Friday 09 February 2018 03:33 PM IST

വെള്ളിനേഴി പോലൊരു ഗ്രാമം ഭൂമിയിൽ വേറെയില്ല

Baiju Govind

Sub Editor Manorama Traveller

1)Olappamannamana ഒളപ്പമണ്ണമന. ഫോട്ടോ: അജീബ് കോമാച്ചി

പാലക്കാട് ജില്ലയിലെ വെള്ളിനേഴിക്ക് ‘കലാഗ്രാമം’ എന്ന പദവി നൽകി കേരള സർക്കാർ അംഗീകരിച്ചിട്ട് ഒരു വർഷം തികയുന്നതേയുള്ളൂ. അതിനെക്കുറിച്ച് വാർത്തകളും പ്രചാരണങ്ങളുമൊക്കെ കുറേ ഉണ്ടായെങ്കിലും അവിടെ എന്തൊക്കെയാണ് കാണാനുള്ളതെന്ന് യാത്രികർക്ക് ഇനിയും മനസ്സിലായിട്ടില്ല.

കഥകളിയുടെ വേഷവും ചമയങ്ങളും എവിടെയാണ് ഉണ്ടാക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അടയ്ക്കാപുത്തൂർ കണ്ണാടിയെക്കുറിച്ചും കുറുവട്ടൂരിലെ ബുദ്ധ ഗുഹയെപ്പറ്റിയും കേട്ടിട്ടുണ്ടോ? ഒളപ്പമണ്ണമന കണ്ടിട്ടുണ്ടോ? ഭ്രാന്തൻകല്ല്, പനാംകുന്നിലെ കൊലമരം, അഷ്ടപദി, ഏഴാംമുത്തി, ഓണപ്പാട്ട്, കളമെഴുത്തുപാട്ട്, കാളപൂട്ട്, കോലംകളി, കൈകൊട്ടിക്കളി, ചാക്യാർകൂത്ത്, ചെറുമക്കളി, തോൽപ്പാവക്കൂത്ത്, നന്തുണിപ്പാട്ട്, നായാടിക്കളി, പടകളിത്തല്ല്, പരിചമുട്ടുകളി, പാന, പാങ്കളി, പാമ്പുംതുള്ളൽ, പൂതനും തിറയും... ഈ ലോകത്തെ മറ്റൊരു കലാഗ്രാമവും വെള്ളിനേഴിയോളം വരില്ലെന്നു പറയാൻ വേറെ തെളിവെന്തു വേണം ?

2)-Adakkaputhur-mirror പാരമ്പര്യ കലാകാരൻ കൃഷ്ണകുമാർ അടയ്ക്കാപുത്തൂർ കണ്ണാടിയുണ്ടാക്കുന്നു. ഫോട്ടോ: അജീബ് കോമാച്ചി

നാലഞ്ചു കടകളും ഒന്നുരണ്ടു ചായക്കടകളുമുള്ള ചെറിയ അങ്ങാടിയാണ് വെള്ളിനേഴി. ബാക്കി ഭാഗം റബർ തോട്ടങ്ങളും കാടുപിടിച്ച പറമ്പുകളുമാണ്. നാലഞ്ചേക്കർ സ്ഥലത്ത് ഒരു വീട് എന്ന കണക്കിലാണ് ആൾ താമസം. മേൽത്തട്ടുള്ള ഓടു മേഞ്ഞ വീടുകളാണ് ഒട്ടുമിക്കതും. മുണ്ടും നീളൻ ഷർട്ടുമണിഞ്ഞ് ചന്ദനക്കുറി തൊട്ട ആണുങ്ങൾ. സാരിയുടുത്ത് ഭസ്മക്കുറി ചാർത്തിയ പെണ്ണുങ്ങൾ. പശുക്കളെ മേയ്ച്ച് പാടവരമ്പത്തു ചുറ്റിത്തിരിയുന്നവും തലച്ചുമടുകളുമായി നടന്നു പോകുന്നവരും വെള്ളിനേഴിയുടെ ഗ്രാമീണ ഭംഗിക്ക് തൊങ്ങലണിയിക്കുന്നു.

