കോയമ്പത്തൂരിലേക്ക് കുടിയേറിയ ബാല്യം. ഗ്രാമങ്ങളിലേക്കു വഴിയന്വേഷിച്ചു നടന്ന കൗമാരം. സയൻസ് ഗവേഷണവുമായി പ്രകൃതിയിലേക്കു നടക്കുന്ന യൗവനം. ഇതിനിടയ്ക്കു പ്രണയം, വിവാഹം... ഒരിടത്തു നിന്നു മറ്റൊരിടത്തേക്കായി ഇരുപത്തെട്ടു വർഷം നീളുന്ന യാത്ര, അതാണ് ലോകവ്യ. വിവാഹം കഴിഞ്ഞപ്പോൾ അവൾ ഒരു യാത്രയെക്കുറിച്ച് ഭർത്താവിനോടു പറഞ്ഞു. ഭാര്യയുടെ ആഗ്രഹം സാധിച്ചു കൊടുക്കാമെന്നു ഗോമതി ശങ്കർ സമ്മതിച്ചു. അങ്ങനെ അവർ രണ്ടു പേരും രണ്ടു ബുള്ളറ്റുകളിലായി യാത്ര നടത്തി. കന്യാകുമാരിയിൽ നിന്നു ഗുജറാത്തിലെ കച്ച് വരെ അവർ ബുള്ളറ്റോടിച്ചു. യാത്ര പൂർത്തിയാക്കിയ സന്തോഷം അറിയിക്കാനായി കഴിഞ്ഞ ദിവസം ലോകവ്യ ഫോൺ ചെയ്തിരുന്നു. ചന്ദ്രനിൽ കാലു കുത്തിയതുപോലെ ആഹ്ലാദത്തോടെയാണ് ലോകവ്യ ആ യാത്രയുടെ വിശേഷങ്ങൾ പങ്കുവച്ചത്. സഞ്ചാര പ്രിയരായ ലോകവ്യ – ഗോമതി ദമ്പതികളുടെ ജീവിതയാത്രയാണ് ഈ ആഴ്ചയിലെ കുറിപ്പ്.
‘‘പഠിക്കാൻ തോന്നുമ്പോൾ ക്ലാസിൽ പോകും. മടുപ്പു തോന്നുമ്പോൾ എല്ലാം ഇട്ടെറിഞ്ഞ് എങ്ങോട്ടെങ്കിലും യാത്ര തിരിക്കും. വട്ടാണെന്നു തോന്നിയേക്കാം. ഒന്നും പറഞ്ഞിട്ടു കാര്യമില്ല. ഞാൻ ഇങ്ങനെയാണ്.’’ ഈ വഴിക്കു സ്വയം വിലയിരുത്തുന്ന ഒരാൾ കന്യാകുമാരിയിൽ നിന്നു കച്ചിലേക്ക് ബൈക്ക് യാത്ര പുറപ്പെട്ടതിൽ അദ്ഭുതപ്പെടാനെന്തിരിക്കുന്നു?
ലോകവ്യക്ക് കടലിനോട് വലിയ താത്പര്യമാണ്. രാജീവ് പിള്ളയും ഭാര്യ മിനിയും കോയമ്പത്തൂരിലേക്കു താമസം മാറിയപ്പോഴും മൂത്ത മകൾ ലോകവ്യയുടെ ഇഷ്ടങ്ങൾക്കു മാറ്റമുണ്ടായില്ല. ആനക്കട്ടിയിലും വാൽപ്പാറയിലും ചെട്ടിപ്പാളയത്തും കോത്തഗിരിയിലെ ഗ്രാമങ്ങളിലും അവൾ സഞ്ചാരത്തിനു വഴികൾ കണ്ടെത്തി. ‘‘ബിടെക് പഠനത്തിനൊപ്പം ബംഗളൂരുവിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസിൽ ഗവേഷണം ആരംഭിച്ചു. ഡിഗ്രി കഴിഞ്ഞപ്പോൾ ബംഗളൂരുവിലെ യെലഹങ്കയ്ക്കടുത്തുള്ള ക്യാംപസിലേക്കു പോയി. അതിനിടയ്ക്കാണ് ഗോമതിയുടെ മനസ്സിൽ എന്നോടുള്ള പ്രണയം കണ്ടെത്തിയത്.’’ യാത്രയ്ക്കിടെ കുടുംബ ജീവിതത്തിലേക്കുള്ള ടേണിങ് പോയിന്റിനെക്കുറിച്ച് ലോകവ്യ പറയുന്നു.
