തീർത്തും അപരിചിതമായ സ്ഥലങ്ങളിൽ വച്ച് ചില ആളുകളെ പരിചയപ്പെടുമ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു മരവിപ്പ് അനുഭവപ്പെടാറുണ്ട്. യാത്രയിലെ സുഖദു:ഖങ്ങളെക്കാൾ എത്രയോ ഭയാനകമാണ് ജീവിത യാഥാർഥ്യങ്ങളെന്നുള്ള തിരിച്ചറിവാണ് ഈ വെപ്രാളത്തിനു കാരണം. ഏതൊരു യാത്രികനെയും പോലെ മനസ്സിന്റെ അടിത്തട്ടിലെവിടെയോ ഒളിഞ്ഞിരിക്കുന്ന ഭയമായിരിക്കാം ഈ അസ്വസ്ഥതയുടെ അടിസ്ഥാനം. എറണാകുളത്തെ പള്ളിപ്പുറം മഞ്ഞുമാതാ പള്ളിയുടെ മുറ്റത്തു നിന്നപ്പോഴുണ്ടായ വിറയലിനെക്കുറിച്ചു പറയാനാണ് ഇത്രയും വിശദമായൊരു ആമുഖം നിരത്തിയത്. ആ പള്ളിയിലെ സെമിത്തേരിയിൽ കുഴി വെട്ടുന്നത് ഒരു സ്ത്രീയാണ്. ബേബി എന്നു പേരുള്ള അറുപത്തിരണ്ടുകാരി. അമ്മയിൽ നിന്നു കൈമാറിക്കിട്ടിയ കുലത്തൊഴിലാണ് കുഴിവെട്ട്. വയറു നിറയെ ഭക്ഷണം കഴിക്കാൻ പതിനാലാം വയസ്സിൽ ശവക്കുഴിയിൽ ഇറങ്ങിയെന്നു ബേബിച്ചേച്ചി പറഞ്ഞപ്പോൾ ആ സെമിത്തേരിയിലെ ഒരു കല്ലറയുടെ മുകളിൽ തളർന്നിരുന്നു പോയി.
ബേബി സ്വപ്‌നം കാണാറില്ല. പക്ഷേ, നാട്ടിലെ കുട്ടികള്‍ക്കു പേടിസ്വപ്‌നമാണു ബേബിച്ചേച്ചി. ചോറുണ്ടില്ലെങ്കില്‍ ബേബിയെ വിളിക്കുമെന്നു പറഞ്ഞ് അമ്മമാര്‍ കുഞ്ഞുങ്ങളെ ഊട്ടുന്നതു ബേബി കണ്ടിട്ടുണ്ട്.
‘‘എന്റെ വിധിയോർത്തു ഞാൻ ദിവസങ്ങളോളം സങ്കടപ്പെട്ടിട്ടുണ്ട്, പണ്ട്. നേരിട്ടു കാണുമ്പോള്‍ കുഞ്ഞുങ്ങള്‍ ഓടിയൊളിച്ചാലും ഇപ്പോള്‍ എനിക്കു വിഷമമില്ല. കണ്ടും കേട്ടും അനുഭവിച്ചും അതൊക്കെ ശീലമായി. പകലിനെക്കാള്‍ പാതിരാത്രിയാണ് ഇപ്പോഴെനിക്കിഷ്ടം. പ്രേതത്തെയും പിശാചിനേയുമല്ല, മനുഷ്യനെയാണു പേടിക്കേണ്ടത്.’’ – വലിഞ്ഞു മുറുകിയ മുഖത്തൊരു ചിരി വിടർത്താൻ ശ്രമിച്ചുകൊണ്ടു ബേബി പറഞ്ഞു.