3)kothavil-ramankutty കോതാവിൽ രാമൻകുട്ടി ആചാരി. ഫോട്ടോ: അജീബ് കോമാച്ചി

വെള്ളിനേഴിയുടെ ചരിത്രത്തിന് ബുദ്ധമതത്തോളം പഴക്കമുണ്ടെന്നാണ് അച്യുതൻകുട്ടി മനസ്സിലാക്കിയിട്ടുള്ളത്. ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലെ ഗവേഷകന്റെ ജോലി ‘പുഷ്പം പോലെ വലിച്ചെറിഞ്ഞ്’ ബോംബെയിൽ നിന്നു ജന്മദേശത്തേക്കു മടങ്ങിയ കലാസ്നേഹിയാണ് അച്യുതൻകുട്ടി. ഇപ്പോൾ മുഴുവൻ സമയം കഥകളിയുടെ പുറകെയാണ്. അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല; വെള്ളിനേഴിയിൽ ജനിച്ചവരുടെ രക്തത്തിനു കഥകളിയുടെ ചുവപ്പാണ്. അതു തുടച്ചു കളയാൻ ശ്രമിക്കുന്നതും വെള്ളത്തിൽ ആണിയടിക്കാൻ നോക്കുന്നതും ഒരുപോലെയാണ്.

4)anil,-padmanabhan കലാനിലയം അനിലും പദ്മനാഭനും കഥകളികോപ്പുകളുടെ നിർമാണപ്പുരയിൽ. ഫോട്ടോ: അജീബ് കോമാച്ചി

കല്ലുവഴിച്ചിട്ടയുടെ തലതൊട്ടപ്പനായ പട്ടിക്കാംതൊടി രാവുണ്ണിമേനോൻ, കഥകളിയുടെ മർമ്മം തൊട്ടറിഞ്ഞിട്ടുള്ള പത്മശ്രീ കീഴ്പടം കുമാരൻ, നായർ, വാഴേങ്കട കുഞ്ചുനായർ തുടങ്ങി അതുല്യ പ്രതിഭകൾ ജനിച്ചു വളർന്ന നാടാണ് വെള്ളിനേഴി. ഈ ഭൂമിയിൽ, കഥകളിയുടെ തറവാട് എന്ന വിശേഷണത്തിന് അർഹതയുള്ള ഗ്രാമം. കലാനിലയം രാജീവും പദ്മനാഭനുമാണ് ഇപ്പോൾ വെള്ളിനേഴിയിൽ കഥകളിക്കുള്ള ‘കോപ്പ്’ നിർമിക്കുന്ന പ്രശസ്തർ. കിരീടം, വള, ഹസ്തകടകം, തോൾപൂട്ട്, പരുത്തിക്കാമണി, കുരലാരം, ഒറ്റനാക്ക്, കഴുത്താരം... കഥകളിക്കുവേണ്ടതെല്ലാം രാജീവിന്റെയും പദ്മനാഭന്റെയും കരവിരുതിൽ ഒരുങ്ങുന്നു. മരത്തടി ഉപയോഗിച്ച് കഥകളിക്കോപ്പുണ്ടാക്കുന്ന കോതാവിൽ രാമൻകുട്ടി ആചാരിയാണ് കഥകളിയുടെ പാരമ്പര്യം നിലനിർത്തുന്ന മറ്റൊരു പ്രതിഭ. 

5)Vazhenkada-Vijayan വാഴേങ്കട വിജയൻ നായർ. ഫോട്ടോ: അജീബ് കോമാച്ചി

‘‘കഥാപാത്രങ്ങളെ വ്യത്യസ്തമാക്കുന്നത് കീരീടമാണ്. കിരീടങ്ങൾ നാലുതരമുണ്ട് – ആദ്യാവസാനം, ഇടത്തരം, കുറ്റിച്ചാമരം, കുട്ടിത്തരം. ആദ്യാവസാന കിരീടമുണ്ടാക്കാൻ ഒരു മാസം വേണം. ഒരു വേഷത്തിന് ആവശ്യമായ ചമയങ്ങളെല്ലാംകൂടി ഉണ്ടാക്കാൻ മൂന്നു മാസം വേണ്ടി വരും. മരത്തിന്റെ വിലയും പണിക്കൂലിയും നോക്കിയാൽ ഒരു വേഷത്തിന് എഴുപതിനായിരം രൂപയോളം ചെലവു വരും.’’ രാമൻകുട്ടി ആചാരി പറഞ്ഞു. ‌

