അമ്പാടിയിൽ രുഗ്മിണി പൂജിച്ചുവെന്നും, പിന്നീട് അർജുനൻ രഹസ്യമായി കൊണ്ടു നടന്ന് ആരാധിച്ചുവെന്നും കരുതുന്ന ശ്രീകൃഷ്ണ വിഗ്രഹം കാണാൻ ഉടുപ്പിയിലേക്കൊരു യാത്ര. മംഗലാപുരത്തു നിന്ന് 36 കിലോമീറ്റർ സഞ്ചരിച്ചാൽ ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്താം. ഐതിഹ്യത്തിലെ അമ്പാടിയെ പുനർനിർമിച്ച ക്ഷേത്രം കൃഷ്ണമഠം എന്നാണ് അറിയപ്പെടുന്നത്. ആനപ്പന്തലിന്റെ ഇരട്ടി ഉയരമുള്ള പടിപ്പുരയ്ക്കു മുന്നിൽ വാഹനം പാർക്ക് ചെയ്ത് നേരേ നടന്നാൽ തീർഥക്കുളത്തിനടുത്തെത്തും. ഉണ്ണിക്കണ്ണന്റെ ദ്വാരകയ്ക്കു കാവൽ നിൽക്കുന്ന കൊമ്പനാനയാണ് തീർഥാടകരെ വരവേൽക്കുന്നത്. അതിഥികൾക്കുള്ള വിശ്രമമുറിയാണ് ആദ്യ കെട്ടിടം. ദൂരദേശത്തു നിന്നെത്തുന്നവർക്ക് കുളിച്ചു വസ്ത്രം മാറാനുള്ള സൗകര്യം ഇവിടെയുണ്ട്.
പടിപ്പുര പിന്നിട്ടുള്ള വഴിയിൽ ആദ്യത്തെ വളവ് തിരിയുമ്പോഴേയ്ക്കും ദർശനത്തിനു കാത്തു നിൽക്കുന്നവരുടെ നീണ്ട നിര. നൂറ്റാണ്ടുകൾ പഴക്കമുള്ള ‘മാധവ സരോവര’ത്തിനു ചുറ്റും മേൽപ്പുര കെട്ടിയാണ് ദർശനത്തിനു ‘ക്യൂ’ നിൽക്കാൻ സൗകര്യമൊരുക്കിയിട്ടുള്ളത്. പൂജാരികൾക്കു സ്നാനത്തിനുള്ള തീർഥക്കുളമാണു മാധവ സരോവരം.
പാപമോചനത്തിനു തപസ്സു ചെയ്ത ചന്ദ്രേശ്വരന്റെ ക്ഷേത്രത്തിനെതിർവശത്താണ് കൃഷ്ണമന്ദിരത്തിന്റെ മുഖമണ്ഡപം. സിസിടിവി ക്യാമറയും രണ്ടു സെക്യൂരിറ്റി ഉദ്യോഗസ്ഥരുമാണ് ദ്വാരപാലകർ. ചെരിപ്പ് സൂക്ഷിക്കാനുള്ള സ്ഥലം പ്രവേശന കവാടത്തിന്റെ ഇടതുഭാഗത്തുണ്ട്. എങ്കിലും, നടവഴിയിൽത്തന്നെയാണ് ആളുകൾ പാദരക്ഷകൾ അഴിച്ചിടുന്നത്.
‘‘സെൽ ഫോൺ നോട്ട് അലൗഡ്, നോ ഫോട്ടോഗ്രഫി’’ – മന്ത്രം ജപിക്കുന്നതുപോലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ സദാസമയം പറഞ്ഞുകൊണ്ടിരുന്നു.
തെക്കു ദർശനമാക്കി വാണരുളുന്ന ഉടുപ്പിനാഥന്റെ മന്ദിരത്തിലേക്ക് കിഴക്കു നിന്നാണു പ്രവേശനം. നാലുകെട്ടുള്ള ക്ഷേത്രമാണെങ്കിലും അകത്തു കയറുമ്പോൾ പുരുഷന്മാർ (കേരളത്തിലെ ക്ഷേത്രങ്ങളിലേതു പോലെ) ഷർട്ട് അഴിക്കേണ്ടതില്ല. ഫോണും ക്യാമറയും ഉപയോഗിക്കരുത് എന്നൊരു നിയന്ത്രണം മാത്രമേ ഇവിടെയുള്ളൂ.