‘‘ഇത്രയും കാലത്തിനിടെ ഒരിക്കല്‍ മാത്രമാണു മരിച്ച മനുഷ്യന്‍ എന്നെ പേടിപ്പിച്ചിട്ടുള്ളത്. നാലഞ്ചു വര്‍ഷം മുമ്പായിരുന്നു അത്. ചെമ്മീന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആനി തൂങ്ങിമരിച്ചു. ഞാനാണ് കുഴിവെട്ടി ശരീരം അടക്കിയത്. മൂന്നാം നാള്‍ ആനിയുടെ ഭര്‍ത്താവ് ആന്റപ്പനും ആത്മഹത്യ ചെയ്തു. ഒത്ത ഉയരവും തടിയുമുള്ള ആളായിരുന്നു ആന്റപ്പൻ. രാവിലെ മുതൽ വൈകുന്നേരം വരെ അന്വേഷിച്ചിട്ടും അത്രയും വലിയ ശവപ്പെട്ടി കിട്ടിയില്ല. ഒടുവിൽ, കിട്ടിയ പെട്ടിയിൽ ശവമടക്കി. ആന്റപ്പന്റെ ദേഹത്തിനു മീതെ മണ്ണു മൂടിയിട്ടും കൈകളും കാലും പുറത്തേയ്ക്ക് നീണ്ടു നിന്നു.അന്നു രാത്രിയും പിറ്റേന്നും എനിക്ക് ഉറങ്ങാനായില്ല. കണ്ണിനു മുന്നില്‍ നിന്ന് ആ രൂപം മായാന്‍ ഏറെ ദിവസമെടുത്തു.’’
അള്‍ത്താരയിലെ മാമോദീസയില്‍ നിന്നു സെമിത്തേരിയിലെ അന്ത്യകൂദാശയിലേക്കുള്ള ദൂരം, ഇതാണു ബേബിയുടെ വാക്കുകളില്‍ ജീവിതത്തിന്റെ ചുരുക്കെഴുത്ത്.
‘‘ജീവിച്ചിരിക്കുന്നവരേക്കാൾ മരിച്ചവരുടെ മുഖമാണ് എനിക്കു പരിചയം. മരണം കണ്ടുകണ്ട് മനസുറച്ചു. നാലുപതിറ്റാണ്ടിനിടെ ഒരേയൊരു തവണയേ ഞാൻ കരഞ്ഞിട്ടൂള്ളൂ. കുഴിവെട്ടി ജീവിക്കുന്ന എന്നെ പ്രേമിച്ചു വിവാഹം കഴിച്ച ആന്റണിയുടെ വേര്‍പാടിന്റെ ദിവസമായിരുന്നു അത്. ’’
തന്റെ ജീവിതത്തിലെ വലിയ അധ്യായത്തെക്കുറിച്ചു ബേബി പറഞ്ഞു തുടങ്ങി. കുഴിവെട്ടുകാരി ബേബിയെ ആന്റണി വിവാഹം കഴിച്ച കഥ പള്ളിപ്പുറത്തുകാരുടെ നാട്ടു ഭാഷയില്‍ പറയാനാണു ബേബിക്കിഷ്ടം.
‘‘പള്ളിയിലെ തൂപ്പും വെടിപ്പാക്കലും കഴിഞ്ഞാല്‍ ഞാന്‍ ചെമ്മീന്‍ കമ്പനിയില്‍ ജോലിക്കു പോകുമായിരുന്നു. ആ സമയത്താണ് ആന്റണിയെ കാണുന്നത്. ഒരു ദിവസം നേരെ മുന്നിൽ വന്നു നിന്നു. എന്നെ കല്യാണം കഴിക്കണമെന്നു പറഞ്ഞു. നടക്കൂല്ലെന്ന് ഞാനും പറഞ്ഞു. വഴി വക്കില്‍ തടഞ്ഞു നിര്‍ത്തലും പെണ്ണുചോദിക്കലും പതിവായി. ഒടുവിലൊരു ദിവസം അങ്ങോര് എന്റെ വീട്ടില്‍ കയറി വന്നു. കല്യാണം കഴിക്കാനാണ് വന്നതെന്ന് ആന്റണി പറഞ്ഞപ്പോള്‍ ഞാൻ ചിരിച്ചു. കുഴിവെട്ടി നടക്കണ എന്നെ കല്യാണം കഴിക്കണതെന്തിനാണെന്ന് ഞാന്‍ ചോദിച്ചു. അതു കേട്ട് അങ്ങോര് ചിരിച്ചു. ആ ചിരി ഞാന്‍ വിശ്വസിച്ചു. വിവരം മുഴുവന്‍ പള്ളി വികാരിയോടു പറഞ്ഞു. മുപ്പത്തെട്ടാമത്തെ വയസില്‍ ആന്റണി പുഷ്‌കിന്‍ എന്ന മുനമ്പത്തുകാരന്‍ അങ്ങനെ എന്റെ കെട്ട്യോനായി. ഇരുപതു വര്‍ഷത്തോളം ഒരുമിച്ചു ജീവിച്ചെങ്കിലും ഞങ്ങള്‍ക്ക് പിള്ളേരുണ്ടായില്ല. മരണം വരെ അങ്ങോരുടെ സങ്കടം അതായിരുന്നു.’’
