ബ്രഹ്മപുത്ര നദിയിലൂടെ മജൂലി ദ്വീപിലേക്കു നടത്തിയ യാത്രയെക്കുറച്ചാണ് ദിവ്യ എസ്. അയ്യർ പറഞ്ഞു തുടങ്ങിയത്. കടലിന്റെ ഗാംഭീര്യം ഓളങ്ങളിൽ ഒളിപ്പിച്ച നദി അന്നു ശാന്തമായിരുന്നു. അസ്തമയത്തിന്റെ ഭംഗിയിൽ മുഴുകി ഐഎഎസുകാരി ബോട്ടിന്റെ അരികു സീറ്റിൽ ചാഞ്ഞിരുന്നു. അസമിലെ മലനിരകളെ തഴുകിയെത്തിയ കാറ്റിൽ സിരകൾ കുളിരണിഞ്ഞപ്പോൾ ഡോ. ദിവ്യയുടെ മനസ്സ് കരമനയിലെ അഗ്രഹാരത്തിലേക്കു പറന്നു. സ്വപ്നങ്ങളിലൂടെ ലക്ഷ്യങ്ങൾ കീഴടക്കിയ ഹൃദയം ആ നിമിഷം സന്തോഷങ്ങളെ പുണർന്ന് പാട്ടുപാടി. ‘‘ഒരുപക്ഷേ, ഇതായിരിക്കാം യാത്രകളുടെ അനുഭൂതി’’ അഗ്രഹാരത്തിന്റെ ഐശ്വര്യം വാക്കുകളിൽ നിറച്ച് ദിവ്യ പുഞ്ചിരിച്ചു.
രണ്ടു വർഷത്തെ അടച്ചിടലിനു ശേഷം തീർഥാടനം പുനരാരംഭിച്ച ശബരിമലയിലെ വിശേഷങ്ങൾ അറിയാനാണ് പത്തനംതിട്ട ജില്ലാ കലക്ടറെ കണ്ടത്. കക്കാട്ടാറിൽ കയാക്കിങ്ങും രാക്ഷസൻപാറയിൽ ട്രക്കിങ്ങും നടത്തി പുതിയ ടൂറിസം സർക്യൂട്ട് തയാറാക്കുന്നതിന്റെ തിരക്കിലാണ് കലക്ടർ. ഐഎഎസ് പരിശീലനത്തിന് ഉത്തരാഖണ്ഡിലെ മസൂറിയിൽ പോയതു മുതലുള്ള സഞ്ചാരകഥ പങ്കുവച്ചുകൊണ്ട് ഡോ. ദിവ്യ എസ്. അയ്യർ മനോരമ ട്രാവലറിന്റെ സഹയാത്രികയായി.
ഇന്ത്യയെ കണ്ടറിഞ്ഞ ഭാരത് ദർശൻ
ബാല്യകാലത്തെ ആഗ്രഹമായിരുന്നു ഐഎഎസ്. ഹൈസ്കൂളിൽ എത്തിയപ്പോൾ ഡോക്ടറാകാൻ മോഹമുദിച്ചു. പത്താം ക്ലാസ് പരീക്ഷ റാങ്കോടെ പാസായപ്പോൾ എംബിബിഎസ് തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. തമിഴ്നാട്ടിലെ സിഎംസി വെല്ലൂരിലായിരുന്നു പഠനം. മെഡിസിൻ വിദ്യാർഥിയായും പിന്നീട് ഡോക്ടറായും എഴര വർഷം വെല്ലൂരിൽ താമസിച്ചു. ഇക്കാലത്ത് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ പ്രവർത്തനത്തിനായി ഗ്രാമങ്ങളിലേക്ക് ഇറങ്ങേണ്ടി വന്നു. മനസ്സിനെ പിടിച്ചുലച്ച അനുഭവങ്ങളിലൂടെ അതൊരു വഴിത്തിരിവായി. വീടുകൾ കയറിയിറങ്ങിയപ്പോൾ സമൂഹത്തിനു വേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ടെന്നു തിരിച്ചറിഞ്ഞു.
