എസ്ര കണ്ടപ്പോൾ മുതൽ ആകാശക്കോട്ട പോലെ മനസ്സിൽ അതിരിട്ടു നിൽക്കുകയാണ് കൊച്ചിയിലെ ജൂതന്മാരുടെ വീടുകൾ. മുൻപും ഒരായിരം തവണ അതുവഴി കടന്നു പോയിട്ടുണ്ട്. പക്ഷേ ഇപ്പോൾ ജൂതന്മാരുടെ വീടു കാണുമ്പോൾ എന്തോ ഒരു ‘ഇത്’. വ്യക്തമായി പറഞ്ഞാൽ, ആ വീടിനുള്ളിൽ കയറാനൊരു പൂതി. അവരുടെ വീടിന്റെ നടുത്തളങ്ങളിൽ ഇപ്പോഴും മെനോറ തെളിയാറുണ്ടോ? വെള്ളിയാഴ്ച പ്രാർഥന നടത്താറുണ്ടോ ? മറാക് സൂപ്പ് വിളമ്പുന്നുണ്ടോ ?... കേട്ടറിഞ്ഞിട്ടുള്ള ഇത്തരം ആചാരങ്ങളാണ് ജൂതരുടെ വീടു കാണുമ്പോഴുള്ള ഭ്രമത്തിനു കാരണം. ആത്മാർഥമായി ആഗ്രഹിക്കുന്നവർക്കു സാക്ഷാത്കാരമെന്നാണ് ജൂത പ്രമാണങ്ങളിൽ പറയുന്നത്. അതു ശരിയാണെന്ന് അടുത്തിടെ തെളിഞ്ഞു. കൊച്ചിയിലെ ഒരു പ്രമുഖ ജൂത ഗൃഹത്തിൽ കയറാൻ അവസരം കിട്ടി, ജൂതന്മാരുടെ വിഭവങ്ങൾ സമൃദ്ധമായി കഴിച്ചു.
വീടുകളുടെ നിർമിതിയിൽ കുലീനമായ സൗന്ദര്യമാണു ജൂതന്മാർ കാത്തുസൂക്ഷിക്കുന്നത്. മരത്തടിയിൽ നിർമിച്ച മേൽക്കൂര, മനോഹരമായ ഗോവണി, തടിയിൽ നിർമിച്ച തൂക്കുപാലം, രാജകീയ കട്ടിൽ, അലമാര, കണ്ണാടി, മേശ – ഫർണിച്ചറുകളുടെ പ്രൗഢിയിലും നോ കോംപ്രമൈസ്. ജൂതനായ സാമുവൽ കോഡർ പതിനെട്ടാം നൂറ്റാണ്ടിൽ ഫോർട്ട് കൊച്ചിയുടെ ഹൃദയഭാഗത്തു നിർമിച്ച വീടിനുള്ളിൽ കയറിയപ്പോൾ ഇതൊക്കെ കണ്ടു മനസ്സിലാക്കാൻ സാധിച്ചു.
ജൂതന്മാർ കച്ചവടത്തിനു കൊച്ചിയിലെത്തിയിരുന്ന കാലത്ത് സുപ്രസിദ്ധമായ വീടായിരുന്നു ‘കോഡർ ഹൗസ്’ എന്ന കെട്ടിടം. അക്കാലത്ത് ഫോർട്ട് കൊച്ചി എത്തിയെന്ന് കപ്പലുകൾ അടയാളം വച്ചിരുന്നത് ചുവന്ന നിറമുള്ള ഈ കെട്ടിടമായിരുന്നു. സാമുവൽ കോഡറുടെ കാലശേഷം കോഡർ ഹൗസ് റസ്റ്ററന്റായി മാറി. മെനോറ എന്നാണ് റസ്റ്ററന്റിന്റെ പേര്. ഇരുനൂറ്റെട്ടു വർഷം പഴക്കമുള്ള ജൂത മന്ദിരത്തിന്റെ മുക്കും മൂലയും അതേപടി നിലനിർത്തിക്കൊണ്ടാണ് മെനോറ റസ്റ്ററന്റ് പ്രവർത്തിക്കുന്നത്.
ഫോർട്ട് കൊച്ചി ചിൽഡ്രൻസ് പാർക്കിനോടു ചേർന്നു നിർക്കുന്ന കോഡർ ഹൗസ് ഇപ്പോഴും സന്ദർശകർക്കു ലാൻഡ് മാർക്കാണ്. റിക്കി രാജ് എന്ന കോഴിക്കോടുകാരനാണ് 210 വർഷം പഴക്കമുള്ള ചരിത്ര മന്ദിരത്തിന്റെ ഇപ്പോഴത്തെ ഉടമ. INTACHപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള കെട്ടിടത്തിന്റെ നിറം ഉൾപ്പെടെ എല്ലാം പഴയപടി പരിപാലിക്കണമെന്നാണ് ചട്ടം.