ആന്റണിയുടെ കുഴിമാടത്തിനടുത്തു നിന്ന് ഇതു പറയുമ്പോള്‍ ബേബിപ്പെണ്ണിന്റെ കണ്ണു നനഞ്ഞിരുന്നു. മൂന്നു വര്‍ഷം മുന്‍പ് ആന്റണി യാത്ര പറഞ്ഞപ്പോള്‍ തേങ്ങിയതുപോലെ ബേബിയുടെ ശബ്ദമിടറി. അയ്യായിരത്തിലേറെയാളുകളെ മണ്ണിലേക്കു യാത്രയാക്കിയ ബേബിച്ചേച്ചി ജീവിതത്തിലെ ഓരോ ദിവസങ്ങളും എഴുതിവയ്ക്കാത്ത കുറിപ്പുകളായി ഓര്‍ത്തുവയ്ക്കുന്നു. മത്സ്യത്തൊഴിലാളിയായിരുന്ന ചവരയുടെ രണ്ടു പെണ്‍മക്കളില്‍ ഇളയവളായി ബേബി ജനിച്ചതു നോര്‍ത്ത് പറവൂരിനു സമീപത്തുള്ള ഗോതുരുത്തിലാണ്. ചവര മരിച്ച ശേഷം കുഞ്ഞമ്മ മകളോടൊപ്പം പള്ളിപ്പുറത്തേയ്ക്കു താമസം മാറി. ഇക്കാലത്തു കുഞ്ഞമ്മയുടെ സഹോദരന്‍ ഔസേഫിനു മഞ്ഞുമാതാ പള്ളി സെമിത്തേരിയില്‍ കുഴിവെട്ടലായിരുന്നു ജോലി. ഔസേഫ് മരിച്ചതിനു ശേഷവും ആളുകള്‍ കുഴിവെട്ടിയെ തേടി വീട്ടിലെത്തിയപ്പോള്‍ കുടുംബം പുലര്‍ത്താനായി കുഞ്ഞമ്മ ആ ജോലി ഏറ്റെടുത്തു.
‘‘അറുപതാം വയസ്സില്‍ ശ്വാസംമുട്ടൽ ബാധിച്ച് അമ്മ മരിച്ചു. ഈ ലോകത്തു ഞാനൊറ്റയ്ക്കായി. വീടും തൊട്ടപ്പുറത്തുള്ള പള്ളിയുമല്ലാതെ മറ്റൊരു സ്ഥലത്തെക്കുറിച്ചും എനിക്കറിയില്ലായിരുന്നു. കുഴി വെട്ടാനുള്ള ഒരു തൂമ്പ മാത്രമായിരുന്നു അമ്മയുടെ സമ്പാദ്യം.’’ – കുഴിവെട്ടുകാരിയായ സാഹചര്യത്തെക്കുറിച്ചു ബേബി പറഞ്ഞു. കാണുന്നവരോടും പരിചയക്കാരോടും ബേബിക്ക് ഒന്നേ പറയാറുള്ളൂ. ‘‘എന്നും കണി കണ്ടുണരുന്ന സെമിത്തേരിക്കു നടുവില്‍, ഇങ്ങനെ എല്ലാം കണ്ടു നടക്കുന്നതിനിടെ മരിച്ചു വീഴണം...’’
യാത്ര പറഞ്ഞു മടങ്ങുമ്പോൾ ബേബിച്ചേച്ചി ചിരിച്ചു. മുഖത്തൊരു ചിരിയുണ്ടാക്കാൻ ശ്രമിച്ചു എന്നു പറയുന്നതാണ് ശരി. ഇത്രയും കാലത്തെ യാത്രകൾക്കിടെ ആദ്യമായി ഒരു പുഞ്ചിരിയെ പേടിയോടെ നോക്കി നിന്നു. പക്ഷേ, ബേബിച്ചേച്ചി അതൊന്നും ശ്രദ്ധിക്കാതെ തൂമ്പയുമായി സെമിത്തേരിയിലേക്ക് നടന്നകന്നു.
baijugovind@gmail.com