പ്രധാനമന്ത്രി നരേന്ദ്രമോദി – ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ് കൂടിക്കാഴ്ചയ്ക്കു വേദി ഒരുക്കിയ തമിഴ്നാട്ടിലെ മഹാബലിപുരം ആഗോള മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നു. മുണ്ടും വേഷ്ടിയും ധരിച്ച് നടക്കുന്ന നരേന്ദ്രമോദിയുടെ ചിത്രങ്ങൾ മഹാബലിപുരത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ചൂടോടെ ഷെയർ ചെയ്യപ്പെടുകയാണ്. ചരിത്രത്തിൽ താൽപര്യമുള്ളയാണ് ഷി ചിൻ പിങ്. ചരിത്രത്തെ ഉയർത്തി കാണിക്കുന്നയാളാണ് നരേന്ദ്രമോദി. മഹാബലിപുരത്തെ ‘പഞ്ചരഥം’ ശിലാ ശിൽപത്തിനു മുന്നിൽ മോദിയും ഷിയും പതിനഞ്ചു മിനിറ്റ് വിശ്രമിച്ചു. തീരക്ഷേത്രങ്ങളിലൂടെ വലം വച്ച ശേഷമാണ് ഇരുവരും ഉച്ചകോടിയുടെ ഗൗരവമേറിയ വിഷയങ്ങളിലേക്കു കടന്നത്. കല്ലിൽ കൊത്തിയ ശിൽപങ്ങൾ കഥ പറയുന്ന ചരിത്ര പ്രസിദ്ധമായ തീരദേശമാണു മഹാബലിപുരം. അർജുനതപസ്സ്, ശ്രീകൃഷ്ണന്റെ കയ്യിലെ വെണ്ണക്കട്ടി തുടങ്ങിയ സ്മാരകങ്ങൾ മഹാബലിപുരത്തുണ്ട്.
ചെന്നൈയിൽ നിന്നു പുതുച്ചേരിയിലേക്കുള്ള പാതയിൽ കാണാവുന്ന തീരദേശമാണ് മാമല്ലപുരം. കടൽത്തീരത്തിനടുത്തു കുന്നിനു മുകളിലുള്ള പാറകളിൽ പല്ലവന്മാർ നിർമിച്ച ക്ഷേത്രങ്ങൾ യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചു പോരുന്നു. മാമല്ലപുരം ബ്രോഡ്‌വെയിൽ നിന്ന് കടൽ തീരത്തേക്ക് മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ ശിലാക്ഷേത്രങ്ങളുടെ മുന്നിലെത്താം. പഞ്ചരഥങ്ങൾ, മണ്ഡപങ്ങൾ, ഗുഹാക്ഷേത്രങ്ങൾ, ശ്രീകൃഷ്ണന്റെ കയ്യിലെ വെണ്ണയുടെ രൂപമുള്ള പാറ, കടൽ തീരത്തെ ക്ഷേത്രം, ലൈറ്റ് ഹൗസ്, ബീച്ച്, മറൈൻ മ്യൂസിയം എന്നിവയാണ് പ്രധാന കാഴ്ചകൾ. മാമല്ലപുരത്ത് രാവിലെ പത്തു മണിക്ക് എത്തിയാൽ വൈകിട്ട് നാലു വരെ ചുറ്റി നടന്നു കാണാനുള്ള കൗതുകങ്ങളുണ്ട്.
