സിനിമയിൽ എത്തുന്നതിനു മുൻപുള്ള യാത്രകളെ കുറിച്ചു ചോദിച്ചപ്പോൾ ഗുജറാത്തിൽ താമസിക്കുമ്പോൾ നടത്തിയ ട്രിപ്പുകളെ കുറിച്ചാണ് ഉണ്ണി മുകുന്ദൻ പറഞ്ഞു തുടങ്ങിയത്. ഇൻഡോറിൽ താമസിച്ചിരുന്ന ചെറിയച്ഛന്റെ വീട്ടിലേക്കു വിരുന്നു പോയത് ഇന്നലെയെന്ന പോലെ ഉണ്ണി ഓർത്തു.
ദീപാവലി വെക്കേഷന് മിക്കവാറും ഇൻഡോറിലേക്കു പോകും. േസ്റ്ററ്റ് ട്രാൻസ്പോർട്ട് അല്ലെങ്കിൽ പഞ്ചാബ് ട്രാവൽസിലാണു യാത്ര. പഞ്ചാബ് ട്രാവൽസാണ് എനിക്കിഷ്ടം. സർദാർജി ഡ്രൈവർമാർ വേഗതയിൽ ബസ്സോടിക്കും. പറന്നു പോകുന്ന പോലെ തോന്നും. ചമ്പൽക്കാടിനു നടുവിലൂടെയാണ് യാത്ര. കൊള്ളക്കാരുള്ള കാടാണ് ചമ്പൽ. ഈ യാത്രയിൽ കൊള്ളക്കാർ ഇരട്ടക്കുഴൽ തോക്കുമായി വന്ന് വണ്ടി തടയുന്നതായി സ്വപ്നം കണ്ടിട്ടുണ്ട്. ദൈവാനുഗ്രഹമെന്നു പറയട്ടെ, അങ്ങനെയൊരു കൊള്ളക്കാരനെ നേരിട്ടു കാണാൻ സാധിച്ചില്ല. ഇൻഡോർ എത്തുന്നതിനു കുറച്ചു മണിക്കൂർ മുൻപ് ഹൈവേയുടെ അരികിൽ പഞ്ചാബി ദാബയിൽ ബസ് നിർത്തും. അവിടെ കിട്ടുന്ന ‘മീട്ടാ സേവ’ യും ‘കട്ടിങ് ചായ’യും എനിക്ക് വലിയ ഇഷ്ടമായിരുന്നു. അവലും മധുരവും ചേർത്തുണ്ടാക്കുന്ന ഉപ്പുമാവാണ് മീട്ടാ സേവ. ചെറിയ ഗ്ലാസിൽ നിറച്ചു തരുന്ന ഇഞ്ചിയിട്ടുണ്ടാക്കിയ ചായയുടെ പേരാണ് കട്ടിങ് ചായ. ഉപ്പുമാവിന്റെയും ചായയുടെയും രുചി ഇന്നും നാവിൻതുമ്പിലുണ്ട്.
ബസ് ഇൻഡോറിൽ എത്തുമ്പോൾ നേരം വെളുക്കും. വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ ചെറിയച്ഛൻ വരും. ഇൻഡോർ എനിക്ക് ഒരുപാട് ഇഷ്ടമുള്ള സ്ഥലമാണ്. ദീപാവലി ആകുമ്പോൾ അവിടെ തണുത്ത കാലാവസ്ഥയാണ്. തണുപ്പുകാലം എനിക്ക് ഇഷ്ടമാണ്. മെലിഞ്ഞ ശരീരപ്രകൃതക്കാരനായിരുന്ന എനിക്ക് പെട്ടെന്നു വണ്ണം വയ്ക്കാൻ സഹായിക്കുന്ന കാലാവസ്ഥയാണ് വിന്റർ.
സൽമാൻ ഖാന്റെ സിനിമകൾ കണ്ടാണ് ബോഡി ബിൽഡിങ്ങിലേക്ക് ആകർഷിക്കപ്പെട്ടത്. സൽമാന്റെ ജന്മദേശമാണ് ഇൻഡോർ. ഓരോ തവണ അവിടെ ചെല്ലുമ്പോഴും സൽമാൻ ഖാനെ കാണാൻ പറ്റുമെന്നു ഞാൻ പ്രതീക്ഷിച്ചു. ഇൻഡോറിൽ വച്ചുണ്ടായ മറ്റൊരു അനുഭവം പറയാം. ഒരു ദിവസം ചെറിയച്ഛൻ വീട്ടിലില്ലാത്ത സമയത്ത് ഫോൺ ബെല്ലടിച്ചു. ഞാൻ ഫോൺ അറ്റൻഡ് ചെയ്തു. ‘ഹലോ ഞാൻ രജനീകാന്താണ്’ മറുതലയ്ക്കൽ ഉള്ളയാൾ സ്വയം പരിചയപ്പെടുത്തി. ‘നിങ്ങൾ ശരിക്കും രജനീകാന്ത് ആണോ?’ എന്റെ ശബ്ദത്തിലെ സന്തോഷം മനസ്സിലാക്കിയിട്ടാവണം അദ്ദേഹം എന്നോടു കുറേ നേരം സംസാരിച്ചു. കുറച്ചു നേരത്തേക്ക് ഞാൻ വേറൊരു ലോകത്തായിരുന്നു. എന്റെ ചെറിയമ്മയുടെ ജ്യേഷ്ഠന്റെ പേര് രജനീകാന്ത് ആണെന്ന കാര്യം ഞാൻ പിന്നീടാണ് അറിഞ്ഞത്. അദ്ദേഹത്തെ വീട്ടിലുള്ളവർ രാജു എന്നാണു വിളിച്ചിരുന്നത്.
