വാൽപ്പാറ യാത്ര ഏറ്റവും നന്നായി ആസ്വദിക്കാവുന്ന സമയമാണ് മഴക്കാലം. പക്ഷേ, പെരുമഴ കാരണം ജൂൺ മുതലുള്ള മൂന്നു മാസക്കാലം ആ വഴിക്ക് സഞ്ചാരികൾ പോകാറില്ല. കർക്കടകം പിറന്നിട്ടും ഇക്കുറി കനത്ത മഴ പെയ്യാത്തത് വാൽപ്പാറയെ തൊട്ടു തലോടാൻ സഞ്ചാരികൾക്ക് അവസരമൊരുക്കുന്നു. ഇതുവരെ പെയ്ത ചെറു മഴകളിൽ തളിരണിഞ്ഞ്, കുളിർചൂടി നിൽക്കുകയാണ് വനമേഖല. അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ, ഷോളയാർ, വാൽപ്പാറ – ഇത്രയുമാണ് യാത്രയ്ക്കുള്ള ഒരു ഷെഡ്യൂൾ. രണ്ടു ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്യുകയാണെങ്കിൽ വാൽപ്പാറയിൽ നിന്നു പൊള്ളാച്ചിയിലേക്കുള്ള നാൽപ്പത്തി മൂന്നു ഹെയർപിൻ വളവുകളും കണ്ടാസ്വദിക്കാം.
ചാലക്കുടിപ്പുഴയുടെ തീരത്തുള്ള റോഡിലൂടെ അതിരപ്പിള്ളി വാഴച്ചാൽ കടക്കുന്നതോടെ വീടുകൾ അവസാനിച്ചു. മലക്കപ്പാറ ചെക് പോസ്റ്റ് കടന്നപ്പോൾ കാടിന്റെ നിശബ്ദത. കൈവട്ടം പിടിച്ചാൽ അളവു നോക്കാനാവാത്തത്രയും വലിയ മരങ്ങൾ. ഏതൊക്കെയോ തരം പക്ഷികളും പറവകളും... വണ്ടിയിലിരുന്ന് കാണുമ്പോൾ പുറകോട്ട് ഓടിപ്പോകുന്ന കാടിന് സിനിമാസ്കോപ്പ് ഭംഗി.
രണ്ടു വാഹനങ്ങൾക്കു കഷ്ടിച്ചു കടന്നു പോകാൻ വീതിയുള്ള റോഡിനെ കഴുത്തിൽപ്പിടിച്ച് ഇറുക്കിയതുപോലെ ഒരു പാലത്തിനു മുന്നിലെത്തി, മുക്കുമ്പുഴപ്പാലം. ഇരുമ്പു കൈവരികൾ പൊട്ടിയ പാലത്തിനു താഴെ വെള്ളം കുത്തിയൊഴുകി.
വഴിയോരത്തും നടു റോഡിലും ആനപ്പിണ്ടം. വണ്ടികൾ കയറി അതിന്റെ നീരൊഴുകി ടാറിൽ പടർന്നിരിക്കുന്നു. ആ വഴി ആന കടന്നു പോയിട്ട് ഏറെ നേരമായില്ലെന്നു വ്യക്തം. അതു മനസ്സിലാക്കിയിട്ടാകാം മുൻപേ കടന്നു പോയ കാറിന്റെ ഡ്രൈവർ നീട്ടി ഹോണടിച്ചു. തൊട്ടാപ്പുറ വ്യൂ പോയിന്റ് വരെ എവിടെയെങ്കിലും പിണ്ടത്തിന്റെ ഉടമയെ കാണുമെന്നു പ്രതീക്ഷിച്ചു. പക്ഷേ, നിരാശയായിരുന്നു ഫലം. ഷോളയാർ ഡാമിന്റെ ടോപ്പ് ആംഗിൾ കണ്ടാസ്വദിക്കാൻ പറ്റിയ സ്ഥലമാണു തോട്ടാപ്പുറ.
വാൽപ്പാറയുടെ ഭംഗി
കാടിന്റെ ഇരുട്ടു മാറി. ചന്ദനത്തോട് ക്യാംപ് ഷെഡ് കടന്ന് അൽപ്പദൂരം മുന്നോട്ടു നീങ്ങിയതോടെ മലക്കപ്പാറ ചെക് പോസ്റ്റിലെത്തി. വാഴച്ചാൽ ചെക് പോസ്റ്റിൽ നിന്നു കുറിച്ചു തന്ന കടലാസ് അവിടെ കൊടുത്ത് രജിസ്റ്ററിൽ ഒപ്പു വച്ചു. ഗെയ്റ്റ് തുറന്നു കിട്ടി. മലക്കപ്പാറ ടീ എേസ്റ്ററ്റിന്റെ ഹൃദയത്തിലേക്കാണ് വാഹനം കുതിച്ചിറങ്ങിയത്. കുട്ടിക്കാനത്തു നിന്നു കട്ടപ്പനയിലേക്കു തിരിയുമ്പോൾ കാണുന്ന ചായത്തോട്ടങ്ങളെ അതേ പടി മാറ്റി വരച്ചതുപോലെയാണ് മലക്കപ്പാറ. തേയിലച്ചെടികളുടെ തലവരപോലെ മണ്ണും പാറയും തെളിഞ്ഞു നിന്നു. പരസ്പരം കൈവീശിക്കാണിച്ച് കടന്നു പോകുന്ന ജീപ്പ് ഡ്രൈവർമാർ സൗഹൃദക്കുളിരുമായി പുഞ്ചിരിച്ചു.