ആദ്യ തവണ സിവിൽ സർവീസ് പ്രവേശന പരീക്ഷയിൽ നൂറ്റിമുപ്പത്തൊൻപതാം റാങ്കാണു ലഭിച്ചത്. ഐആർഎസ് തിരഞ്ഞെടുത്ത് നാഷനൽ അക്കാദമി ഓഫ് കസ്റ്റംസ് എക്സൈസ് ആൻഡ് നർക്കോട്ടിക്സിലാണ് പരിശീലനത്തിനു ചേർന്നത്. ഫരീദാബാദിലായിരുന്നു ട്രെയിനിങ്. ഇതിന്റെ ഭാഗമായി ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തിയിലെ വാഗാ ബോർഡർ സന്ദർശിച്ചു. ഇരു രാജ്യങ്ങളുടേയും സൈനികർ അഭിവാദ്യം കൈമാറുന്ന സെറിമോണിയൽ പരേഡാണു വാഗാ ബോർഡറിന്റെ സവിശേഷത. അവിടെ നിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്കാണു പോയത്. സുവർണക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തിറങ്ങിയ സമയത്ത് മസൂറിയിൽ നിന്നൊരു ഫോൺ കോൾ – ‘ഐഎഎസ് പരിശീലനത്തിനായി തിങ്കളാഴ്ച മസൂറിയിൽ ജോയിൻ ചെയ്യണം...’
റിസൽറ്റ് വന്നിട്ട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞിരുന്നു. പ്രവേശന തീയതി ഉടൻ വരുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അറിയിപ്പു കിട്ടിയത്.
അന്നു വൈകിട്ട് ഡൽഹി വഴി ഫരീദാബാദിലേക്ക് തിരിച്ചു. വസ്ത്രങ്ങളും പുസ്തകങ്ങളും ബാഗിലാക്കി ടാക്സി വിളിച്ചാണ് മസൂറിയിൽ എത്തിയത്. അത്രയും തിടുക്കത്തിലൊരു യാത്ര അതിനു മുൻപോ പിന്നീടോ ഉണ്ടായിട്ടില്ല.
സിവിൽ സർവീസ് 2014 ബാച്ചിൽ വിവിധ വിഭാഗങ്ങളിലായി പത്തു മലയാളികളാണ് ഉണ്ടായിരുന്നത്. ഫൗണ്ടേഷൻ കോഴ്സ്, ഫേസ് ഒന്ന്, ഫേസ് രണ്ട് എന്നിങ്ങനെയാണ് ഐഎഎസ് പരിശീലനം. ഒന്നാം ഘട്ടം കഴിഞ്ഞ് രണ്ടാം ഘട്ടം ആരംഭിക്കുന്നതിനു മുൻപ് ഇന്ത്യയെ അടുത്തറിയാനുള്ള യാത്രയുണ്ട്. അറുപത്തിനാലു ദിവസത്തെ ‘ഭാരത് ദർശൻ’ യാത്ര മസൂറിയിൽ നിന്നു പുറപ്പെട്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങങ്ങളിലൂടെ സഞ്ചരിച്ച് ഔറംഗാബാദിലാണു സമാപിച്ചത്.