തിരുനൽവേലിയിലെ ഡോ. സഞ്ജീവി രാമസ്വാമിയുടെ മകനാണ് ഗോമതി ശങ്കർ. തൈര് സാദവും വെങ്കായ സാദവും കഴിച്ചു വളർന്ന തമിഴ് ബ്രാഹ്മണൻ. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഗോമതിക്ക് ലോകവ്യയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം രാജീവ് പിള്ളയുടെ വീട്ടിലെത്തിയ ഗോമതിയും ലോകവ്യയുടെ സഹോദരങ്ങളുമായി ചങ്ങാത്തത്തിലായി. പരസ്പരം വലിയ ഇടപെടലുകൾ ഉണ്ടായില്ലെങ്കിലും ഇതിനിടെ ഗോമതിയുടെ മനസ്സിൽ ലോകവ്യ വേറൊരു സ്ഥാനത്തേക്കു കയറി. ‘‘നമ്മൾ തമ്മിലുള്ളതു വെറുമൊരു സൗഹൃദമല്ല. അതിനുമപ്പുറം ഒരിഷ്ടം എന്റെ മനസ്സിലുണ്ട്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു.’’ ഉള്ള കാര്യം ഗോമതി തുറന്നു പറഞ്ഞു. വീട്ടിലൊരാളെപ്പോലെ കണ്ടിരുന്ന പയ്യനെ മരുമകനായി കാണാൻ രാജീവ് പിള്ളയ്ക്കും മിനിക്കും ബുദ്ധിമുട്ടു തോന്നി. പക്ഷേ, അപ്പോഴേക്കും ഒരിക്കലും പിരിയാനാവാത്ത വിധം ഗോമതിയും ലോകവ്യയും അടുത്തു കഴിഞ്ഞിരുന്നു.
ലാങ്വേജ് ട്രെയിനറായി ജോലി ചെയ്യുന്ന ഗോമതി കിട്ടുന്ന ഇടവേളകളിലെല്ലാം പ്രിയപ്പെട്ടവളെ കാണാൻ ബംഗളൂരുവിലെത്തി. ലോകവ്യയുടെ കൂട്ടുകാരോടൊപ്പം കർണാടകയുടെ മലമ്പ്രദേശങ്ങളിലും ഗ്രാമങ്ങളിലും അവർ ഒരുമിച്ചു യാത്ര ചെയ്തു. ഇതിനിടെയാണ് മിഷേൽ ഡെനിനോ, നിഖൽ എൽഫി എന്നീ ഫ്രഞ്ച് ദമ്പതികളെ ലോകവ്യ പരിചയപ്പെട്ടത്. പ്രകൃതിയെക്കുറിച്ചു പഠിക്കാനായി കോയമ്പത്തൂർ നഗരത്തിനടുത്തു ശിരുവാണി വനമേഖലയുടെ താഴ്‌വരയിൽ ആനമലയിൽ നിശബ്ദ ജീവിതം നയിക്കുകയാണ് മിഷേലും നിഖേലും. പ്രകൃതിയോടിണങ്ങിയുള്ള ജീവിതം പഠിക്കാൻ ലോകവ്യ അവരോടൊപ്പം താമസമാരംഭിച്ചു. രാത്രികളിൽ വീട്ടു മുറ്റത്തു കാട്ടാനകൾ വന്നു പോകുന്നത് അവൾ നേരിൽ കണ്ടു. പറമ്പിൽ സ്വയം കൃഷി ചെയ്ത് ആ പച്ചക്കറികൾ വേവിച്ച് ഭക്ഷണമുണ്ടാക്കി. യാത്രകളോടൊപ്പം പ്രകൃതിയും ലോകവ്യയുടെ മനസ്സിൽ പ്രണയത്തിന്റെ വീടൊരുക്കി.
