Tuesday 26 April 2022 11:42 AM IST

‘ട്രെക്കിങ് ’ എന്നു പറഞ്ഞു ക്യാമറയും തൂക്കി കാട്ടിൽ കയറിയാൽ ജയിലിൽ കിടക്കേണ്ടി വരും: അനുമതി ഇല്ലാതെ വനത്തിൽ പ്രവേശിക്കരുത്

Baiju Govind

Sub Editor Manorama Traveller

1 - trek

കടുവയും കരടിയുമുള്ള കാടു കടന്നു കൊടുമുടി കീഴടക്കിയവർ സിനിമകളിലെ സൂപ്പർ ഹീറോകളാണ്. ആമസോൺ വനത്തിനുള്ളിൽ അനാകോണ്ട പാമ്പുകളുമായി മൽപിടിത്തം നടത്തുന്ന നായകന്മാർ ഹോളിവുഡ് സിനിമകളിലുണ്ട്. അതുപോലെ മരണം മുന്നിൽ കണ്ടു സാഹസയാത്ര നടത്തിയ ‘റിയൽ ഹീറോ’കൾ സിനിമയ്ക്കു പുറത്തുമുണ്ട്. ആദ്യം ചന്ദ്രനിലെത്തിയ നീൽ ആം സ്ട്രോങ് മുതൽ എവറസ്റ്റിന്റെ നെറുകയിൽ ആദ്യം കാലുകുത്തിയ ഹിലാരിയും ടെൻസിങ്ങും വരെ. സാഹസയാത്രയുടെ തയാറെടുപ്പിനെ കുറിച്ച് പിൽക്കാലത്ത് അഭിമുഖങ്ങളിലൂടെ അവർ വിവരിച്ചിരുന്നു. മലയും കാടും കാണാൻ ആഗ്രഹിക്കുന്നവർ പൂർവ സഞ്ചാരികളുടെ അനുഭവങ്ങൾ പാഠമാക്കണമെന്നു ചൂണ്ടിക്കാട്ടുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ. എവറസ്റ്റിനു മുകളിലെത്താൻ കഴിയാതെ സാഹസത്തിനിടെ ജീവൻ നഷ്ടപ്പെട്ട മുന്നൂറിലേറെ മനുഷ്യരെ കുറിച്ച് ഏറെ കഥകളുണ്ടായിട്ടില്ല. കാടിനുള്ളിൽ അപകടത്തിൽ മരിക്കുന്നവരുടെ അനുഭവങ്ങളും ചെറുവർത്തമാനങ്ങളിൽ ഒതുങ്ങി. സുരക്ഷിതമല്ലാത്ത യാത്രയ്ക്കിടെ കേരളത്തിലെ വനങ്ങളിലും നിരവധി അപകടങ്ങൾ സംഭവിച്ചു. ഒട്ടേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കാട്ടിൽ കയറുന്നതിനും ട്രെക്കിങ്ങിനും കേരള വനംവകുപ്പ് മാർഗനിർദേങ്ങൾ തയാറാക്കിയിട്ടുണ്ട്. അനധികൃതമായി കാട്ടിൽ കയറുന്നതു ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

കാട് നമ്മുടേതാണ്, കാവലിനാളുണ്ട്

വനം കാണാൻ ആഗ്രഹമുള്ളവർക്ക് വന്യജീവി സങ്കേതങ്ങളിൽ നടത്തുന്ന കണക്കെടുപ്പിൽ (സ്പീഷീസ് സർവേ) പങ്കെടുക്കാം. സർവേയിൽ പങ്കെടുക്കുന്നവർക്ക് കാടിന്റെ എല്ലാ മേഖലയിലും യാത്ര ചെയ്യാൻ അവസരം ലഭിക്കും. വനംവകുപ്പ് ജീവനക്കാരുടേയും ഗൈഡിന്റെയും നേതൃത്വത്തിലാണു സർവേ നടത്താറുള്ളത്.

വനംവകുപ്പ് ജീവനക്കാരും വാച്ചർമാരും കാട്ടിലെ യാത്രയ്ക്കു പരിശീലനം ലഭിച്ചവരാണ്. മരങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, പാമ്പുകൾ, ആനത്താര, അരുവി, നദി, കാട്ടുപാത എന്നിവയെ കുറിച്ച് വ്യക്തമായി അറിയാവുന്നവരെയാണ് ഇത്തരം ജോലികൾ ഏൽപ്പിക്കാറുള്ളത്. കാട്ടിൽ പ്രവേശിക്കുന്നവർ ഗൈഡുമാർ നൽകുന്ന നിർദേശങ്ങൾ എതിർപ്പില്ലാതെ അനുസരിക്കണം.

കാടിനുള്ളിൽ പ്രവേശിക്കുമ്പോൾ കാടിന്റെ ഭാഗമായി പെരുമാറണം. തിളക്കമുള്ള വസ്ത്രങ്ങൾ കാടിനു യോജിച്ചതല്ല. പെർഫ്യൂം, സോപ്പ്, എണ്ണ എന്നിവ കാട്ടിൽ ഉപയോഗിക്കരുത്. ഗന്ധവും നിറങ്ങളും മൃഗങ്ങളെ ആകർഷിക്കും. ട്രെക്കിങ്ങിന് പോകുന്നവർ ‘ട്രെക്കിങ് ഷൂസ്’ ധരിക്കണം. കാൽവഴുതിയുള്ള അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണം.

