Thursday 01 December 2022 03:00 PM IST

നിങ്ങളുടെ വീട്ടിൽ ‘ചരിത്രമുണ്ടോ’? വിലയ്ക്കു വാങ്ങാൻ സന്തോഷ് വരും !

Baiju Govind

Sub Editor Manorama Traveller

1 - santhosh Photo: Harikrishnan

ലോകത്ത് ഏറ്റവും വലുപ്പമുള്ള ആറന്മുള കണ്ണാടി കയ്യിൽ കിട്ടിയപ്പോൾ സന്തോഷ് ആലോചിച്ചു, ഇത് എവിടെ സൂക്ഷിക്കും? പഴമയുടെ പ്രൗഢിയെ ഇഷ്ടപ്പെടുന്ന ഒരാളുടെ വീട്ടിലാണ് അതിന്റെ സ്ഥാനമെന്നുറപ്പിച്ച് സന്തോഷ് ആ വിശിഷ്ട വസ്തു നടൻ മോഹൻലാലിനു സമ്മാനിച്ചു. ലോകത്തിലെ ഏറ്റവും ചെറിയ ആറന്മുള കണ്ണാടി പുരാവസ്തു ശേഖരത്തിലേക്കു ലഭിച്ചപ്പോൾ സന്തോഷ് അതും മോഹൻലാലിനു നൽകി. മോഹൻലാലിനു സന്തോഷ് കണ്ണാടി കൈമാറുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. സ്വന്തം വീട് മ്യൂസിയമാക്കി മാറ്റിയ ‘ശിലാ സന്തോഷിനെ’ തിരഞ്ഞ് അതിനു ശേഷം ആളുകളുടെ പ്രവാഹമാണ്. വീട്ടിലെ കിടപ്പുമുറിയും അടുക്കളയുമൊഴികെയുള്ള സ്ഥലത്ത് പ്രദർശിപ്പിച്ചിട്ടുള്ള പുരാവസ്തുക്കൾ കണ്ട് സന്ദർശകർ അമ്പരക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള പെരുമ്പറ മുതൽ ഗ്രാമഫോൺ വരെയുള്ള കൗതുകങ്ങൾക്കൊപ്പം നിന്ന് സെൽഫിയെടുത്ത ശേഷം അവർ സന്തോഷിനെ അഭിനന്ദിക്കുന്നു.

വിളയിൽപുത്തൻവീട്ടിൽ ശശിധരൻ ആചാരിയുടെയും ഗീതയുടെയും രണ്ടുമക്കളിൽ മുതിർന്നയാളാണ് സന്തോഷ്. വിശ്വകർമ കുടുംബത്തിൽ ജനിച്ച സന്തോഷ് സ്കൂളിൽ പഠിക്കുമ്പോൾ ചിത്രം വരയ്ക്കുമായിരുന്നു. ദേവീരൂപങ്ങളും പുരാണദൃശ്യങ്ങളും കടലാസിൽ വരച്ചതു കണ്ട് അധ്യാപകർക്ക് അദ്ഭുതമായി. പുലർച്ചെ നാലു മണിക്ക് എഴുന്നേറ്റ് റബർ വെട്ടു ജോലിക്കു പോയും സ്കൂൾ വിട്ട ശേഷം ചുവരെഴുതിയും കുടുംബച്ചെലവിനു അച്ഛനെ സഹായിച്ചിരുന്ന സന്തോഷിന് സാഹചര്യങ്ങളെ മറികടക്കാനുള്ള പ്രവൃത്തിയായിരുന്നു ചിത്രരചന. അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നു പോയ ബാല്യം സന്തോഷിന്റെ ചിത്രങ്ങൾക്കു മിഴിവേകി. സൃഷ്ടിയുടെ തുടിപ്പിനു ചിത്രങ്ങളേക്കാൾ നല്ലതു ശിൽപങ്ങളാണെന്നുള്ള തിരിച്ചറിവ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായി. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും മുറ്റത്ത് സന്തോഷ് നിർമിച്ച ശിൽപങ്ങൾ സ്ഥാനം പിടിച്ചു. ഇരുപത്തിമൂന്നു വർഷം മുൻപ്, സിമന്റിൽ നിർമിച്ച കിണറും പ്ലാവും നാട്ടുകാർക്ക് അദ്ഭുതക്കാഴ്ചയായി. അധികം വൈകാതെ, ഓലമേഞ്ഞ വീടിന്റെ സ്ഥാനത്ത് മഴ പെയ്താൽ ചോരാത്ത വീടുണ്ടാക്കി. അനുജത്തി സിന്ധുവിനെ വിവാഹം കഴിച്ചയച്ചു. ഇക്കാലത്താണ് ബാല്യകാലത്തു സ്വരുക്കൂട്ടിയ ഉപയോഗശൂന്യമായ നാണയങ്ങളുടെ പെട്ടി തുറന്നത്.