കോൽക്കത്തയിലെ സിലിഗുഡിയിലാണ് ഞങ്ങൾ ആദ്യമെത്തിയത്. അവിടെ സൈനിക ക്യാംപുകൾ പരിചയപ്പെട്ടതിനു ശേഷം ഡാർജിലിങ്, തവാങ്, സിക്കിം എന്നിവിടങ്ങളിലൂടെ യാത്ര ചെയ്തു. ഈ പാതയിൽ രസകരമായ അനുഭവം ഗുർദോങ്മർ ലേക്കിലായിരുന്നു. സിക്ക് തീർഥാടന കേന്ദ്രമാണ് ഇന്ത്യ – ടിബറ്റ് അതിർത്തിയിലുള്ള ഗുരുദോങ്മർ. ഗുരുദ്വാരയ്ക്കു സമീപത്ത് ഒരു തടാകവുമുണ്ട്. മഞ്ഞുമൂടിയ പർവതത്തിന്റെ താഴ്‌വരയിലൂടെ കുറച്ചു ദൂരം ജീപ്പിൽ സഞ്ചരിച്ചു. ബാക്കി ഒരു കിലോമീറ്ററോളം നടന്നു. താപനില മൈനസ് മുപ്പത്തിരണ്ടു ഡിഗ്രിയിലേക്കു താഴ്ന്ന കാലാവസ്ഥയിൽ മഞ്ഞുപാളികളിലൂടെയായിരുന്നു നടത്തം. ഓരോ കുന്നുകൾ താണ്ടിയപ്പോൾ ഓരോരുത്തരായി യാത്ര അവസാനിപ്പിച്ച് വൈദ്യസഹായം തേടി. തണുപ്പും ശ്വാസതടസവും മറികടന്ന് പെൺകുട്ടികളിൽ ഞങ്ങൾ രണ്ടു മലയാളികൾ മാത്രമാണ് ദോങ്മറിന്റെ നെറുകയിലെത്തിയത്. ഞങ്ങൾ അവിടെയെത്തിയ സമയത്ത് അതിശക്തമായ ശീതക്കാറ്റുണ്ടായി. മഞ്ഞിനെ കോരിയെടുത്ത് ആഞ്ഞടിച്ച കാറ്റിൽ ശരീരം വിറച്ചു. ശ്വാസം നിലയ്ക്കുന്ന പോലെ തോന്നി. ഉടൻ തന്നെ ആർമി ക്യാംപിലെത്തി പരിചരണം തേടി. വല്ലപ്പോഴും വിനോദസഞ്ചാരത്തിനായി സന്ദർശനം നടത്തുമ്പോൾ മഞ്ഞു പെയ്യുന്ന പ്രദേശങ്ങൾ മനോഹരമായ കാഴ്ചയാണ്. എന്നാൽ അവിടെ സ്ഥിരതാമസം അത്ര സുഖകരമായ അനുഭവമല്ല. അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന പട്ടാളക്കാരുടെ ത്യാഗത്തിന് ബിഗ് സല്യൂട്ട്.
അവരിൽ ഒരാളായി, അവരോടൊപ്പം
ഐഎഎസ് പരിശീലനത്തിന്റെ ഒരു ഭാഗമാണ് ഗ്രാമ സന്ദർശനം. ഗ്രാമങ്ങളിൽ പോയി ഒരാഴ്ച അവിടത്തുകാരിൽ ഒരാളായി ഗ്രാമീണരുടെ വീട്ടിൽ താമസിക്കുന്നതാണ് ‘വില്ലേജ് വിസിറ്റ്’. ആദ്യം പോയതു മഹാരാഷ്ട്രയിലേക്കാണ്. നാന്ദേദ് ജില്ലയിലെ ജിറോണ എന്ന ഗ്രാമത്തിൽ അറുപത്തഞ്ചു വയസ്സു കഴിഞ്ഞ നാനാവതിയുടെ വീട്ടിലായിരുന്നു താമസം. അവരുണ്ടാക്കുന്ന ഭക്ഷണം, അവരുടെ കട്ടിൽ, ടോയ്‌ലെറ്റ് – ഏഴു ദിവസം ആ വീട്ടമ്മയോടൊപ്പം താമസിച്ചു. ആ ഗ്രാമത്തിന്റെ ശുചിത്വം മാതൃകാപരമാണ്. സന്ത് ഗാഡ്ജെ ബാബ എന്ന സാമൂഹിക പ്രവർത്തകനാണ് അവിടെയുള്ളവരെ ശുചിത്വത്തിന്റെ മഹത്വം പരിശീലിപ്പിച്ചത്. വീടുകളിൽ മാത്രമല്ല പൊതുസ്ഥലങ്ങളിലും വൃത്തിയും ശുചിത്വവും പാലിക്കാൻ ഗ്രാമീണരെ ബോധവത്കരിച്ച ബാബ പ്രശംസ അർഹിക്കുന്നു.
