജ്യോതിഷ്

ഫോട്ടോ: ഹരികൃഷ്ണൻ