Saturday 17 October 2020 11:33 AM IST

മോഹിപ്പിച്ച ഗൗരിക്കുട്ടി, കരയിപ്പിച്ച സക്കറിയ; 'അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ' ആസക്തിയും ഭയവും പ്രണയവും ഉൾച്ചേരുന്ന റിയലിസ്റ്റിക് ഭാഷ്യം

Sreerekha

Senior Sub Editor

vkp

എന്റെ പ്രിയ സിനിമ-വി. കെ. പ്രകാശ് (സംവിധായകൻ)

അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986)

കാലത്തിനു മുൻപേ സഞ്ചരിക്കുകയും കാലത്തെ അതിജീവിച്ച് നിലനിൽക്കുകയും ചെയ്യുമ്പോഴാണ് ഒരു സിനിമ ക്ലാസിക് ആയി മാറുന്നത്. മലയാളത്തിലെ പല പ്രഗൽഭ സംവിധായകരുടെയും സിനിമകൾ അത്തരത്തിൽ കാലത്തെ അതിജീവിച്ച് നിലകൊള്ളുന്നവയാണ്. അക്കൂട്ടത്തിലെന്നെ എന്നും ഏറ്റവും വിസ്മയിപ്പിച്ച ഒരു സിനിമയാണ് പത്മരാജന്റെ 'അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ'. എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയായി മനസ്സിലെത്തുന്നതും അതു തന്നെ. അതിൽ ഒരു സാങ്കൽപിക ഗ്രാമവും അതിന്റെ ഭൂമിശാസ് ത്രവും എത്ര ഭാവനാത്മകമായിട്ടാണ് സൃഷ്ടിച്ചെടുത്തിരിക്കുന്നത്! അവിടെ മനുഷ്യഹൃദയത്തിലെ വികാരങ്ങൾ... ഭയം, ആസക്തി, പ്രണയം ഇതെല്ലാം ഇഴുകി ചേർത്തിരിക്കുന്നു. അതേ ഗ്രാമാന്തരീക്ഷത്തിൽ തന്നെ ജാതി മത സംഘർഷങ്ങളും സംഘട്ടനങ്ങളും, അത് പതിയെ ഉണർത്തിക്കൊണ്ടു വരുന്ന ഭീതിയുടെ അന്തരീക്ഷവും കാലത്തെ മുൻപിൽ കണ്ടതു പോലെയാണ് സംവിധായകൻ തന്റെ മാജിക് കൊണ്ട് തീർത്തിരിക്കുന്നത്. മനോഹരമായ തിരക്കഥയും സംഭാഷണവും, സുന്ദരമായ സിനിമട്ടോഗ്രഫി, ഗംഭീര മേക്കിങ്, അഭിനേതാക്കളുടെ പ്രകടനം .. ഇതെല്ലാം ഈ സിനിമയെ സംബന്ധിച്ച്  വാക്കുകൾക്ക് വിവരിക്കാനാവുന്നതിനപ്പുറമാണ്. ഓരോ കഥാപാത്രത്തെയും അത്ര സൂക്ഷ്മമായിട്ടാണ് പത്മരാജൻ നിർവചിച്ചിരിക്കുന്നത്. ജീവിതത്തെയും മനുഷ്യരെയും അത്ര ആഴത്തിലും നിരീക്ഷണ പാടവത്തോടെയും നോക്കി കണ്ട ഒരെഴുത്തുകാരന്റെ കണ്ണ് ഈ സിനിമയുടെ പിന്നിലുണ്ട്. ചെറിയൊരു ക്യാൻവാസിലാണ് ഈ സിനിമയെങ്കിലും, ആ ക്യാൻവാസിനപ്പുറം, ഫ്രെയിമുകൾക്കപ്പുറം, നിലകൊള്ളുന്ന ചലച്ചിത്രമാണ് 'അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ'.