തമിഴ്നാടിന്റെ ചെക്പോസ്റ്റിലാണ് അടുത്ത േസ്റ്റാപ്പ്. വണ്ടിയുടെ ഡിക്കിയും ഉൾഭാഗവും പരിശോധിച്ച ശേഷം വാച്ച്മാൻ ഗെയ്റ്റ് തുറന്നു.
ഷോളയാർ അണക്കെട്ടിന്റെ പ്രവേശന കവാടത്തിനു മുന്നിലെത്തി. കുട്ടികളുടെ പാർക്കിൽ അൽപ്പ നേരം വിശ്രമിച്ച ശേഷം അണക്കെട്ടിന്റെ വലതുഭാഗത്തെ ഗെയ്റ്റിനു മുന്നിലെത്തി. വേനൽ ഊറ്റിക്കുടിച്ച അണക്കെട്ടിന്റെ അടിഭാഗത്ത് അൽപ്പം നീരു ബാക്കിയുണ്ട്. നേരം കളയാതെ അവിടം വിട്ടു. ഉരുളിക്കൽ, വരട്ടുപാറ കാപ്പിത്തോട്ടങ്ങൾ താണ്ടിയപ്പോൾ വഴി രണ്ടായി പിരിഞ്ഞു. ഇടത്തോട്ടു പോയാൽ വാൽപ്പാറ. വലത്തോട്ടു പോയാലും വാൽപ്പാറ... കൺഫ്യൂഷനുണ്ടാക്കാൻ രണ്ടു ചൂണ്ടു പലകകൾ.
‘‘ലെഫ്റ്റ് പോനാൽ ഇസിയായി വാൽപ്പാറ റീച്ചാകും, ഷോർട്ട് കട്ട്. നീങ്ക റൈറ്റ് പോങ്കെ. നല്ല സീനറി ഇരുക്ക്’’. മുറി ബീഡി വലിച്ച് വഴിയരികിൽ നിന്ന ചെറുപ്പക്കാരൻ ചൂണ്ടിക്കാട്ടി.
കഷ്ടിച്ച് ഒരു കിലോമീറ്റർ കടന്നപ്പോഴേക്കും ചായത്തോട്ടത്തിനു നടുവിലേക്ക് വഴി തിരിഞ്ഞു. നിരപ്പായ കാപ്പിത്തോട്ടങ്ങളും ഇലപൊഴിഞ്ഞ മരങ്ങളും. ജീപ്പിനു കടന്നു പോകാനായി വെട്ടിയൊതുക്കിയ മൺപാത ആ ദൃശ്യത്തിനു മാറ്റു കൂട്ടി. വിദേശ രാജ്യത്തെ സിനിമാ ലൊക്കേഷൻ പോലെ തോന്നി. അവിടെ വച്ച് റാഷിദിനെ വീണ്ടും കണ്ടു.
മലക്കപ്പാറ കടന്നപ്പോൾ മുതൽ കാറിന്റെ മുന്നിലൂടെ പതുക്കെ നീങ്ങിയ ബൈക്കുകാരനെ ശ്രദ്ധിച്ചിരുന്നു. ഓരോ സ്ഥലത്തും ബൈക്ക് നിർത്തി സെൽഫിയെടുത്ത ആ ചെറുപ്പക്കാരനെ വാൽപ്പാറയിലെ കാപ്പിത്തോട്ടത്തിനു നടുവിൽ തടഞ്ഞു.
നിലമ്പൂരാണ് റാഷിദിന്റെ സ്വദേശം. എറണാകുളത്ത് ഇൻസ്ട്രമെന്റേഷൻ ഡിപ്ലോമ പഠിക്കുന്നു. അവധി ദിവസങ്ങളിൽ ബൈക്കുമായി ഇറങ്ങും. മസിനഗുഡിയും ഊട്ടിയുമാണ് റാഷിദിന് ഇഷ്ടപ്പെട്ട സ്ഥലങ്ങൾ. വാൽപ്പാറ റൂട്ടിൽ ആനയിറങ്ങുമെന്ന് റാഷിദിന് അറിയാം. അതുകൊണ്ടു തന്നെയാണ് ഈ വഴി തിരഞ്ഞെടുത്തതെന്നു മലപ്പുറത്തുകാരന്റെ ജന്മസിദ്ധമായ ചങ്കൂറ്റത്തോടെ റാഷിദ് പറഞ്ഞു.