ശ്രീകോവലിനു പിന്നിലൂടെ, വടക്കേപ്പുറത്തു നിന്നു നീങ്ങുന്ന നിര ഇടതുഭാഗത്തുകൂടിയാണ് ക്ഷേത്ര നടയിലേക്കു നീളുന്നത്. ദ്വാരകാപതിയുടെ ജന്മലീലകൾ ചിത്രീകരിച്ച ചുമരുകളെ തൊട്ടു നെറുകയിൽ വച്ചാണ് എല്ലാവരും നടക്കുന്നത്. പ്രധാന വാതിലിനു മുന്നിലെത്തിയപ്പോഴേയ്ക്കും നാരായണ നാമത്താൽ ക്ഷേത്രം പാൽക്കടലായി.
ഒരേ സമയം മൂന്നാളുകൾക്ക് ഒരുമിച്ചു നിന്ന് വിഗ്രഹ ദർശനം നടത്താവുന്ന ക്ഷേത്രമാണ് ഉടുപ്പി ശ്രീകൃഷ്ണമന്ദിരം. വാതിലിന്റെ ഒമ്പത് ദ്വാരങ്ങൾക്കിടയിലൂടെയാണ് ഉണ്ണിക്കണ്ണന്റെ വിഗ്രഹം കണ്ടു തൊഴേണ്ടത്. ഈ വാതിൽ തുറക്കാറില്ല.
ദ്വാരകനാഥനെ ദ്വാരത്തിൽക്കൂടി കണ്ടു വണങ്ങുന്ന ഒരേയൊരു ക്ഷേത്രം ഉടുപ്പിയിലാണ്. വെള്ളി പൊതിഞ്ഞ വാതിലിന് കഷ്ടിച്ച് ഒരു ജനലിനോളം വലുപ്പമേയുള്ളൂ. ‘നവഗ്രഹ കിതികി ’ എന്നാണ് ഈ വാതിലിനു കന്നഡയിലെ വിശേഷണം. വാതിലിന് ഒമ്പതു ദ്വാരങ്ങളാണുള്ളത്. ഗോപീചന്ദനമണിഞ്ഞ് വരപ്രസാദവുമായി നിൽക്കുന്ന കൃഷ്ണൻ, മനുഷ്യജന്മത്തിന്റെ ഗ്രഹപ്പിഴകൾ ഈ ദ്വാരങ്ങളിലൂടെ തീർത്തരുളുമെന്നു വിശ്വാസം.
ഉടുപ്പിനാഥന്റെ ശ്രീകോവിലിനു മുൻഭാഗം ധ്യാനമണ്ഡപമാണ്. ശ്രീകൃഷ്ണന്റെ മുഖാമുഖമിരുന്നു പ്രാർഥിക്കാം. ക്ഷേത്ര ദർശനത്തിനെത്തുന്നവർ അൽപ്പനേരം ഇവിടെയിരുന്നു ഗോവിന്ദനാമ സങ്കീർത്തനം ആലപിക്കുന്നു. പ്രാർഥനാ മണ്ഡപത്തിന്റെ ചുമരുകൾ നിറയെ കൃഷ്ണകഥകളുടെ ചിത്രലേഖനമാണ്. വസുദേവരും വാസുകിയും രുഗ്മിണിയും രാധയുമൊക്കെ ഇവിടത്തെ ചുമരുകളിൽ വിശ്വാസത്തിന്റെ പ്രതിച്ഛായകളായി പുഞ്ചിരിക്കുന്നു.
ധ്യാനസ്ഥലത്തിനരികിലെ ഉപകോവിലിൽ ഹനുമാനാണ് പ്രതിഷ്ഠ. പുരാണപുരുഷനെ ധ്യാനിച്ചെഴുന്നേറ്റാൽ ഹനുമാനെ തൊട്ടു വണങ്ങാം. വായുപുത്രനെ പ്രാർഥിച്ചു കഴിഞ്ഞവർ ശ്രീകോവിലിൽ നിന്നു പുറത്തേയ്ക്കിറങ്ങുന്നു. കൃഷ്ണനു മുഖാമുഖമായി നിന്നാൽ, ഇടത്തേയ്ക്കുള്ള വഴിയിലൂടെയാണ് പുറത്തേയ്ക്കിറങ്ങേണ്ടത്. വൃന്ദാവനത്തിലേക്കും ഗോശാലയിലേക്കുമുള്ള ഇടനാഴിയാണിത്. ഇടവഴിയുടെ ഇരുവശത്തുമാണു പ്രസാദം വിൽക്കുന്ന കൗണ്ടറുകൾ. അനാഥർക്കുള്ള സംഭാവന ഏൽപ്പിക്കാനുള്ള സ്ഥലവും ഇവിടെയുണ്ട്. പടിഞ്ഞാറു വശത്തേയ്ക്കു നീണ്ട കെട്ടിടത്തിനരികിലൂടെയുള്ള ഈ വഴി ചെന്നണയുന്നത് നാഗശിലയ്ക്കു മുന്നിലിരിക്കുന്ന സുബ്രഹ്മണ്യന്റെ ശ്രീകോവിലിലാണ്. ഇവിടെ, പൂജാരിക്കു ദക്ഷിണ വച്ച്, സുബ്രഹ്മണ്യന് ആരതികളും അർച്ചനകളും നടത്താം.
