പച്ച നിറമുള്ള മുണ്ടായിരുന്നു അയാളുടെ വേഷം. കഴുത്തിനു കുറുകെ ചുറ്റിയ തുണി കാലറ്റം വരെ നീണ്ടു കിടന്നു. കഷണ്ടി കയറിയ തലമുടിയെ ബാലൻസ് ചെയ്യും വിധം ദീക്ഷ വളർത്തിയിട്ടുണ്ട്. പുരികത്തിനു താഴെ കുഴികളിലേക്കു വീണു പോയ കണ്ണുകൾ വിടർത്തി അയാൾ സൂക്ഷിച്ചു നോക്കി. പുഞ്ചിരിച്ചപ്പോൾ കറുത്ത ചുണ്ടുകൾക്കു പിന്നിൽ പല്ലില്ലാത്ത മോണ തെളിഞ്ഞു. വെറുതെയൊരു കൗതുകത്തിന് അയാളുടെ പേരെന്താണെന്നു ചോദിച്ചു.
‘‘ഉങ്കളുക്ക് തെരിയ വേണ്ടിയ പേര് എങ്കിട്ടെ ഇല്ലൈ. ആനാൽ ഉങ്കൾ തേടുകിറ പേര് എന്നാൽ ചൊല്ലി തര മുടിയും’’
ആൾ നിസ്സാരക്കാരനല്ല. തത്വജ്ഞാനമാണ് പറയുന്നത്. എന്നാൽപ്പിന്നെയൊന്നു വിശദമായി പരിചയപ്പെടാമെന്നു കരുതി. പച്ച വസ്ത്രധാരിയോടു ചേർന്ന് നിലത്ത് ചമ്രം പടിഞ്ഞിരുന്നു.
‘‘നിങ്ങള് കേരളക്കാരൻ അല്ലേ?’’
നീണ്ട താടി തടവിക്കൊണ്ട് അദ്ദേഹം ചോദിച്ചു. അതെ എന്ന മറുപടിക്കായി കാതോർക്കുന്നപോലെ തല ചെരിച്ചു പിടിച്ച് ചുമരിലേക്ക് ചാരിയാണ് അദ്ദേഹം ഇരുന്നത്.
എന്റെ കയ്യിലൊന്നു പിടിക്കൂ എന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം കൈകൾക്കു മുകളിലൂടെ ചുറ്റിപ്പിടിച്ചു. കൈക്കരുത്ത് ആ പിടുത്തത്തിൽ അനുഭവിച്ചറിഞ്ഞു.
‘‘ഇനിയതു കേൾക്കിൻ താനിനേതു വേലോയ്
ഇനിതു ഇനിതു ഏകാന്തം ഇനിത്
അതേനിനും ഇനിതു ആദിയായ് തൊഴുതാൽ
അതേനിനും ഇനിതു അറിവിനാർ സേർന്താൽ
അതേനിനും ഇനിതു അറിവുള്ളോരൈ
കനവിനും നനവിനും കാൺപതു താനെ...
ലോകത്ത് ഏറ്റവും സന്തോഷമുള്ളതെന്തെന്നു ചോദിച്ചാൽ അതു വേലേന്തിയ മുരുകനാണ്. ജീവിതത്തിലും സ്വപ്നത്തിലും മുരുകന്റെ സാന്നിധ്യം കണ്ടെത്തുമ്പോൾ സന്തോഷം എന്തെന്നു മനസ്സിലാകും. ’’ പിടിവിടാതെ കണ്ണുകളടച്ച് അദ്ദേഹം പറഞ്ഞു.
ഒരു പരിചയവുമില്ലാത്ത, ആദ്യമായി കാണുന്ന ഒരാളോട് ഇത്രയും ആഴത്തിൽ തത്വ സമീക്ഷ നടത്താൻ കാര്യമെന്ത് ?
ഈ സംശയം അദ്ദേഹത്തോടു ചോദിച്ചപ്പോൾ സ്വന്തം ‘പ്രൊഫൈൽ’ വിശദമാക്കിക്കൊണ്ട് സ്വാമിയൊരു പ്രഭാഷണം നടത്തി.
മുരുക പ്രഭാകരൻ എന്നാണു പേര്. കേരളത്തിലാണു ജനിച്ചത്. പിന്നീട് തമിഴ്നാട്ടിലേക്കു മാറി. കായ്കളും പഴങ്ങളും മാത്രമേ കഴിക്കാറുള്ളൂ. അതിനുള്ള പണം ഏതെങ്കിലും വഴിയിലൂടെ വന്നു ചേരുമെന്നാണ് പ്രഭാകരന്റെ അനുഭവം. ഹിമാലയത്തിൽ ധ്യാനം ചെയ്തു നേടിയ സന്യാസ ദീക്ഷയാണ് എല്ലാറ്റിന്റെയും ഉറവിടം.
