Tuesday 26 April 2022 11:37 AM IST

കൽപ്പാത്തിയിലെ കൊതിയൂറുന്ന കാഴ്ചകൾ; ഇതു പാലക്കാടിന്റെ പൈതൃകം

Baiju Govind

Sub Editor Manorama Traveller

1 - traditional

പറഞ്ഞു പറഞ്ഞ് ഭംഗി കൂടിയ പരമ്പരാഗത ഗ്രാമമാണ് കൽപ്പാത്തി. പാലക്കാടിന്റെ നിഷ്കളങ്കതയിൽ ചാർത്തിയ ഭസ്മക്കുറി പോലെ വിശുദ്ധമാണ് അവിടുത്തെ അഗ്രഹാരങ്ങൾ. നൂറ്റാണ്ടിലേറെ പഴക്കമുള്ള വീടുകളാണ് കൽപ്പാത്തിയുടെ ഐശ്വര്യം. ഗ്രാമത്തിനു കുറുകെയണിഞ്ഞ പൂണൂൽ പോലെ പുഴയൊഴുകുന്ന കൽപ്പാത്തിയുടെ പ്രഭാതങ്ങളും സായാഹ്നങ്ങളും ഒരിക്കലും മറക്കാനാവാത്ത കാഴ്ചയാണ്. കോളെജിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി കൽപ്പാത്തിയിൽ പോയത്. വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രത്തിനരികിലൂടെ, അഗ്രഹാരത്തിലെ തേർവീഥികളിലൂടെ ഒരായിരം തവണയെങ്കിലും നടന്നിട്ടുണ്ട്. പുഴയെ പൂണൂലായി അണിഞ്ഞ ഗ്രാമത്തിന്റെ മുഖച്ഛായ ഓരോ വർഷം കഴിയുന്തോറും മാറിക്കൊണ്ടേയിരുന്നു. പൈതൃക ഗ്രാമമായി യുനെസ്കോ അംഗീകരിച്ച കൽപ്പാത്തിക്ക് ആധുനികമായ ആഡംബരങ്ങളുടെ മേജർ ശസ്ത്രക്രിയകൾ ഒട്ടും യോജിക്കുന്നില്ല. സ്വർണപ്പെട്ടിക്ക് തകരപ്പൂട്ടിട്ടതുപോലെ കോൺക്രീറ്റ് മേൽക്കൂരകൾ കല്ലുകടിയുണ്ടാക്കുന്നു. അതേസമയം, അവിടത്തുകാരുടെ ജീവിത രീതികൾക്കു യാതൊരു മാറ്റവും വന്നിട്ടുമില്ല. പഴമയും പുതുമയും മത്സരിക്കുന്ന കൽപ്പാത്തിയിലൂടെ നടത്തിയ യാത്രയാണ് ഇത്തവണത്തെ കുറിപ്പ്.

അരിപ്പൊടിക്കോലം മുറ്റത്തെഴുതിയാണ് അഗ്രഹാരങ്ങളിൽ നേരം പുലരുക. ഐശ്വര്യത്തിന്റെ പ്രതീകം പടിപ്പുരയിൽ ചാർത്തി സ്വാഗതമരുളുന്നു അവിടെയുള്ളവരുടെ ഹൃദയവിശാലത. പുലർകാലത്തു തിരുക്കുറലിന്റെ സംഗീത ശൈലി അലയടിക്കുമ്പോഴേക്കും വീടുകളിൽ വിളക്കു തെളിയും. നേരം പുലരുന്നതോടെ പൂണൂലണിഞ്ഞ ബാല്യവും കൗമാരവും യൗവ്വനങ്ങളും റോഡുകൾ നിറയും. നൂറ്റാണ്ടിലേറെ പഴക്കമുള്ള പാരമ്പര്യത്തിന്റെ ചുവടുകൾ അഗ്രഹാരങ്ങളുടെ അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്ന സത്യമാണ്. പാലക്കാട്ടെത്തിയ കൽപ്പാത്തിയിലെ തമിഴ് ബ്രാഹ്മണരുടെ കുടിയേറ്റത്തിന്റെ കഥ പറഞ്ഞാലേ ഇക്കാര്യം വ്യക്തമാകൂ.

