ജനങ്ങളുടെ പ്രതിഷേധം തിരിച്ചറിഞ്ഞ് തമിഴ്നാട്ടിലെ തൊഴിലാളി യൂണിയനുകൾ ദേശിയ പണിമുടക്കിന്റെ രീതിയിൽ ഇളവു വരുത്തി. പണിമുടക്കിന്റെ രണ്ടാം ദിവസം യൂണിയനിലെ മുതിർന്ന നേതാക്കൾ മാത്രം പ്രതിഷേധ സൂചകമായി പണിമുടക്കിയാൽ മതിയെന്നാണ് തീരുമാനം. ബാക്കി യൂണിയൻ അംഗങ്ങൾ ഇന്നു ജോലിക്ക് എത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. ബാങ്ക്, ബസ് എന്നിവ മാത്രമാണ് ഇന്നലെ മുടങ്ങിയത്. അപ്പോഴേക്കും തമിഴ്നാട്ടിലെ ജനങ്ങൾ സമരത്തിന് എതിരേ വ്യാപക പ്രതിഷേധം ഉയർത്തി. അതോടെയാണ് ജനങ്ങളുടെ വികാരം മാനിച്ച് സമരത്തിന്റെ രീതി മാറ്റാൻ നേതാക്കൾ നിർബന്ധിതരായത്.
പണിമുടക്ക് ആഘോഷിക്കാൻ നിന്ന് രണ്ടു ദിവസം മുൻപ് കേരളത്തിന്റെ അതിർത്തി താണ്ടിയവർ ഇന്നും ഇന്നലെയും സമാധാനത്തോടെ യാത്ര തുടരുകയാണ്. തമിഴ്നാട്ടിലുള്ളവർ നേരേ കോത്തഗിരിയിലേക്ക് വണ്ടി വിട്ടോളൂ. ഇന്നലെ പകൽ താപനില 29 ഡിഗ്രി എത്തിയെങ്കിലും രാത്രി മഞ്ഞു പെയ്തു.
അതിഗംഭീരമൊരു വെള്ളച്ചാട്ടവും മനസ്സിൽ കുളിരു കോരിയിടുന്ന വ്യൂ പോയിന്റും മിനുക്കിയൊതുക്കിയ തേയിലത്തോട്ടങ്ങളുമാണ് കോത്തഗിരിയിലെ കാഴ്ചകൾ. സിനിമാ നടിയും തമിഴ്നാട് മുൻമുഖ്യമന്ത്രിയുമായ ജയലളിത അവധിക്കാലത്തു താമസിക്കാനായി ബംഗ്ലാവ് നിർമിച്ചത് കോത്തഗിരിയിലാണെന്നു പറയുമ്പോൾ ആ സ്ഥലത്തിന്റെ ഭംഗി ഊഹിക്കാമല്ലോ.
മേട്ടുപ്പാളയത്തു നിന്നു പാലപ്പെട്ടി, കോട്ടക്കാമ്പൈ വഴി ബംഗളാഡ കടന്നാൽ കോത്തഗിരിയെത്താം. മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിൽ എത്താനുള്ളത്രയും നേരം വണ്ടിയിൽ ഇരിക്കണ്ട. ഈ വഴിക്കുള്ള യാത്രയിൽ പാലപ്പെട്ടി വ്യൂ പോയിന്റ്, ബംഗളാഡ ഹെയർപിൻ വളവുകൾ തുടങ്ങി പുതുകാഴ്ചകൾ ആസ്വദിക്കാം. മാസ്മരികമായ രണ്ടു ഡെസ്റ്റിനേഷനുകളാണ് കോത്തഗിരിയിലുള്ളത് – കാതറിൻ വാട്ടർ ഫാൾസ്, കോടനാട് വ്യൂ പോയിന്റ്.
വീതി കുറഞ്ഞ റോഡുകൾ. തോളുരുമ്മി നടക്കുന്ന ആളുകൾ. നിരയായി ചായക്കട, ചാന്തുകട, പലചരക്കു വിൽപ്പന – മൂന്നാർ പട്ടണത്തിന്റെ തമിഴ് പതിപ്പാണ് കോത്തഗിരി. കോത്തഗിരിയുടെ പ്രകൃതി ഭംഗി ഊട്ടിയിലേതിൽ നിന്നു വ്യത്യസ്തമാണ്. അടുക്കും ചിട്ടയുമുള്ള തേയിലത്തോട്ടങ്ങൾ. വിശാലമായ തോട്ടങ്ങൾ കളമിട്ടു വരച്ച ചിത്രം പോലെ ആകാശച്ചെരിവു വരെ പരന്നു കിടക്കുന്നു. അതിനു നടുവിൽ ചുവപ്പും നീലയും ചായം പൂശിയ വീടുകൾ, ബംഗ്ലാവുകൾ... കിഴക്കു ഭാഗത്ത് ‘രംഗസ്വാമിമല’ തെളിയുന്നതോടെ സീനിറിയാകെ മാറുന്നു. ഹോളിവുഡ് സിനിമകളിലെ അദ്ഭുത ലോകത്തു പ്രത്യക്ഷപ്പെടാറുള്ള പർവതങ്ങളുടെ രൂപമാണ് രംഗസ്വാമി മലയ്ക്ക്.
