മലമ്പുഴ അണക്കെട്ടിനു സമീപം ആരക്കോട്ടെ നെൽപാടത്ത് മരമടി മത്സരം നടത്തി. കേരളത്തിന്റെ വിവിധ ഭാഗത്തു നിന്ന് 130 ജോഡി മത്സരക്കാളകൾ പങ്കെടുത്തു. ആയിരത്തിലേറെ ആളുകൾ കാണികളായി എത്തി. മെയ്‌വഴക്കത്തിന്റെ കരുത്തിൽ ഓന്നാം സ്ഥാനത്ത് എത്തിയത് വിപിന്റെ കാളകളാണ്. പാലക്കാട് യാക്കര സ്വദേശിയാണു വിപിൻ. കർണാടകയിലെ കൃഷ്ണഗിരിയിൽ നിന്നു വാങ്ങിയതാണു വിപിന്റെ മത്സരക്കാളകൾ.
കൊയ്ത്തു കഴിഞ്ഞ് പാടത്തു ചെളി ചവിട്ടിയൊതുക്കിയാണ് മരമടിക്കു നിലമൊരുക്കുക. ചേറു കുഴഞ്ഞതിനു ശേഷം ആവശ്യത്തിനു വെള്ളമൊഴുക്കും. സ്റ്റാർട്ടിങ് പോയിന്റ്, ഫിനിഷിങ് പോയിന്റ് എന്നിവ വേർതിരിച്ചറിയാൻ ചുവന്ന കൊടി സ്ഥാപിക്കുന്നു. ഫിനിഷിങ് പോയിന്റിലും സ്റ്റാർട്ടിങ് പോയിന്റിലുമാണ് വിധി കർത്താക്കൾക്കുള്ള ഇരിപ്പിടം.
കൊമ്പിന്റെ വലുപ്പം മുതുകിലെ ‘ഉപ്പുരുണി’ (മുഴ) എന്നിവ നോക്കി കാളയുടെ മികവു മനസ്സിലാക്കാൻ പരിശീലനം നേടിയവരാണ് കാളപൂട്ടുകാർ. രണ്ട്, മൂന്ന് വയസ്സുള്ള കാളകളാണു ‘ബെസ്റ്റ് പെർഫോമൻസ്’. നാക്ക്, പല്ല്, കൊമ്പ് എന്നിവ പരിശോധിച്ച് ആരോഗ്യം ഉറപ്പാക്കുന്നു. നാവിൽ കറുത്ത പുള്ളിയുള്ള (കരിനാക്ക്) കാളയ്ക്ക് വാശി കൂടുമത്രേ. സൗന്ദര്യത്തിന്റെ അളവുകോലാണ് തൊലിയുടെ നിറം. വെളുത്ത കാളയ്ക്കാണു ഡിമാൻഡ്. പോര്, കരിമ്പോര്, മൈല, പളുങ്കി, മാല്, വെള്ള എന്നിങ്ങനെ ‘പൂട്ടുകാളകൾ’ നിറമനുസരിച്ച് വേർ തിരിക്കുന്നു. കരിമ്പോര് വിഭാഗം കുതിരയെപ്പോലെ പായും. സ്റ്റാർട്ടിങ് പോയിന്റിൽ നിന്നു കുതിക്കുമ്പോൾ വാലുയർത്തി വീറു തെളിയിക്കും. മൈലക്കാളയ്ക്കു ചാര നിറം. തവിട്ട് നിറമുള്ളതു മാല്. ശരീരത്തിൽ പല നിറത്തിലുള്ള പുള്ളിയും കുത്തുമുള്ളതു പോര്. പളുങ്കുപോലെ പുള്ളിയതാണു പളുങ്കി. വളഞ്ഞ കൊമ്പും മുതുകിലെ ഉപ്പുരുണിയുമുള്ളവയാണു മികച്ചയിനം കാളയുടെ ലക്ഷണം.
തമിഴ്നാട്ടിലെ പുളിയൻകുടിയിൽ മത്സരക്കാളകളെ വളർത്തി വിൽക്കുന്നവരുണ്ട്. കയർ കെട്ടാതെയാണ് അവർ കാളക്കുട്ടികളെ വളർത്തുന്നത്. കാളയുടെ ഇനം, വലുപ്പം, വാശി എന്നിവ അടിസ്ഥാനമാക്കിയാണു വില. കാളയെ മത്സരയോട്ടത്തിനു പ്രാപ്തമാക്കുന്നതിനു ദൈർഘ്യമേറിയ പരിശീലനം നിർബന്ധം.
മത്സരക്കാളയ്ക്ക് ദിവസം തീറ്റ നൽകാൻ ആയിരം രൂപ ചെലവാകും. സാധാരണ തീറ്റയ്ക്കൊപ്പം മുതിര, മുട്ട, ചിക്കൻസൂപ്പ് എന്നിവയും നൽകും. കരിങ്കോഴിയിറച്ചി ചതച്ചു ചേർത്ത് അങ്ങാടി മരുന്നു ചേർത്തുണ്ടാക്കുന്ന സൂപ്പ് മത്സരക്കാളയ്ക്കു നൽകാറുണ്ട്. തൊഴുത്തിന്റെ വൃത്തിയും കാളയുടെ പരിപാലനവും പ്രാധാന്യം അർഹിക്കുന്നു. വേനൽ കനക്കുമ്പോൾ തൊഴുത്തിൽ ഫാൻ വയ്ക്കാറുണ്ട്.