സ്വാമിയെന്നാണ് മുരുക പ്രഭാകരൻ സ്വയം വിശേഷിപ്പിക്കുന്നത്. ഹിമ സാനുക്കളിൽ ധ്യാനിച്ചു നേടിയ സിദ്ധികൾ അനവധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിലൊന്നാണ് സൂക്ഷ്മമായ ദീർഘ വീക്ഷണം. ഭാവി പ്രവചിക്കാൻ അറിയുമെന്ന് മുരുക പ്രഭാകരൻ പറഞ്ഞപ്പോൾ അതൊന്നു പരീക്ഷിച്ചറിയാൻ കൗതുകം തോന്നി. ജയലളിതയ്ക്കു ശേഷം ശശികല മുഖ്യമന്ത്രിയാകുമോ എന്ന് അദ്ദേഹത്തോടു ചോദിച്ചു
‘‘ശശികല മുതൽ അമൈച്ചറാ വാഴമാട്ടേൻ. അവരുക്ക് അരശിയൽ യോഗം മാത്രമേയുള്ളൂ. അധികാരിയായി വരാത്. ദണ്ഡനൈ കെടയ്ക്കുറതുക്ക് കൂടെ ചാൻസ് ഇരുക്ക് ’’ – മുരുക പ്രഭാകരൻ പ്രവചിച്ചു. ജയലളിത മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പ്രഭാകരൻ ഇങ്ങനെ ഉരിയാടിയത്. മുരുക പ്രഭാകരൻ സന്യാസ ദീക്ഷ നേടിയോ ഇല്ലയോ എന്നത് വിടാം. പക്ഷേ, അനധികൃതമായി സ്വത്തു സമ്പാദിച്ച കേസിൽ ജയലളിതയുടെ തോഴി ശശികല കുറ്റക്കാരിയെന്നു സുപ്രീംകോടതി വിധി പറയുന്നതിന് ഒരു മാസം മുൻപ് മുരുക പ്രഭാകരൻ ഇക്കാര്യം പ്രവചിച്ചിരുന്നു.
പലതരം കായ്കൾ മാത്രം കഴിച്ച് ജീവിക്കുന്ന ഒരാളെ ആദ്യമായാണ് പരിചയപ്പെടുന്നത്. ഒരു ദിവസം ഇരുപതു മിനിറ്റ് മാത്രമേ സംസാരിക്കാറുള്ളൂ എന്ന് അദ്ദേഹം അവകാശപ്പെട്ടു. കൂടുതൽ സംസാരിച്ചാൽ തൊണ്ടയിൽ വെള്ളം വറ്റും. അതു വിശപ്പുണ്ടാക്കാൻ വഴിയൊരുക്കും. ഹിമാലയത്തിലെ സ്വാമിമാർ മൗനം ഭജിക്കുന്നതിനു കാരണം അതാണത്രെ.
നമ്മൾ വീണ്ടുമൊരിക്കൽ കാണുമെന്നും അതിന് അവസരം വരുമെന്നും മുരുക പ്രഭാകരൻ പ്രവചിച്ചു. അങ്ങനെ സംഭവിക്കട്ടെ എന്ന് അദ്ദേഹത്തിനോട് സ്നേഹം പങ്കുവച്ച് അവിടെ നിന്നു മടങ്ങി. യാത്രകൾക്കിടെ ഇതുപോലെ കൗതുകം നിറഞ്ഞ അനുഭവങ്ങളുണ്ടാകുന്നത് നല്ലതാണ്. കഠിനമേറിയ യാത്രകൾ നിസ്സാരമായി ഓടിയെത്താൻ അത് സഹായിക്കും.
പഴനിമലയുടെ എതിർ വശത്തുള്ള ഇടുമ്പർ മലയിലേക്കുള്ള പടികളിൽ വച്ചാണ് മുരുക പ്രഭാകരനെ പരിചയപ്പെടാനും സംസാരിക്കാനും അവസരം കിട്ടിയത്.
പഴനിമല പോലെ മനോഹരമാണ് ഇടുമ്പർ മല. മലമുകളിലെ കോവിലിൽ മുരുകന്റെ തോഴനായ ഇടുമ്പരുടേതാണു പ്രതിഷ്ഠ. ഇനി പഴനിയിൽ ചെല്ലുമ്പോൾ ഇടുമ്പർ ക്ഷേത്രത്തിൽ ദർശനം നടത്താൻ മറക്കരുത്. ഇടുമ്പർ മലയിലേക്ക് പഴനിമലയുടെ അടിവാരത്തു നിന്ന് രണ്ടു കിലോമീറ്ററേയുള്ളൂ.
പഴനി മലയോളം ഉയരത്തിൽ കരിങ്കൽ പടികൾ കയറിയാണ് ഇടുമ്പർ േക്ഷത്രത്തിലെത്തുക. പന്തീരടി ഉയരമുള്ള വിഗ്രഹമാണു പ്രതിഷ്ഠ. പൂജയ്ക്കും അർച്ചനയ്ക്കുമായി ഒരു പുരോഹിതൻ മാത്രം. ക്ഷേത്രത്തിന്റെ ഇരു വശങ്ങളും പഴനി പട്ടണം കാണാൻ പറ്റിയ വ്യൂ പോയിന്റുകളാണ്. ‘‘കൗമാര പ്രണയങ്ങൾ കാടു കയറിയപ്പോൾ മലയുടെ നെറുകയിലക്കുള്ള പ്രവേശനം തടഞ്ഞുകൊണ്ട് വേലി കെട്ടി.’’ പൂജാരി പറഞ്ഞു.
baijugovind@gmail.com