വടക്കേ അമേരിക്കയിലെ പാറക്കൂട്ടങ്ങൾ നിറഞ്ഞ സംസ്ഥാനമാണ് കോളറാഡോ. ചെങ്കല്ലുകൾക്കിടയിലൂടെ ഒഴുകുന്ന നദിയാണ് കോളറാഡോയുടെ ആകർഷണം. കോളറാഡോയെ പശ്ചാത്തലമാക്കി ഒരു സീനെങ്കിലും എടുത്തില്ലെങ്കിൽ സിനിമ സമ്പൂർണമാകില്ലെന്ന് ഹോളിവുഡ് സംവിധായകർ വിശ്വസിക്കുന്നു. ലോകപ്രശസ്തമായ കോളറാഡോയുടെ തനിപ്പകർപ്പ് ഇന്ത്യയിലുണ്ട്. ആന്ധ്രയിലെ ജമ്മലമഡുഗുവിലാണ് മനോഹരമായ ആ സ്ഥലം. പേര് – ഗണ്ടിക്കോട്ട. നിരവധി ഹിന്ദി സിനിമകളും തമിഴ് ചിത്രങ്ങളിലെ പാട്ടു സീനുകളും ഗണ്ടിക്കോട്ടയിൽ ചിത്രീകരിച്ചിട്ടുണ്ട്. ചാലൂക്യന്മാർ നിർമിച്ച ഗണ്ടിയിലെ കോട്ടയും പെന്നാർ നദിയും ആന്ധ്രയിലെ ജമ്മലമഡുഗുവിൽ മനോഹര ദൃശ്യമൊരുക്കുന്നു. കഴിഞ്ഞ ജനുവരി മുതൽ ഗണ്ടിക്കോട്ടയിൽ സന്ദർശകരുടെ എണ്ണം വർധിപ്പിച്ചു. നാൽപ്പതു ശതമാനം മലയാളികളാണ്.
കല്ലുകളിൽ കെട്ടിപ്പൊക്കിയ മതിൽ. അഞ്ചാൾ പൊക്കമുള്ള വാതിൽ. അമ്പതാൾ ഒന്നിച്ചിടിച്ചാലും ഇളകാത്ത ഗോപുരം – ഇതാണ് ഗണ്ടിക്കോട്ടയുടെ കവാടം. താഴിടാനുള്ള ദ്വാരത്തിലൂടെ പത്തടി വിസ്താരമുള്ള മരത്തടി സുഖമായി കടത്താം. പതിയാക്രമണത്തെ പേടിച്ചാണ് ഗണ്ടിക്കോട്ടയിലെ രാജാക്കന്മാർ ഉറങ്ങിയിരുന്നത്, ഉറപ്പ്.
ഗണ്ടി എന്ന തെലുങ്കു വാക്കിനർഥം മലയിടുക്ക്. കോട്ടയുടെ മുന്നിൽ നിലക്കകടല വിൽക്കുന്ന രംഗമ്മ എന്ന വൃദ്ധയാണ് ഇക്കാര്യം പറഞ്ഞു തന്നത്. ഗണ്ടിക്കോട്ടയുടെ സമീപത്തുള്ള ‘കോളനി’യിലെ ഓലക്കുടിലിലാണ് രംഗമ്മയും മക്കളും താമസിക്കുന്നത്. കൊട്ടാരത്തിന്റെ മുന്നിലാണു പാർപ്പെങ്കിലും രംഗമ്മയെപ്പോലെ അമ്പതോളം കുടുംബങ്ങൾ ഭക്ഷണത്തിനുള്ള വകപോലുമില്ലാതെ ജീവിതം തള്ളിനീക്കുന്നു!
കരിങ്കല്ലു പടുത്ത കുളത്തിനരികിലൂടെയാണ് കോട്ടയിലേക്കുള്ള പാത. മുഗൾ വാസ്തുവിദ്യയിൽ നിർമിച്ച ഇരട്ട കമാനമുള്ള മന്ദിരമാണ് ആദ്യം കൺമുന്നിൽ തെളിയുന്നത്. വിജയനഗര രാജാക്കന്മാർക്കും കാകതീയർക്കും ശേഷം കോട്ട ഭരിച്ച ഖുത്തബ് ഷാഹി നിർമിച്ചതാണ് ഈ കെട്ടിടം. മസ്ജിദിന്റെ ഇടതു വശത്തുള്ള ഇരുനിലക്കെട്ടിടം ധാന്യപ്പുരയാണ്. പ്രജകളെ സ്നേഹിക്കുന്ന തമ്പുരാന്മാരായിരുന്നു ഗണ്ടിക്കോട്ടയിൽ ഭരണം നടത്തിയിരുന്നത്. കൃഷിയും വിളകളും മൊത്തം മുടിഞ്ഞാലും ജനങ്ങൾക്ക് ഒരു മാസം ഇരുന്നുണ്ണാനുള്ള ധാന്യം അവർ സൂക്ഷിച്ചിരുന്നു.