മസിൽ വളർത്തിയ യാത്ര
പ്രഗതി ഇംഗ്ലിഷ് മീഡിയം സ്കൂളിൽ എന്റെ ക്ലാസിൽ ഏറ്റവും മെലിഞ്ഞ വിദ്യാർഥി ഞാനായിരുന്നു. ഹാംഗർ എന്നായിരുന്നു വിളിപ്പേര്. കൂട്ടുകാർ തമാശയ്ക്കു വിളിച്ചതാണെങ്കിലും എന്നെ അതു വേദനിപ്പിച്ചു. മനോജ് എന്റെ സീനിയർ ആയിരുന്നു. എന്നാൽ ഒരു വർഷം തോറ്റ് പുള്ളിക്കാരൻ എന്റെ ക്ലാസ് മേറ്റായി. മനോജിനോട് ഞാൻ എന്റെ സങ്കടം പറഞ്ഞു. കാരണം, മനോജ് അത്്ലറ്റിക് ശരീരമുള്ളയാൾ ആയിരുന്നു. എനിക്കും അങ്ങനെ ആവണമെന്നു ഞാൻ ആഗ്രഹം പ്രകടിപ്പിച്ചു. പിന്നീട് മൂന്നു വർഷം വീട്ടിൽ തന്നെ വ്യായാമം ചെയ്തു. ഞാൻ പത്താംക്ലാസിൽ പഠിക്കുമ്പോൾ മനോജ് എന്നെ ജിംനേഷ്യത്തിൽ കൊണ്ടുപോയി. അതു സർക്കാർ നിയന്ത്രണത്തിലുള്ള ജിംനേഷ്യം ആയിരുന്നു. ‘അഖാഢ’ എന്നാണു അവിടത്തുകാർ ജിമ്മിനെ വിളിക്കുന്ന പേര്. വാർഷിക ഫീസായി 150 രൂപ കൊടുത്ത് ജിംനേഷ്യത്തിൽ ഐഡന്റിറ്റി കാർഡ് കിട്ടി. ഒരു വർഷത്തേക്ക് ജിം ഉപയോഗിക്കാം.
പ്ലസ്ടുവിൽ പഠിക്കുമ്പോൾ ‘ഡെസേർട്ട് ഇന്ത്യ ഫാഷൻ വീക്ക്’ മോഡലിങ് കോംപറ്റീഷനിൽ പങ്കെടുക്കാൻ ജയ്പൂരിൽ പോകാൻ തീരുമാനിച്ചു. മനോജ് പറഞ്ഞിട്ടാണ് ഞാൻ ആ മത്സരത്തിൽ പങ്കെടുത്തത്. പക്ഷേ, മനോജിനു സിലക്ഷൻ കിട്ടിയില്ല. എനിക്കു സിലക്ഷൻ കിട്ടി. മനോജ് ഇല്ലെങ്കിൽ ഞാനും പോകുന്നില്ല എന്നായിരുന്നു എന്റെ നിലപാട്. മനോജിന്റെ നിർബന്ധ പ്രകാരം ജയ്പൂരിലേക്കു പോയി. ക്ലാസ് കട്ട് ചെയ്താണ് മത്സരത്തിൽ പങ്കെടുക്കാൻ പോയത്. എന്തായാലും ജയിക്കണമെന്നു മനോജ് പ്രോത്സാഹിപ്പിച്ചു. ജയിച്ചിരിക്കുമെന്ന് ഞാൻ ഉറപ്പു പറഞ്ഞു. പിങ്ക് സിറ്റിയിൽ ചെന്നിറങ്ങിയപ്പോൾ പെരുമഴ. മഴയത്ത് കുറേ നേരം നടന്നു.
മത്സരത്തിൽ എനിക്ക് ‘മിസ്റ്റർ ഫോട്ടോജനിക്’ അവാർഡ് കിട്ടി. എന്നാൽ, മോഡലിങ് എനിക്കു പറ്റിയ ജോലിയല്ലെന്നു മനസ്സിലായി.