3 - trek

പാലക്കാട് മലമ്പുഴയ്ക്കു സമീപം ചേറാട് മലയിൽ ബാബു എന്ന യുവാവ് മലയിടുക്കിൽ അപകടത്തിൽപ്പെട്ടത് ഓർക്കുക. കേരളത്തെ ആശങ്കയിലാക്കിയ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് വലിയ ചെലവുണ്ടായി. വനംവകുപ്പ്, ആരോഗ്യവകുപ്പ്, ജില്ലാഭരണകൂടം, കേന്ദ്ര സേന, ഫയർ‌ ആർഡ് റെസ്ക്യൂ, പോലീസ് തുടങ്ങി വിവിധ വിഭാഗങ്ങൾ മുപ്പത്തഞ്ചു മണിക്കൂറിലേറെ കഠിന പരിശ്രമം നടത്തിയാണ് ബാബുവിനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വന്നത്. വനത്തിനുള്ളിൽ അനധികൃതമായി പ്രവേശിക്കുന്നവർക്ക് ഈ സംഭവം മുന്നറിയിപ്പാണ്. കാടിനുള്ളിൽ രക്ഷാ പ്രവർത്തനത്തിന് ഏറെ സമയമെടുക്കും. ഒരാളുടെ കാലിനു പരിക്കു പറ്റിയാൽ അദ്ദേഹത്തെ ചുമന്നുകൊണ്ടു നടക്കുക പ്രായോഗികമല്ല.

ഒളിച്ചു കയറിയാൽ ‘അകത്താകും’

കേരളത്തിൽ വനമേഖലയെ മൂന്നായി തിരിച്ചിരിക്കുന്നു. ദേശീയോദ്യാനം, വന്യജീവിസങ്കേതം, ടെറിട്ടോറിയൽ വനം. സംരക്ഷിത വനം (റിസർവ് ഫോറസ്റ്റ്) ഉൾപ്പെടുന്നതു ടെറിട്ടോറിയൽ വിഭാഗത്തിലാണ്. റിസർവ് വനത്തിൽ നിശ്ചിത സമയത്തേക്ക് സന്ദർശനം അനുവദിക്കുന്നുണ്ട്.

ഒരു ദിവസത്തെ ക്യാംപ്, വനത്തിനുള്ളിൽ താമസിച്ചുകൊണ്ട് രണ്ടോ മൂന്നോ ദിവസം ട്രെക്കിങ് എന്നിങ്ങനെയാണ് കാനനയാത്ര.

ഉപരിപഠനത്തിന്റെ ഭാഗമായി ഗവേഷണം നടത്തുന്നവർക്ക് കാനന യാത്രയ്ക്ക് മേഖലാ വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകാറുണ്ട്. കേരള വനംവകുപ്പും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷനും നേരിട്ട് ട്രെക്കിങ്, ജീപ്പ് സഫാരി എന്നിവ നടത്തുന്നുണ്ട്.

2 - trek

‘ട്രെക്കിങ്ങിൽ താൽപര്യമുണ്ട്, കാട്ടിൽ കയറണം’ എന്നുള്ള ആവശ്യത്തിന് അനുമതി ലഭിക്കില്ല. ‘വഴിതെറ്റി കാട്ടിൽ അകപ്പെട്ടു’ എന്നുള്ള ന്യായവും കാടിനുള്ളിൽ അനധികൃതമായി പ്രവേശിച്ചതിനു ന്യായീകരണമല്ല. വനംവകുപ്പിന്റെ രേഖപ്രകാരമുള്ള അനുമതിയില്ലാതെ വനത്തിൽ പ്രവേശിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഏതു മേഖലയിലേക്കാണു പോകുന്നതെന്ന് മനസ്സിലാക്കിയ ശേഷം മാത്രം യാത്രയ്ക്ക് ഒരുങ്ങുക. നാഷനൽ പാർക്ക്, വൈൽഡ് ലൈഫ് സാങ്ചുറി, ടെറിട്ടറി വനത്തിൽ അനധികൃതമായി പ്രവേശിക്കരുത്. കേരള വനനിയമം 1961 സെക്‌ഷൻ 27 – 1 E പ്രകാരം അഞ്ചു വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.

എല്ലാ വനമേഖലയിലും മേഖലാ വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ പട്രോളിങ് നടത്താറുണ്ട്. കാടിനകത്ത് അനുമതി ഇല്ലാതെ പ്രവേശിച്ചാൽ ചോദ്യം ചെയ്യും. തോക്ക്, മാരകായുധങ്ങൾ, ക്യാംപിങ് ഉപകരണങ്ങൾ, മൃഗങ്ങളെ പിടികൂടാനുള്ള കുരുക്ക് എന്നിവ കണ്ടെത്തിയാൽ അറസ്റ്റ് രേഖപ്പെടുത്തി തെളിവു സഹിതം കോടതിയിൽ ഹാജരാക്കും. ഒരു വർഷം മുതൽ അഞ്ചു വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.

വിവരങ്ങൾക്കു കടപ്പാട്: കേരള വനംവകുപ്പ്

(വനം യാത്രയുടെ കൂടുതൽ വിവരങ്ങൾ: forest.kerala.gov.in/index.php/take-a-walk-to-the-wild )