മൂന്ന് സുഹൃത്തുക്കളുടെ യാത്ര- മാളുവമ്മയുടെ ഗ്രാമത്തിലേക്ക്


ഒരു വിഷുത്തലേന്ന് ഡാൻസ് ബാറിലെ പതിവു സൗഹൃദക്കൂട്ടായ്മയിൽ നാല് സുഹൃത്തുക്കൾ- സക്കറിയ, വക്കീൽ ഗോപി, ഹിലാൽ, ജോസഫ് എന്നിവർ -  ഒത്തു ചേരുന്നിടത്താണ് സിനിമ തുടങ്ങുന്നത്. ആ രാവിൽ ബാറിലെ കാമമുണർത്തുന്ന നൃത്തവും മദ്യലഹരിയുമെല്ലാം അവരിൽ ആസക്തിയുടെ വികാരങ്ങളെ പതുക്കെ ഇളക്കി വിടുന്നുണ്ട്. ദൂരെയൊരു ഗ്രാമത്തിലെ വീട്ടിൽ മാളുവമ്മയെന്ന സ്ത്രീ നടത്തുന്ന വേശ്യാലയത്തെക്കുറിച്ചും അവിടുത്തെ സുന്ദരികളെ കുറിച്ചും, ഇപ്പോഴവിടെ പുതുതായി വന്നിട്ടുള്ള ഗൗരിക്കുട്ടിയെന്ന  മോഹിപ്പിക്കുന്ന പെൺകുട്ടിയെ കുറിച്ചും ജോസഫ് വാചാലനാകുന്നതോടെയാണ്, വിഷു ആഘോഷിക്കാൻ മാളുവമ്മയുടെ വീട്ടിലേക്കു പോയാലോ എന്ന ചിന്ത  അവരിൽ ഉണരുന്നത്.

vkp1

ജോസഫിന്റെ വർണനകൾ വക്കീലിലും, ഇതു വരെ സ്ത്രീ സംസ‍ർഗമുണ്ടായിട്ടില്ലാത്ത ചെറു പ്രായക്കാരനായ ഹിലാലിലും ആഗ്രഹമുണർത്തുന്നു. മദ്യവും സിഗരറ്റും മാത്രം ലഹരിയായ, പൊതുവേ സ്ത്രീകളിൽ അത്ര താൽപര്യമില്ലാത്തവനായ സക്കറിയ തന്റെ ചങ്ങാതിമാരുടെ ആഗ്രഹത്തെ പിന്തുണയ്ക്കുന്നു. മാളുവമ്മയുടെ വീട്ടിൽ കൊണ്ടു പോകാമെന്ന ജോസഫിന്റെ മോഹിപ്പിക്കലിൽ അവർ അങ്ങോട്ടു യാത്ര തിരിക്കുകയാണ്. ജോസഫിന്റെ കാറിൽ നാലു പേരും ഒന്നിച്ചാണ് യാത്ര ആരംഭിക്കുന്നതെങ്കിലും, ജോസഫിന്റെ പണക്കാരനെന്ന ധാർഷ്ട്യം സഹിക്കാനാവാതെ വരുന്നതോടെ സക്കറിയ ഇടയ്ക്കു വച്ച് കാറിൽ നിന്നിറങ്ങുന്നു... വക്കീലും ഹിലാലും സക്കറിയയ്ക്കൊപ്പം നിൽക്കുന്നു. ജോസഫ് പിണങ്ങി തിരിച്ചു പോയെങ്കിലും കൂട്ടുകാരുടെ മനസ്സിലുണർന്ന മോഹം സഫലമാക്കാൻ, തുടങ്ങി വച്ച ആ യാത്ര പൂർത്തീകരിക്കാൻ, പണ്ടെന്നോ മാളുവമ്മയുടെ വീട്ടിൽ പോയതിന്റെ ഓർമയിൽ സക്കറിയ അവരെ അങ്ങോട്ട് നയിക്കുകയാണ്. ആ യാത്രയും അതിലവരെ കാത്തിരിക്കുന്ന പ്രതീക്ഷിക്കാത്ത അനുഭവങ്ങളുമാണ് ഒരു പകലും രാവും നീളുന്ന കഥയിലൂടെ സിനിമ പറയുന്നത്.

