Monday 25 April 2022 12:47 PM IST

ബാബു കയറിയ ‘ചേറാട് മല’യുടെ അടിവാരത്ത് ടൂറിസ്റ്റുകളുടെ തിരക്ക്

Baiju Govind

Sub Editor Manorama Traveller

2 - Mpuzha

പാലക്കാടിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിലെ മലനിരകളിൽ ഏറ്റവും മനോഹരമായ ഗിരിനിര മലമ്പുഴയിലേതാണ്. ഒലവക്കോടു നിന്നു പുറപ്പെട്ട് കടുക്കാംകുന്നം താണ്ടിയാൽ വടക്കു ചെരിവിൽ ആകാശം തൊട്ടു നിൽക്കുന്ന മലകൾ കാണാം. അതിലൊന്നാണു ചേറാട് മല. കുറുമ്പാച്ചി മലയെന്ന് ഇവിടത്തുകാർ പേരുചൊല്ലി വിളിച്ച വലിയ പാറയുടെ ഒരു ഭാഗമാണു ചേറാട്. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഈ പാറയിലാണ് പാലക്കാട്ടുകാരൻ ബാബു അപകടത്തിൽപെട്ടത്. അനുമതിയില്ലാതെ പാറയിൽ കയറിയ ബാബുവിനെ മരണത്തിൽ നിന്നു രക്ഷിക്കാൻ കേരള സർക്കാരിന് അര കോടി രൂപയാണു രക്ഷാപ്രവർത്തനത്തിനായി ചെലവായത്.

മലമ്പുഴ അണക്കെട്ടന്റെ സമീപത്തുള്ള ആനക്കല്ല് റോഡിലൂടെ യാത്ര ചെയ്താൽ ചേറാട് മല പോലെ ഭംഗിയുള്ള ഒട്ടേറെ കുന്നുകൾ കാണാം. വാളയാറിനിപ്പുറത്തു കേരളത്തിലുള്ള മലനിരയുടെ മനോഹാരിത ആസ്വദിക്കാൻ അനുയോജ്യമായ സ്ഥലം ‘കവ’യാണ്. മലമ്പുഴ അണക്കെട്ടിന്റെ ക്യാച്മെന്റ് ഏരിയയാണ് കവ. ലോഹിതദാസ് സംവിധാനം ചെയ്ത ‘കന്മദം’ എന്ന സിനിമയിൽ കവയുടെ പ്രകൃതിസൗന്ദര്യം മുഴുവനായും ക്യാമറയിൽ പകർത്തിയിട്ടുണ്ട്. സംഗീത് ശിവൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച ‘യോദ്ധ’യിൽ മലമ്പുഴയിലെ മലനിരകളെ സന്തോഷ് ശിവൻ അതിമനോഹരമായി ദൃശ്യവത്കരിച്ചിരുന്നു. സിനിമകളിലൂടെ സഞ്ചാരികൾ തിരിച്ചറിഞ്ഞ മലമ്പുഴയുടെ അരികിലുള്ള കവ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്.

