ADVERTISEMENT

കുമരകം പക്ഷി സങ്കേതത്തിലെ കണ്ടൽക്കാടിനുള്ളിൽ വച്ചാണ് ഹാർവിയെ കണ്ടത്. പൊന്മാനെ ക്യാമറയിൽ പകർത്താനുള്ള ശ്രമത്തിലായിരുന്നു ഓസ്ട്രേലിയക്കാരൻ. ഹാർവി തന്റെ കരളിന്റെ പാതി പകുത്തു നൽകിയ കാരളിനു പ്രിയപ്പെട്ട പക്ഷിയാണ് ‘കിങ് ഫിഷർ’. പാതിരാമണലിൽ പൊന്മാനുണ്ടെന്നു വായിച്ചറിഞ്ഞാണ് കാരളും ഭർത്താവ് ഹാർവിയും കുമരകത്തു വന്നത്.

Pathiramanal-2
കുമരകത്തു നിന്നു പാതിരാമണലിലേക്ക് നീങ്ങുന്ന വഞ്ചിവീട്. ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

‘‘Multi coloured plethora of bird species. Luxurious house boats, rich cuisine. Kumarakom is a wonderland...’’ കുമരകത്തിന്റെ പ്രകൃതി ഭംഗിയെ ഹാർവി നല്ല വാക്കുകളിൽ പൊതിഞ്ഞു. ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തു ജനിച്ചു വളർന്ന ഹാർവിയേയും കാരളിനെയും പോലെ ആയിരക്കണക്കിന് സഞ്ചാരികൾ കുമരകത്തിന്റെ പെരുമ കേട്ടറിഞ്ഞ് എത്തുന്നുണ്ട്. കായൽപ്പരപ്പും പാതിരാമണലുമൊക്കെ അവരുടെ ഭാവനയിൽ സ്വപ്നതുല്യമാണ്. ഈ രാജ്യാന്തര പ്രശസ്തിയാണ് കുമരകത്തെ Iconic Tourism Destination ആക്കി മാറ്റുന്നത്.

Pathiramanal-3
ഹാർവിയും കാരളും പക്ഷി നിരീക്ഷണം നടത്തുന്നു. ഫോട്ടോ: ടിബിൻ അഗസ്റ്റിൻ
ADVERTISEMENT

ചേർത്തലയിൽ നിന്നു കോട്ടയം റൂട്ടിൽ തണ്ണീർമുക്കം ബണ്ടു കഴിഞ്ഞാണു കുമരകം. വേമ്പനാട്ടു കായലിന്റെ സമൃദ്ധിയിൽ വിളഞ്ഞു നിൽക്കുന്ന നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളുമാണ് കുമരകത്തിന്റെ ഭംഗി വർധിപ്പിക്കുന്നത്. കവണാറ്റിൻകര പാലത്തിനു സമീപത്താണ് കുമരകം പക്ഷി സങ്കേതത്തിന്റെ പ്രവേശന കവാടം. സവാരി ബോട്ടുകൾ സർവീസ് നടത്തുന്ന തോടിനു മുന്നിൽ ആരംഭിക്കുന്ന റോഡ് കെ.ടി.ഡി.സിയുടെ ‘വാട്ടർ എസ്കേപ്സ്’ റിസോർട്ടിനു മുന്നിലെത്തുന്നു. അവിടെ നിന്ന് വലത്തോട്ടുള്ള വഴി കാട്ടിലേക്കുള്ളതാണ്. ചെറുതോടിന്റെ തീരത്തുകൂടി കല്ലു പാകിയുണ്ടാക്കിയ റോഡിൽ രണ്ടു കിലോമീറ്റർ നടന്നാൽ കായലിന്റെ അരികിലെത്താം. കാടിനുള്ളിൽ ദേശാടനക്കിളികളും നാട്ടു പക്ഷികളുമായി നൂറ്റമ്പതോളം ഇനം പക്ഷികളുണ്ട്.

Pathiramanal-4
പാതിരാമണലിലെ പ്രണയക്കാഴ്ചകൾ. ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

വേമ്പനാട്ടു കായലിന്റെ തീരത്ത് പതിനാല് ഏക്കറിൽ പരന്നു കിടക്കുന്ന കാടിനെ പക്ഷികളുടെ ആലയമാക്കി മാറ്റിയത് ആൽഫ്രഡ് ജോർജ് ബേക്കർ എന്ന വിദേശിയാണ്. റബർമരങ്ങൾ മുറിച്ചു കളഞ്ഞ് ദേശാടനക്കിളികൾക്ക് ഇടത്താവളമാക്കാൻ അദ്ദേഹം ഒരിടം സൃഷ്ടിച്ചു. സായിപ്പിന്റെ കാലശേഷം നൂറ്റൻപതു വർഷം കഴിഞ്ഞപ്പോഴേക്കും ഈ സ്ഥലം വിനോദ സഞ്ചാര കേന്ദ്രമായി.