രണ്ടാമത്തെ വില്ലേജ് വിസിറ്റ് ഉത്തർപ്രദേശിലെ ജോൻപൂരിൽ തിക്ര ഗ്രാമത്തിലായിരുന്നു. വെള്ളവും വെളിച്ചവുമില്ലാത്ത കുറേ ഗ്രാമങ്ങൾ അവിടെ കണ്ടു. ഞങ്ങൾ അവിടെ ചെന്നിറങ്ങിയപ്പോൾ കൗതുകം നിറഞ്ഞ കണ്ണുകളുമായി കുട്ടികൾ പുറകേ കൂടി. തൊട്ടടുത്ത ഗ്രാമത്തിൽ എത്തിയപ്പോൾ അവിടത്തുകാരിലൊരാൾ കുട്ടികളെ മടക്കിയയച്ചു. അത് ഉയർന്ന ജാതിക്കാരുടെ ഗ്രാമമാണത്രേ. താഴ്ന്ന ജാതിയിലുള്ള കുട്ടികൾക്ക് ഉയർന്ന ജാതിക്കാരുടെ മക്കളുമായി ഇടപഴകാൻ അനുവാദമില്ല! ജാതിയുടേയും മതത്തിന്റെയും വേലി കെട്ടി മനുഷ്യരെ വേർതിരിക്കുന്ന സമ്പ്രദായം എന്നാണ് അവസാനിക്കുക?
ഇന്ത്യയിൽ വീണ്ടും പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ഏതാണെന്ന് ആലോചിക്കുമ്പോൾ നിരവധി സ്ഥലങ്ങൾ മുന്നിലേക്ക് ഓടിയെത്താറുണ്ട്. എംബിബിഎസ് പഠനത്തിനുൾപ്പെടെ ഏഴര വർഷം ജീവിച്ചിട്ടുള്ള തമിഴ്നാടിനോടാണ് ഗൃഹാതുര ബന്ധം തോന്നാറുള്ളത്. ഭാരത് ദർശൻ യാത്രയുടെ ഭാഗമായി അസമിലെ കാമാഖ്യ ക്ഷേത്രം സന്ദർശിച്ചിരുന്നു. മനുഷ്യരാശിയുടെ ശക്തിയെ ജീവപ്രദാനിയിലെ നീരൊഴുക്കായി പൂജിക്കുന്നത് അവിടെ കണ്ടു. ഞാൻ വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ച ‘എത്രയും പ്രിയപ്പെട്ടവൾക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെേസ്റ്റാ’ (ചിമ്മാൻഡ എൻഗോസി അദീച്ചി) എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
ഈ കാലവും കടന്നു പോകും
തിരുവനന്തപുരത്താണ് ഞാൻ ജനിച്ചത്. അമ്മയുടെ ജന്മദേശം കരമന അഗ്രഹാരമാണ്. അരിപ്പൊടിക്കോലം വരച്ച മുറ്റങ്ങൾ, നിരയായ വീടുകൾ, നിലത്തിരുന്നുള്ള ഭക്ഷണം...അഗ്രഹാരങ്ങൾ ലാളിത്യത്തിന്റെ പ്രതീകങ്ങളാണ്; വാസ്തു വിദ്യയിലും ജീവിത രീതിയിലും.
അപ്പ, അമ്മ, അക്ക എന്നിവരോടൊപ്പം കുട്ടിക്കാലത്തു നടത്തിയ യാത്രകളാണ് എക്കാലത്തും നിറമുള്ള ഓർമകൾ. അക്കാലത്ത് ഏറ്റവുമധികം യാത്ര ചെയ്തിട്ടുള്ളതു മധുരയിലേക്കാണ്. മധുരയിലേക്കു കുതിക്കുന്ന ട്രെയിനിന്റെ ശബ്ദം ഇന്നലെയെന്ന പോലെ കാതിലുണ്ട്. പുലർച്ചെ ഉറക്കത്തിൽ നിന്നു വിളിച്ചുണർത്തി കുളിച്ചൊരുങ്ങിയാണു ക്ഷേത്ര ദർശനത്തിനു പോകാറുള്ളത്. അതു കഴിഞ്ഞ് ആര്യാസിൽ കയറി മസാലദോശ കഴിക്കും. മധുരയിലെ ബേക്കറികളിൽ ‘കാഷ്യു മക്രൂംസ്’ എന്നൊരു മധുരപലഹാരമുണ്ട്. അതുപോലെ സ്വാദിഷ്ടമാണ് മൺകലത്തിൽ പാൽ തിളപ്പിച്ചുണ്ടാക്കുന്ന വിഭവം. കുപ്പിവളയും പട്ടുചേലയും അടുക്കിക്കെട്ടിയ മുല്ലപ്പൂവും വാങ്ങി അവിടത്തെ തെരുവിലൂടെയുള്ള നടത്തത്തിന്റെ സുഖം മറ്റൊരു യാത്രയിലും അനുഭവിച്ചിട്ടില്ല.