1 - Mpuzha

വിശാലമായ പുൽമേട, മുട്ടറ്റം വെള്ളം നിറഞ്ഞ തടാകം, തലയെടുപ്പോടെ നിൽക്കുന്ന കരിമ്പനകൾ, പച്ച പുതച്ച മലനിര – ഇതാണ് കവയുടെ ഭൂപ്രകൃതി. പറ്റം ചേർന്നു മേ‍ഞ്ഞു നടക്കുന്ന കന്നുകാലികൾ കവയുടെ സായാഹ്നങ്ങളെ സ്വപ്നലോകം പോലെ മനോഹരമാക്കുന്നു. നെൽപ്പാടങ്ങളും പഴയ തറവാടുകളും മാത്രമല്ല, പാലക്കാടിന് കൈമുതലായി ഇങ്ങനെയൊരു പ്രണയത്തുരുത്തുമുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഏറ്റവുമൊടുവിൽ കവ ഗ്രാമത്തിൽ പോയത്. നഗര പ്രദക്ഷിണത്തിനിടെ വീണു കിട്ടിയ രണ്ടു മണിക്കൂർ കവയിലേക്കു തിരിച്ചു വിടുകയായിരുന്നു. രണ്ടു വർഷം മുൻപു വരെ മണ്ണിടിഞ്ഞു കിടന്ന പാത ടാറിട്ട് വൃത്തിയാക്കിയിട്ടുണ്ട്. വലതുഭാഗത്ത് മലമ്പുഴ അണക്കെട്ടും ഇടതുവശം റബർ തോട്ടങ്ങളുമായതിനാൽ കാറിന്റെ എസി ഓഫ് ചെയ്ത് വിൻഡോ ഗ്ലാസ് തുറന്നിട്ടു. ഓളപ്പരപ്പുകളെ തഴുകിയെത്തുന്ന കാറ്റും മരക്കൂട്ടങ്ങളുടെ തണലും ചേർന്ന് യാത്രയ്ക്ക് റൊമാന്റിക് ഫീൽ ഉണ്ടാക്കി.

3 - Mpuzha

വീതി കുറഞ്ഞ റോഡിൽ കുറച്ചു ദൂരം മുന്നോട്ടു പോയി ഒരു വളവു തിരിഞ്ഞതോടെ വലിയൊരു പാറക്കൂട്ടത്തിനു നടുവിലെത്തി. ഫോട്ടോയെടുക്കാൻ പറ്റിയ സ്ഥലമാണ് അത്. അണക്കെട്ടിന്റെ വടക്കുഭാഗത്തെ വിശാലതയാണ് പശ്ചാത്തലം. വെള്ളമില്ലാത്ത തടാകത്തിൽ മേഞ്ഞു നടക്കുന്ന കന്നുകാലികൾ. മതിൽ കെട്ടിയ പോലെ ഹരിതാഭയാർന്ന മലനിര... സെൽഫിയെടുക്കാനും ഫോട്ടോയെടുക്കാനും മലമ്പുഴ ദേശത്ത് ഇതുപോലൊരു ലോക്കേഷൻ വേറെയില്ല.

പാറക്കൂട്ടത്തിനിരികിൽ നിന്ന് താഴേക്ക് ആളുകൾ നടന്നുണ്ടായ ഒരു വഴിയുണ്ട്. കുത്തനെയുള്ള ഇറക്കമാണ്. സൂക്ഷിച്ച് കാൽ വച്ചില്ലെങ്കിൽ തലയും കുത്തി താഴേക്കു വീഴും. റിസ്ക് എടുക്കാതെ അൽപ്പദൂരം കൂടി കാറിൽ പോയി. റോഡിന്റെ അറ്റം എത്തുന്നതിനു തൊട്ടു മുൻപായി ഒഴിഞ്ഞ സ്ഥലത്ത് വണ്ടി നിർത്തി. പൊരിവെയിലത്ത് കുറച്ചു ദൂരം നടന്നപ്പോഴാണ് കവ എന്ന സ്ഥലം കിലോമീറ്ററുകളോളം പരന്നു കിടക്കുകയാണ് എന്ന സത്യം മനസ്സിലായത്. റോഡിൽ നിന്നു നോക്കിയാൽ തൊട്ടടുത്താണെന്നു തോന്നുമെങ്കിലും അതി വിശാലമാണ് വെളിമ്പ്രദേശം.