നീലഗിരി കാടുകളിൽ നാലു ഗോത്രങ്ങളുണ്ട്. തോടാസ്, കോത്താസ്, കുറുംബാസ്, ഇരുളാസ്. ഇരുളരും കുറുമ്പരും കാടിനുള്ളിലാണ്. കോത്താസികൾ ഊട്ടിയിൽ. കോത്തഗിരിയിൽ തോടാസികൾ. കോത്തഗിരിയിൽ തോടാസികളുടെ പരമ്പരാഗത ക്ഷേത്രമുണ്ട്. ‘റ’ രൂപത്തിലുള്ള ശിലയാണ് ക്ഷേത്രത്തിന്റെ മുൻഭാഗം. മുകൾഭാഗം ഓല മേഞ്ഞിരിക്കുന്നു. മുൻഭാഗത്തെ കല്ലിന്റെ നടുവിൽ മണ്ണിനോടു ചേർന്നൊരു ദ്വാരമുണ്ട്. അതിലൂടെ നുഴഞ്ഞാണ് പൂജാരി ക്ഷേത്രത്തിനുള്ളിൽ കയറുക. ശങ്കരൻ എന്നയാൾക്കാണ് ഇപ്പോൾ ക്ഷേത്രത്തിന്റെ മേൽനോട്ട ചുമതല. ചിത്രപ്പണികളോടു കൂടിയ വെളുത്ത ഷാളാണ് തോടാസി വിഭാഗത്തിലെ പുരുഷന്മാർ പുതയ്ക്കാറുള്ളത്. ഭർത്താവിനു പുതയ്ക്കാനുള്ള ഷാൾ ഭാര്യ നെയ്തുണ്ടാക്കണമെന്നാണു തോടാസികളുടെ കീഴ്‌വഴക്കം.
കോടനാട് റോഡ് അവസാനിക്കുന്നിടത്ത് ആൽത്തറയാണ്. അവിടെ നിന്നു താഴേക്കുള്ള പടവുകൾ വ്യൂ പോയിന്റിലേക്കാണ്. പാറപ്പുറത്തു കെട്ടിയ ഇരുമ്പു കൈവരികളുടെ താഴെ തമിഴ്നാടും കർണാടകയും പരന്നു കിടക്കുന്നു. തെളിഞ്ഞ പകലുകളാണ് വ്യൂപോയിന്റിൽ ഫോട്ടോ എടുക്കാൻ പറ്റിയ സമയം. രാവിലെ ഏഴു മണിക്ക് എത്തിയാൽ മഞ്ഞിന്റെ രസകരമായ രൂപഭേദങ്ങൾ കണ്ടാസ്വദിക്കാം.
കോത്തഗിരിയിലെ മനോഹരമായ കാഴ്ച ഡോൾഫിൻ നോസ് എന്ന മലഞ്ചെരിവാണ്. കോത്തഗിരി പട്ടണത്തിൽ നിന്ന് എട്ടു കിലോമീറ്റർ സഞ്ചരിച്ചാൽ കാതറിന്റെ അരികിലെത്താം.
മൂന്നു ഭാഗവും ഉയർന്നു നിൽക്കുന്ന മലകളുടെ നടുവിലേക്ക് കുതിച്ചിറങ്ങുന്ന വെള്ളച്ചാട്ടത്തിനു ‘കാതറിൻ’ എന്ന പേരിട്ടത് ഇംഗ്ലിഷുകാരാണ്.
മൂന്നാറിൽ നിന്നു ചിന്നാറിലേക്കുള്ള വഴി പോലെയാണ് കോത്തഗിരിയിൽ നിന്ന് ഊട്ടിയിലേക്കുള്ള റോഡ്. തൊഴിലാളികളുടെ വീടും തേയില ഫാക്ടറികളും റിസോർട്ടുകളും നിറഞ്ഞ കുന്നിൻ ചെരിവുകളിലെ കാഴ്ചകളാസ്വദിച്ച് ഊട്ടിയിലെത്താൻ ഒരു മണിക്കൂർ മതി.
നീലഗിരി മലനിരകളുടെ അതിർത്തിയിലുള്ള മലയാണു കോത്തഗിരി. മേട്ടുപ്പാളയത്തു നിന്ന് 31 കി.മീ. നവംബർ – മേയ് വരെയാണ് സീസൺ. താമസത്തിനുള്ള കോട്ടേജുകൾ നിരവധിയുണ്ട്. ബജറ്റ്, ലക്ഷ്വറി റിസോർട്ടുകളുമുണ്ട്. ഓൺലൈനിൽ നേരത്തേ ബുക്ക് ചെയ്യുക.