ധാന്യപ്പുരയുടെ മുറ്റത്തു നിന്നു നോക്കിയാൽ രഘുനാഥസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം കാണാം. ശ്രീകോവിലും മുഖമണ്ഡപവും അതേപടി നിലനിൽക്കുന്നുണ്ട്. വിഗ്രഹമോ മറ്റ് ആരാധനാ മൂർത്തികളോ അവശേഷിക്കുന്നില്ല. ചുറ്റുമതിലും കാവൽപ്പുരയുമാണ് അവിടെ കാണാനുള്ളത്. മതിലിനു മുകളിൽ കയറിയാൽ പടുകൂറ്റൻ ചെങ്കല്ലുകൾ കാണാം.
ഭൂമിയെ പിളർന്ന് കല്ലു കൊണ്ടു വരച്ച ചിത്രം പോലെ സുന്ദരമാണ് പെന്നാർ. നദിയിലെ വെള്ളത്തിനു പച്ച നിറമാണ്. നാലു കിലോമീറ്റർ നീളമുള്ള പെന്നാറിന്റെ ഏതു തീരത്തു നിന്നു ക്യാമറ പിടിച്ചാലും സ്വപ്നതുല്യമായ ഫോട്ടോയെടുക്കാം. പെന്നാർ നദിയുടെ വിശാലതയാണ് ഗണ്ടിക്കോട്ടയുടെ മുഖ്യ ആകർഷണം. അമേരിക്കയിലെ കോളറാഡോ നദിയിലേതു പോലെയാണ് പെന്നാർ നദിയുടെ തീരത്ത് ചെങ്കല്ല് രൂപപ്പെട്ടിട്ടുള്ളത്.
മാധവരായക്ഷേത്രമാണ് ഇനി കാണാനുള്ളത്. കോട്ടയിൽ നിന്നു തെക്കു മാറിയൊരു പറമ്പിനു നടുവിലാണ് ക്ഷേത്രം. തല്ലിയുടച്ച വിഗ്രഹങ്ങൾ അവശേഷിക്കുന്ന ഗോപുരത്തിനും ചുറ്റുമതിലിനും ഗണ്ടിക്കോട്ടയുടെ ചരിത്രത്തോളം പഴക്കമുണ്ട്. അധികാരത്തിന്റെ ഇടനാഴികളിൽ ഒടുങ്ങിത്തീർന്നവരുടെ കഥ പറയാൻ ബാക്കിയായത് വിഗ്രഹങ്ങൾ പോലുമില്ലാത്ത ആരാധനാലയങ്ങൾ മാത്രം.
അതിപുങ്കവന്മാരായ രാജാക്കാന്മാരുടെ ചരിത്രം കോട്ടയുടെ പടിവാതിലിൽ അവസാനിക്കുന്നു.
ജമ്മലമഡുഗുവിൽ ജീവിക്കുന്ന പട്ടിണിപ്പാവങ്ങൾക്കിടയിലേക്ക്, സമകാലിക ജീവിതത്തിനു നടുവിലേക്കാണ് പിന്നീട് ഇറങ്ങിച്ചെന്നത്. കാരാഗൃഹത്തിനടുത്താണ് ദരിദ്രവിഭാഗം താമസിക്കുന്ന കോളനി. കാരാഗൃഹത്തിന് ഇപ്പോൾ വാതിലില്ല. ചോര കണ്ടു വെറുങ്ങലിച്ച മുറികളിൽ ഇരുട്ട് കനം കെട്ടി നിൽക്കുന്നു. ആളനക്കം കേട്ട് വവ്വാലുകൾ ഉറക്കെ ചിറകടിച്ചു. എലികൾ ചന്നം പിന്നം പാഞ്ഞു. ഇരുട്ടിന്റെ ആത്മാക്കളായി അവയുടെ നിലവിളി കോട്ടവാതിൽ വരെ കേൾക്കാമായിരുന്നു.
(ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ ജമ്മലമഡുഗുവിനടുത്താണ് ഗണ്ടിക്കോട്ട. ഗൂട്ടി, തടിപത്രി എന്നിവയാണ് സമീപത്തുള്ള റെയിൽവെ സ്േറ്റഷനുകൾ. തടിപത്രി – ഗണ്ടിക്കോട്ട 86 കിലോ മീറ്റർ. കോട്ടയുടെ സമീപത്ത് കടകളോ മറ്റു സ്ഥാപനങ്ങളോ ഇല്ല. സന്ദർശകർ ഭക്ഷണ സാധനങ്ങളും കുടിവെള്ളവും തടിപത്രിയിൽ നിന്നു വാങ്ങുക. ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കുക.)
baijugovind@gmail.com