പുരാവസ്തുക്കൾ തേടി എന്റെ യാത്രകൾ

തുടച്ചു മിനുക്കിയ നാണയങ്ങൾ അലമാരയിൽ പ്രദർശിപ്പിച്ചു. അതു കാണാനെത്തിയവരുടെ കൗതുകം സന്തോഷിനു സന്തോഷം പകർന്നു. പിന്നീടാണ് അദ്ദേഹം പുരാവസ്തുക്കൾ തേടി യാത്ര ആരംഭിച്ചത്. പഴയ തറവാടുകൾ പൊളിക്കുന്നയിടങ്ങളിലും പുരാവസ്തുക്കൾ വിൽക്കുന്ന സ്ഥലങ്ങളിലും സന്തോഷ് ഓടിയെത്തി. തറവാടുകളുടെ മച്ചിനു മുകളിൽ സൂക്ഷിച്ച ആയുധങ്ങളും കിണ്ടിയും മൊന്തയും കത്തിയും വാളും വിലയ്ക്കു വാങ്ങി. അവ ഉയോഗിച്ചിരുന്നവരുടെ ജീവിതവും കുടുംബപശ്ചാത്തലും ഓർത്തുകൊണ്ട് പ്രധാന്യത്തോടെ പ്രദർശിപ്പിച്ചു. കേരളത്തിലെ ജില്ലകൾ കടന്ന് തമിഴ്നാട്ടിലേക്കും ആന്ധ്രയിലേക്കും മഹാരാഷ്ട്രയിലേക്കും സഞ്ചാരം നീണ്ടു. നാലു വർഷത്തിനുള്ളിൽ വീട്ടിലെ മുറികളിൽ നടക്കാനുള്ള സ്ഥലമൊഴികെ ബാക്കി എല്ലായിടത്തും പുരാവസ്തുക്കൾ നിറഞ്ഞു.

2 - santhosh

തൂത്തുക്കുടിയിൽ നിന്നു കൊണ്ടു വന്ന മരശ് (പെരുമ്പറ), വെള്ളംകൊരുന്ന പാത്രം, കുട്ടകം തുടങ്ങിയവ വീട്ടിലെ സിറ്റൗട്ടിലാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. പൂമുഖം നിറയെ പല തരത്തിലുള്ള പാത്രങ്ങളും പെയിന്റിങ്ങും പുരാതന സംഗീതോപകരണങ്ങളുമാണ്. ഇടർച്ചയില്ലാതെ സംഗീതം പൊഴിക്കുന്ന ഗ്രാമഫോൺ ഇക്കൂട്ടത്തിൽ മനോഹരമായ കാഴ്ചയാണ്. ഡയിനിങ് റൂമിനു സമീപത്തുള്ള മുറി നിറയെ ശംഖും കണ്ണാടിയും തോക്കും ആയുധങ്ങളും പെയിന്റിങ്ങും അപൂർവ ഇനം നെൽവിത്തുകളും പ്രദർശിപ്പിച്ചിരിക്കുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുമായി കൊണ്ടു വന്ന 140 ഇനം നെൽവിത്തുകൾ ഇവിടെയുണ്ട്. കല്ലടിയാരൻ, അടുക്കൻ, ചെങ്ങൽതൊണ്ടി, മരത്തൊണ്ടി, പാൽത്തൊണ്ടി തുടങ്ങിയ നാടൻ നെൽവിത്തുകൾ ഇപ്പോൾ കൃഷിക്ക് ഉപയോഗിക്കുന്നില്ല. കൃഷിഭൂമിയിൽ നിന്നു മറഞ്ഞു പോയ ഇത്തരം നെൽവിത്തുകളുടെ പ്രാചരണമാണ് വിത്ത് ശേഖരണത്തിലൂടെ ലക്ഷ്യമെന്നു സന്തോഷ് പറഞ്ഞു. അസമിൽ നിന്നു ശേഖരിച്ച നെല്ലിന്റെ അരി വെള്ളത്തിലും പാലിലും വേവിക്കാവുന്നതാണ്. പതിനഞ്ചു മിനിറ്റിൽ അരി വേവും. ഇതുപോലെ, അപൂർവ ഇനം നെൽവിത്തുകൾ ശേഖരിച്ച് കൃഷിയിൽ താൽപര്യമുള്ളവർക്കു സമ്മാനിക്കാറുണ്ട്. നെല്ല് സ്വീകരിക്കുന്നവരോട് ഒരു കണ്ടീഷൻ – ഒരു കിലോ വിത്തു കൊണ്ടു പോകുന്നവർ കൊയ്ത്തു കഴിഞ്ഞ് രണ്ടു കിലോ മടക്കി നൽകണം.