ജയ്പൂരിൽ പോയി തിരിച്ചു വന്നപ്പോൾ മോഡലിങ് വേണ്ടെന്നു തീരുമാനിച്ചെങ്കിലും ബോഡി ബിൽഡിങ് തുടർന്നു. ജിംനേഷ്യത്തിലെ അധ്വാനം എനിക്കു ശാരീരികമായും മാനസികമായും ബലം പകർന്നു. അവിടെ ജിംനേഷ്യത്തിൽ വരുന്നവരെല്ലാം സിക്സ് പായ്ക്ക് ശരീരത്തോടു കൂടിയ ഹനുമാൻ സ്വാമിയുടെ ചിത്രത്തെ വണങ്ങിയിട്ടാണ് പരിശീലനം നടത്താറുള്ളത്. പതുക്കെപ്പതക്കെ എന്റെ ശരീരത്തിൽ മസിൽ വളർന്നു. പിന്നീടാരും എന്നെ ഹാംഗർ എന്നു വിളിച്ചിട്ടില്ല.
ഞാനും മനോജും ഒരുമിച്ച് എയർടെൽ കമ്പനിയുടെ കസ്റ്റമർ കെയർ വിഭാഗത്തിൽ ജോലിക്കു കയറി. എന്റെ സുഹൃത്ത് ബിദ്യുതിന്റെ ‘ക്യുക്ക് കൂൾ റെഫ്രിജറേഷൻ’ കമ്പനിയുടെ പേരിൽ ഒരു വർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് തട്ടിക്കൂട്ടി അതു കാണിച്ചാണ് ജോലി നേടിയത്. അതേ സർട്ടിഫിക്കറ്റിൽ രണ്ടു മാസം വിൻഡ്സോർ ബിസ്കറ്റ് കമ്പനിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തു. ആ ജോലി ഗുണമില്ലെന്നു തോന്നിയപ്പോൾ ഞാനും മനോജും മോട്ടിഫ് എന്ന കമ്പനിയിൽ 9500 രൂപ ശമ്പളത്തിൽ ജോലിക്കു കയറി. അവിടെ ഞാൻ രണ്ടര വർഷം ജോലി ചെയ്തു. സിനിമയാണ് എന്റെ ജീവിത ലക്ഷ്യമെന്ന് അവിടെ വച്ചു ഞാൻ മനസ്സിലാക്കി.
രാജ്യസ്നേഹികളുടെ നാട്
ഈ സമയത്താണ് എന്റെ ജീവിതത്തിലെ പ്രധാന യാത്രകൾ ഉണ്ടായത്. ഓഖ–തിരുവനന്തപുരം എക്സ്പ്രസിൽ അഹമ്മദാബാദിൽ നിന്നു പുറപ്പെട്ട് തൃശൂർ ജംക്ഷൻ വരെ നീളുന്ന യാത്ര. സിനിമയിൽ അവസരം തേടി നടത്തിയ ഒട്ടുമിക്ക യാത്രകളും ഈ ട്രെയിനിലായിരുന്നു. ആർഎസി ടിക്കറ്റ് കൺഫേം ആവാതെ വാതിലിന്റെ അരികിൽ നിന്ന എനിക്ക് കുപ്പിവെള്ളം അടുക്കിയ പായ്ക്കറ്റിനു മുകളിൽ കിടക്കാൻ സ്ഥലം നൽകിയ കാറ്ററിങ് ജോലിക്കാരെ ഒരിക്കലും മറക്കില്ല.
മല്ലൂ സിങ് ഷൂട്ട് ചെയ്യുമ്പോഴാണ് പഞ്ചാബിൽ പോയത്. ഡിസംബറിന്റെ തണുപ്പിലാണ് അവിടെ എത്തിയത്. തണ്ടും തടിയുമുള്ള ആണുങ്ങളുടെയും സുന്ദരികളുമായ സ്ത്രീകളുടെയും നാടാണ് പഞ്ചാബ്. അവിടെയുള്ള ആളുകളുടെ രാജ്യസ്നേഹം എന്നെ അദ്ഭുതപ്പെടുത്തി.വീട്ടിലൊരാൾ പട്ടാളത്തിൽ ചേർന്ന് രാഷ്ട്രസേവനം നടത്തണമെന്ന് അവർ വിശ്വസിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യ – പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം വരുന്ന സമയത്തു മാത്രം പ്രകടിപ്പിക്കുന്ന വികാരമല്ല രാജ്യസ്നേഹം. മൂന്ന് ആൺ മക്കളുണ്ടെങ്കിൽ ഒരാൾ ഡോക്ടർ, ഒരാൾ കർഷകൻ, ഒരാൾ പട്ടാളക്കാരൻ.