മാമല്ലപുരം എന്ന തീരദേശത്തെ ഭൂമിശാസ്ത്രപരമായി ഉപയോഗിച്ച മാറിയ ബ്രിട്ടീഷുകാരുടെ കാലത്തു നിന്നു യാത്ര തുടങ്ങാം. ബംഗാൾ ഉൾക്കടലിലിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കു ദിശ കാണിക്കാൻ മാമല്ലപുരത്ത് ബ്രിട്ടിഷുകാർ ലൈറ്റ് ഹൗസ് നിർമിച്ചു. ശ്രീലങ്കയിൽ തമിഴ്പുലികളുടെ ആക്രമണം അവസാനിച്ചതിനു ശേഷമാണ് ലൈറ്റ് ഹൗസിനുള്ളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചത്. പത്തു രൂപയ്ക്ക് ടിക്കറ്റെടുത്താൽ ലൈറ്റ് ഹൗസിന്റെ ഏറ്റവും മുകളിൽ ഘടിപ്പിച്ചിട്ടുള്ള ബൾബിന്റെ സമീപത്തു ചെല്ലാം. മാമല്ലൻ നിർമിച്ച കരിങ്കൽ ക്ഷേത്രങ്ങളും ഗുഹാ ക്ഷേത്രങ്ങളും മാമല്ലപുരം ബീച്ചും ഗ്രാമവുമെല്ലാം കണ്ടാസ്വദിക്കാം, ക്യാമറയിൽ പകർത്താം. കപ്പലുകളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളെല്ലാം മാമല്ലപുരം മ്യൂസിയത്തിൽ സംരക്ഷിച്ചിട്ടുണ്ട്. ലൈറ്റ് ഹൗസിൽ മാറ്റി സ്ഥാപിച്ച വിളക്ക്, കപ്പലിന്റെ ഭാഗങ്ങൾ, വഴികാട്ടികൾ തുടങ്ങി നാവിക മേഖലയിൽ ഇരുനൂറാണ്ടു വർഷത്തെ ചരിത്രം ഇവിടെ കാണാം.
മ്യൂസിയത്തിനു മുന്നിലൂടെയാണ് ഗുഹാക്ഷേത്രങ്ങളിലേക്കുള്ള പാത ആരംഭിക്കുന്നത്. പടുകൂറ്റൻ പാറകൾ ചെരിഞ്ഞു നിൽക്കുന്നതിനിടയിൽ പടർന്നു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെയാണ് കരിങ്കൽപാത. ഇരു വശവും ചെത്തിമിനുക്കിയ പാറയ്ക്കു നടുവിലെ റോഡിലൂടെ മുകളിലേക്കു നടക്കുമ്പോൾ ലൈറ്റ് ഹൗസിന്റെ ശിരോഭാഗം കാണാം. ലൈറ്റ് ഹൗസിന്റെ സമീപത്തു കൂടി മുന്നോട്ടു നടന്നാൽ ഗുഹാക്ഷേത്രം. ശ്രീകൃഷ്ണന്റെ കയ്യിലെ വെണ്ണ പോലെയുള്ള പാറ, അർജുന തപസ്, മഹിഷാസുര മർദ്ദിനീ ക്ഷേത്രം, വരാഹ ഗുഹാക്ഷേത്രം.
അർജുന തപസ്
ക്രമപ്രകാരം സന്ദർശിക്കുകയാണെങ്കിൽ ആദ്യം അർജുന തപസ്സാണ്. പാശുപതാസ്ത്രം ലഭിക്കാനായി അർജുനൻ തപസ്സു ചെയ്തതിന്റെ പ്രതീകമായി നിർമിച്ച ശിലാമന്ദിരം ഗംഗാപതനം എന്ന പേരിലും അറിയപ്പെടുന്നു. ഗന്ധർവന്മാർ, യക്ഷികൾ, ബ്രാഹ്മണർ, സൂര്യൻ, ചന്ദ്രൻ എന്നിങ്ങനെ ശിൽപ്പ സമൃദ്ധമാണ് അർജുനൻ തപസു ചെയ്ത ക്ഷേത്രം. അടുത്തത് കൃഷ്ണ മണ്ഡപമാണ്. ഗോവർധന ഗിരി കയ്യിലുയർത്തി നിൽക്കുന്ന ശ്രീകൃഷ്ണന്റെ ശിൽപ്പമാണ് പ്രധാന കാഴ്ച. യദുകുലത്തിൽ പിറന്ന സ്ത്രീകളും പശുക്കളുമാണ് ഈ മണ്ഡപത്തിലെ മറ്റു ശിൽപ്പങ്ങൾ. വലുപ്പം വച്ചു നോക്കിയാൽ കൃഷ്ണമണ്ഡപത്തിന് അർജുന തപസ്സിനെക്കാൾ വിസ്താരമുണ്ട്. ഒറ്റക്കല്ലിൽ കൊത്തിയ വലിയ ശിൽപ്പങ്ങളും ചെറു പാറകളിൽ ചെത്തിയൊരുക്കിയ മറ്റു പ്രതിമകളും പല്ലവ ശിൽപ്പികളുടെ വൈദഗ്ധ്യം തെളിയിക്കുന്നു. ഇതിനടുത്ത് പാപ്പുറത്ത് ഉരുട്ടി നിർത്തിയിട്ടുള്ള കല്ലാണ് ശ്രീകൃഷ്ണന്റെ കയ്യിലെ വെണ്ണ എന്നറിയപ്പെടുന്നത്. കാറ്റിനെയും മഴയെയും മറികടന്നു നിൽക്കുന്ന കൊത്തുവിദ്യയുടെ മഹത്വത്തിന്റെ സർട്ടിഫിക്കറ്റാണ് ഈ നിർമിതി.