മുൻകൂട്ടി പ്ലാൻ ചെയ്യാതെ, മുറികൾ ബുക്ക് ചെയ്യാതെ ഗ്രാമങ്ങളിലൂടെ ലോകവ്യയുടെ സഞ്ചാരം നീണ്ടു. പോണ്ടിച്ചേരി, ഗോവ, ഗോകർണം തുടങ്ങി ബൈക്കിലും കാറിലുമായി തുടർന്ന യാത്രകൾ സിക്കിം വരെയെത്തി. അവിടെ നിന്നു മടങ്ങിയെത്തി അധികം വൈകാതെ ഗോമതിയുമായി വിവാഹത്തിനു തീയതി നിശ്ചയിച്ചു.
വിവാഹം എവിടെ വച്ചു നടത്തണമെന്നതായിരുന്നു അടുത്ത ആലോചന. പുരാതന ക്ഷേത്രമായിരിക്കണം. ഊട്ടുപുരയും കുളവും വേണം – ഇതായിരുന്നു കല്യാണ മണ്ഡപമൊരുക്കാനുള്ള കണ്ടീഷൻ. തിരച്ചിലിനൊടുവിൽ അവർ പാലക്കാടുള്ള തിരുവാലത്തൂരിലെത്തി. ഭദ്രകാളിയും അന്നപൂർണേശ്വരിയും പ്രതിഷ്ഠയായുള്ള ക്ഷേത്രമുറ്റത്ത് മണ്ഡപമൊരുങ്ങി. പതിനാലു വർഷത്തെ പരിചയത്തിനൊടുവിൽ ഫെബ്രുവരി ആറിന് ലോകവ്യയുടെ കഴുത്തിൽ ഗോമതി താലി കെട്ടി.
വിവാഹച്ചടങ്ങും സദ്യയും കഴിഞ്ഞ് വണ്ടി നേരേ കണ്ണൂരിലേക്കു വിടാനാണ് ലോകവ്യ പറഞ്ഞത്. കൂട്ടുകാരോടൊപ്പം നവ ദമ്പതികൾ കണ്ണൂരിനടുത്തുള്ള കിഴുന്നപ്പാറയിലെ കിഴുന്ന ബീച്ചിൽ ചെന്നിറങ്ങി. പണ്ടൊരിക്കൽ രണ്ടാളും ബംഗൂളുരുവിൽ നിന്ന് ഈ സ്ഥലത്ത് വന്നിരുന്നു. വിവാഹം കഴിഞ്ഞ് ഒരു ദിവസം കിഴുന്ന ബീച്ചിൽ താമസിക്കുമെന്ന് അന്നേ മനസ്സിൽ ഉറപ്പിച്ചിരുന്നു. താലി കെട്ടിനു ശേഷം ഇക്കാര്യം അവർ കൂട്ടുകാരോടു പറഞ്ഞപ്പോൾ എല്ലാവരും കൂടി വണ്ടി അവിടേക്കു വിട്ടു. പ്രിയപ്പെട്ട കൂട്ടുകാരനും ഭാര്യക്കും വേണ്ടി അവർ കടൽത്തീരത്ത് മുളകൊണ്ടൊരു കുടിലുണ്ടാക്കി. ഗോമതിക്കും ലോകവ്യക്കും വിവാഹത്തിന്റെ ആദ്യ ദിനത്തിൽ അങ്ങനെ കടപ്പുറത്ത് മണിയറയൊരുങ്ങി.