6)Keezhpadam പത്മശ്രീ കീഴ്പടം കുമാരൻ നായരുടെ വീട്. ഫോട്ടോ: അജീബ് കോമാച്ചി

വെള്ളിനേഴിയിലെ ഏറ്റവും അദ്ഭുതം നിറഞ്ഞ കാഴ്ച ഒളപ്പമണ്ണ മനയാണ്. ഇരുപതേക്കറിൽ പരന്നു കിടക്കുന്ന എട്ടുകെട്ടും മാളികപ്പുരയും ആട്ടക്കലയുടെ സ്വർഗമായിരുന്നു. അതിനുമപ്പുറം വള്ളുവനാട്ടിൽ സാഹിത്യവും കലാപാരമ്പര്യങ്ങളും നട്ടു വളർത്തിയ പണ്ഡിതന്മാരുടെ തറവാടാണ് ഒളപ്പമണ്ണ മന. ഋഗ്വേദം മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്ത ഒ.എം.സി നാരായണൻ നമ്പൂതിരിപ്പാട്, ഒളപ്പമണ്ണ മനയെ വേദ അധ്യാപന കേന്ദ്രമാക്കി മാറ്റിയ നീലകണ്ഠൻ നമ്പൂതിരിപ്പാട്, കവി ഒളപ്പമണ്ണ തുടങ്ങിയവരെല്ലാം ഈ മനയുടെ അമൂല്യസ്വത്തുക്കളാണ്. ആകാശഗംഗ എന്ന സിനിമ ചിത്രീകരിച്ചത് ഒളപ്പമണ്ണ മനയിലാണ്. ആറാം തമ്പുരാനിലെ വീടിന്റെ ഉൾഭാഗങ്ങളും എന്നു നിന്റെ മൊയ്തീനിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടും ഷൂട്ട് ചെയ്തത് ഇവിടെയാണ്.

7)Achuthankutty ഡോ. അച്യുതൻകുട്ടി. ഫോട്ടോ: അജീബ് കോമാച്ചി

ആറന്മുളയിലേതു പോലെ വെള്ളിനേഴിക്കുമുണ്ട് സ്വന്തമായൊരു പൈതൃകക്കണ്ണാടി. പ്രോത്സാഹിപ്പിക്കാനും പരസ്യങ്ങൾ ചെയ്യാനും ആരുമില്ലാത്തതുകൊണ്ടാണ് അടയ്ക്കാപുത്തൂർ കണ്ണാടിയുടെ പെരുമ അറിയപ്പെടാതെ പോയത്.  ‘‘കളിമണ്ണും ഓടും ചകിരിയും ചേർത്ത് കരു ഉണ്ടാക്കലാണ് ആദ്യ പടി. ചെമ്പും വെളുത്തീയ്യവും ഇതിനകത്തേക്ക് ഉരുക്കിയൊഴിക്കും. ലായനി ഉറച്ച ശേഷം മണ്ണുപൊട്ടിച്ച് കണ്ണാടിയുടെ ആദ്യ രൂപം പുറത്തെടുക്കും. ചിത്രം തെളിയുന്നതു വരെ ഉരച്ചു മിനിക്കിയ ശേഷം വെങ്കലത്തിലുണ്ടാക്കിയ ഫ്രെയിമിൽ ഘടിപ്പിക്കും.’’ ബാലൻ മൂശാരിയുടെ മകൻ കൃഷ്ണകുമാർ കണ്ണാടി നിർമിക്കുന്ന രീതി വിശദീകരിച്ചു. കൃഷ്ണകുമാറിന്റെ സഹോദരൻ ഹരിഗോവിന്ദൻ ശിൽപ്പിയാണ്. നൂറിലേറെ ശിൽപ്പങ്ങൾക്കു ജീവൻ പകർന്നിട്ടുള്ളയാളാണ് ഹരി. സിംഗപ്പൂരിലെ ബൂൺലെയിൽ സ്ഥാപിച്ചിട്ടുള്ള അൽഫോൻസാമ്മയുടെ ശിൽപ്പവും ഇതിൽ ഉൾപ്പെടുന്നു.

8)harigovindan ഹരിഗോവിന്ദൻ. ഫോട്ടോ: അജീബ് കോമാച്ചി

പണത്തിനു മീതെ പറന്ന പരുന്തുകളായിരുന്നു വെള്ളിനേഴിയിലെ കലാകാരന്മാർ. വാക്കിലും പ്രവർത്തിയിലും ചിന്തയിലും അവർ പുലർത്തിയ സത്യസന്ധതയാണ് വെള്ളിനേഴിപ്പെരുമ. ഗുരുക്കന്മാർ പിന്തുടർന്ന ആത്മാർഥതയുടെ തിരികൾ ഇന്നത്തെ തലമുറയും കെടാതെ കാത്തുസൂക്ഷിക്കുന്നു. അൽപ്പം വൈകിയെങ്കിലും അതു തിരിച്ചറി‍ഞ്ഞ് സംസ്ഥാന സർക്കാർ വെള്ളിനേഴിക്ക് കലാഗ്രാമം എന്ന പദവി നൽകി.

baijugovind@gmail.com