Friday 09 February 2018 03:37 PM IST

ക്രിസ്മസ് ആഘോഷിക്കാൻ കല്ലറയിലെ തട്ടേൽ ഷാപ്പിലേക്ക്!

Baiju Govind

Sub Editor Manorama Traveller

1)Thattel ഫോട്ടോ: സരുൺ മാത്യു

‘‘തമിഴ്നാട്ടിൽ നിന്നു നാലഞ്ച് കൂട്ടുകാർ വരുന്നുണ്ട്. അവരെയൊന്നു സത്കരിക്കണം. പറ്റിയ സ്ഥലം ഏതാണ്?’’ – ഗൾഫിൽ നിന്നു നാട്ടിലെത്തിയ കോട്ടയത്തുകാരന്റെ ഫോൺ കോൾ. ഗ്രാമീണ അന്തരീക്ഷമുള്ള സെറ്റപ്പാണു വേണ്ടതെന്നു കക്ഷി പറഞ്ഞപ്പോൾ കല്ലറയിലെ തട്ടേൽ ഷാപ്പാണ് ഓർമ വന്നത്. അപ്പർകുട്ടനാടിന്റെ ഹൃദയഭാഗത്ത് ഞെളിഞ്ഞു നിൽക്കുന്ന തട്ടേൽ ഷാപ്പിലെ കറികളെക്കുറിച്ച് കേട്ടതോടെ പുള്ളിക്കാരൻ ഉഷാറായി. പറഞ്ഞ സമയത്തിനെക്കാൾ അര മണിക്കൂർ മുൻപേ വിരുന്നുകാരെയും കൂട്ടി അങ്ങേര് കല്ലറയിലെത്തി. പാലത്തിന്റെ തൊട്ടു താഴെയുള്ള ഷാപ്പിൽ അപ്പോഴേക്കും പതിവുകാരുടെ മേളം തുടങ്ങിയിരുന്നു.

2)Thattel-

ഇനിയങ്ങോട്ട് വൈകുന്നേരം വരെ ഇവിടുത്തെ കാര്യങ്ങൾ ജഗപൊകയാണ്. ഈ നാട്ടിലും മറു നാട്ടിലുമുള്ളവരുമായി സരസന്മാരങ്ങനെ വന്നു പോകും. അതിനൊപ്പം കറികളും കഥകളുമോരോന്നായി നിറഞ്ഞൊഴിയും.

3)Thattel-

‘‘തട്ടേൽ ഷാപ്പിലെ കറികൾ ആളുകളെ കലാകാരന്മാരാക്കും. പാട്ടു കേട്ടാൽ രോഗം മാറുമെന്നൊക്കെ പറയാറില്ലേ അതുപോലെ.’’ ഷാപ്പിന്റെ മുറ്റത്തിരുന്ന് കൈത്താളം തട്ടുന്നവരെ ചൂണ്ടിക്കാണിച്ചുകൊണ്ട് ബിജു പറഞ്ഞു. പന്ത്രണ്ടു വർഷമായി ഷാപ്പിൽ കറിയുണ്ടാക്കുന്നയാളാണ് ചാമക്കാലായിലെ ബിജു.

4)Thattel-

‘‘എന്നാ ചെയ്യാനാ. വീട്ടീന്ന് കഞ്ഞി കുടിച്ചാലും തട്ടേലെ എരിവ് നാവിൽ തട്ടിയാലേ വയറ് നെറയത്തൊള്ളൂ.’’ പാലപ്പത്തിന്റെ വിരിമാറിലേക്ക് മീൻചാറൊഴിച്ച് മാത്തപ്പൻ ചേട്ടൻ കൂട്ടിക്കുഴച്ചു. കറിപ്പാത്രത്തിന്റെ വക്കത്തിരുന്ന വറ്റ മീനിന്റെ ഒറ്റത്തല ചിന്നിച്ചിതറി. ‘‘ബിജുവേ, നീ പെണ്ണാരുന്നേൽ ഞാൻ നിന്നെയങ്ങു കെട്ടിയേനെ’’ ഷാപ്പിൽ കറിയുണ്ടാക്കുന്ന ബിജുവിന് മാത്തപ്പൻ ചേട്ടന്റെ വക അഭിനന്ദനം.

5)Thattel-

സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് പന്ത്രണ്ടാകുമ്പോഴേക്കും തട്ടേൽ ഷാപ്പിൽ കറികളെല്ലാം തയാറാകും. ശനിയും ഞായറും നിന്നു തിരിയാനൊക്കാത്ത തിരക്കാണ്. അപ്പവും കപ്പയുമാണ് സ്ഥിരം പലഹാരങ്ങൾ. വിള മീൻ മപ്പാസ്, കേര മീൻ കറി, കേര തലക്കറി, മോത തലക്കറി, വറ്റ മീൻ കറി, ചിക്കൻ ഉലർത്തിയത്, പന്നിയിറച്ചി ഉലർത്തിയത്, ചെമ്മീൻ ഫ്രൈ, ഞണ്ടു കറി, കൂന്തൽ കറി, താറാവ് മപ്പാസ്, കക്ക ഇറച്ചി, കാട ഫ്രൈ, പൊടി മീൻ വറുത്തത് – കറിക്കൂട്ടങ്ങളുടെ നിര ഇങ്ങനെ.

6)Thattel-

കല്ലറ ഗ്രാമ പഞ്ചായത്തിന്റെ നാലു വശവും വെള്ളമാണ്. അതിനു നടുവിൽ ചെറിയൊരു കുളത്തിന്റെ വരമ്പത്താണ് തട്ടേൽ ഷാപ്പ്. സ്വാദ് രുചിച്ചവർ പറഞ്ഞു പറഞ്ഞ് തട്ടേൽ ഷാപ്പിലെ കറികൾ പ്രശസ്തമായി. ഇവിടെ ഭക്ഷണം കഴിക്കാൻ ആളുകൾ കുട്ടി–കുടുംബ സമേതം വന്നു തുടങ്ങുന്നതേയുള്ളൂ. ഹട്ടുകളായി തിരിച്ച മുറികൾ സൗഹൃദങ്ങൾക്കും കുടുംബങ്ങൾക്കും രസം പകരും വിധമാണ് ഒരുക്കിയിട്ടുള്ളത്.

baijugovind@gmail.com