ഗൗരിക്കുട്ടിയെന്ന മോഹം

വിദൂരവും ദുരൂഹവും ആയൊരു ഗ്രാമവും അവിടെ ചാലക്കുഴി തറവാട്ടിലെ മാളുവമ്മയുടെ വേശ്യാലയമായ വീടും.. അത് ആ യാത്രയിലുടനീളം അവരുടെ ജിജ്ഞാസയാണ്. ആലസ്യത്തിൽ മയങ്ങി കിടക്കും പോലുള്ള ആ വലിയ വീട്ടിലെത്തിച്ചേരുമ്പോഴും അജ്ഞാതമായൊരു ഭയത്തിന്റെ അന്തരീക്ഷം അവരെ പൊതിയുന്നുണ്ട്. അവിടെയെത്തുന്നയുടനെ തന്നെ മാളുവമ്മയുടെ മകൻ ഭാസി അവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. ഗൗരിക്കുട്ടി അവിടെയെത്തിയ ശേഷം ആ നാട്ടിലാകെ പ്രശ്നങ്ങളുടെ തുടക്കമാണ്. കന്യകയായ ഗൗരിക്കുട്ടിയെ അവളുടെ സമ്മതമില്ലാതെ ചതിയിലൂടെയാണ് മാളുവമ്മ അവിടെയെത്തിച്ചിരിക്കുന്നത്. അവിടെയെത്തുന്ന പെൺകുട്ടികളല്ലാം തന്നെ ആദ്യം നാട്ടിലെ പ്രമാണിയായ മൂപ്പന്റെ ആഗ്രഹത്തിനു വഴങ്ങണമെന്നതാണ് അവിടുത്തെ നാട്ടു നടപ്പ്. പക്ഷേ, ഗൗരിക്കുട്ടി അതിനു വഴങ്ങാതിരിക്കുന്നതോടെ മൂപ്പൻ തന്റെ ഗുണ്ടകളെ അഴിച്ചു വിട്ട് പ്രശ്നമുണ്ടാക്കുകയാണ്. മൂപ്പന്റെയും അയാളുടെ അനുചരൻമാരുടെയും പിന്തുണയുണ്ടെങ്കിൽ മാത്രമേ മാളുവമ്മയുടെ വീട്ടിലേക്കുള്ള പട്ടണത്തിൽ നിന്നുള്ള ആളുകളുടെ വരവ് നടക്കൂ. ഈ സംഘർഷാവസ്ഥയിലും,  മാളുവമ്മയുടെ അടിയും ഭീഷണിയും ഉപദ്രവങ്ങളുമെല്ലാം സഹിച്ചും ഗൗരിക്കുട്ടി തന്റെ കന്യകാത്വം നഷ്ടപ്പെടാതിരിക്കാനായി പ്രതിരോധിച്ചു നിൽക്കുന്നു. ഒരു ദിവസം അവളെ കൂട്ടി മൂപ്പന്റെ അടുത്ത് മാളുവമ്മ കൊണ്ടുപോയെങ്കിലും അയാളുടെ ഇംഗിതത്തിനു വഴങ്ങാത്ത അവളെ അയാൾ തിരിച്ചയച്ചു...  എങ്ങനെയെങ്കിലും അടുത്ത ദിവസം തന്നെ അവളുടെ മനസ്സു മാറ്റി മൂപ്പന്റെ അടുത്തെത്തിക്കാമെന്ന മാളുവമ്മയുടെ വാക്കിന്റെ പുറത്താണ് അയാൾ അൽപം അയഞ്ഞിരിക്കുന്നത്.   