കരകൗശല ഉത്പന്നങ്ങൾ വിൽക്കുന്ന കടകളുള്ള പന്തലാണ് ഇനി കാണാനുള്ളത്. ദക്ഷിണേന്ത്യയുടെ സകലമാന കരവിരുതുകളും, നോർത്ത് ഇന്ത്യക്കാരുടെ ശിൽപ്പ വിദ്യകളുമാണ് മുന്തിയ വിലയ്ക്ക് ഇവിടെ വിൽക്കുന്നത്. വളയും മാലയും കമ്മലുമൊക്കെത്തന്നെയാണ് മെയിൻ ഐറ്റംസ്. ചായം പൂശിയ മരക്കഷണങ്ങളും അലങ്കാര വസ്തുക്കളുമാണു മറ്റൊരു വിഭാഗം. കുട്ടികളുമായി കുടുംബത്തോടെ കണ്ണനെ കാണാനിറങ്ങിയവരാണ് ഇവിടെ പണമെറിയുന്നത്.
സ്വാമി വൃന്ദാവനം
വൃന്ദാവനമാണ് ഇനി കാണാനുള്ളത്. കൃഷ്ണനെ പൂജിച്ച സ്വാമിമാരുടെ പ്രതീകമായി സ്ഥാപിച്ച ശിലകളാണ് ഇവിടത്തെ പ്രതിഷ്ഠകൾ. കൊത്തുവേലകളുള്ള ഇരുപത്തഞ്ചു കൽത്തൂണുകളാണ് വൃന്ദാവനത്തിലുള്ളത്. ഓരോന്നും ഓരോ സ്വാമിമാരുടെ പ്രതീകം. ഇരുമ്പു വേലിക്കുള്ളിൽ സ്ഥാപിച്ചിട്ടുള്ള ശിലകൾ മേൽപ്പുര നിർമിച്ച് സംരക്ഷിച്ചിരിക്കുന്നു. നിത്യപൂജയ്ക്കുശേഷം, കാവി മുണ്ടുകളും പൂമാലയും ചാർത്തി സ്വാമിമാരെ അലങ്കരിക്കുന്ന പൂജാരിയാണ് മുഖ്യകാർമികൻ. വൃന്ദാവനത്തിനു ചുറ്റും നടവഴിയും ആൽത്തറയുമാണ്. ഇവിടെയൊരു നാഗക്കാവുണ്ട്. നാഗപൂജകൾ നടത്തി ഇരുമ്പുവേലിക്കരികിലൂടെ പുറത്തേയ്ക്കിറങ്ങി ഗോശാലയിലേക്കു നടക്കാം.
അമ്പാടിക്കണ്ണന്റെ കാലിക്കൂട്ടങ്ങൾക്ക് ആലയമൊരുക്കിയിട്ടുണ്ട് ഉടുപ്പിയിലെ കൃഷ്ണമന്ദിരത്തിൽ. കിടാവും തള്ളപ്പശുവും മൂരിക്കുട്ടനുമായി മുപ്പതോളം പശുക്കളാണ് ഗോശാലയിൽ വളരുന്നത്. ക്ഷേത്ര ദർശനത്തിനെത്തുന്നവർ ഗോക്കളെ ഊട്ടാനായി വഴിപാടുകൾ നൽകുന്നു. വൃത്തിയുള്ള തൊഴുത്തിലാണ് പശുക്കളെ കെട്ടിയിട്ടുള്ളത്. നഗര ജീവിതത്തിന്റെ ആഴ്ചവട്ടങ്ങളിൽ അവധിക്കെത്തുന്നവർക്ക് തൊഴുത്തും പശുക്കിടാവുമൊക്കെ പുതുകൗതുകങ്ങൾ. പശുക്കളെ തൊട്ടു തലോടിയും തീറ്റ കൊടുത്തും തീർഥാടകർ മക്കളോടൊപ്പം ഇവിടെ സമയം ചെലവിടുന്നു. സന്ദർശകർക്കു സുഖമായി നടന്നു പശുക്കളെ കാണാനുള്ള സൗകര്യം ഗോശാലയിൽ ഒരുക്കിയിട്ടുണ്ട്.