 ഇതൊന്നും വിൽക്കാനുള്ളതല്ല

മൂന്നാറിനു സമീപത്തുള്ള കാന്തല്ലൂരാണ് സന്തോഷിന് പ്രിയപ്പെട്ട സ്ഥലം. ‘‘കാന്തല്ലൂരിന്റെ പ്രകൃതി ഫോട്ടോജനിക് ആണ്. നന്നങ്ങാടികൾ സൂക്ഷിച്ചിരുന്ന ആനക്കൊട്ടപ്പാറ പാർക്ക് ചരിത്ര വിസ്മയമാണ്’’ സന്തോഷ് തുടർന്നു. മൈസൂരിലേക്കു നടത്തിയ യാത്രയിൽ മരതകം, ഇന്ദ്രനീലം എന്നിവയുടെ പ്രാരംഭരൂപമായ കല്ലുകൾ ലഭിച്ചു. അജന്തയിലെ എല്ലോറ സന്ദർശിച്ചപ്പോൾ മോതിരത്തിലും മാലയിലും ഘടിപ്പിക്കുന്ന വിശിഷ്ടമായ കല്ലുകൾ കിട്ടി. ലോകത്തെ ഏറ്റവും ചെറിയ കറൻസി, വലിയ കറൻസി എന്നിവയെല്ലാം ഇവിടെയുണ്ട്. – മ്യൂസിയത്തിന്റെ ഉള്ളറയിലേക്ക് സന്തോഷ് വിരൽചൂണ്ടി.

കുട്ടിക്കാലത്തെ കൗതുകത്തിനു ശേഖരിച്ചു കൂട്ടിയ നാണയവും സ്റ്റാമ്പും സന്തോഷിന് തായ്‌ലൻഡ് സന്ദർശനത്തിന് അവസരമൊരുക്കി. എക്സിബിഷനിൽ നാണയങ്ങളുടെ വിഭാഗത്തിൽ ഒന്നാം സമ്മാനം ലഭിച്ചു. പിന്നീട് മലേഷ്യയിലും എക്സിബിഷനിൽ പങ്കെടുത്തു.

3 - santhosh

നൂറ്റാണ്ടുകൾ പഴക്കമുള്ള സാധനങ്ങൾ വാങ്ങി വീട്ടിൽ കൊണ്ടു വന്നപ്പോൾ പണ്ട് പരിഹസിച്ചവർ ഇപ്പോൾ ‘ശില സന്തോഷി’നെ പഴമയുടെ സംരക്ഷകനായി പ്രശംസിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നു പോലും ആളുകൾ എത്തുമ്പോൾ നാട്ടുകാർ അഭിമാനത്തോടെ മ്യൂസിയത്തിലേക്കുള്ള വഴി കാട്ടിക്കൊടുക്കുന്നു. സന്തോഷും ഭാര്യ സന്ധ്യയും മക്കളായ അതുല്യയും അർപ്പിതയുമാണ് സന്ദർശകരെ സ്വീകരിച്ച് മ്യൂസിയം പരിചയപ്പെടുത്തുന്നത്.

‘‘പുരാവസ്തുശേഖരണം എനിക്കു പ്രിയപ്പെട്ട വിനോദമാണ്. ശിൽപ നിർമാണമാണ് തൊഴിൽ. മനസ്സിലുള്ള രൂപങ്ങളുടെ ശിൽപാവിഷ്കാരം കലയാണ്. സൃഷ്ടിയുടെ നോവറിയുന്നവർക്ക് പഴമയുടെ മൂല്യം കണ്ടില്ലെന്നു നടിക്കാനാവില്ല. ഞാൻ ശേഖരിച്ചതൊന്നും വിൽക്കാനുള്ളതല്ല. പൂർവിക സംസ്കാരം കണ്ടറിയാൻ താൽപര്യമുള്ളവർക്ക് സ്വാഗതം.’’ ശിലാ സന്തോഷ് സ്നേഹപൂർവം ക്ഷണിച്ചു.