വാഗ ബോർഡറിൽ പോയി ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി കണ്ടു. അവിടെ നിന്നപ്പോഴുണ്ടായ അനുഭവം വിവരിക്കാനാകുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള മനോഹരമായ പൂക്കൾ പഞ്ചാബിലെ കൃഷിയിടങ്ങളിൽ നട്ടു വളർത്തുന്നുണ്ട്. പഞ്ചാബി സമൂഹത്തിൽ കൃഷിക്കാരും പട്ടാളക്കാരുമാണു ഹീറോകൾ – ജയ് ജവാൻ, ജയ് കിസാൻ. അമൃത്സറിൽ പോയ സമയത്ത് ഗോൾഡൻ ടെംപിൾ സന്ദർശിച്ചു. മല്ലൂസിങ്ങിലെ ഗാനത്തിന്റെ ഒരു രംഗം അവിടെയാണു ചിത്രീകരിച്ചത്. സുവർണ ക്ഷേത്രത്തിൽ ജാതി–മത ഭേദമില്ലാതെ എല്ലാവർക്കും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ജാലിയൻവാലാബാഗിൽ പോയതാണ് മറ്റൊരു മറക്കാനാവാത്ത അനുഭവം. പഞ്ചാബിൽ വച്ച് എനിക്ക് ചില വിവാഹാലോചനകൾ വന്നു. അന്ന് നാണത്തോടെ അതു വേണ്ടെന്നു വച്ചതിൽ ഇന്നു ഖേദിക്കുന്നു!
‘ഒറീസ’യുടെ ഷൂട്ടിങ് ഖട്ടക്കിലായിരുന്നു. ഒഡീഷയിൽ പോയ സമയത്ത് മാർക്കറ്റും ഗ്രാമങ്ങളും കണ്ടു. അവിടത്തുകാർ നാടിന്റെ തനിമ കൈവിടാതെ ജീവിക്കുന്നു. ഒഡീഷയിലുള്ളർ മസ്റ്റാർഡ് ഓയിലാണ് പാചകത്തിന് ഉപയോഗിക്കുന്നത്. ഷൂട്ടിങ് സെറ്റിലുള്ളവരെ അതിന്റെ രുചി വല്ലാതെ അലോസരപ്പെടുത്തി.
രാജസ്ഥാൻ മരുഭൂമി
രാജസ്ഥാൻ സ്വദേശിയായ കമലേഷ് ബിഷ്ണോയ് എന്റെ നല്ല സുഹൃത്താണ്. അവരുടെ ഗ്രാമത്തിലെ ഒരു ഉത്സവത്തിൽ പങ്കെടുക്കാൻ മറ്റു ചില കൂട്ടുകാരോടൊപ്പം രാജസ്ഥാനിൽ പോയി. കമലേഷിന്റെ വീട്ടുപറമ്പിൽ വളരുന്ന ചെടിയുടെ ഇലയിട്ടു തിളപ്പിച്ച ചായയാണ് അതിഥികൾക്ക് അവർ നൽകുന്നത്. വർണശഭളമായ തലപ്പാവും കട്ടിമീശയുമുള്ള പുരുഷന്മാരുടെ നാടാണ് രാജസ്ഥാൻ. നാടോടി നൃത്തം, ഭക്ഷണം തുടങ്ങിയവ മറക്കാനാവില്ല. പകൽ സമയത്ത് ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ രാത്രിയിൽ തണുപ്പു പടരുന്ന അദ്ഭുതം ആസ്വദിച്ചു.
നാൽപതു ദിവസത്തെ േസ്റ്റജ് പ്രോഗ്രാമിനു വേണ്ടി അമേരിക്കയിലും സുഹൃത്തുക്കളോടൊപ്പം ഓസ്ട്രേലിയയിലും പോയി. ഓസ്ട്രേലിയയിലെ മലയോര പ്രദേശങ്ങളും വന്യജീവി പാർക്കും അദ്ഭുതകരമാണ്. സന്ദർശകർ മൃഗങ്ങളെ തൊട്ടു തലോടി നടക്കുന്നു. ഒരാഴ്ചയോളം ഓസ്ട്രേലിയയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ യാത്ര ചെയ്തു. അമേരിക്കയിൽ പതിനാലു സംസ്ഥാനങ്ങൾ സന്ദർശിച്ചു. ഫിലാഡൽഫിയയിലെ റസ്റ്ററന്റ് ജോലിക്കാരുടെ പെരുമാറ്റം ആകർഷിച്ചു. റസ്റ്ററന്റിനു പുറത്തുള്ള ലോകത്ത് മുതലാളിയും തൊഴിലാളിയും ഒരുപോലെ അടിച്ചു പൊളിച്ച് ജീവിക്കുന്നു.