മെനോറ എന്താണെന്നു പറയാൻ വിട്ടു പോയി. ഏഴു നാളത്തിൽ മെഴുകു തിരി തെളിക്കാവുന്ന ജൂതന്മാരുടെ ദീപക്കുറ്റിയാണ് മെനോറ. ഇരുവശത്തു നിന്നും മുകളിലേക്ക് മൂന്നു സ്റ്റാന്റുകൾ വീതവും നടുവിൽ വലിയൊരു സ്റ്റാന്റുമായി എഴു കുറ്റികളാണ് വിളക്കിലുള്ളത്. മലയാളികൾക്കു നിലവിളക്കു പോലെയാണ് ജൂതർക്കു മെനോറ. ഓരോ സ്റ്റാന്റിലും ഓരോ മെഴുകു തിരി കത്തിച്ചു വച്ച്, എഴുതിരി നാളത്തെ സാക്ഷിയാക്കിയാണ് ജൂതന്മാർ ആരാധന നടത്തുക. മട്ടാഞ്ചേരി സിനഗോഗിൽ പോയാൽ ഇതു കാണാം. ജൂതരുടെ ഈ വിശുദ്ധ വിളക്കിന്റെ പേരാണ് കോഡർ ഹൗസിലെ റസ്റ്ററന്റിനിട്ടിരിക്കുന്നത്.
പണ്ടുകാലത്തു കേരളത്തിലെത്തിയിരുന്ന ജൂത പ്രമാണികൾ കോഡർ ഹൗസിലാണ് തങ്ങിയിരുന്നത്. വിദേശ രാജ്യങ്ങളുടെ അംബാസഡർമാർ, വൈസ്രോയിമാർ, ഗവർണർമാർ, പ്രസിഡന്റുമാർ തുടങ്ങിയവരൊക്കെ ഇവിടെ എത്തിയ അതിഥികളിൽ ഉൾപ്പെടുന്നു. രാജകീയ സൗകര്യമുള്ള മുറികളിലെ ആഡംബരങ്ങൾക്ക് ഇപ്പോഴും കുറവു വരുത്തിയിട്ടില്ല. ഇന്നും ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള വിഐപികൾ ഇവിടെ വന്ന് മുറിയെടുത്തു താമസിക്കുന്നു.
കൊച്ചിയിൽ പരമ്പരാഗത രീതിയിലുള്ള ജൂത ഭക്ഷണം കിട്ടുന്ന റസ്റ്ററന്റാണ് മെനോറ. നെടുമ്പാശേരിയിൽ ഇറങ്ങുന്ന ജൂതന്മാർ അവരുടെ ‘വീട്ടിലെ ഊണ് ’ തേടി മെനോറയിലെത്തുന്നു.
പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെ ജൂതന്മാർക്കു വേർതിരിവുകളില്ല. എന്തു കഴിക്കണമെന്നു തോന്നുന്നോ അതുണ്ടാക്കി തിന്നും. ഉച്ചയൂണിന്റെ സമയത്ത് അവർ പാസ്റ്റൽ കഴിക്കുന്നതു കണ്ട് അദ്ഭുതപ്പെടേണ്ടതില്ല (അടയുടെ രൂപമുള്ള പലഹാരമാണ് പാസ്റ്റൽ).
മത്സ്യപ്രിയരാണ് ജൂതന്മാർ. ഇറച്ചിയെക്കാൾ മീനിനോടാണു കമ്പം. ചെതുമ്പൽ ഇല്ലാത്ത മീൻ കഴിക്കില്ലെന്നൊരു പിടിവാശിയും അവർക്കുണ്ട്. ചെതുമ്പൽ നീക്കി, വൃത്തിയായി പാചകം ചെയ്ത മത്സ്യ വിഭവങ്ങൾ മാത്രമേ കഴിക്കൂ.
ജൂതന്മാർ കഴിക്കുന്ന വിഭവങ്ങളുടെ പേരുകൾ രസകരമാണ്. കൊറിയാൻഡർ ഫിഷ് സലാഡ്, സ്പിനാഷ് ഫിഷ് റോൾ, സീ ഫുഡ് മാരിനർ എന്നിവ ജ്യൂവിഷ് സ്പെഷൽ വിഭവങ്ങളിൽ ചിലതാണ്. ഇതെല്ലാം മെനോറയിൽ കിട്ടും.
കോഡർ ഹൗസിൽ ഉണ്ടുറങ്ങി ഫോർട്ട് കൊച്ചി കണ്ടാസ്വദിക്കാൻ താത്പര്യമുള്ളവരിൽ മലയാളികളുമുണ്ട്. റസ്റ്ററന്റിനടുത്തുള്ള സ്വിമ്മിങ് പൂളിനരികിലിരുന്ന് നുണഞ്ഞിറക്കുന്ന വിഭവങ്ങളിൽ അതിഥികൾ വലിയൊരു പാരമ്പര്യത്തിന്റെ മഹിമ കണ്ടെത്തുന്നു.
Where the sands meet the sea
Where the present meets the past
and luxury meets history...