2 - traditional

പണ്ടു കാലത്ത് പൂജയ്ക്ക് ബ്രാഹ്മണരെ കിട്ടാതായപ്പോൾ പാലക്കാട്ടെ രാജാവ് തമിഴ്നാട്ടിൽ നിന്നു പൂജാരികളെ കൊണ്ടു വന്നു. കുളി–തേവാരത്തിനു സൗകര്യം നോക്കി അവർ കൽപ്പാത്തിപ്പുഴയുടെ തീരത്ത് വീടുവച്ചു. കാലം കടന്നപ്പോൾ പുഴക്കരയിലെ ബ്രാഹ്മണരുടെ ഗ്രാമം അഗ്രഹാരമായി. മലയാളക്കരയുടെ സംസ്കാരവും ബ്രാഹ്മണ്യത്തിന്റെ വിശുദ്ധിയും ഹൃദയത്തിനു കുറുകെയണിഞ്ഞ് അവർ ക്ഷേത്രോപാസകരായി ഉപനയനം ചെയ്തു. കാലപ്പഴക്കത്തിന്റെ പെരുമ പിൽക്കാലത്ത് കൽപ്പാത്തിയെന്ന പേരിനെ യുനെസ്കോയുടെ പൈതൃകപ്പട്ടികയിലേക്കുയർത്തി.

പുതിയപാലത്തിനടുത്തു സ്ഥാപിച്ചിട്ടുള്ള ‘കൽപ്പാത്തി പൈതൃക ഗ്രാമം’ എന്നെഴുതിയ ബോർഡാണ് അഗ്രഹാരങ്ങളിലേക്കു വഴി തെളിക്കുന്നത്. പശുക്കൾ മേയുന്ന റോഡ് ചെന്നവസാനിക്കുന്നത് ക്ഷേത്രത്തിനു മുന്നിലാണ്. രഥോത്സവത്തിന് തേരുകൾ പ്രദക്ഷിണം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ക്ഷേത്രത്തിനു മുന്നിലൂടെ കിഴക്കോട്ടുള്ള വഴിയുടെ ഇരുവശവും തമിഴ് ബ്രാഹ്മണ ഗൃഹങ്ങളാണ്. വടക്കേ ചെരുവിൽ നിശബ്ദമായി, ഗ്രാമത്തിന്റെ ജീവനാഡിയായി കൽപ്പാത്തിപ്പുഴയൊഴുകുന്നു.

ഒരു പ്രഭാതം മുതൽ പ്രദോഷം വരെ കൽപ്പാത്തിയിൽ വെറുതെ ചുറ്റിത്തിരിഞ്ഞ്, നാട്ടുകഥകൾ പറഞ്ഞു നടന്നപ്പോൾ മനസ്സിനും ശരീരത്തിനും നല്ല ഉന്മേഷം തോന്നി. നേരം പുലരുമ്പോഴും അന്തി മയങ്ങുമ്പോഴും കൽപ്പാത്തിയുടെ മുഖകാന്തിക്കു രണ്ടു നിറമാണ്. പരിചയമുള്ള സ്ഥലമായിരുന്നിട്ടും അവിടെ നിന്നു മടങ്ങുന്ന സമയത്ത് കൽപ്പാത്തി പുതിയ ചന്തത്തോടെ പുഞ്ചിരിച്ചു.

3 - traditional

ചിലപ്പതികാരം ചിതറിയ തേർവീഥികളിലേക്ക് അസ്തമയം അരിച്ചിറങ്ങി. തോർത്തുമുണ്ടു ചുറ്റിയ ദീക്ഷിതന്മാർ കുളിക്കടവുകളിലേക്കു നീങ്ങി. സന്ധ്യാനാമത്തിന്റെ മധുരത്തോടെ രാത്രിയെ വരവേൽക്കുകയാണ് കൽപ്പാത്തി. എട്ടിന് അത്താഴം. അതു കഴിഞ്ഞ് പ്രാർഥന. ബ്രാഹ്മമുഹൂർത്തത്തിൽ ഉണരാനായി സുഖ നിദ്ര. ചിട്ടവട്ടങ്ങൾ ചാലിച്ച് നെറ്റിയിൽ കുറിയണി‍ഞ്ഞ അഗ്രഹാരത്തോടു യാത്ര പറയുകയാണ്. പുതിയ കൽപ്പാത്തിയിലെ വലിയ വളവിൽപ്പോലും വണ്ടിയുടെ ഹോണടിക്കാൻ തോന്നിയില്ല. ആരുടെയും ശല്യമില്ലാതെ, എക്കാലത്തേയും പോലെ രാത്രിയെ പുണർന്നുറങ്ങട്ടെ ശാന്തിമന്ത്രങ്ങളുടെ ഗ്രാമം.