പറമ്പിക്കുളത്തു പോയാൽ ഏറുമാടത്തിൽ താമസിച്ച് കാടു കാണാം. ജംഗിൾ സഫാരിയിൽ പങ്കെടുത്ത് കാട്ടു പുലിയേയും കാട്ടാനയേയും മാനുകളെയുമൊക്കെ നേരിട്ടു കാണാം. ഇന്നുച്ചയ്ക്ക് പറമ്പിക്കുളത്ത് എത്തിയാൽ നാളെ ഉച്ചവരെ കാടിനുള്ളിൽ താമസിക്കാൻ സൗകര്യമൊരുക്കുന്നതാണ് ടൂർ പാക്കേജ്.
സ്വന്തം വാഹനത്തിൽ പോകുന്നവർക്ക് കാടിനുള്ളിലെ റോഡിലൂടെ ഡ്രൈവ് ചെയ്യാം. സഹായത്തിന് ഒരു ഗൈഡ് കൂടെ വരും. ഫോറസ്റ്റ് ഡെവലപ്മെന്റ് അഥോറിറ്റിയുടെ മിനി ബസ്സ് കാട്ടിലൂടെ സവാരി നടത്തുന്നുണ്ട്. കാട്ടിലൂടെ യാത്ര, ചങ്ങാടം തുഴയൽ, ആദിവാസി ഗോത്ര നൃത്തം, ഏറുമാടത്തിലെ താമസം – ഇത്രയുമാണ് പറമ്പിക്കുളം ടൂർ.
ആനപ്പാടിയിൽ നിന്നാണ് കാട്ടിലേക്കു പ്രവേശനം. ആ റോഡ് പറമ്പിക്കുളം പട്ടണത്തിലാണ് അവസാനിക്കുന്നത്. അവിടെ നിന്ന് ഇടത്തോട്ടുളള വഴി അണക്കെട്ടിലേക്കാണ്. അവിടെയാണ് ചങ്ങാടം തുഴഞ്ഞുള്ള സവാരി. മുള കെട്ടിയുണ്ടാക്കിയ മനോഹരമായ ചങ്ങാടം.
സന്ദർശകർക്ക് ഇരിപ്പിടവും തുഴയുന്നവർക്കുള്ള ഇരിപ്പിടവുമൊരുക്കി നാടൻ സാങ്കേതിക വിദ്യയിലാണ് നിർമിച്ചിട്ടുള്ളത്. മരം ചെത്തിയെടുത്തുണ്ടാക്കിയതാണ് പങ്കായം. അരമണിക്കൂർ ജലസവാരി. വൈകിട്ടാണ് ചങ്ങാടം സവാരി നടത്താറുള്ളത്. അതു കഴിഞ്ഞ് ഗോത്രവാസികൾ അവതരിപ്പിക്കുന്ന നൃത്തം കാണാം.
പറമ്പിക്കുളം കാട്ടിൽ ജംഗിൾ സഫാരിയുടെ വാഹനം ചെല്ലുന്ന മറ്റു സ്ഥലം കന്നിമാരയാണ്. കന്നിമാരയിൽ വലിയൊരു തേക്കു മരം നിൽക്കുന്നുണ്ട്. ആറാളുകൾ വട്ടം പിടിച്ചാലും കയ്യെത്താത്രയും വലുപ്പമുള്ള തേക്കു മരം. 450 വർഷം പഴക്കമുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്.
ഇന്ത്യ ഗവൺമെന്റ് മഹാവൃക്ഷ പുരസ്കാരം നൽകി ആദരിച്ച തേക്കുമരത്തിനു ചുവട്ടിലാണ് ‘കന്നിമാര സഫാരി’ അവസാനിക്കുന്നത്. ലോകത്ത് നിലനിൽക്കുന്ന തേക്കുകളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുള്ള മരമാണിത്. 39.98 മീറ്റർ ഉയരം, 7.2 മീറ്റർ ചുറ്റളവ്.