കോട്ടയത്ത് അസിസ്റ്റന്റ് കലക്ടറായിട്ടാണ് ആദ്യം നിയമിക്കപ്പെട്ടത്. അതിനു ശേഷം തിരുവനന്തപുരത്ത് സബ് കലക്ടറായി. പിന്നീടായിരുന്നു ശബരിനാഥനുമായുള്ള വിവാഹം. കല്യാണത്തിനു ശേഷം ഞങ്ങൾ ആദ്യം പോയതു കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കാണ്. അവിടെ നിന്നു കുടകിലേക്കും പിന്നീട് ബെംഗളൂരുവിലേക്കും പോയി. ഞങ്ങളുടെ മകൻ മൽഹാർ ജനിച്ചതിനു ശേഷം യാത്രകൾ കുറച്ചു കൂടി രസകരമായി. രണ്ടര വയസ്സുകാരന്റെ കണ്ണുകളിലെ കൗതുകത്തോടെ കാഴ്ചകളെ ആസ്വദിക്കാൻ ഇപ്പോൾ ഞാനും ശ്രമിക്കുന്നു. കുട്ടിക്കാലത്തെ യാത്രകൾ എനിക്ക് മനോഹരമായ ഓർമകൾ സമ്മാനിച്ചു. മകന് നല്ല ഓർമകൾ നൽകാനായി ഞാനും ശബരിയും മൽഹാറിനൊപ്പം സഞ്ചരിക്കുന്നു.
എംഎൽഎ എന്ന നിലയിൽ ശബരിയും കലക്ടറുടെ ചുമതലയിൽ ഞാനും ഉത്തരവാദിത്തങ്ങളിലേക്ക് പ്രവേശിച്ചതിനാൽ ആയിരിക്കാം ഇപ്പോഴത്തെ യാത്രകളിൽ പ്രാദേശിക ജീവിതങ്ങളാണ് ആദ്യം ശ്രദ്ധയിൽപ്പെടാറുള്ളത്.
പരുത്തി കൃഷി ചെയ്ത് പഞ്ഞി നിറച്ച ചാക്കുകൾ വീടിനുള്ളിൽ സൂക്ഷിച്ച് മുറ്റത്ത് പായ വിരിച്ചുറങ്ങുന്ന കർഷകരെ കണ്ടു. ജീവിതം കരുപ്പിടിപ്പിക്കാൻ രാപകൽ അധ്വാനിക്കുന്ന ആയിരക്കണക്കിനു പേരെ ദിവസവും കാണുന്നു. ഇതിനിടയിലേക്കാണ് മഹാമാരിയുടെ രൂപത്തിൽ കോവിഡ‍് അവതരിച്ചിറങ്ങിയത്. എത്രയോ പ്രതിസന്ധികളെ നേർക്കുനേർ മത്സരിച്ച് ജയിച്ചവരാണു നമ്മൾ. പകർച്ചവ്യാധി നിഴലിട്ടു നിൽക്കുന്ന ഈ കാലവും കടന്നു പോകും. സന്തോഷത്തിന്റെ നല്ല നാളുകൾ തിരിച്ചു വരും. മാസ്കുകൾ നീക്കി പുഞ്ചിരിച്ചു യാത്ര ചെയ്യാൻ ജാഗ്രതയോടെ കാത്തിരിക്കാം...