ഈ സംഘർഷം നിറഞ്ഞ അന്തരീക്ഷത്തിലേക്കാണ് സക്കറിയയും വക്കീൽ ഗോപിയും ഹിലാലും എത്തുന്നത്. വേശ്യാലയത്തിന്റെ അന്തരീക്ഷത്തിലും അശ്ലീലതയുടെയോ ആഭാസത്തരത്തിന്റെയോ അംശങ്ങളൊന്നുമില്ലാതെ തന്നെ സ്ത്രീ പുരുഷ ബന്ധങ്ങളെ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ഹ്രസ്വമായ നേരത്തേക്കുള്ള ബന്ധങ്ങളിൽ പോലും എവിടെയോ സ്നേഹത്തിന്റെ സംവേദനങ്ങളുണ്ട്. മനസ്സിലാക്കലും സഹാനുഭൂതിയുമുണ്ട്. വക്കീലും പൊട്ടിപ്പെണ്ണും തമ്മിലുള്ള ബന്ധം, സക്കറിയയും ദേവകിയും തമ്മിലുള്ള അടുപ്പം, ഹിലാലിന് ഗൗരിക്കുട്ടിയോട് തോന്നുന്ന പ്രണയം - അത് മൂന്നും വ്യത്യസ്ത തലങ്ങളിലുള്ള ബന്ധങ്ങളാണ്. പുരുഷ കേന്ദ്രീകൃതമായൊരു ലോകത്തെയാണ് പത്മരാജൻ വരച്ചിടുന്നതെന്ന് ഒരുപക്ഷേ, ആദ്യം  തോന്നുമെങ്കിലും സ്ത്രീയുടെ അഭിമാനത്തിന് അവിടെ ഏറ്റവും വില കൽപ്പിക്കപ്പെടുന്നുവെന്ന് പതുക്കെ നാം തിരിച്ചറിയുന്നു. ജീവിതത്തിന്റെ തിന്മകളെയും ആസക്തികളെയുമെല്ലാം റിയലിസ്റ്റിക്കായി തന്നെ തുറന്ന് കാട്ടുകയാണ്.

ഗൗരിക്കുട്ടി തന്റെ ദയനീയമായ അവസ്ഥ ഹിലാലിനോട് പറയുന്നതോടെ അവർക്കിടയിൽ വിശ്വാസവും പ്രണയവും ഉടലെടുക്കുന്നു. അവിടെ നിന്നവളെ രക്ഷിക്കാമെന്നും തന്റെ ജീവിതത്തിലേക്ക് കൂടെ കൂട്ടാമെന്നുമുള്ള അവന്റെ വാക്ക് അവളുടെ പ്രതീക്ഷയാവുന്നു.

മൂപ്പനെ പോലെ ആ ഗ്രാമത്തിലെ കര പ്രമാണിയായ പണിക്കർക്കും ഗൗരിക്കുട്ടിയിൽ അഭിനിവേശം ഉണർന്നിരിക്കുന്നു. മൂപ്പന് അൽപമെങ്കിലും മനസ്സലിവുണ്ടെങ്കിൽ, പണിക്കർ അതീവ ക്രൂരനാണ്. അയാളെ വെറുപ്പിച്ചാൽ പിന്നെ തനിക്ക് നിലനിൽപ്പില്ലെന്ന് മാളുവമ്മയ്ക്കറിയാം. ഇതെല്ലാം പറഞ്ഞ് ഗൗരിക്കുട്ടിയെ അവർ ഭീഷണി പെടുത്തുന്നെങ്കിലും ഗൗരിക്കുട്ടിയുടെ ഉറച്ച മനസ്സിന് ഒരു മാറ്റവും ഇല്ല. ഗൗരിക്കുട്ടിയോടുള്ള പണിക്കരുടെ അഭിനിവേശം അറിയിച്ച് അയാളുടെ അനുചരൻ നാരായണൻ മാളുവമ്മയുടെ വീട്ടിലെത്തുന്നതോടെ കൂടുതൽ സംഘർഷത്തിലേക്കാവുന്നു കാര്യങ്ങൾ. ആ ഗ്രാമത്തെ തന്നെ ഭീതിജനകമായൊരു അന്തരീക്ഷത്തിലേക്ക് തള്ളി വിടുകയാണ് മൂപ്പനും പണിക്കർക്കും ഗൗരിക്കുട്ടിയെന്ന കന്യകയോട് തോന്നുന്ന ആസക്തി. അന്നു രാത്രി പണിക്കർ അയച്ച കാറിൽ ഗൗരിക്കുട്ടി പോകാതിരിക്കുന്നതോടെ അത് ഗ്രാമത്തിലെ ജാതി മത സംഘർഷത്തിലേക്കും സംഘട്ടനത്തിലേക്കും വഴി വെക്കുകയാണ്.  