ചുരമിറങ്ങുന്ന യാത്ര
മൂന്നാറിന്റെ പകുതി വലുപ്പമുള്ള പട്ടണം, അതാണ് വാൽപ്പാറ. ചെരിഞ്ഞ കുന്നിനു മുകളിൽ അടുക്കുകളായി നിൽക്കുന്ന പല നിറമുള്ള വീടുകൾ. കാലികൾ മേയുന്ന മൈതാനം. ജനം തിങ്ങി നിറഞ്ഞ റോഡ്. കലപില ഒച്ച വയ്ക്കുന്ന ടാക്സി സ്റ്റാന്റ്. പച്ചക്കറി, പലചരക്ക്, പൂക്കൾ, തുണിക്കട, ചായക്കട, ഇരുമ്പുകട തുടങ്ങിയതെല്ലാം കിട്ടുന്ന അങ്ങാടി – ഇതാണ് വാൽപ്പാറ പട്ടണത്തിന്റെ ഔട് ലൈൻ.
ഒരു മതിൽ കടന്ന് അയൽപ്പക്കത്തേക്കു പോകുന്നതുപോലെ, പട്ടണം കടന്നയുടനെ കാട്ടിലേക്ക് റോഡ് തിരിഞ്ഞു. അയ്യർപടി താണ്ടി കടമ്പാറയിൽ എത്തിയപ്പോൾ ഒരു വശത്ത് കൊടും കാട്, മറുവശത്ത് അഗാധമായ കൊക്ക.
പൊള്ളാച്ചിയിലെത്താൻ നാൽപ്പത് ഹെയർപിൻ വളവുകൾ ഇറങ്ങണം. നാൽപ്പതാമത്തെ ചുരത്തിൽ നിന്നു താഴേക്ക് പമ്പരം കറങ്ങുന്നതുപോലെയാണ് വാഹനങ്ങൾ നീങ്ങുന്നത്. എതിരെ വരുന്ന വാഹനത്തിന് തൊട്ടുരുമ്മാതെ കടന്നു പോകാനുള്ളത്രയും വീതിയേ റോഡിനുള്ളൂ. ഡ്രൈവറുടെ കണ്ണൊന്നു പാളിയാൽ വണ്ടി ആളിയാർ ഡാമിലെത്തും. കരുതലോടെ, അതീവ ശ്രദ്ധയോടെ, കണ്ണുകൾ തുറന്നു പിടിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവർമാർ എതിരെ വരുന്ന വാഹനങ്ങളോട് കാണിക്കുന്ന മര്യാദയും ബഹുമാനവും കണ്ട് അഭിമാനം തോന്നി. പതിമൂന്നാമത്തെ ഹെയർപിൻ വളവിനടുത്താണ് വ്യൂപോയിന്റ്. ആളിയാർ അണക്കെട്ടും ജലാശയവും ഇവിടെ നിന്നാൽ വ്യക്തമായി ക്യാമറയിൽ പകർത്താം. ഈ മലഞ്ചെരിവിൽ വരയാടുകളുണ്ട്. ഒറ്റയ്ക്കും പറ്റംചേർന്നും അവ പാറപ്പുറത്തുകൂടി പരക്കം പാഞ്ഞു.
പുതുത്തോട്ടം, മുനീശ്വരൻ കോവിൽ, മുപ്പത്തെട്ടാം ഹെയർപിൻ ബെൻഡ്, വാട്ടർഫാൾ എേസ്റ്ററ്റ്, അട്ടക്കട്ടി, രണ്ടാം ഹെയർപിൻ ബെൻഡ്, ആളിയാർ ഡാം വ്യൂപോയിന്റ് – വാൽപ്പാറയിൽ നിന്ന് അതുവരെ കടന്നു വന്ന സ്ഥലങ്ങൾ വെറുതെയൊന്നു കുറിച്ചു. കുന്നും മലയും അണക്കെട്ടും വരയാടും കൊടുംകാടുമായി പലതരം കാഴ്ചകളിൽ മനസ്സു മയങ്ങിയതുകൊണ്ടു ക്ഷീണം അറിഞ്ഞില്ല. മങ്കിഫാൾസ് വെള്ളച്ചാട്ടവും ചിന്നാർ പാലവും കടന്ന് തമിഴ്നാട് ബോർഡറിൽ എത്തി. ചെക്പോസ്റ്റ് കടന്നാൽ ആളിയാർ ജലാശയത്തിന്റെ സമീപത്തുകൂടിയാണ് റോഡ്. പൊള്ളാച്ചിയിലേക്ക് ഇനി ഏറെ ദൂരമില്ല. അങ്കാൾകുറിച്ചിയിൽ നിന്ന് അവിൽചിന്നംപാളയം. അവിടെ നിന്നു സുലീശ്വരംപെട്ടി, നല്ലിഗൗണ്ടർ ലേ ഔട്ട്, പൊള്ളാച്ചി.
baijugovind@gmail.com