കണ്ണൂരിന്റെ മണ്ണിനെ വിമാനം തൊട്ടുണർത്തിയപ്പോൾ പയ്യന്നൂരിലെ കുട്ടനാടായി മാറിയ കായലാണ് കവ്വായ്. ബ്രിട്ടിഷ് ഭരണത്തിനുമപ്പുറം ചരിത്ര വിശേഷങ്ങളുണ്ടെങ്കിലും എയ്റോ പ്ലെയിനിന്റെ നിഴലു വീണപ്പോഴാണ് കവ്വായ് കായലിന്റെ ഭാഗ്യം തെളിഞ്ഞത്. ലിയപറമ്പിലെ ദ്വീപുകളും പരിശുദ്ധമായ കടൽത്തീരവും തെയ്യത്തിന്റെ കോട്ടയിൽ ഇപ്പോൾ പുതിയ ടൂറിസം പ്ലാറ്റ്ഫോം ഉണ്ടാക്കിയിരിക്കുന്നു. ഒരു കാര്യം ഉറപ്പിച്ചു പറയാം, വൈകാതെ കവ്വായ് ദ്വീപ് ആലപ്പുഴയെ വെല്ലു വിളിക്കും.
എല്ലാറ്റിനും അതിന്റേതായൊരു സമയമുണ്ടെന്നു പറയാറില്ലേ, കവ്വായ് ദ്വീപിന്റെ കാര്യത്തിൽ അതു വാസ്തവമാണ്. പയ്യന്നൂരിൽ ജനിച്ചു വളർന്ന നാലു ചെറുപ്പക്കാരുടെ പരിശ്രമത്തിൽ കവ്വായ് ദ്വീപിന്റെ തലവര തെളിയുകയാണ്. കയാക്കിങ്, വാട്ടർ വോളിബോൾ, ടെന്റ് ക്യാംപ്, ബീച്ച് യാത്ര, ബോട്ട് സവാരി, മാൻഗ്രൂവ് ഫോറസ്റ്റ് വിസിറ്റ്, ഫിഷിങ് – കവ്വായ് ആഘോഷങ്ങളുടെ ദ്വീപായി മാറിയത് ഇങ്ങനെ.
നൂറിലേറെ തെങ്ങുകളുള്ള പറമ്പാണ് കവ്വായ് ദ്വീപ്. കാൽപ്പാദം മൂടുംവിധം പുൽപ്പടർപ്പുള്ള നിരപ്പായ സ്ഥലം. അതിഥികൾക്കു വർത്തമാനം പറഞ്ഞിരിക്കാൻ ഓലപ്പുര. ഭക്ഷണം പാകം ചെയ്യാൻ കുടിൽ. ഇരുന്നുണ്ണാൻ തെങ്ങിന്റെ കുറ്റികൾ. അന്തിയുറങ്ങാൻ ടെന്റ്. പുൽമേടയ്ക്കു നടുവിൽ തെങ്ങുകളുടെ ഇടയിലൂടെ തുരുത്തിന്റെ നടുവിലേക്കൊരു ചാലുണ്ട്. അവിടെയാണ് കയാക്കുകൾ (ഫൈബർ ബോട്ട്) നിർത്തിയിടുന്നത്.
ഭയപ്പെടുത്തുന്ന ജലാശയമല്ല കവ്വായ് കായൽ. അരയ്ക്കൊപ്പം വെള്ളമേയുള്ളൂ. നീന്തൽ അറിയാത്തവർക്കും പേടിയില്ലാതെ വള്ളം തുഴയാം. കായലിന്റെ അടിത്തട്ടിലെ മണൽ സ്വർണം വിതറിയ പോലെ കാണാം. വടക്കേ മലബാറിലെ ഏറ്റവും നീളമേറിയ കായലാണ് കവ്വായ്. കങ്കോൽ, വണ്ണാത്തിച്ചാൽ, കുപ്പിത്തോട്, കുനിയൻ അരുവികളിൽ നിന്നു വെള്ളം വന്നു ചേരുന്നു. കവ്വായ് നിറയെ കരിമീനും ഞണ്ടുമുണ്ട്.
കണ്ടൽ മരങ്ങളാണ് കവ്വായ് കായലിനെ മനോഹരമാക്കുന്നത്. കണ്ടൽ കാടിന്റെ കിഴക്കു ഭാഗം കണ്ണൂർ ജില്ലയാണ്. പടിഞ്ഞാറേ ചിറ കാസർഗോഡ്. പടിഞ്ഞാറു ഭാഗത്തെ തിട്ട നിറയെ തെങ്ങിൻ തോപ്പുകളാണ്. തോട്ടങ്ങൾക്കു നടുവിൽ പഴയ വീടുകളുണ്ട്. ഈ വീടുകളിലെ താമസക്കാരുടെ ഗതാഗത മാർഗമാണ് കവ്വായിൽ നിന്നു സർവീസ് നടത്തുന്ന ബോട്ടുകൾ. ഇവിടത്തുകാരെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന മാടക്കാൽ ബണ്ട് കണ്ടൽ കാടിനടുത്താണ്. കണ്ടലിനടുത്തു നിന്നു പത്തു മിനിറ്റ് വള്ളം തുഴഞ്ഞാൽ ബണ്ടിലെത്താം.
കവ്വായ് കായലിൽ നിന്നു വടക്കോട്ടു വഞ്ചിതുഴഞ്ഞാൽ കടൽത്തീരത്തു ചെല്ലാം. പഞ്ചാരമണൽ വിരിച്ച നീളമേറിയ ബീച്ചാണ് കവ്വായ്. കുറ്റിമുല്ല പൊഴിഞ്ഞതുപോലെ മണൽപ്പരപ്പു നിറയെ വെളുത്ത കക്കകൾ. വാരിയെടുത്തു ചാക്കിൽ നിറച്ചു വീട്ടിൽ കൊണ്ടു പോകാൻ കൊതിയുണ്ടാക്കും വിധം ഭംഗിയുള്ള ദൃശ്യം. കവ്വായിലെ തിരമാലകൾ അപകടകാരിയാണ്. കാറ്റാടി മരങ്ങളുടെ തണലിൽ നിന്നു കണ്ടാസ്വദിക്കുന്നതിനപ്പുറം ആ കടലിനോടു ചങ്ങാത്തം പാടില്ല.
കാലിക്കടപ്പുറം റോഡ് അവസാനിക്കുന്നിടത്തെ ബോട്ട് ജെട്ടിയിൽ നിന്നാണ് കവ്വായ് ദ്വീപിലേക്ക് യാത്ര ആരംഭിക്കുന്നത്. ബോട്ട് ജെട്ടിയിൽ നിന്നു കവ്വായ് കായലിലേക്കു നോക്കിയാൽ കുട്ടനാട്ടിലെ വട്ടക്കായലാണെന്നു തോന്നും. ബ്രിട്ടിഷുകാർ തന്ത്ര പ്രധാന കേന്ദ്രമായി നില നിർത്തിയ കവ്വായുടെ പ്രത്യേകത മലബാർ മാന്വൽ എന്ന വിഖ്യാത ഗ്രന്ഥത്തിൽ പറയുന്നുണ്ട്.
(കവ്വായ് ദ്വീപ് യാത്രയുടെ വിവരങ്ങൾക്ക്: 9645718572)