സക്കറിയ ഒരു നൊമ്പരം പോലെ

ഇത്ര  ഭീഷണി നിറഞ്ഞ അന്തരീക്ഷത്തിലും തന്റെ അഭിമാനം കാത്ത് പിടിച്ച് നിൽക്കുന്ന ഗൗരിക്കുട്ടിയോട് സക്കറിയയ്ക്കും ബഹുമാനം തോന്നുന്നു. ഹിലാൽ, തനിക്കവളോട് തോന്നുന്ന  പ്രണയവും അവൾക്കു വാക്കു കൊടുത്തതും പറയുമ്പോൾ അതു കൊണ്ടാണ്  സക്കറിയ  ഭയാനകമായ ആ രാത്രിയിലും കൂസലില്ലാതെ എങ്ങനെയും ഗൗരിക്കുട്ടിയെ അവിടുന്ന് രക്ഷിച്ച് നമുക്ക് രക്ഷപ്പെടാമെന്ന് പറയുന്നത്.

vkp3

എന്താണ് സംഭവിക്കുകയെന്ന ഭീതിയുടെ മുറുകുന്ന അന്തരീക്ഷത്തിലേക്കാണ് സിനിമയുടെ  ക്ലൈമാക്സ് നമ്മളെ കൊണ്ടു പോകുന്നത്. മാളുവമ്മയുടെ വീട്ടിൽ ആയുധങ്ങളുമായി തമ്പടിച്ച മൂപ്പന്റെ ആളുകളും അവരെ നേരിടാൻ ആയുധ ധാരികളായെത്തുന്ന പണിക്കരുടെ ആളുകളും തമ്മിലുള്ള ഏറ്റുമുട്ടലാൽ ആ വിഷു രാത്രി ഭയാനകമായി മാറുന്നു. ആ സംഘട്ടനം രക്ഷപ്പെടാനുള്ള അവസരമാക്കി മാറ്റുകയാണ് സക്കറിയ. ഗൗരിക്കുട്ടിയെ രക്ഷിക്കാനും മാളുവമ്മയെ അവളുടെ മുറിയിൽ നിന്നു മാറ്റുവാനുമുള്ള ഒരേയൊരു വഴി അവരുടെ മകൻ ഭാസിയെ ആക്രമിക്കുകയാണെന്ന് തിരിച്ചറിയുന്ന സക്കറിയ ആ ദൗത്യം നിർവഹിക്കുന്നു... അതിലൂടെ ഗൗരിക്കുട്ടിക്കും ഹിലാലിനും വക്കീലിനും രക്ഷപ്പെടാനുള്ള വഴി തുറക്കുകയാണ്.. പക്ഷേ, ആ ഗ്രാമത്തിൽ നിന്നു പുറത്തു കടക്കാനുള്ള ശ്രമത്തിനിടയിൽ, പണിക്കരുടെ അനുചരൻ നാരായണനുമായുള്ള ഏറ്റുമുട്ടലിൽ, അയാൾ തന്റെ അരപ്പട്ടയിൽ നിന്നെടുക്കുന്ന മൂർച്ചയേറിയ കത്തിയുടെ മുനയിൽ സക്കറിയയുടെ ജീവൻ ഒടുങ്ങുകയാണ്. സദാ കൂസലറ്റവനായിരുന്ന, ഭയത്തിന്റെ കണിക പോലും മനസ്സിലില്ലാതിരുന്ന, കൂട്ടുകാരന്റെ പ്രണയത്തെ രക്ഷിച്ചെടുക്കാൻ അത്ര അപകടം നിറഞ്ഞ ചുറ്റുപാടിലും ചങ്കൂറ്റത്തോടെ നിന്ന് തന്റെ ജീവൻ തന്നെ പകരം കൊടുക്കേണ്ടി വന്ന, സക്കറിയയെന്ന കഥാപാത്രം  നമ്മുടെ മനസ്സിലെ നൊമ്പരമായി മാറുന്നു.