പത്തു മന്ദിരങ്ങളാണ് ഉടുപ്പി ശ്രികൃഷ്ണ ക്ഷേത്രത്തിലുള്ളത്. മുഖ്യപ്രാണഗുഡി, സുബ്രഹ്മണ്യപ്രാണഗുഡി, നവഗ്രഹ ഗുഡി, വൃന്ദാവനം, ബടഗുമാളികെ, വസന്തമഹൽ, ഗോശാല, രാജാങ്കണം, ഗീതാമന്ദിരം, ഗജാലയം. എല്ലായിടത്തും സന്ദർശകർക്കു പ്രവേശനമുണ്ട്.
ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിന് എതിർവശത്താണു ചന്ദ്രമൗലീശ്വര ക്ഷേത്രം. പരമശിവനാണു പ്രതിഷ്ഠ. ചുറ്റമ്പലമുള്ള ശിവക്ഷേത്രത്തിന് ഉടുപ്പിയുടെ സംസ്കാരത്തോളം പ്രായമുണ്ട്.
‘ഉടു’ അഥവാ ചന്ദ്രൻ
‘ഉടു’ എന്ന വാക്കിനു നക്ഷത്രമെന്നാണ് അർഥം. ‘പാ’ യുടെ അർഥം നേതാവ്. നക്ഷത്രങ്ങളുടെ രാജാവായ ചന്ദ്രൻ തപസ്സനുഷ്ഠിച്ച പ്രദേശം ഉടുപ്പിയായി മാറിയെന്ന് ഐതിഹ്യം. പണ്ടുകാലത്തു വഞ്ചി തകർന്നതും, മാധവാചാര്യർ ഉടുപ്പിയിൽ കൃഷ്ണവിഗ്രഹം സ്ഥാപിച്ചതും കെട്ടുകഥയല്ല എന്നതിനു രഘുവരായ തീർഥരുടെ കുറിപ്പുകൾ സാക്ഷ്യം. 17–ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതനാണു രഘുവരായ തീർഥ.
‘തീർഥ’ എന്ന വിശുദ്ധിയിൽ പേര് അവസാനിക്കുന്ന സന്യാസിമാരാണ് ഉടുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിന്റെ അധികാരികളായ കാർമികർ. രാഘവേന്ദ്ര തീർഥയാണ് ഉടുപ്പി ക്ഷേത്രത്തെ നവീകരിച്ച് ഇപ്പോൾ കാണുന്ന രൂപത്തിൽ വലിയ മന്ദിരമാക്കിയത്. വിദ്യാവേരിനിധി തീർഥ, വിദ്യാവല്ലഭതീർഥ എന്നിവരാണ് ഇപ്പോഴത്തെ അവകാശികൾ. മുപ്പതു തീർഥന്മാരിൽ ഇളമുറക്കാരാണ് ഇവർ. മാധവാചാര്യർക്കു ശേഷം ശ്രീകൃഷ്ണനെ പൂജിച്ച് ആരാധിച്ച എട്ടു സന്യാസിമാർ ഇവിടെ മഠം സ്ഥാപിച്ചു. തത്വചിന്തകളുടെ വിചാരകേന്ദ്രമായി ഇപ്പോഴും ഇവിടെ വേദാന്ത പഠനം തുടരുന്നു. ജനുവരിയിലാണ് ഉടുപ്പി ക്ഷേത്രത്തിലെ ‘പര്യായ ഉത്സവം’. ക്ഷേത്രവീഥികളിൽക്കൂടി രഥങ്ങൾ നീങ്ങുന്ന ഉത്സവം കാണാൻ ലക്ഷക്കണക്കിനാളുകളാണ് ഉടുപ്പിയിലെത്തുക.
