Friday 24 November 2023 03:20 PM IST

വാഗമണിലെ ഗ്ലാസ് ബ്രിജിൽ കയറുന്നതിനു മുൻപ് അറിയേണ്ട കാര്യങ്ങൾ

Baiju Govind

Sub Editor Manorama Traveller

Photos: Reju Arnold Photos: Reju Arnold

വാഗമൺ മലനിരയിലെ കാറ്റിനൊരു ഈണമുണ്ട്. കുളിരുന്ന പ്രഭാതങ്ങളിലും രാവിന്റെ നിശബ്ദതയിലും കാടിറങ്ങുമ്പോഴാണ് കാറ്റ് പാട്ടു മൂളാറുള്ളത്. മരങ്ങളെയും ചോലകളേയും തഴുകി പൈൻമരങ്ങൾ നിരയിട്ട താഴ്‌വരയിലെത്തുമ്പോൾ താളം മറന്ന പാട്ട് ചൂളം വിളിയായി മാറും. ചിലപ്പോൾ കോടമഞ്ഞു പുകയുന്ന പകലുകളിലും ഈ സംഗീതം കേൾക്കാറുണ്ട്. ഇനി പകൽനേരത്ത് മൊട്ടക്കുന്നിനപ്പുറം അഡ്വഞ്ചർ പാർക്കിലെത്തിയാൽ പ്രകൃതിയുടെ ഭാവഗീതം തൊട്ടടുത്തു നിന്ന് ആസ്വദിക്കാം. മലഞ്ചെരിവിലേക്ക് നീണ്ടു നിൽക്കുന്ന ഗ്ലാസ് ബ്രിജിൽ കയറി സ്വപ്നചിത്രം ക്യാമറയിൽ പകർത്താം. വാഗമൺ അഡ്വഞ്ചർ പാർക്കിലെ സൂയിസൈഡ് പോയിന്റിലാണ് കാൻഡിലിവർ ഗ്ലാസ് ബ്രിജ്.

1 - glass bridge

മൊട്ടക്കുന്നും പൈൻമരക്കാടും വെള്ളച്ചാട്ടവും കാണും മുൻപേ കണ്ണാടിപ്പാലത്തിൽ കയറാൻ സന്ദർശകർ തിരക്കു കൂട്ടുകയാണ്. ‘ഇന്ത്യയിലെ ഏറ്റവും വലിയ സ്ഫടിക പാലം’ എന്നുള്ള അടിക്കുറിപ്പോടെ നവമാധ്യമങ്ങളിൽ ഫോട്ടോ, വിഡിയോ പ്രവാഹം. ഉരുക്ക് വടങ്ങൾ ബന്ധിപ്പിച്ചാണ് ബ്രിജ് നിർമിച്ചിട്ടുള്ളത്. നീളം നാൽപതു മീറ്റർ. പാലത്തിൽ കയറിയാൽ കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം ഗ്രാമങ്ങളുടെ ഏരിയൽ ആംഗിൾ ദൃശ്യം ആസ്വദിക്കാം, ക്യാമറയിൽ പകർത്താം. ഒരേ സമയം പതിനഞ്ചു പേർക്കാണ് പാലത്തിൽ പ്രവേശനം. 10 മിനിറ്റ് പാലത്തിനു മുകളിൽ ചെലവഴിക്കാം. പ്രവേശനം രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ. ഒരാൾക്ക് 250 രൂപ.

2 - glass bridge

ഇടുക്കി ഡിടിപിസിയുടെ കീഴിൽ “കിക്കി സ്റ്റാഴ്സ് ”ന്റെ സഹകരണത്തോടെ “ക്യാപ്ചർ ഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ് ” ആണ് ബ്രിജ് ഡിസൈൻ പൂർത്തിയാക്കിയത്. ജർമൻ നിർമിത ഗ്ലാസ്, സ്റ്റീൽ എന്നിവ ഉപയോഗിച്ചാണു നിർമാണം ചെലവ് ‍നാല് കോടി രൂപ. താഴ്​വര, പുഴ എന്നിവിങ്ങനെ സാഹസിക സ്ഥലങ്ങളിലേക്ക് നീണ്ടു നിൽക്കുന്ന ചില്ലു പാലങ്ങൾ വിദേശരാജ്യങ്ങളില്‍ പ്രശസ്തമാണ്. ‘ഗ്ലാസ് ബ്രിജ് വോക്കിങ് ’ എന്നാണ് ഇത് അറിയപ്പെടുന്നത്. വാഗമൺ മൊട്ടക്കുന്നിൽ നിന്ന് 7 കിലോമീറ്റർ അകലെയാണ് അഡ്വഞ്ചർ പാർക്ക്. അഡ്വഞ്ചർ പാർക്കിൽ മറ്റു വിനോദപരിപാടികൾ: റോക്കറ്റ് ഇജക്ടര്‍, ജയന്റ് സ്വിങ്, സ്‌കൈ സൈക്ലിംഗ്, സ്‌കൈ റോളര്‍, ബംഗി ട്രംപോ ലൈന്‍. കൂടുതൽ വിവരങ്ങൾക്ക്: 0486 2232248 info@dtpcidukki.com.