വെയിൽ ചായുമ്പോൾ കവയിലെത്തുന്നതാണ് ബുദ്ധിപരമായ പ്ലാനിങ്. സൂര്യൻ അസ്തമിക്കുന്ന സമയത്താണ് കവയുടെ ഭംഗി ആസ്വാദ്യകരമാവുക. ഈ നേരത്ത് പടിഞ്ഞാറേ ചക്രവാളം മുതൽ കിഴക്കേ മാനം വരെ സ്വർണ നിറമണിയും. പുൽനാമ്പുകളോളം പൊങ്ങിക്കിടക്കുന്ന വെള്ളക്കെട്ട് അപ്പോൾ തങ്കമുരുക്കി ഒഴിച്ചപോലെ തിളങ്ങും. കൂടണയാൻ പറന്നുയരുന്ന പക്ഷികളും തൊഴുത്തുകളിലേക്ക് നീങ്ങുന്ന കന്നുകാലികളും നിഴലിട്ടു നിൽക്കുന്ന വിഷ്വൽ അതിഗംഭീരം. പലയിനം പക്ഷികളും അപൂർവയിനം പൂമ്പാറ്റകളും കവയിലുണ്ട്. സീസണിൽ വന്നു പോകുന്ന കിളികൾ യാത്രികരിൽ ഭാഗ്യം ചെയ്തവരുടെ ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നു.

4 - Mpuzha

കവ ഗ്രാമത്തിലെ മലയ്ക്കൊരു പുരാണത്തിന്റെ പിൻബലമുണ്ട്. പണ്ടൊരിക്കൽ ഉഗ്ര രൂപിയായ ഒരു വ്യാളി ഭൂമിയെ ആക്രമിക്കാൻ പാഞ്ഞടുത്തു. ആരോഗ്യവാനായ രാജകുമാരൻ വ്യാളിയെ വാളുകൊണ്ടു വെട്ടിവീഴ്ത്തി. വ്യാളിയുടെ വാൽ വന്നു വീണത് മലമ്പുഴയുടെ തീരത്തുള്ള കവ ഗ്രാമത്തിന്റെ കരയിലാണ്. കവയുടെ വലടക്കു ഭാഗത്തു ചെരിഞ്ഞു നിൽക്കുന്ന മലയാണ് ആ വാലെന്നു കഥ.

ആടിക്കുളിരുമായി ചുരം കടന്നെത്തുന്ന പാലക്കാടൻ കാറ്റ് പ്രസിദ്ധമാണ്. ഈ കാറ്റിനെ ഈറനണിയിക്കുന്ന മഴമേഘങ്ങളുടെ ഉദ്ഭവ സ്ഥാനം കവയാണ്. പശ്ചിമഘട്ട മലനിരയിൽ ആദ്യത്തെ മഴമേഘം രൂപപ്പെടുന്നത് കവയുടെ നെറുകയിലാണെന്നു ശാസ്ത്രം. മൺസൂൺ തകർത്തു പെയ്യുമ്പോൾ സുന്ദരിയായ കവ രൗദ്രഭാവത്തിലേക്കു മാറും.

5 - Mpuzha

പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്ന് മലമ്പുഴയിലേക്ക് ബസ്സ് കിട്ടും. ഈ ബസ്സുകൾ ഒലവക്കോട് റെയിൽവെ േസ്റ്റഷനു മുന്നിലൂടെയാണ് മലമ്പുഴയ്ക്കു പോവുക. മലമ്പുഴ ഉദ്യാനത്തിനു മുന്നിലുള്ള ബസ് സ്റ്റാൻഡിൽ നിന്ന് കവയിലേക്ക് മൂന്നു കിലോമീറ്റർ ദൂരം. സ്വന്തം വാഹനം അല്ലെങ്കിൽ ഓട്ടോ റിക്ഷ – കവയിലെത്താൻ ഇതു മാത്രമാണ് ആശ്രയം. ആനക്കൽ റൂട്ടിലൂടെ നേരേ പോയാൽ കാട്ടുപാതകൾ താണ്ടി കവയുടെ കിഴക്കു ഭാഗത്തെത്താം. ജലാശയത്തിനരികെ കരിമ്പനകൾ നിറഞ്ഞു നിൽക്കുന്ന കവയുടെ ദൃശ്യങ്ങൾ പകർത്താൻ പറ്റിയ സ്ഥലം അതാണ്.