അവസാനം  ആ ഗ്രാമം കടന്ന് പുഴയ്ക്ക് അക്കരയിലേക്ക് ഗൗരിക്കുട്ടിയെയും കൊണ്ട് എങ്ങനെയും രക്ഷപ്പെടാൻ ഹിലാലിനോട് നിർദേശിക്കുന്ന വക്കീൽ ഗോപിയുടെ കണ്ണുകൾ സക്കറിയയെ തിരയുകയാണ്. അയാൾ പറയുന്നു, താൻ സക്കറിയയെ കണ്ടു പിടിച്ചിട്ടേ മടങ്ങുന്നുള്ളൂവെന്ന്... ചോര പോലെ ചുവന്ന ആകാശത്തിനു താഴെ രാത്രിയുടെ കറുപ്പ് വീണ പുൽമേട്ടിലൂടെ 'സക്കറിയാ... സക്കറിയാ...' എന്ന ഗോപിയുടെ വിളികളുടെ പ്രതിദ്ധ്വനികൾ മറുപടിയില്ലാതെ മുഴങ്ങി മാഞ്ഞു പോകുന്നിടത്താണ് സിനിമ തീരുന്നത്.

അരപ്പട്ട കെട്ടിയ ഗ്രാമം എന്ന പേര്


'അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ' എന്ന പേരിനുമുണ്ടൊരു ദുരൂഹമായ ആകർഷണീയത. ഗ്രാമത്തിലെത്തുന്ന സമയത്ത് സക്കറിയയെയും വക്കീലിനെയും ഹിലാലിനെയും നേരിടാനെത്തിയ ആക്രണണകാരികളായ ഗ്രാമീണർ ആയുധ സജ്ജരായി അരപ്പട്ട കെട്ടിയവരാണ്. അതു പോലെ തന്നെ അവസാനമെത്തുന്ന പണിക്കരുടെ അനുചരന്റെ അരയിലുമുണ്ട് ആയുധ സജ്ജമായ അരപ്പട്ട... ഗ്രാമത്തിന്റെ ആക്രമണമനോഭാവവും ഭീതിജനകമായ അന്തരീക്ഷവുമാകാം ഇതിലൂടെ സംവിധായകൻ സൂചിപ്പിച്ചത്. കുടിലതയും ആസക്തിയും തിന്മയും ആക്രമണമനോഭാവവും ചതിയുമെല്ലാം നിറഞ്ഞൊരു ഗ്രാമത്തെയാണ് സിനിമയിൽ നാം കാണുന്നത്. അതേ സമയം, നഗരത്തിൽ നിന്നു വന്ന കഥാപാത്രങ്ങൾ നിഷ്കളങ്കരും ആ ഗ്രാമത്തിന്റെ കുടിലതയ് ക്ക് വില കൊടുക്കേണ്ടി വരുന്നവരുമാണ്.