Pathiramanal-5
പാതിരാമണലിലെ വള്ളിക്കാട്. ഫോട്ടോ: ടിബിൻ അഗസ്റ്റിൻ
ADVERTISEMENT

തണ്ണീർമുക്കം ബണ്ടിനു മുകളിലൂടെ കടന്നു പോകുമ്പോൾ കായലിനു നടുവിൽ പച്ചപ്പണിഞ്ഞു നിൽക്കുന്ന പാതിരാമണൽ കാണാം. വില്വമംഗലം സ്വാമിയാർക്ക് സന്ധ്യാവന്ദനത്തിന് സൗകര്യമൊരുക്കിക്കൊണ്ട് കായലിൽ നിന്നു പൊങ്ങി വന്ന ദ്വീപാണ് പാതിരാമണൽ എന്നാണു പഴമ്പുരാണം. അതെന്തായാലും, വേമ്പനാട്ടു കായലിനു നടുവിൽ വൃക്ഷനിബിഢമായി നിൽക്കുന്ന തുരുത്ത് കൗതുകം തന്നെ.

Pathiramanal-6
പക്ഷി സങ്കേതത്തിലെ വാച്ച് ടവർ. ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

ഏകദേശം മുക്കാൽ കിലോമീറ്ററോളം ദൂരത്തിനിടയിൽ കാണുന്ന അപൂർവയിനം പക്ഷികളാണ് പാതിരാമണൽ യാത്രയിൽ സന്ദർശകർക്കു കിട്ടുന്ന ‘ബോണസ് ’. കായൽ കണ്ടൽ, ചക്കരക്കണ്ടൽ, കൊമ്മട്ടി, പൂവിടുന്ന 161 ഇനം ചെടികൾ, ഒൻപത് ഇനം പന്നൽ സസ്യങ്ങൾ, 22 വിഭാഗങ്ങളിൽപ്പെട്ട കുറ്റിച്ചെടികൾ, 13 തരം വള്ളിച്ചെടികൾ – പാതിരാമണലിലെ സസ്യ വൈവിധ്യം. മുപ്പത്തിനാല് ഇനം പൂമ്പാറ്റകളുള്ള പാതിരാമണൽ ദ്വീപിൽ 93 ഇനം പക്ഷികളും 24 തരം തുമ്പികളും ഉണ്ടെന്ന് എം.ജി. സർവകലാശാല പരിസ്ഥിതി ശാസ്ത്ര പഠന വിഭാഗം കണ്ടെത്തി.

Pathiramanal-7
പാതിരാമണൽ ബോട്ട് ജെട്ടി. ഫോട്ടോ: ടിബിൻ അഗസ്റ്റിൻ
ADVERTISEMENT

പപ്പട രൂപത്തിൽ നിൽക്കുന്ന പാതിരാമണലിന്റെ പടിഞ്ഞാറു വശത്താണ് ബോട്ട് ജെട്ടി. തെക്കു–പടിഞ്ഞാറു ഭാഗത്തു കാണുന്നതു മുഹമ്മ. വടക്കു പടിഞ്ഞാറ് കുളക്കോഴിച്ചിറ. അതിന്റെ ഇടതു ഭാഗത്ത് തണ്ണീർമുക്കം ബണ്ട്. പാതിരാമണലിൽ ബോട്ട് ജെട്ടിയുണ്ട്. അവിടെ ഇറങ്ങിയാൽ കാടിനുള്ളിലേക്കു വഴി കാണാം.കല്ലു പതിച്ച വഴിയുടെ ഇരുവശത്തും കണ്ടൽക്കാടും കാട്ടു വള്ളികളും ചതുപ്പു നിലവുമാണ്. ഹോളിവുഡ് സിനിമകളിൽ കണ്ടിട്ടുള്ള ആമസോൺ കാടുകളുടെ പകർപ്പ്. ചതുപ്പിനിടയിൽ തലയെടുപ്പോടെ ഒരു ഏഴിലംപാല നിൽക്കുന്നുണ്ട്. യൗവ്വനയുക്തയായി പാല പൂക്കുന്ന കാലത്ത് ഇവിടെയെത്തുന്നവർക്കു പ്രണയസാഫല്യമെന്നൊരു കഥയും ഉണ്ടായിട്ടുണ്ട്. അതു പരീക്ഷിക്കാൻ തുനിഞ്ഞിറങ്ങി ദിവസവും നൂറിലേറെ പ്രണയിതാക്കൾ പാതിരാമണലിൽ വന്നു പോകുന്നു.

Pathiramanal-8
കുമരകം ചേർത്തല റോഡിൽ പന്തലിട്ടു നിൽക്കുന്ന തണൽ മരങ്ങൾ. ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

കുമരകം ബോട്ട് ജെട്ടിയിൽ നിന്ന് പാതിരാമണലിലേക്ക് ഷിക്കാര വള്ളങ്ങളും വഞ്ചിവീടുകളും സർവീസ് നടത്തുന്നുണ്ട്. കുമരകം ജെട്ടിക്കു സമീപത്തുള്ള പള്ളിയുടെ മുന്നിൽ നിന്നു വടക്കോട്ടു തിരിഞ്ഞ് ലൈറ്റ് ടവർ കടന്നു പാതിരാമണൽ ദ്വീപിനെ ചുറ്റി മടങ്ങിയെത്താൻ രണ്ടു മണിക്കൂർ വേണം. കവണാറ്റിൻകര, തണ്ണീർമുക്കം ബണ്ട്, കുളക്കോഴിച്ചിറ, കായിപ്പുറം, മുഹമ്മ എന്നീ തീരങ്ങൾ കണ്ടാസ്വദിച്ചുകൊണ്ടാണ് ബോട്ട് സവാരി.

baijugovind@gmail.com

ADVERTISEMENT