ശ്രീകൃഷ്ണ കൗതുകം കഴിഞ്ഞാൽ ആദിവരാഹ ഗുഹയാണ്. ഭൂമീ ദേവിയെ കടലിൽ നിന്നു രക്ഷിച്ചുയർത്തുന്ന വിഷ്ണുവിന്റെ വരാഹരൂപമാണു പ്രധാന ശിൽപ്പം. മനുഷ്യരൂപങ്ങളും ദുർഗാദേവിയുമാണു മറ്റു ചുമർ ശിൽപ്പങ്ങൾ. കരിങ്കല്ലിൽ എന്തൊക്കെ അദ്ഭുതങ്ങൾക്കു സാധ്യതയുണ്ടോ അതെല്ലാം പല്ലവന്മാർ പ്രയോഗിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്ന നിരവധി ശിലകൾ അവിടെ കാണാം. ധർമരാജാ മണ്ഡപം, കോട്ടിക്കൽ മണ്ഡപം, മഹിഷാസുര മർദ്ദിനി ഗുഹ, കൊണേരു മണ്ഡപം, ഗണേശരഥം എന്നിവയാണ് തുടർ യാത്രയിലെ കാഴ്ചകൾ.
പഞ്ചരഥങ്ങൾ
പല്ലവന്മാർ കുന്നിനു മുകളിൽ നിർമിച്ച ശിലാദ്ഭുതങ്ങൾ ഇവിടെ അവസാനിക്കുന്നു. രണ്ടു കിലോമീറ്ററിനപ്പുറം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പഞ്ചരഥവും കടൽ തീരത്തെ ക്ഷേത്രവുമാണു മറ്റു രണ്ടു കേന്ദ്രങ്ങൾ. മഹാഭാരതത്തിലെ പഞ്ചപാണ്ഡവരുടെ പേരിൽ ഒറ്റക്കല്ലുകളിൽ ഉണ്ടാക്കിയ ശിലാരഥങ്ങൾ സുപ്രധാന കാഴ്ചയാണ്. ചതുരത്തിലും വട്ടത്തിലും ത്രികോണാകൃതിയിലും പല നിലകളിലുമായി നിർമിച്ചിട്ടുള്ള രഥക്ഷേത്രങ്ങളിൽ ഏറ്റവും ഉയരമേറിയത് ധർമരാജാ രഥമാണ്. അർജുനരഥം, ദ്രൗപതീരഥം, നകുല രഥം, സഹദേവ രഥം എന്നിവയാണു മറ്റുള്ളവ. കുടിലിന്റെ രൂപത്തിലാണ് അർജുന രഥം. ദ്രൗപതീരഥത്തിനു മുന്നിൽ സിംഹത്തിന്റെ ശിൽപ്പവുമുണ്ട്. ക്ഷേത്രത്തിനു ചുറ്റും നടക്കുമ്പോൾ നന്ദീ ശിൽപ്പവും ആനയുടെ രൂപവും തിരിച്ചറിയാം.
തമിഴ്നാടിന്റെ തെക്കേ അതിർത്തിയിലെ തീരദേശ ഗ്രാമത്തിലുള്ള പഞ്ചരഥങ്ങൾ കണ്ടു പുറകോട്ടു രണ്ടു കി.മീ സഞ്ചരിച്ചാൽ ബീച്ചിലെത്താം. കടൽത്തീരത്തിനടുത്തുള്ള ശിലാക്ഷേത്രമാണ് മാമല്ലപുരത്തിന്റെ വലിയ ആകർഷണങ്ങളിലൊന്ന്. പഗോഡയുടെ മാതൃകയിലാണ് തീരദേശത്തെ ക്ഷേത്രം നിർമിച്ചിട്ടുള്ളതെന്ന് ചരിത്രകാരന്മാർ പറയുന്നു. പഗോഡകളുടെ മാതൃകയിലുള്ള മേൽക്കൂരയാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. പടിഞ്ഞാറു ഭാഗത്തേക്കു ദർശനമായി നിർമിച്ചിട്ടുള്ള ക്ഷേത്രത്തിൽ പരമശിവനും പാർവതിയുമാണു പ്രതിഷ്ഠ. അതിനു സമീപത്ത് അനന്തശയനത്തിലുള്ള വിഷ്ണുവുമുണ്ട്. കൃഷ്ണലീലയും കാളിയമർദ്ദനവും ചുമരുകളിൽ കൊത്തിവച്ചിരിക്കുന്നു.