ഇറ്റലിക്കാരി സാറയെ വിവാഹം കഴിച്ച് റോമിൽ സ്ഥിര താമസമാക്കിയ സഹോദരന്റെ ഫോൺ കേട്ടാണ് ഗോമതി ഉറക്കമുണർന്നത്. ഹണിമൂൺ റോമിൽ ആഘോഷിക്കാൻ സഹോദരന്റെ ക്ഷണം. ‘‘ അയ്യോ ഞങ്ങൾ അതു നേരത്തേ തീരുമാനിച്ചു. കന്യാകുമാരിയിൽ നിന്നു കച്ച് വരെയൊരു യാത്ര. ലോകവ്യയുടെ ആഗ്രഹമാണ്.’’ സഹോദരന്റെ ക്ഷണം സ്നേഹത്തോടെ ഗോമതി മടക്കി. പിന്നീടുള്ള ദിവസങ്ങളിൽ യാത്രയ്ക്കുള്ള ഒരുക്കങ്ങളായിരുന്നു. കോട്ടും കയ്യുറകളും ഹെൽമെറ്റും ബാഗും വസ്ത്രങ്ങളും തയാറാക്കി. അതി കഴിഞ്ഞ് ലോകവ്യക്കു നൽകാനായി ഒരു സമ്മാനം വാങ്ങി.
വിവാഹം കഴിഞ്ഞ് നാലാം ദിനം. ലോകവ്യയുടെ കയ്യിൽ ഒരു താക്കോൽ ഏൽപ്പിച്ച ശേഷം ഗോമതി മുറ്റത്തേക്കു വിരൽ ചൂണ്ടി. കച്ചിലേക്കുള്ള യാത്രയിൽ ലോകവ്യക്ക് ഓടിക്കാനുള്ള ബുള്ളറ്റ് റെഡി. ‘‘അപ്പോ നിങ്ങൾ വരുന്നില്ലേ?’’ അദ്ഭുതം നിറഞ്ഞ കണ്ണുകളോടെ ലോകവ്യയുടെ കുസൃതിച്ചോദ്യം. ‘‘ദാ ആ നിൽക്കുന്നതാണ് എനിക്കോടിക്കാനുള്ള വണ്ടി.’’ മുറ്റത്തിന്റെ അങ്ങേ കോണിൽ നിൽക്കുന്ന ബുള്ളറ്റ് ലോകവ്യക്കു കാണിച്ചു കൊടുത്തു.
ഫെബ്രുവരി 14. ഗോമതിയും ലോകവ്യയും രണ്ടു ബുള്ളറ്റുകളുമായി കന്യാകുമാരിയിലെത്തി. ബാഗുകൾ വണ്ടിയുടെ പിന്നിൽ കെട്ടി വച്ചു. അറബിക്കടലിനെ വന്ദിച്ച ശേഷം അവർ ആക്സിലറേറ്ററിൽ പിടി മുറുക്കി. തിരുവനന്തപുരം മുതൽ ഗുജറാത്ത് വരെയുള്ള കടൽത്തീരങ്ങളിലൂടെ വണ്ടി നീങ്ങി. ആശയൊടുങ്ങാത്ത ജീവിതം പോലെ തിരമാലകളുടെ പിറവി ഏറെ നേരം കണ്ടു നിന്നു. മുന്നു സമുദ്രങ്ങളുടെ സംഗമ സ്ഥാനമായ കന്യാകുമാരിയിലെ തിരമാലകൾ രൗദ്രഭാവത്തിൽ ആക്രോശിച്ചു. അതേ കടലിന്റെ ബാക്കിയായി കോവളത്തെ കടൽ ശാന്തമായി തീരങ്ങളെ തലോടി. രണ്ടിടത്തും കടൽ കാണാനെത്തിയവർക്ക് ഒരേ ഭാവം. കുറേയാളുകൾ കാൽപ്പാദം മണലിൽ പൂഴ്ത്തി പതുക്കെ നടന്നു. ചിലർ ആവേശത്തോടെ ഓളങ്ങളിലേക്ക് ഓടിയിറങ്ങി. കുറേ പേർ എല്ലാം കണ്ടാസ്വദിച്ച് മാറിയിരുന്നു. ‘‘ആർത്തലച്ചു കരയുകയാണോ കടൽ...?’’ ഗോമതി ലോകവ്യയോടു ചോദിച്ചു. ‘‘ അല്ല. വിട്ടു പിരിയാനാവാതെ വാരിപ്പുണരുകയാണ്. കേൾക്കുന്നില്ലേ ശബ്ദം?’’ ലോകവ്യയുടെ മറുപടി.
baijugovind@gmail.com