ഐതിഹ്യം ഇങ്ങനെ
എണ്ണൂറു വർഷങ്ങൾക്കു മുമ്പ് മാൽപി കടലോരത്തെ സായാഹ്നം. പെരുമഴയ്ക്കൊപ്പം വീശിയടിച്ച കൊടുങ്കാറ്റിനെ തുടർന്ന് ഒരു വഞ്ചിയിൽ വെള്ളം കയറി. കടൽത്തീരത്തു ധ്യാനിച്ചിരുന്ന മാധവാചാര്യർ വള്ളത്തേയും തുഴക്കാരനേയും രക്ഷിച്ച് കരയിലെത്തിച്ചു. ജീവൻ രക്ഷിച്ചതിനു പ്രതിഫലമായി മാധവാചാര്യർക്ക് തുഴക്കാരൻ ഒരു കൃഷ്ണവിഗ്രഹം സമർപ്പിച്ചു. ഗോപീചന്ദനം പൊതിഞ്ഞ് ആ വിഗ്രഹം മാധവാചാര്യർ, രജപീതപുരത്തുള്ള വടപണ്ടേശ്വര ഗ്രാമത്തിൽ പ്രതിഷ്ഠിച്ചു. വിഗ്രഹം ‘ദ്വാരക’യിൽ നിന്നു പ്രളയകാലത്തു പുറത്തു വന്നതാണെന്നു കേൾവികേട്ടു. രജപീതപുരം പിന്നീട് ഉടുപ്പിയായി മാറിയപ്പോൾ ദ്വാപരയുഗത്തിലെ കൃഷ്ണവിഗ്രഹം കാണാൻ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ആളുകൾ എത്തിത്തുടങ്ങി.
സകല പാപങ്ങളും തീരാൻ ചന്ദ്രേശ്വരൻ തപസ്സനുഷ്ഠിച്ച ക്ഷേത്രമണ്ഡപത്തിനോടു ചേർന്നാണ് അമ്പാടിക്കണ്ണന്റെ വിഗ്രഹം മാധവാചാര്യർ പ്രതിഷ്ഠിച്ചത്. അന്നു മുതൽ, ജന്മപാപങ്ങൾ ഇറക്കിവയ്ക്കാനുള്ള തീർഥാടനകേന്ദ്രമായി ഉടുപ്പി മാറി. വിശ്വാസികൾക്കു തീർഥാടന കേന്ദ്രവും ടൂറിസ്റ്റുകൾക്കു കാഴ്ചയുടെ കേദാരവുമാണ് ഉടുപ്പി ശ്രീകൃഷ്ണക്ഷേത്രം.
രുഗ്മിണി പൂജിച്ച കൃഷ്ണ വിഗ്രഹം
ഇങ്ങനെയൊരു മറ്റൊരു ഐതിഹ്യവുമുണ്ട് ഉടുപ്പിയിലെ കൃഷ്ണവിഗ്രഹത്തിന്. കഥ നീളുന്നതു പ്രളയത്തിനു മുമ്പുള്ള അമ്പാടിയിലേക്കാണ്. വളർന്നു വലുതായ ശേഷം ശ്രീകൃഷ്ണൻ അമ്പാടിയിലെത്തിയപ്പോൾ കണ്ണന്റെ കുട്ടിക്കാലത്തെക്കുറിച്ച് ദേവകി വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ഉണ്ണിയെ പണ്ടത്തേതുപോലെ ഒരിക്കൽക്കൂടി കാണണമെന്ന് അമ്മ ആവശ്യപ്പെട്ടു. കൃഷ്ണൻ ബാല്യകാലം ദേവകിക്കു മുന്നിൽ പുനരാവിഷ്കരിച്ചു. കൃഷ്ണരൂപം എന്നും കണ്ടു വണങ്ങാൻ രുഗ്മിണിക്കു മോഹമുണ്ടായി. സാളഗ്രാമശിലയിൽ സ്വന്തം വിഗ്രഹം നിർമിച്ചു ശ്രീകൃഷ്ണൻ രുഗ്മിണിക്കു സമ്മാനിച്ചു. ഗോപീചന്ദനമണിയിച്ച് രുഗ്മിണി പൂജിച്ച ആ വിഗ്രഹമാണ് പ്രളയശേഷം ദ്വാരകയിൽ നിന്ന് ഉടുപ്പിയിലെത്തിയതെന്ന് തീർഥന്മാർ പറയുന്നു.
‘സമ്പൂർണ പ്രസാദം’ വാങ്ങി ഉടുപ്പി ക്ഷേത്രത്തിന്റെ നടയിറങ്ങുന്നവർ കണ്ണന്റെ കഥകളോരോന്നായി ഈവിധം പറഞ്ഞുകൊണ്ടേയിരുന്നു. എണ്ണൂറാണ്ടുകൾ പിന്നിലേക്കു സഞ്ചരിച്ചതിന്റെ സംതൃപ്തിയാണ് എല്ലാവരുടേയും മുഖത്തു തെളിയുന്നത്. ഒരുപക്ഷേ, എല്ലാ വിശ്വാസങ്ങൾക്കുമപ്പുറം ഉടുപ്പിയുടെ ചൈതന്യം അതു തന്നെയായിരിക്കാം...