ഏതു കാലാവസ്ഥയിൽ എത്ര പേർ ചേർന്നാണ് മാമല്ലപുരത്ത് ഇത്രയും ശിലാവിഗ്രഹങ്ങൾ നിർമിച്ചതെന്നു തെളിയിക്കാൻ കൃത്യമായ രേഖകളില്ല. പല്ലവന്മാർ അതേ ക്ഷേത്ര ചുമരുകളിൽ കോറിയിട്ട വർഷങ്ങളും രാജാവിന്റെ പേരും മാത്രമാണ് കാലഗണനയ്ക്കുള്ള ആധാരം. ഇനിയും ആയിരം വർഷം കടന്നാലും ശിൽപ്പ വിദ്യയിൽ പല്ലവന്മാരെ വെല്ലുവിളിക്കാനാവില്ലെന്ന് വലുപ്പം കൊണ്ടും വൈദഗ്ധ്യം കൊണ്ടും വ്യക്തമാക്കുന്നു മാമല്ലപുരത്തെ ശിലാരൂപങ്ങൾ.
ചരിത്രം
പല്ലവ രാജവംശത്തിന്റെ പുരാണവും ചോള രാജാക്കന്മാരുടെ പ്രയാണവും മനസ്സിലാക്കാതെ മാമല്ലപുരം സന്ദർശിക്കുന്നത് കഥയറിയാതെ ആട്ടം കാണുന്നതു പോലെ വിരസതയുണ്ടാക്കും. 2018ൽ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം പല്ലവരുടെ ജീവിതം ആയിരത്തി നാനൂറ് വർഷം മുൻപു സംഭവിച്ച കാര്യങ്ങളാണ്. പോരാട്ടങ്ങളുടെയും ജയപരാജയങ്ങളുടെയും നാൾവഴികളാണ് അവരുടെ പുരാണമെന്നു ശിലാലിഖിതങ്ങൾ പറയുന്നു. കല്ലിൽ എഴുതിയ കഥകൾ പൂർണമല്ലെങ്കിലും മാമല്ലപുരം പോലെ കാലത്തെ മറികടന്നു നിലനിൽക്കുന്ന ക്ഷേത്രങ്ങൾ ഒരുപാടു കാര്യങ്ങൾ പറഞ്ഞു തരുന്നു.
ആന്ധ്രാപ്രദേശിലെ ജന്മികളായിരുന്നത്രെ പല്ലവർ. തെലുങ്ക് സംസാരിക്കുന്ന മനുഷ്യരുടെ സമൂഹത്തിനൊപ്പം തമിഴ് ഭാഷ മൊഴിയുന്ന ജനങ്ങളേയും കൂട്ടിച്ചേർത്ത് പല്ലവന്മാർ ഭരണാധികാരം പിടിച്ചു. എ.ഡി. നാലാം നൂറ്റാണ്ടിൽ കാഞ്ചീപുരത്ത് രാജ്യം സ്ഥാപിക്കുമ്പോൾ മഹേന്ദ്രവർമൻ, നരസിംഹവർമൻ എന്നിവരായിരുന്നു പല്ലവ രാജാക്കന്മാർ. മഹാവിഷ്ണുവിനെയും പരമശിവനെയും ആരാധിച്ചിരുന്ന പല്ലവന്മാർ ഇഷ്ടദേവന്മാർക്കു ക്ഷേത്രങ്ങൾ നിർമിച്ചു. കരിങ്കല്ലിൽ ദ്രാവിഡ വാസ്തുവിദ്യാ ശൈലിയിലാണു ക്ഷേത്രങ്ങൾ നിർമിച്ചത്. വിഗ്രഹങ്ങൾ, രഥം, മണ്ഡപം, ശിലാഫലകം, ഗോപുരം, വ്യാളി, ആന, മനുഷ്യർ എന്നിവ ഉൾപ്പെടുന്ന കൊട്ടാരങ്ങളായിരുന്നു പല്ലവന്മാരുടെ ക്ഷേത്രങ്ങൾ.