പറമ്പിക്കുളം മേഖലയിൽ രണ്ടു സ്ഥലത്ത് ഏറുമാടങ്ങളുണ്ട്. ഭംഗിയായി കെട്ടിയിട്ടുള്ള മുറികളിൽ കുടുംബ സമേതം സുരക്ഷിതമായി താമസിക്കാം. പറമ്പിക്കുളം പട്ടണത്തിലാണ് ഒരു ഏറു മാടം. തടാകത്തിനു നടുവിലുള്ള ബാംബു ഐലന്റാണ് മറ്റൊന്ന്. തടാകത്തിന്റെ മധ്യത്തിലുള്ള തുരുത്തിൽ കെട്ടിയുണ്ടാക്കിയ ഏറുമാടത്തിന്റെ പേരാണ് ബാംബൂ ഐലന്റ്.
മുളയും ഓടയും അലങ്കരിച്ചുണ്ടാക്കിയ നടപ്പാലവും ക്വാർട്ടേഴ്സും കണ്ടാൽ ഒരു ദിവസം അവിടെ താമസിക്കാൻ തോന്നും. പറമ്പിക്കുളം വന മേഖലയിലേക്ക് സന്ദർശകരെ എത്തിക്കാൻ വനം വകുപ്പ് ഏർപ്പാടാക്കിയ പദ്ധതികളെല്ലാം ഇതുപോലെ ആകർഷണമുണ്ടാക്കുന്നവയാണ്.
പറമ്പിക്കുളത്തിന്റെ രാത്രി നിശബ്ദമാണ്. മഞ്ഞിനു വലിയ കുളിരില്ല. ഇലകളെ തൊട്ടുണർത്തുന്ന കാറ്റിനും കൊടും തണുപ്പില്ല. കാടിന്റെ ഭംഗി സുരക്ഷിതമായി കണ്ടാസ്വദിക്കാവുന്ന രസകരമായ ട്രിപ്പാണ് പറമ്പിക്കുളം ജംഗിൾ സഫാരി.
(പാലക്കാട് ജില്ലയിലാണ് പറമ്പിക്കുളം. പക്ഷേ, കാടിനുള്ളിലേക്കുള്ള പ്രവേശന കവാടം തമിഴ്നാട്ടിലാണ്. വടക്കഞ്ചേരിയിൽ നിന്നു നെന്മാറ വഴി കൊല്ലങ്കോട്. കൊല്ലങ്കോടു നിന്നു കാമ്പ്രത്തുചള്ളയിലൂടെ ചെമ്മണാംപതി. ചെമ്മണാംപതി ചെക്പോസ്റ്റ് കടന്ന് തമിഴ്നാട്ടിലെ വേട്ടക്കാരൻ പുതൂർ. അവിടെ നിന്നു സേത്തുമട. സേത്തുമടയിൽ ചെക്പോസ്റ്റിൽ പേരു രജിസ്റ്റർ ചെയ്യുക. ഒരാൾക്ക് പ്രവേശന തുക 23 രൂപ, വാഹനത്തിന് പ്രവേശന തുക 75 രൂപ.
റൂട്ട്: പാലക്കാടു നിന്ന് മീനാക്ഷിപുരം, അമ്പ്രാമ്പാളയം, വേട്ടക്കാരൻപുതൂർ, സേത്തുമട, ടോപ് സ്ലിപ് വഴി പറമ്പിക്കുളത്ത് എത്താം.
ബസ് സർവീസ്: പാലക്കാടു നിന്ന് രാവിലെ ന8നു പുറപ്പെടുന്ന പറമ്പിക്കുളം ബസ് ഉച്ചയ്ക്ക് 11.30ന് പറമ്പിക്കുളത്ത് എത്തും. ഉച്ചയ്ക്ക് 1 മണിക്ക് പറമ്പിക്കുളത്തു നിന്നു പാലക്കാട്ടേക്കു മടക്കം. കൂടുതൽ വിവരങ്ങൾ: 9442201690, 9442201691)
baijugovind@gmail.com