ഇന്ന് കാണുമ്പോൾ നാം തിരിച്ചറിയും, കാലത്തെ എത്ര മുൻകൂട്ടി കണ്ടാണ് പത്മരാജൻ ഈ സിനിമ തീർത്തിരിക്കുന്നെതെന്ന്.  ജാതി മത പോരാട്ടങ്ങളും സംഘർഷവും ഇത്രയും തുറന്ന് കാണിക്കുന്ന ഒരു സിനിമ, ഇന്നത്തെ കാലത്ത് പത്മരാജനെ പോലൊരു കലാകാരന് ചെയ്യാൻ സാധിക്കുമായിരുന്നോ എന്നും നാം ചിന്തിച്ചു പോകും. എന്തിനും ഏതിനും വർഗീയ ജാതി മത ഭ്രാന്ത് ഇളക്കി വിടുന്ന, വർഗീയമായി 'വികാരം വ്രണപ്പെടാൻ' സദാ തയ്യാറായി നിൽക്കുന്ന  ഇന്നത്തെ കാലത്തായിരുന്നു ഈ സിനിമ പിറന്നതെങ്കിൽ ഈ സിനിമ മുന്നോട്ടു വച്ച ചിന്തകളെ ഇവിടെ പലർക്കും തുറന്ന മനസ്സോടെ ഉൾക്കൊള്ളാൻ കഴിയുമോ എന്നും സംശയം.

ഒരു വില്ലൻ വേഷം പോലെ തന്നെ കരുത്തുറ്റ മാളുവമ്മയെന്ന കഥാപാത്രമായുള്ള അസാമാന്യമായ പ്രകടനം സുകുമാരിക്ക് മികച്ച സപ്പോർട്ടിങ് നടിക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തിരുന്നു. സിനിമയിലെ ഓരോ കഥാപാത്രങ്ങളും അവയുടെ തനതായ വ്യക്തിത്വം കൊണ്ട് ഹൃദയത്തിൽ പതിഞ്ഞു കിടക്കുന്നതാണ്. 

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ സക്കറിയ,  സുകുമാരിയുടെ അഭിനയമികവു കൊണ്ട് ശ്രദ്ധേയമായ മാളുവമ്മ,  ജഗതി മനോഹരമാക്കിയ മാളുവമ്മയുടെ മകൻ ഭാസി, മറ്റൊരു ലോകത്തെന്ന പോലെ മാളുവമ്മയുടെ വീട്ടിൽ ജീവിക്കുന്ന അവരുടെ ഭർത്താവിന്റെ ക്യാരക്റ്റർ, അവസാനത്തെ ആശ്രയമായി ഈ ജീവിതത്തോട് പൊരുത്തപ്പെട്ട് ജീവിക്കുന്ന ഉണ്ണിമേരിയുടെ ദേവകി, സൂര്യ അഭിനയിച്ച പൊട്ടിപ്പെണ്ണ്, നെടുമുടി വേണുവിന്റെ വക്കീൽ ഗോപി, അശോകന്റെ ഹിലാൽ, മൂപ്പൻ, സുലൈമാൻ... ജോസഫും ഗൗരിക്കുട്ടിയും... എല്ലാ കഥാപാത്രങ്ങളും,  ഗ്രാമത്തിൽ കാണുന്ന ഓരോ മനുഷ്യരും തന്നെ അത്ര ഒറിജിനാലിറ്റി നിറഞ്ഞതാണ്. അരപ്പട്ട കെട്ടിയ, പുഴ അതിരിടുന്ന ദുരൂഹമായ ആ ഗ്രാമവും, അവിടേക്ക് മൂന്ന് സുഹൃത്തുക്കൾ നടത്തിയ യാത്രയും അവരിലൊരാൾ ഒരിക്കലും മടങ്ങി വരാതെ അവിടെ തന്നെ അവസാനിച്ചതും-  സിനിമയുടെ ഫ്രെയിമുകൾ തീർന്നാലും  മനസ്സിനെ ഹോണ്ട് ചെയ്യുന്ന അനുഭവമായി ഉള്ളിൽ തങ്ങുന്നു ഈ ചലച്ചിത്രം. അതെ, ദൃശ്യങ്ങൾക്കും ഫ്രെയിമുകൾക്കുമെല്ലാമപ്പുറമുള്ളൊരു ലോകം അത് നമ്മുടെ മനസ്സിൽ സൃഷ്ടിച്ചെടുക്കുന്നു.